SignIn
Kerala Kaumudi Online
Thursday, 25 April 2024 8.58 PM IST

തീരദേശ സംരക്ഷണ നിയമം വീടെന്ന സ്വപ്നം പൊളിച്ചുകൊണ്ടാവരുത്

kadal

തദ്ദേശഭരണവകുപ്പ് തീരദേശസംരക്ഷണ നിയമം നടപ്പാക്കൽ കർശനമാക്കിയതോടെ തീരദേശ ജില്ലകളിലെ കടൽത്തീരങ്ങളിലും വേലിയേറ്റ മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന കായലുകളുടെയും പുഴകളുടെയും അരികുകളിലും ഭൂമിയുള്ളവർക്ക് വീടുകൾ നിർമിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതി വന്നിരിക്കുകയാണ്. തീരദേശം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. അക്കാര്യത്തിൽ ഏറ്റവും നിഷ്‌കർഷയും, ഒരർത്ഥത്തിൽ പറഞ്ഞാൽ സ്വാർത്ഥതാത്‌പര്യവും, ഉള്ളത് തീരദേശത്ത് വസിക്കുന്നവർക്ക് തന്നെയാണ്. എന്നാൽ, ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥ നിറഞ്ഞ സമീപനം വീട് എന്ന അവരുടെ സ്വപ്നം തകർത്തിരിക്കുകയാണ്. തീരദേശ സംരക്ഷണവകുപ്പിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഉത്തരവുകളും ഭൂപടങ്ങളും തന്നെയാണ് ഇതിന് ഏറ്റവും നല്ല തെളിവ്. ഈ ഉത്തരവുകളും ഭൂപടങ്ങളും ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ നിർമ്മാണ പ്രവൃത്തികൾ പാടില്ലാത്ത സ്ഥലങ്ങൾ എത്ര നിരുത്തരവാദപരമായാണ് മാർക്കു ചെയ്ത് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുന്നതെന്ന് മനസ്സിലാക്കാം.

ഈ മേഖലകളിൽ വ്യവസായം തുടങ്ങുന്നവർക്ക് കൺസൾട്ടന്റുമാരുടെ സഹായത്തോടെയും അധികാരികൾക്ക് മേൽ തങ്ങൾക്കുള്ള സ്വാധീനമുപയോഗിച്ചും നിയമത്തെ മറികടന്നും നിയമം ലംഘിച്ചും നിർമാണം നടത്താനാവുന്നുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമൊക്കെ ഇത്തരം ധാരാളം വ്യവസായ സംരംഭങ്ങൾ വന്നുകഴിഞ്ഞു.

തീരദേശ മേഖലകളിൽ കടലും കായലുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത് ഉപജീവനം തേടുന്നവർക്കും നേരത്തേ മുതൽ നിർമ്മിതികൾ ഉള്ളവർക്കും ഇളവു നൽകിയിട്ടുണ്ട്. നിലവിൽ ഭവനങ്ങളുള്ള സ്ഥലങ്ങളിൽ ഇപ്പോഴുള്ള തറവിസ്തൃതിയിൽ അവ പുനർനിർമിക്കാൻ അനുമതിയുണ്ട്. അതുപോലെ തന്നെ, കടൽ/കായൽമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് തീരത്തുനിന്നുള്ള ദൂരവും കുറച്ചു നൽകിയിട്ടുണ്ട്. ഈ ഗണങ്ങളിലൊന്നും പെടാത്തവരാണ് നിയമത്തിന്റെയും അത് നടപ്പാക്കുന്ന അധികാരികളുടെ ഉത്തരവാദിത്ത്വരാഹിത്യത്തിന്റെയും കെണിയിൽപ്പെട്ടിരിക്കുന്നത്. നിയമം നടപ്പാക്കൽ മുനിസിപ്പൽ പരിധിയിലും പഞ്ചായത്ത് പരിധിയിലും വ്യത്യസ്തമാണെന്നത് പ്രശ്നം കൂടുതൽ സങ്കീർണവുമാക്കുന്നു.

കോർപ്പറേഷൻ/മുൻസിപ്പാലിറ്റി മേഖലകളിൽ ഒരു ബിൽഡിങ്ങ് റൂളും പഞ്ചായത്തുകൾക്ക് മറ്റൊരു റൂളുമാണുള്ളത്. അതുകൊണ്ട് തന്നെ നിയമം ബാധകമാകുന്ന കായൽ, പുഴ, തോടുകളിൽ നിന്നുള്ള ദൂരമെടുക്കുന്നതിനും വ്യത്യസ്ത മാനദണ്ഡമാണ് സ്വീകരിക്കുന്നത്. മുൻസിപ്പൽ/കോർപ്പറേഷൻ മേഖലകളിൽ വേലിയേറ്റ ഉയരം കണക്കാക്കി പുഴ, ആറ്, കായൽ തീരം എന്നിവയ്ക്കും വീടു നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനുമിടയിൽ വലിയ വാഹനഗതാഗതമുള്ള റോഡുകളുണ്ടങ്കിൽ ഇരുപതു മീറ്റർ വിട്ട് വീടു നിർമിക്കാം. എന്നാൽ പഞ്ചായത്ത് ഏരിയയിൽ തീരത്തുനിന്ന് അൻപതു മീറ്ററോ, പുഴ/ആറ് എന്നിവയുടെ വീതി അൻപതു മീറ്ററിൽ കൂടുതലാണെങ്കിൽ അത്രയും സ്ഥലമോ വിട്ടുമാത്രമേ വീടുകൾ നിർമ്മിക്കാനാവൂ. നിയമം നടപ്പിലാക്കാനുള്ള പഠനം നടത്താൻ ഏല്പിച്ചത് കേന്ദ്ര സർക്കാറിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഭൗമശാസ്ത്ര വിഭാഗത്തെയാണ്. പ്രകൃതിസംരക്ഷണ നയങ്ങളും പഠനം നടത്തേണ്ട രീതികളും കൃത്യമായിപ്പറഞ്ഞിരുന്നു. ഇനി ഈ ദൂരം എങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നോക്കുക.

വേലിയേറ്റ മേഖലകൾ കണ്ടെത്താൻ അവർ സ്വീകരിച്ച മാർഗം വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം എവിടെവരെ എത്തുമെന്ന് കണക്കാക്കുകയാണ്. വെള്ളത്തിലെ ലവണാംശം പരിശോധിച്ച് ഇത് കണ്ടെത്താനാണ് അവർ നിർദ്ദേശിച്ചത്. ഇതിന്റെ ഫലമായി പല അപാകതകളും ഉണ്ടായി. ഉദാഹരണത്തിന്, കായംകുളം വലിയഴീക്കലിലെ കടലിൽനിന്ന് വരുന്ന വെള്ളം തെക്കോട്ടും വടക്കോട്ടും ഒഴുകുന്ന ദേശീയ ജലപാതയിൽ തൃക്കുന്നപ്പുഴ വരെ നിയമത്തിനു കീഴിൽ കൊണ്ടുവന്നു. അതിന് ഒരു കിലോമീറ്റർ കിഴക്കുള്ള പുളിക്കീഴ് പാലത്തിന് വടക്കുവശവും നിയമത്തിന്റെ പരിധിയിൽ വന്നു. പുളിക്കീഴ് പുഴ ഒരു കിലോമീറ്റർ വടക്കോട്ടൊഴുകി ദേശീയ ജലപാതയിലെത്തും. പഠനം നടത്തുന്ന സമയത്ത് പുളിക്കീഴ് പാലത്തിനടുത്തുള്ള ബണ്ടു തുറന്നു കിടന്നതിനാൽ ലവണ പരിശോധകന്റ ലവണ മാപിനിയിൽ ലവണാംശം കണ്ടെത്തി. ഇതോടെ, ഒരു വിഭാഗം ജനങ്ങളുടെ നിർമിതികൾക്ക് വിലക്കുവന്നു.

ഈ അപാകത ചൂണ്ടിക്കാണിച്ചു കൊണ്ട് കാർത്തികപ്പള്ളി പഞ്ചായത്ത് ഒരു പ്രമേയം പാസാക്കി തീരദേശ സംരക്ഷണ ആസ്ഥാനത്തേക്കയച്ചങ്കിലും അതൊക്കെ കൊവിഡ് കാലത്ത് അപ്രത്യക്ഷമായി. ഭൂപടം പ്രസിദ്ധീകരിച്ചയുടൻ തന്നെ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് അയച്ചു കൊടുത്തിരുന്നങ്കിലും കൊവിഡും, പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളും കാരണം ആരും ഗൗരവമായെടുത്തില്ല. നിയമം നടപ്പാക്കേണ്ട ഡിപ്പാർട്ടുമെന്റാകട്ടെ വേണ്ടരീതിയിൽ ബോധവത്‌കരണം നടത്തിയുമില്ല. പരാതിയുള്ളവർ അറിയിക്കണമെന്ന് ഒഴുക്കൻമട്ടിൽ വാർത്ത നൽകി അവർ നിയമം നടപ്പിലാക്കി.

എത്ര തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും ആർകിടെക്ടുകൾക്കും നിർമാണ കമ്പനികൾക്കും ഈ നിയമത്തെപ്പറ്റി അറിയാമെന്നു കൂടി പഠനം നടത്തേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിൽ കെ.എസ്.ആർ.ടി.സി ആസ്ഥാനം വന്നതിനു ശേഷം മാത്രമാണ് നാലാംനിലയിൽ ഇതിനൊരു ഓഫീസ് വന്നത്. പ്രകൃതി വിഭവങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ആ ഓഫീസിൽ കെട്ടിവെച്ചിരിക്കുന്ന ഓരോ ഫയലും ഒരു പാർപ്പിടമുണ്ടാക്കാൻ വേണ്ടി സ്വപ്നംകണ്ടു നടക്കുന്നവരുടെ സങ്കടങ്ങളാണ്. മേൽനോട്ടം വഹിക്കാൻ ഒരു സെക്രട്ടറിയുണ്ട് ഒരു ഇന്ത്യൻ ഫോറസ്റ്റ്‌ സർവീസ് ഉദ്യോഗസ്ഥൻ. സെക്ഷനിൽ സെക്രട്ടറിയേറ്റിൽ നിന്നു വന്ന രണ്ട് ഓഫീസർമാരും. ബാക്കി എല്ലാവരും ദിവസ വേതനക്കാരാണ്. അവിടെ ചെന്നന്വേഷിക്കുന്നവർക്ക് മുന്നിൽ കൈമലർത്താനേ അവർക്ക് കഴിയുന്നുള്ളൂ. അവിടെയെത്തി അന്വേഷിക്കാൻ എത്ര പേർക്ക് സാധിക്കുമെന്നത് വേറെ കാര്യം .

കടലിനോടു ചേർന്നു കിടക്കുന്ന ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കം മുതൽ തോട്ടപ്പള്ളി വരെ തീരദേശസംരക്ഷണ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ഉള്ളതുകൊണ്ടാണ്. തൃക്കുന്നപ്പുഴ കാർത്തികപ്പള്ളി റോഡിന് വടക്കുവരെ ആ ആനുകൂല്യം കിട്ടേണ്ടതായിരുന്നു. അതിനു തെക്കുഭാഗം മുതൽ കൊല്ലം ജില്ലയുടെ വടക്കേ പഞ്ചായത്തുകൾ വരെ ഈ നിയമത്തിന് കീഴിൽ വരാൻ കാരണം 1991ൽ വലിയഴീക്കൽ കടലിൽ ഹാർബറുണ്ടാക്കി കൊടുത്തതുകൊണ്ടു മാത്രമാണ്. അങ്ങനെ ഈ പ്രദേശത്തെ മനുഷ്യർ വികസനത്തിന്റെ ഇരകളായി.

കൃത്രിമമായി ഹാർബറുകളുണ്ടാക്കി കൊടുത്തു കടൽ വെള്ളം കയറ്റിവിട്ടിട്ട് നിയമം കർശനമാക്കുന്ന ശാസ്ത്രജ്ഞരടക്കം ഇനിയെങ്കിലും തിരിച്ചറിയുമോ വികലമായ വികസന തീരുമാനങ്ങൾ ഇത്തരം സാമൂഹിക പ്രശ്നങ്ങളുണ്ടാക്കുമെന്ന്?

ഇനി സർക്കാർ സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഭൂപടത്തിലേക്ക് നോക്കുക. പലതിലും സ്ഥലങ്ങൾ മാറിക്കിടക്കുകയാണ്. സെസ്സിന്റെയും, റെവന്യൂ ഡിപ്പാർട്ടുമെന്റിന്റെയും ഭൂപടങ്ങൾ ലയിപ്പിച്ചപ്പോഴുണ്ടായ അപാകളാണ് ഇതെന്ന് അവർ മനസിലാക്കിയിട്ടില്ല.

സർക്കാർ സംസ്ഥാന തലത്തിൽ വിദഗ്ദ്ധസമതിയെ നിയോഗിച്ചിട്ടുണ്ട്. പക്ഷേ, ആ കമ്മിറ്റി എന്ത് ചെയ്യുന്നുവെന്ന് ആർക്കുമറിയില്ല. ഗൃഹനിർമാണ പരാതി കേൾക്കാൻ ജില്ലകളിലും കമ്മിറ്റികളുണ്ടെങ്കിലും മീറ്റിംഗ് നടത്താൻ നേതൃത്വമില്ലാതെ അവ പ്രവർത്തനരഹിതമായിരിക്കുകയായിരുന്നു. ഇത്തരം പ്രദേശങ്ങളിലെവീടുവയ്ക്കാൻ കാത്തിരിക്കുന്ന മനുഷ്യർ എന്ത് ചെയ്യണം ?

ലേഖകന്റെ ഫോൺ - 9447057788

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEARTURE, COSTAL PROTECTION LAW
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.