SignIn
Kerala Kaumudi Online
Thursday, 25 April 2024 12.00 AM IST

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിൽ ഇന്ത്യയുടെ നേതൃത്വ സാദ്ധ്യത

global-warming

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ സമിതിയുടെ റിപ്പോർട്ടിനെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചത് മാനവരാശിയ്ക്കുള്ള ചുവന്ന മുന്നറിയിപ്പെന്നാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്. 1850 നും 1900 വർഷത്തിനുമിടയിലെ ആഗോള താപനത്തെക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയിരിക്കുന്നു. 1,25,000 വർഷങ്ങൾക്കിടയിലെ ഏറ്റവും ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഭൂമി. നിലവിലെ കാർബൺ പുറംതള്ളൽ തുടർന്നാൽ നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോഴേക്കും ചൂട് 4.4 ഡിഗ്രി വരെ കൂടും. 2015 ലെ പാരീസ് കരാറിന്റെ അടിസ്ഥാനത്തിൽ കാർബൺ പുറംതള്ളൽ കർശനമായി കുറയ്ക്കാൻ തീരുമാനിക്കുകയും 2100 ആകുമ്പോഴേക്കും ഉയരുന്ന ചൂട് 1.5 നും 2 ഡിഗ്രിയ്ക്കുമിടയിൽ നിറുത്തണമെന്നുമായിരുന്നു ധാരണ. എന്നാൽ അടുത്ത 20 വർഷത്തിനുള്ളിൽ ഈ ലക്ഷ്യത്തെക്കാൾ കൂടിയ ചൂടാണ് ഉണ്ടാകാൻ പോകുന്നത്.

സമീപമാസങ്ങളിൽ ചൈനയിലും ജർമ്മനിയിലുമുണ്ടായ വെള്ളപ്പൊക്കം, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിലും കാനഡയിലുമുണ്ടായ ഉഷ്ണപാതം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്.

ആർട്ടിക് തീരത്തും ഹിമാലയത്തിലുമുള്ള ഐസ് പാളികൾ അപകടകരമാംവിധം വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുകയാണ്. ഐ.പി.സി.സി യിൽ നിന്നും നാസ ശേഖരിച്ച വിവരമനുസരിച്ച് കൊച്ചി, ചെന്നൈ, മുംബൈ, വിശാഖപട്ടണം എന്നിവയടക്കമുള്ള 12 ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും സമുദ്രത്തിൽ 0.49 മുതൽ 2.7 അടി വരെ മുങ്ങിപ്പോയേക്കാം. കേരളത്തിന്റെ 374 കി.മി സമുദ്രതീരവും ഇത്തരത്തിൽ മുങ്ങിപ്പോകാം.

ലാറ്റിൻ അമേരിക്കയിലെ മൂന്ന് മേഖലകൾ, സഹാറ മരുഭൂമിയിലെ ആഫ്രിക്കൻ ഭാഗം, ദക്ഷിണ പൂർവേഷ്യ എന്നിവിടങ്ങളിൽ നിന്നും 2050 ആകുമ്പോഴേക്കും 143 ദശലക്ഷം പേർ കാലാവസ്ഥാ വ്യതിയാനത്താൽ കുടിയേറ്റക്കാരായി മാറുമെന്നാണ് അനുമാനം. നിലവിൽ കർശനമായ കുടിയേറ്റനയം കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരും.

കാർബൺ പുറംതള്ളൽ ശൂന്യമായി മാറിയാൽ 2100 ആകുമ്പോൾ താപനം 1.4 ഡിഗ്രി സെൽഷ്യസിനുള്ളിൽ പിടിച്ചു നിറുത്താനാകുമെന്ന് ഐ.പി.സി.സി റിപ്പോർട്ടിന്റെ ഉപജ്ഞാതാക്കളിലൊരാളായ എഡ് ഹോക്കിംഗ്സ് പറഞ്ഞു.

കോപ് 26 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭാ കാലാവസ്ഥാ വ്യതിയാന അന്താരാഷ്ട്ര സമ്മേളനം ഐ.പി.സി.സിയുടെ പശ്ചാത്തലത്തിൽ സ്‌കോട്ട്ലാന്റിലെ ഗ്ലാസ്‌ഗോയിലാണ് നടക്കാൻ പോകുന്നത്. ഈ സമ്മേളനത്തിൽ ഇന്ത്യൻ ശബ്ദത്തിന് കേൾവിക്കാരേറെയുണ്ടാകും. കാരണം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാർ പാലിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ജി 20 രാജ്യമാണ് ഇന്ത്യ.

പുനരുപയോഗിക്കാവുന്ന ഊർജ്ജോത്പാദനം ഇന്ത്യയിൽ കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്നതിനെക്കാൾ 2017 ൽ തന്നെ കൂടുതലായിക്കഴിഞ്ഞു. 100 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജമുത്പാദിപ്പിക്കുന്ന ആഗോളപട്ടികയിൽ നാലാം സ്ഥാനം ഇന്ത്യയ്ക്കാണ്. 2030 ആകുമ്പോൾ 450 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശേഷി നമുക്കുണ്ട്.

ഇന്ത്യയിലെ ഹരിതഗൃഹവാതക പുറംതള്ളൽ വർഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വിഭാഗത്തിൽ നിലവിൽ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് നാം. എന്നിരുന്നാലും നമ്മുടെ ആളോഹരി കാർബൺ പുറംതള്ളൽ അമേരിക്കയുടെ ഏഴിലൊന്നും ചൈനയുടെ നാലിലൊന്നും യൂറോപ്യൻ യൂണിയന്റെ മൂന്നിലൊന്നും മാത്രമേ വരുന്നുള്ളൂ. 1850 മുതലുള്ള കണക്കെടുത്താൽ ഇന്ത്യയിൽ നിന്നുള്ള ആകെ മാലിന്യ പുറംതള്ളൽ കേവലം അഞ്ച് ശതമാനം മാത്രമേയുള്ളൂ. എന്നാൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും സംയുക്ത സംഭാവന ഇക്കാലയളവിൽ 50 ശതമാനത്തിലധികമാണ്.

രാജ്യത്തിന്റെ ഊർജ്ജാവശ്യങ്ങൾ വർദ്ധിച്ചു വരുമ്പോൾ 2050 ആകുമ്പോഴേക്കും പുറംതള്ളൽ പൂജ്യമാക്കുക എന്നത് വെല്ലുവിളിയാണ്. ഇന്നത്തെ സാഹചര്യത്തിൽ പാരീസ് കരാർ പാലിക്കുന്നതിൽ എല്ലാ രാജ്യങ്ങളും വിശിഷ്യാ ഭൂമിയുടെ വടക്കൻ പാതിയിൽ പെട്ട വികസിത രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായ നടപടികളെടുക്കുകയാണ് വേണ്ടത്. ശുദ്ധ ഊർജഉത്പാദനത്തിനായുള്ള സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കുകയോ വികസ്വര, അവികസിത രാജ്യങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ഉപയുക്തമാക്കുകയോ ആണ് അവർ ചെയ്യേണ്ടത്. പുനരുപയോഗ ഊർജ്ജോത്പാദന സ്ഥാപനങ്ങൾ നിർമ്മിക്കുന്നതിന് നിക്ഷേപമടക്കമുള്ള സഹകരണവും പാശ്ചാത്യരാഷ്ട്രങ്ങൾ ഉറപ്പുവരുത്തണം.

പക്ഷെ തെക്കൻപാതിയിൽ പെട്ട മദ്ധ്യഹ്രസ്വ വരുമാനമുള്ള രാജ്യങ്ങളെല്ലാം സാമ്പത്തികവും വികസനപരവുമായ വെല്ലുവിളികൾ നേരിടുകയാണ്. അടുത്ത 30 വർഷം ഈ രാജ്യങ്ങൾ പൂർണമനസോടെ ഉദ്യമത്തിൽ പങ്കെടുക്കണം.

ഹരിതമാർഗങ്ങൾ സ്വീകരിക്കുന്നതിലെ മികവും സാമ്പത്തികമായി മെച്ചപെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയും ഇന്ത്യയ്ക്ക് ഈ മേഖലയിൽ വലിയ അവസരങ്ങൾ തുറക്കുകയാണ്. ഇതോടൊപ്പം സുസ്ഥിരമായ ഭാവിയിലേക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോളനയം രൂപീകരിക്കാനും നിയന്ത്രണ സംവിധാനങ്ങൾ വഴി നിലവിലെ കാർബൺ പുറംതള്ളൽ കുറയ്ക്കാനും നേതൃത്വപരമായ പങ്കുവഹിച്ച് ചരിത്രം സൃഷ്ടിക്കാനും ഇന്ത്യക്ക് സാധിക്കും.

(ലേഖകൻ അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദധാരിയും കെ.പി.സി.സി ഡിജിറ്റൽ മീഡിയാ വിഭാഗം കൺവീനറുമാണ്. അടുത്തിടെ 'നെറ്റ് സീറോ' ക്ലൈമറ്റ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLIMATE CHANGE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.