SignIn
Kerala Kaumudi Online
Saturday, 20 April 2024 1.59 AM IST

അടച്ച മുറിയിൽ മതി വിചാരണ

opinion

ലൈംഗികാതിക്രമ കേസുകളിലെ അന്വേഷണവും വിചാരണയും പലഘട്ടങ്ങളിലും ഇന്ന് പ്രധാന ചർച്ചാവിഷയമാണ്. അന്വേഷഘട്ടങ്ങളിൽ തുടങ്ങുന്ന വിവാദങ്ങൾ കോടതികളിൽ പാേലും ഒഴിയുന്നില്ല. നടൻ ദിലീപ് പ്രതിയായ കേസിൽ വിചാരണയുടെ ഓരോഘട്ടങ്ങളിലും വിവാദക്കാറ്റ് വീശിയടിക്കുന്നത് പ്രധാന വാർത്തകളായി മാറുന്നു. കേസിൽ വിചാരണ അനന്തമായി നീളുകയാണ്. ഇതിനൊരു പരിസമാപ്‌തി ഉണ്ടാവേണ്ടതല്ലേ? ഈ സന്ദർഭത്തിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിർണായകവിധി ഇരകൾക്ക് ആശ്വാസകരമാണ്.

ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതയെ വിസ്‌തരിക്കുന്നത് കഴിയുമെങ്കിൽ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സമീപകാല കേസുകൾ പരിശോധിക്കുമ്പോൾ സുപ്രധാനമായി മാറുന്നു. ഈ ഉത്തരവ് നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം. കേസിന്റെ മെറിറ്റിൽ നിന്ന് വ്യതിചലിച്ച് പലപ്പോഴും വിചാരണ ഇരയെ അപമാനിക്കുന്ന തരത്തിലേക്ക് മാറുന്നു. മജിസ്‌ട്രേറ്റ് കോടതികളിലും സ്‌പെഷൽ കോടതികളിലും ഇരകൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾക്കും പരിഹാസങ്ങൾക്കും ഒരു പരിധി വരെ ആശ്വാസമാകുന്ന വിധിയാണ് സുപ്രീംകോടതിയുടേത്.

പ്രതികളുടെ അഭിഭാഷകർ അതിജീവിതകളെ വട്ടംചുറ്റി ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് പലപ്പോഴും കോടതിമുറികളിൽ ദൃശ്യമാകുന്നത്. പലരും പൊട്ടിക്കരഞ്ഞ് മറുപടി പോലും പറയാനാകാതെ തളർന്നിരിക്കുമ്പോൾ സിറ്റിംഗ് പോലും മാറ്റിവച്ചിട്ടുണ്ട്. വീണ്ടും ഇവർക്ക് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിക്കും. നേരത്തേതിന് സമാനമായ സാഹചര്യമാണ് പിന്നീടുമുണ്ടാകുക. ഈ സമയം ശക്തമായ പ്രതിരോധം തീർക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുന്നതും എടുത്തുപറയേണ്ടതാണ്.

വിചാരണ എന്ന നടപടി ക്രമത്തിനായി ദിവസങ്ങളോളം ഇരകൾ കോടതികൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. കേസിന്റെ ഭാഗമായ അഭിഭാഷകർക്ക് എന്തും ചോദിക്കാം. മറ്റു ചിലർ ഇതെല്ലാം ആസ്വദിച്ച് വെറുതേ കോടിതിയിൽ ഇരിപ്പുണ്ടാകും. ചിലപ്പോൾ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പീഡനങ്ങളേക്കാൾ ക്രൂരമായ മാനസിക പീഡനമായിരിക്കും ഇരയ്‌ക്ക് അവിടെ നേരിടേണ്ടി വരുക. ചോദിച്ച ചോദ്യങ്ങൾ തന്നെ ആവർത്തിച്ച് ഇരയെ മാനസികമായി തളർത്തുന്നതും പ്രതിഭാഗം അഭിഭാഷകരുടെ രീതിയാണ്. അവർ അതിജീവിതയാണെന്ന പരിഗണന പോലും അവിടെ ലഭിക്കാറില്ല. പരാതി പോലും പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് അതിജീവിതകളിൽ ചിലർ പറഞ്ഞത് ഓർക്കുന്നു. പരമ്പരാഗത കോടതി സമ്പ്രദായങ്ങളിൽ മാറ്റം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് സുപ്രീം കോടതിയുടേത്.

വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ ആവശ്യമെങ്കിൽ സി.ആർ.പി.സി 327 - ാം വകുപ്പ് അനുസരിച്ച് പൂർണമായും രഹസ്യമാക്കണമെന്നാണ് (ഇൻ -കാമറ) ജസ്‌റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ജെ.ബി. പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ ഉത്തരവ്. ഗ്വാളിയോറിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരി സർവകലാശാല വൈസ് ചാൻസലർക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിടാൻ ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിന് നിർദ്ദേശം നൽകിയുള്ള ഉത്തരവിലാണ് സുപ്രീംകോടതി സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

പീഡനക്കേസുകളിൽ മാത്രമല്ല ലൈംഗികാതിക്രമ കേസുകളിലും വിചാരണ രഹസ്യമായിരിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമ കേസുകളിൽ പരാതിപ്പെടുന്നവർക്ക് കോടതി നടപടികൾ പലപ്പോഴും ഇന്ന് ഉപദ്രവമായി മാറുന്ന സ്ഥിതിയാണുള്ളത്. സമൂഹത്തിൽ നിന്നുള്ള അപമാനം, മാനസികാഘാതം എന്നിവയിലൂടെയാണ് വിചാരണ വേളയിൽ പലരും കടന്നുപാേകുന്നത്. അതിനാൽ ഇത്തരം കേസുകളെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അതിന്റെ ഉത്തരവാദിത്വം വിചാരണക്കോടതിക്കെന്നാണ് സുപ്രീംകോടതി പറഞ്ഞുവയ്‌ക്കുന്നത്.

അതിജീവിതയോ സാക്ഷികളോ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന അവസരത്തിൽ രഹസ്യവിചാരണ മാത്രമേ അനുവദിക്കാവൂ എന്ന നിർദ്ദേശം പ്രസക്തമാണ്. അതിജീവിത മൊഴി നൽകുമ്പോൾ പ്രതി മുഖാമുഖം വരുന്നില്ലെന്ന് ഉറപ്പാക്കാൻ സ്‌ക്രീൻ അനുവദിക്കണമെന്നും അല്ലെങ്കിൽ പ്രതിയോട് കോടതിക്ക് പുറത്ത് നിൽക്കാൻ നിർദ്ദേശിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നുണ്ട്. പ്രതിയുടെ അഭിഭാഷകർ പരാതിക്കാരിയെ വിസ്‌തരിക്കുമ്പോൾ മാന്യത പുലർത്തുന്നുവെന്ന് കോടതി ഉറപ്പാക്കണം. അനുചിതമായ ചോദ്യങ്ങൾ തടയുകയും വേണം. പ്രതിഭാഗത്തിന്റെ ചോദ്യങ്ങൾ കോടതിക്ക് എഴുതി നൽകി ശേഷം അതിജീവിതയോട് ചോദിക്കുന്ന രീതിയാണ് ഇനി അവലംബിക്കേണ്ടത്. അതിനാൽ ചോദ്യങ്ങൾക്ക് മേൽ കോടതിയുടെ സ്‌ക്രീനിംഗ് ഉറപ്പാക്കാൻ കഴിയും. അനാവശ്യ ചോദ്യങ്ങളുമായി അതിജീവിതകളെ അപമാനിക്കുന്ന പ്രവണതയ്‌ക്ക് ഇതോടെ തടയിടാനും സാധിക്കും.

അതിജീവിതയുടെ ഭൂതകാലം, ലൈംഗികപശ്ചാത്തലം എന്നിവയിൽ അനാവശ്യമായ ചോദ്യം ഉണ്ടാകരുത്. മാനസികമായി തകർന്ന അതിജീവിതയ്ക്ക് ആരോപണങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവുകൾ ശേഖരിക്കാനായില്ല എന്നതുകൊണ്ട് പരാതി ഇല്ലാതാകുന്നില്ല. പൊലീസ് പരാതി അവഗണിച്ചാലും കോടതികൾ നീതി ഉറപ്പാക്കണം. ലൈംഗികാതിക്രമ കേസുകളിൽ മേഖലാ ഡി.ഐ.ജിമാർ ശുപാർശ ചെയ്യുന്ന എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥകൾ അന്വേഷണ മേൽനോട്ടം വഹിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.

കുട്ടികൾക്കെതിരെയുളള ലൈംഗിക പീഡനങ്ങൾ തടയുന്നതിനുള്ള പോക്‌സോ കേസുകളിലെ വിചാരണ നേരത്തെ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും പിന്നീ‌ട് കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഇതിന്റെ മേൽനോട്ടം വഹിക്കാൻ ഹൈക്കോടതികളെയാണ് സുപ്രീംകോടതി നിയോഗിച്ചത്. കേസുകൾ അനാവശ്യമായി നീട്ടിവയ്‌ക്കരുതെന്നും വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്നത് ഉറപ്പാക്കാൻ ഹൈക്കോടതികൾ മൂന്നംഗ സമിതികളെ നിയോഗിക്കണമെന്നുമായിരുന്നു പ്രധാന നിർദ്ദേശം. പോക്‌സോ കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യ സംഘങ്ങളെ നിയോഗിക്കണമെന്ന നിർദ്ദേശവും പൂർണമായി നടപ്പായില്ല. ഈ സംഘങ്ങൾ കോടതിയെ വിചാരണവേളയിൽ സഹായിക്കണമെന്നുമാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. ഒരു അഭിഭാഷക നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു സുപ്രീംകോടതി വിധി. 2018 മേയ് ഒന്നിലെ ആ വിധിന്യായത്തിലും വിചാരണക്കോടതികൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷമുണ്ടാകണമെണ് സുപ്രീംകോടതി ഉത്തരവിട്ടതാണെന്ന കാര്യം നാം ഓർക്കണം.

ഹർജി ഫയൽ ചെയ്യുന്നതുൾപ്പെടെ കോടതികളിലെ വിചാരണകൾ ഹൈ‌ടെക്കാകുകയാണ്. ചില കേസുകളിലെ പ്രതികളെ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് വിചാരണയ്‌ക്ക് വിധേയമാക്കുന്നത്. ഇന്ത്യയിലെ കോടതികൾ കാലത്തിനനുസരിച്ച് മാറുന്നത് നല്ലതു തന്നെ. ചില വിധികളിൽ ജഡ്ജിമാർ സാമ്പ്രദായിക മാമൂലുകളിൽ നിന്ന് വ്യതിചലിക്കുന്നതും അടുത്ത കാലത്ത് കാണാൻ കഴിയുന്നു. പ്രത്യേകിച്ചു ജാമ്യഹർജികളിൽ. ആരെങ്കിലും എന്തെങ്കിലും പരാതി നൽകിയാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിടയ്‌ക്കാൻ കഴിയില്ലെന്ന് നിരവധി കോടതികൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. അതിനിടയിലും ലൈംഗികാതിക്രമ കേസുകളിലെ വിചാരണ പഴയ രീതിയിൽ തന്നെ തുടർന്നു. അതിനൊരു മാറ്റം വരണമെന്ന നിർദ്ദേശമാണ് രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നുണ്ടായത്. അതിന്റെ അന്ത:സത്ത ഉൾക്കൊണ്ട് കോടതികളും അഭിഭാഷകരും സ്വയം മാറ്റത്തിന് തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.