SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.23 PM IST

സർവവും തിരുനടയിലർപ്പിച്ച്...

chowalloor-krishnankutty

ഭക്തികാവ്യ നൈവേദ്യം ഗുരുവായൂരപ്പന്റെ തിരുനടയിൽ സമർപ്പിച്ച്, ചന്ദനക്കുറി വരച്ച്, രണ്ടാംമുണ്ട് തോളത്തിട്ട് ചൊവ്വല്ലൂർ എന്നെന്നേക്കുമായി മടങ്ങി. ഭക്തിയുടെ ചരടിൽ കാവ്യപുഷ്പങ്ങൾ കോർക്കുന്ന കഴകക്കാരൻ ഇനിയില്ല.

''ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം..."" എന്ന ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിയുടെ വരികൾ ഏറ്റുപാടാത്ത ഭക്തരുണ്ടാവില്ല. സംഗീതപ്രേമികളുമുണ്ടാവില്ല. ഇനിയും അവർ ഭക്തിയോടെ ആ വരികൾ മൂളും.

ഒരു നേരമെങ്കിലും ഗുരുവായൂരപ്പനെക്കുറിച്ച് എഴുതാതിരിക്കാൻ വയ്യാത്ത കവിയെന്ന് ചൊവ്വല്ലൂർ കൃഷ്‌ണൻകുട്ടിയെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം മനസിലെങ്കിലും തന്റെ ഭഗവാനെക്കുറിച്ച് അദ്ദേഹം കുത്തിക്കുറിച്ചിരുന്നു എന്നും. ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ചൊവ്വല്ലൂർ വാരിയത്ത് കുടുംബാംഗമാണ് കവി. ആരാധനയ്‌ക്കും ഭക്തിക്കും അപ്പുറം രക്തത്തിൽ അലിഞ്ഞുചേർന്ന വികാര-വിചാരങ്ങളാകാം കവിയെക്കൊണ്ട് ഇങ്ങനെയൊക്കെ എഴുതിച്ചത്.

ഭക്തിരസ പ്രധാനമായ കവിതകളിലൂടെയായിരുന്നു ജീവിതയാത്രകളേറെയും. മൂവായിരത്തിലേറെ ഭക്തിഗാനങ്ങൾ. ''ഒരുനേരമെങ്കിലും..." എന്ന ഒരൊറ്റ ഭക്തിഗാനം കൊണ്ടാണ്, അവിശ്വാസികളുടെ പോലും ശ്രദ്ധനേടിയത്. മൂന്നര പതിറ്റാണ്ട് മുൻപ്, കുറിച്ചിട്ട ആ വരികൾ താനെഴുതിയതല്ലെന്നും ഗുരുവായൂരപ്പൻ പറഞ്ഞുതന്നതാണെന്നും വിശ്വസിക്കാനാണ് അദ്ദേഹത്തിനിഷ്‌ടം. ഈണമിട്ട സംഗീതജ്ഞൻ ടി.എസ്.രാധാകൃഷ്ണനും ആ പാട്ടിന്റെ വിജയം ഗുരുവായൂരപ്പനാണ് സമർപ്പിച്ചത്. എഴുതിയപ്പോൾ ആ വരികൾ ഇത്രമാത്രം പ്രശസ്തമാകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ചൊവ്വല്ലൂർ തന്നെ പലകുറി പറഞ്ഞിട്ടുണ്ട്.


ഗുരുവായൂർ ഉത്സവകാലത്തായിരുന്നു ആ വരികളുടെ പിറവി. തിരുനടയിൽ തൊഴുതുമടങ്ങുമ്പോൾ, ഭക്തിഗാനമേള അവതരിപ്പിക്കാനെത്തിയ ടി.എസ്. രാധാകൃഷ്ണനെ കണ്ടപാടെ, തന്റെ ഒരു പാട്ട് പാടാമോ എന്ന് വെറുതേ ചോദിച്ചതാണ്. രാധാകൃഷ്‌ണൻ നിരസിച്ചില്ല. ലോഡ്‌ജിൽ മുറിയെടുത്ത് എഴുത്തിന്റെ ധ്യാനത്തിലമർന്നു. വരികളുമായെത്തിയ ഉടനെ ഈണമിട്ട് രാധാകൃഷ്‌ണൻ പാടിക്കേൾപ്പിച്ചു. അന്ന് രാത്രിയിലെ ഭക്തിഗാനമേളയിൽ അദ്ദേഹം പാടിയപ്പോൾ നിറഞ്ഞ കൈയടിയുയർന്നു. പിന്നീട് യേശുദാസ് ആ വരികൾ ജനമനസുകളിൽ കുടിയിരുത്തി.

''അഷ്ടമിരോഹിണി നാളിൽ ...", ''ഒരുവട്ടം തൊഴുതുമടങ്ങുമ്പോൾ തോന്നും.." , ''ഗുരുവായൂരോമനക്കണ്ണനാമുണ്ണിക്ക്..." തുടങ്ങിയ ഗാനങ്ങളെല്ലാം നിത്യഹരിതമായപ്പോൾ ചൊവ്വല്ലൂരിന്റെ ഭക്തിക്ക് ചന്ദനസുഗന്ധം കൂടിക്കൂടി വന്നു. ''നീ വന്നതും നടയിൽനിന്ന് കരഞ്ഞതും ഞാനറിഞ്ഞില്ലല്ലോ എന്ന നാട്യ" ത്തിലാണ് ഗുരുവായൂരപ്പനെങ്കിൽ, ''എന്നാലും ഞാൻ അറിയുന്നു, കണ്ണനെന്നെയാണെന്നെയാണിഷ്ടം" എന്ന് മറുപടി കുറിച്ച് കവി ഭക്തിഗാനങ്ങളെ വികാരസാന്ദ്രമാക്കുകയുമായിരുന്നു.

അയ്യപ്പനെ സ്തുതിച്ച് എഴുതിയപ്പോൾ, അവിശ്വാസികൾ പോലും ഏറ്റുപാടി. 'കാനനവാസാ കലിയുഗവരദാ', ''ഉദിച്ചുയർന്നൂ മാമലമേലേ..." , ''ആനയിറങ്ങും മാമലയിൽ..." , ''മന്ദാരം മലർമഴ ചൊരിയും"", ''മണ്ഡല ഉത്സവകാലം..." തുടങ്ങിയ വരികൾക്ക് ഗംഗൈ അമരന്റെ സംഗീതവും യേശുദാസിന്റെ സ്വരവും ചേർന്നപ്പോൾ സുഗന്ധമുള്ള സ്വർണ്ണം പോലെയായി കാവ്യങ്ങൾ.

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത 'മരം" എന്ന സിനിമയിൽ അഭിനയിച്ചാണ് ചലച്ചിത്രലോകത്തെത്തുന്നത്. 'തുലാവർഷ" ത്തിലെ ''സ്വപ്നാടനം ഞാൻ തുടരുന്നു" ഗാനത്തിലൂടെ പാട്ടെഴുത്തുകാരനായി. ആ സിനിമയിലെ ''വിടതന്നാലും വിടതന്നാലും...." എന്ന ഗാനവും ശ്രദ്ധേയമായി. സലിൽ ചൗധരിയായിരുന്നു ഈണമിട്ടത്. കഥയും നോവലും തിരക്കഥയും സംഭാഷണവും ഗാനരചനയും നാടകവും അഭിനയവും കഥകളിയും തായമ്പകയും പത്രപ്രവർത്തനവും എല്ലാം വഴങ്ങിയ സകലകലാവല്ലഭൻ നിത്യതയിലേക്ക് മടങ്ങുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHOWALLOOR KRISHNANKUTTY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.