SignIn
Kerala Kaumudi Online
Saturday, 20 April 2024 12.03 AM IST

പാംഗോങിലെ പാലം ; ചൈന നൽകുന്നത് അപകടസന്ദേശം

kk

കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകത്തിനു കുറുകെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചൈനയുടെ നിഗൂഢതന്ത്രങ്ങൾ വളരെ കരുതലോടെ വേണം കാണാൻ. ഇന്ത്യ മുൻകരുതലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുറെ വർഷങ്ങളായി ചൈന അതിർത്തിയിലെ അധിനിവേശ പ്രദേശങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. പല കാലങ്ങളിൽ പല സമയത്ത് പലരീതിയിലും നടന്നിട്ടുള്ള സൈനിക കൂടിക്കാഴ്ചകളിൽ സമാധാനത്തിലേക്ക് നീങ്ങുമെന്ന് വാക്കു തന്ന ശേഷം അതിനേക്കാൾ വേഗത്തിൽ പറയുന്നതിന് വിപരീതമായി പ്രവർത്തിക്കുന്ന ഒരു രാജ്യമായി ചൈന മാറിയിരിക്കുന്നു.

കഴിഞ്ഞ കൊല്ലം അതിർത്തിയിൽ പാംഗോങ് തടാകത്തിന് കുറുകെ അവർ ബെയ്ലി പാലം നിർമ്മിച്ചത് ഇന്ത്യ എന്തുവില കൊടുത്തും തടയേണ്ടതായിരുന്നു. അതു ചെയ്യാതിരുന്നത് നമ്മുടെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ചയായി. ബെയ്ലി പാലം നിർമ്മിച്ച ചൈനയുടെ ഉദ്ദേശ്യം വളരെ വ്യക്തമായിരുന്നു. കൂറ്റൻ യുദ്ധടാങ്കുകളും മറ്റും കൊണ്ടുപോകാൻ സാധിക്കുന്ന വളരെ ഉറപ്പുള്ള വലിയ പാലം സമാന്തരമായി നിർമ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനാവശ്യമായ സാധന സാമഗ്രികൾ കൊണ്ടുവരാനാണ് ബെയ്‌ലി പാലം അവർ നിർമ്മിച്ചത്. ഇരുവശങ്ങളിൽ നിന്നും പാലത്തിന്റെ നിർമ്മാണം അതിവേഗം മുന്നോട്ടു നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമീപ കാലത്തെങ്ങും ഉണ്ടാകാത്ത വലിയൊരു ഭീഷണിയാണ് ചൈനീസ് ഭാഗത്തു നിന്നുള്ള ഈ നിർമ്മാണ പ്രവർത്തനങ്ങൾ. ടാങ്കുകളും മറ്റ് സൈനിക സാമഗ്രികളും കുറഞ്ഞ ദൂരത്തിൽ പെട്ടെന്ന് എത്തിക്കാൻ ഇതുവഴി അവർക്ക് സാധിക്കും.

തർക്ക സ്ഥലങ്ങളിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്ന, കാലാകാലമായി നിൽക്കുന്ന കരാറിന്റെ പരസ്യ ലംഘനമാണ് ചൈന ഇപ്പോൾ നടത്തുന്നത്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ആയുധങ്ങൾ കൊണ്ട് പട്രോളിംഗ് പാടില്ലെന്ന ധാരണയും അവർ രണ്ടുകൊല്ലം മുൻപ് ലംഘിച്ചിരുന്നു. തുടർന്ന് ഇരുപക്ഷവും യുദ്ധോപകരണങ്ങൾ ഉപയോഗിച്ച പ്രകോപനപരമായ സാഹചര്യത്തിലേക്ക് വഴിതെളിച്ചതും അത് ആൾനാശത്തിൽ കലാശിച്ചതും നാം കണ്ടു.

പിൻമാറുമെന്ന് ചർച്ചകളിൽ ഉറപ്പു നൽകിയ പ്രദേശങ്ങളിൽ സൈന്യത്തെ പുനർവിന്യസിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ചൈനയുടെ പതിവാണ്. ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ഇടയാക്കിയതും അതായിരുന്നില്ലോ. സൈനിക-നയതന്ത്ര തലചർച്ചകൾ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടാക്കി മാറ്റുകയാണവർ. ഒരുതരത്തിലും വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ് ചൈനയുടെ ഇടപെടലുകൾ. ഒരുപക്ഷേ ശത്രുരാജ്യമായ പാകിസ്ഥാനിൽ നിന്ന് ചൈനയേക്കാളും കൂടുതൽ മാന്യത ലഭിച്ചേക്കാമെന്ന് മുൻ പ്രതിരോധമന്ത്രി ജോർജ്ജ് ഫെർണാണ്ടസ് പറഞ്ഞത് ഓർമ്മവരുന്നു.

ഇതിലും വലിയ വിപത്ത് മുൻകൂട്ടി കാണേണ്ടത് അതിർത്തി സംസ്ഥാനമായ അരുണാചലിലാണ്. ചൈന അവകാശപ്പെടുന്നത് അരുണാചൽ ഇപ്പോഴും അവരുടെ ഭാഗമാണെന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവിഭാജ്യ ഘടകമായ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. അതിനാൽ അരുണാചൽ ജനതയെ എപ്പോഴും നെഞ്ചോട് ചേർത്ത് നിറുത്തേണ്ടിയിരിക്കുന്നു. ഒരു പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തിനും ആഗ്രഹത്തിനും എതിരായി ഒരു വിദേശശക്തിക്കും പ്രവർത്തിക്കാനാകില്ല. ഇതു മുന്നിൽക്കണ്ടു വേണം അരുണാചലിലെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. ഭാവിയിൽ ചൈന ഉന്നയിച്ചേക്കാവുന്ന അവകാശവാദങ്ങളുടെ മുനയൊടിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ അവിടെ നടപ്പാക്കേണ്ടതുണ്ട്.

അരുണാചലിന്റെ ഭൂപ്രകൃതി ഏതാണ്ട് ചൈനയുടേതിന് സമാനമാണ്. ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ വേഗത്തിൽ ചൈനയിൽ നിന്ന് റോഡ് അടക്കം ഗതാഗത സൗകര്യങ്ങൾ അരുണാചലിലേക്ക് ഒരുക്കാൻ എളുപ്പമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അരുണാചലിലെത്താൻ ദൈർഘ്യമേറിയയും ആയാസമേറിയതുമായ വഴികൾ താണ്ടണം. ഇതേ അവസ്ഥയാണ് കിഴക്കൻ ലഡാക്കിലും. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലെല്ലാം ചൈന റോഡുകളും റെയിൽവേപ്പാതകളും അടക്കം യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്നുണ്ട്. ഇത് നിസാരമായി കാണാനാകില്ല.

ചൈനയെ വിശ്വസിച്ച നേപ്പാളും ശ്രീലങ്കയും തങ്ങളുടെ തെറ്റ് മനസിലാക്കിയെന്നു വേണം കരുതാൻ. ഈ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ നിലപാടുകളിൽ അതിന് ആനുപാതികമായ മാറ്റങ്ങൾ വരേണ്ടതുണ്ട്.

പാംഗോംങിൽ എല്ലാവിധ കരാറും ലംഘിച്ച് താത്‌കാലിക ബെയ്‌ലി പാലം എന്ന വ്യാജേന സ്ഥിരം പാലം നിർമ്മിച്ചത് വിദേശകാര്യ തലത്തിൽ ചൈനയെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് ശാശ്വത പരിഹാരവും ഇന്ത്യ കാണേണ്ടതുണ്ട്. ഇന്ത്യയുടെ മുന്നൊരുക്കത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. പാംഗോങിലെ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിദേശകാര്യ വക്താവ് പ്രതികരിച്ചത് അത് പ്രതിരോധവകുപ്പിന്റെ കീഴിലാണെന്നാണ്. ഇങ്ങനെയുള്ള ഒഴിവുകഴിവുകൾ പരിഹാരമാർഗങ്ങളല്ല. പരസ്പരം പഴിചാരാതെ ദീർഘദൃഷ്‌ടിയോടെ ചൈനയുടെ ദുഷ്‌ടലാക്കുകളെ കാണേണ്ടതുണ്ട്. ഇന്ത്യയുടെ സുരക്ഷയ്ക്കായി നമുക്ക് എല്ലായ്‌പ്പോഴും കരുതിരിയിരിക്കേണ്ടതും ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHINESE BRIDGE ON PANGONG LAKE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.