SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.34 AM IST

മനപായസത്തിൽ വീണ മണ്ണ്

kpcc

എന്തെല്ലാം പുകിലായിരുന്നു. മുന്നിൽ മൂവർണകൊടി പാറിക്കളിക്കുന്ന ഇന്നോവ, ഫോർച്യൂണർ,സ്വിഫ്റ്റ്, ഹോണ്ട, കിയ തുടങ്ങി മുൻനിര കാറുകൾ വന്നു പോകുന്നു. ഉജാലയും സ്റ്രാർച്ചും ചേർത്ത് തൂവെണ്മ പകിട്ട് നൽകുന്ന ഖദർ ഷർട്ടുകൾക്കുള്ളിൽ തൂവലിന് പോലും നോവാത്ത കരുതലോടെ കയറിക്കൂടുന്ന ശരീരങ്ങൾ, ഇറിഗേഷൻ പദ്ധതിക്ക് കനാൽ കീറിയതുപോലുള്ള ചിരി മുഖത്ത്, തേച്ചുമടക്കലിന്റെ ഗരിമയിൽ വാരിക്കുന്തം പോലെ കൂർത്ത് നിൽക്കുന്ന ഷർട്ടിന്റെ കൈകൾ. എല്ലാവരും തിരക്കോടു തിരക്ക്. ഏതോ മഹാസാമ്രാജ്യം വെട്ടിപ്പിടിക്കാൻ പോകുന്ന പടയാളികളുടെ ഭാവമാണ് ഓരോരുത്തരുടെയും മുഖത്ത്. ഈ പാച്ചിലും ആത്മവിശ്വാസവും ചുറുചുറുക്കുമൊക്കെ കണ്ടപ്പോൾ മനസിൽ കോരിത്തരിപ്പ് തോന്നിപ്പോയി. തിരഞ്ഞെടുപ്പ് നടക്കും മുമ്പും ഫലം വരും മുമ്പും കേരളത്തിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെ അന്തരീക്ഷം ഏറെക്കുറെ ഇങ്ങനെയായിരുന്നു. വാർത്താ സമ്മേളനങ്ങൾക്കും ചാനലുകാർക്കുള്ള ബൈറ്റുകൾക്കും തെല്ലുമില്ല പഞ്ഞം.

കെ.പി.സി.സി പ്രസിഡന്റ് ഇന്ദിരാഭവനിൽ വാർത്താ സമ്മേളനം നടത്തുമ്പോൾ പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിൽ വാർത്താ സമ്മേളനം നടത്തും. മറ്റു ചില നേതാക്കൾ ഇന്ദിരാഭവന്റെ മുറ്റത്തും തൊട്ടടുത്ത റോഡുവക്കിലും മാദ്ധ്യമങ്ങളെ കാണും. ഇടയ്ക്ക് തല മുണ്ഡനം ചെയ്ത് ഭിക്ഷാംദേഹിയാവാൻ എത്തിയ വനിതാ നേതാവ് സൃഷ്ടിച്ച ശോകമൂക കരച്ചിൽ നാടക രംഗമൊഴിച്ചാൽ വളരെ സന്തോഷകരമായിരുന്നു ഈ ദിവസങ്ങളിൽ ഇന്ദിരാഭവനിലെ അന്തരീക്ഷം. ആ സമയത്ത് ഒരു പ്രധാന നേതാവിന്റെ കൈയിൽ എപ്പോഴും ഒരു തുണ്ട് കടലാസു കാണും. ഭൂതം നിധികാക്കും പോലെ കൊണ്ടു നടക്കുന്ന ആ കടലാസു തുണ്ടിലെ രഹസ്യമെന്തെന്നറിയാൻ പലരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പക്ഷേ മുതിർന്ന നേതാവുമായി ഏറെ അടുപ്പമുള്ളൊരാൾ കടലാസു തുണ്ടിലെ രഹസ്യത്തെക്കുറിച്ച് സ്വന്തക്കാർക്ക് ചെറിയ സൂചന നൽകി. അദ്ദേഹം മുഖ്യമന്ത്രിയായി വരുമ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട അംഗങ്ങളുടെ പേരുകളാണത്രെ! അതോടെ ആ കടലാസ് തുണ്ട് കൈക്കലാക്കാൻ പലരും കൊണ്ടുപിടിച്ച് ശ്രമിച്ചു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ നേതാവ് പിന്നീട് ആ കടലാസ് തുണ്ട് വളരെ രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

ഇന്ദിരാഭവനിൽ സാധാരണ അങ്ങനെ കാണാത്തവരും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരുമായ ചില കുട്ടിനേതാക്കൾ ഇവിടേക്ക് വന്നുപോകുന്നതും പതിവ് കാഴ്ചയായി. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തരെപ്പോലെ കക്ഷത്തിൽ ചെറിയ ബാഗുമായി എത്തും തന്റെ പ്രിയപ്പെട്ട നേതാവിനെ താണുവീണ് തൊഴും പിന്നെയൊന്നും പറയാതെ മടങ്ങും- ഇതായിരുന്നു പതിവ്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ കയറിക്കൂടാനുള്ള ചെറിയ മോഹവുമായി നടക്കുന്നവരാണ് ഇക്കൂട്ടരെന്ന് പിന്നീടാണ് ഇന്ദിരാഭവനിലുള്ള ജീവനക്കാർക്ക് പോലും മനസിലായത്.

മനപായസത്തിലേക്ക് മണ്ണിടൽ

പോളിംഗ് കഴിഞ്ഞ് നേതാക്കൾ ഇങ്ങനെ മനപായസം കുടിച്ച് ശീതീകരിച്ച മുറിയിൽ വിശ്രമിക്കുമ്പോഴാണ് തലസ്ഥാന നഗരിയിലെ വനിതാ സ്ഥാനാർത്ഥി കരഞ്ഞുകൂവി വിളിച്ചെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പ്രത്യേകം അച്ചടിപ്പിച്ച, സുസ്മേരവദനയായുള്ള തന്റെ ചിത്രം പതിച്ച പോസ്റ്രറുകൾ നഗരത്തിലെ ആക്രിക്കടയിൽ തട്ടുമുട്ട് സാധനങ്ങൾക്കിടിയിൽ കൂട്ടിയിട്ടിരിക്കുന്നുവെന്ന പരാതിയുമായാണ് അവരുടെ വരവ്. സംസ്ഥാനത്തെ പാർട്ടിയുടെ അധിപൻ ഒരു വിധത്തിലാണ് അവരെ ആശ്വസിപ്പിച്ചും അനുനയിപ്പിച്ചും വിട്ടത്. അടുത്ത ദിവസം വീണ്ടും കരഞ്ഞു കൂവലുമായി വനിതാ സ്ഥാനാർത്ഥിയുടെ വിളി. സമ്മതിദായകർക്കിടയിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ വോട്ട് അഭ്യർത്ഥിച്ചുള്ള നോട്ടീസുകൾ ഏതോ വാഴത്തോട്ടത്തിൽ വാഴയ്ക്ക് വളമായി ഇട്ടിരിക്കുന്നുവെന്നതാണ് അടുത്ത പരാതി. ഏതായാലും നോട്ടീസെങ്കിലും ആക്രിക്കടയിൽ കൊണ്ടുപോയില്ലല്ലോ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചാണ് അന്നും വനിതാ സ്ഥാനാർത്ഥിയെ മടക്കിയത്.അങ്ങനെ തങ്ങളുടെ അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് സ്വപ്നം കണ്ട് പാർട്ടി രക്ഷാധികാരി ദിവസങ്ങൾ തള്ളി നീക്കി.

വച്ച കാൽ പിന്നോട്ട്

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം പതിവിലും രാവിലെ രക്ഷാധികാരി എഴുന്നേറ്റു. പുതിയ സർക്കാരുണ്ടാക്കേണ്ട ഭാരിച്ച ചുമതലയും അതിന്റെ സങ്കീർണ നടപടികളും മന്ത്രിമാരെ നിശ്ചിയിക്കുമ്പോൾ ഉയർന്നു വരാവുന്ന പരാതികളും പരിഭവങ്ങളും എല്ലാം മനസിൽ കണ്ടുകൊണ്ടാണ് ആസ്ഥാനത്തേക്ക് പോകാൻ അദ്ദേഹം തയ്യാറാടുത്തത്. കുളിയും ജപവും മുടികറുപ്പിക്കലുമൊക്കെ കഴിഞ്ഞ് കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ, എന്തോ ഒരു വല്ലായ്മ. ഇപ്പോൾ പോകണമോ എന്ന് വെറുതെ ഒരു തോന്നൽ. വച്ചകാൽ പിറകോട്ടെടുത്തു. അല്പം കഴിഞ്ഞ് പോകാമെന്നുറച്ച് നേരെ ടി.വിക്ക് മുന്നിലേക്ക്. വാനോളം പ്രതീക്ഷകളുമായി തങ്ങൾ നിറുത്തിയ സമർത്ഥരും ചുണക്കുട്ടികളുമായ സ്ഥാനാർത്ഥികൾ നാലക്കത്തിന്റെയും അഞ്ചക്കത്തിന്റെയുമൊക്കെ വ്യത്യാസത്തിൽ തോറ്റമ്പുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ചങ്ക് തകർന്നു. മുഖ്യമന്ത്രി ആവുമ്പോൾ ധരിക്കാൻ ഒരു ഡസൻ ഖദർ ഷർട്ട് കാലേകൂട്ടി തയ്പ്പിച്ച മുതിർന്ന നേതാവിനെ അദ്ദേഹം ഫോണിൽ വിളിച്ചു. സങ്കടം ആരോടെങ്കിലും ഒന്നു പങ്കു വയ്ക്കണമല്ലോ. മുതിർന്ന നേതാവ് ഫോണെടുത്തു, അദ്ദേഹം ഒന്നും സംസാരിക്കുന്നില്ല, നേരിയ ഒരു കരച്ചിൽ ശബ്ദം മാത്രം, ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മുറിഞ്ഞു മുറിഞ്ഞ് രണ്ട് മൂന്ന് വാക്കുകൾ ' എല്ലാം ... പോയില്ലെ..

തൊട്ടു മുന്നിൽ ടെലിവിഷൻ സ്ക്രീനിൽ അപ്പോൾ തെളിഞ്ഞത് ആളൊഴിഞ്ഞ ഇന്ദിരാഭവന്റെയും അതിന് മുന്നിൽ അന്തംവിട്ടു നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്റെയും ദൃശ്യങ്ങൾ.

ഇതുകൂടെ കേൾക്കണേ

'കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ, രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.