SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.17 AM IST

ഭരണഘടനയും ഗവർണറും ഉത്തരവാദിത്തങ്ങളും

governor

സംസ്ഥാനങ്ങളുടെ തലവൻ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്തങ്ങൾ ഭരണഘടനയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും സർക്കാരിന്റെ എക്സിക്യൂട്ടീവ് ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടുന്നയാളാണ് ഗവർണർ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സെഷനെ അഭിസംബോധന ചെയ്യേണ്ടതും ഗവർണറാണ്.
ഭരണഘടനയുടെ അനുഛേദം 200, 201 പ്രകാരം ഒരു ബില്ല് നിയമസഭ പാസ്സാക്കി അയച്ചാൽ ഗവർണർക്ക് മുന്നിലുള്ളത് നാല് ഓപ്ഷനുകളാണ്. ബില്ലിൽ ഒപ്പിടുക, ബിൽ ഹോൾഡ് ചെയ്യുക, രാഷ്ട്രപതിയ്ക്ക് അയയ്‌ക്കുക, അല്ലെങ്കിൽ ബിൽ തിരിച്ച് അയയ്‌ക്കുക. ഒരു ബില്ല് വീറ്റോ ചെയ്യപ്പെടുകയാണെങ്കിൽ,അത് പൊതു അസംബ്ലിയിലേക്ക് തിരികെ നൽകും. തിരിച്ചയച്ച ബിൽ നിയമസഭ ആറുമാസത്തിനകം പരിഗണിച്ച് വീണ്ടും അയച്ചാൽ ഗവർണർ ഒപ്പിട്ടേ മതിയാകൂ എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
സംസ്ഥാനത്തിന് പ്രധാനപ്പെട്ട കാര്യങ്ങളിൽ എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട, സംസ്ഥാനത്തിന്റെ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയി പ്രവർത്തിക്കേണ്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടയാളാണ് ഗവർണർ. കൂടാതെ ഗവർണ്ണർക്ക് ഇളവുകളും മാപ്പുകളും നൽകാനുള്ള അധികാരവുമുണ്ട്. ഇന്ത്യൻ ഭരണസംവിധാനത്തിൽ നാം പിന്തുടരുന്ന രീതികളാണ് വികേന്ദ്രീകരണ തത്വവും കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് സംവിധാനവും. ഒരു രാജ്യത്തിന്റെ പ്രഥമപൗരൻ രാഷ്ട്രപതിയാണ്. അതുപോലെ ഒരു രാഷ്ട്രപതി രാജ്യത്തിനുവേണ്ടി ചെയ്യുന്ന കടമകൾ എന്താണോ അതേ രീതിയിൽ സംസ്ഥാനങ്ങൾക്കു വേണ്ടി നിയമിച്ചിട്ടുള്ള തലവനാണ് ഗവർണർ. എന്നാൽ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കുന്നത് ഗവർണറാണ്. മറ്റ് ചില ഭരണ നിർവഹണ ഉദ്യോഗസ്ഥരായ സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതിലും ഗവർണർക്ക് ഭരണപരമായ അധികാര പങ്കുണ്ട്.
ഒരു ഗവർണർ ഒരേസമയം കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായും സംസ്ഥാനങ്ങളുടെ തലവനായും പ്രവർത്തിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ഗവർണർ ഇരട്ടപ്പങ്ക് വഹിക്കുന്നെന്ന് പറയാം. ഗവർണറുടെ ചുമതലകൾ പ്രധാനമായും നിയമനിർമ്മാണ അധികാരങ്ങൾ, ജുഡീഷ്യൽ അധികാരങ്ങൾ, ഭരണപരമായ അധികാരങ്ങൾ, രാഷ്ട്രപതിയുടെ ഭരണം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഓരോ അധികാരങ്ങളും എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം. അനുഛേദം 163 പ്രകാരം ഗവർണർ മന്ത്രിസഭയുടെ ഉപദേശത്തിന് അനുസൃതമായി പ്രവർത്തിക്കണം. എന്നാൽ ചില കാര്യങ്ങളിൽ
വിവേചന അധികാരവുമുണ്ട്.

ഒരു ബിൽ ഒരു സംസ്ഥാനത്തിന്റെ നിയമസഭ പാസാക്കുകയോ, സംസ്ഥാനത്തിന് ഒരു ലെജിസ്ലേറ്റീവ് കൗൺസിൽ ഉണ്ടായിരിക്കുകയോ ചെയ്യുമ്പോൾ, അത് സംസ്ഥാന നിയമസഭയുടെ ഇരുസഭകളും പാസാക്കുകയാണെങ്കിൽ,അത് ഗവർണർക്ക് സമർപ്പിക്കുകയും ഗവർണർ അത് പഠിച്ചശേഷം ഒപ്പിട്ട് നൽകണം. ഒന്നുകിൽ താൻ ബില്ലിന് സമ്മതം നൽകുന്നതായോ അല്ലെങ്കിൽ അതിന്റെ സമ്മതം തടഞ്ഞുവെന്നോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ കരുതിവച്ചിട്ടുണ്ടെന്നോ പ്രഖ്യാപിക്കുക: എന്നാൽ,ഗവർണർ ബില്ല് അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടതിന് ശേഷം എത്രയും വേഗം അത് തിരികെ നൽകേണ്ടതാണ്.

ഒരു ബിൽ മടക്കി നൽകപ്പെടുമ്പോൾ സഭയോ സഭകളോ ബിൽ പുനഃപരിശോധിക്കും. ഭേദഗതിയോടെയോ അല്ലാതെയോ ബിൽ വീണ്ടും പാസാക്കി ഗവർണർക്ക് സമർപ്പിക്കുകയാണെങ്കിൽ, ഗവർണർ അതിന്റെ സമ്മതം കഴിവതും തടഞ്ഞുവയ്ക്കാൻ പാടില്ല, ഒപ്പിട്ടു നൽകണം. അതേസമയം രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കായി ഒരു ബിൽ ഗവർണർ മാറ്റിവെച്ചിരിക്കുമ്പോൾ, രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുന്നതായോ അല്ലെങ്കിൽ അതിന്റെ സമ്മതം തടഞ്ഞുവെന്നോ പ്രഖ്യാപിക്കണം.

എന്നാൽ മണി ബിൽ അല്ലെങ്കിൽ, രാഷ്ട്രപതിക്ക് ബിൽ സഭയിലേക്ക് തിരികെ കൊണ്ടുവരാൻ ഗവർണറോട് നിർദ്ദേശിക്കാം.

സംസ്ഥാന നിയമസഭയുടെ സഭകൾ ഒരുമിച്ച് സന്ദേശം ലഭിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ അത് പുനഃപരിശോധിക്കാം. ഭേദഗതിയോടെയോ അല്ലാതെയോ വീണ്ടും പാസാക്കിയാൽ, വീണ്ടും രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമർപ്പിക്കേണ്ടതാണ്.

രാഷ്ട്രപതിയിൽ നിന്ന് തിരികെയെത്തുന്ന ബിൽ ഗവർണർ രാഷ്ട്രീയത്തിന് അതീതമായി ഒപ്പിട്ട് സഭയ്ക്ക് തിരികെ നല്കേണ്ടതാണ്.

(സെക്രട്ടേറിയറ്റിലെ നിയമവകുപ്പിൽ സെക്ഷൻ ഓഫീസറാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONSTITUTION AND GOVERNOR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.