SignIn
Kerala Kaumudi Online
Friday, 19 April 2024 1.11 PM IST

കേരളത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ

photo

കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധികളെ മറികടക്കുകയാണ് നാം . ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അന്നുമുതൽ മഹാമാരിയെ നേരിടുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ മുഴുവൻ ഭരണസംവിധാനങ്ങളും, ആരോഗ്യരംഗവും ഉണർന്നു പ്രവർത്തിച്ചു. ഈയിടെ പ്രസിദ്ധീകരിച്ച നീതി ആയോഗിന്റെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള റിപ്പോർട്ടിൽ കേരളമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ 'കേരള മോഡൽ' എന്ന രൂപത്തിലാണു കഴിഞ്ഞ ദശകത്തിൽ ചർച്ച ചെയ്യപ്പെട്ടത്. ചികിത്‌സ, പ്രതിരോധരംഗങ്ങളിൽ (പ്രത്യേകിച്ചും സാംക്രമികരോഗ പ്രതിരോധത്തിൽ) കേരളത്തിന്റെ മുന്നേറ്റത്തിലൂടെയാണ് കേരള മോഡൽ കൂടുതൽ ശ്രദ്ധയാകർഷിച്ചത്. കൂടാതെ ആയുർദൈർഘ്യം (ശരാശരി 75 വയസ്), ശിശുമരണ നിരക്ക് (1000 ൽ ഏഴ് ), മാതൃമരണ നിരക്ക് (1000 ൽ 1.9), സാക്ഷരതാ നിരക്ക് (93.2%) എന്നീ സൂചികകളിലും കഴിഞ്ഞ ദശാബ്ദങ്ങളിൽ കേരളം വളരെ മുന്നിലാണ്.

വെല്ലുവിളികൾ ഏറെ
ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവ് സ്ഥായിയായ രൂപത്തിലാക്കുന്നതിനു വേണ്ട ഒട്ടേറെ വെല്ലുവിളികൾ നമ്മുടെ മുൻപിലുണ്ട്. നിത്യവരുമാനത്തിന്റെ സിംഹഭാഗവും ചികിത്സയ്ക്കും ആരോഗ്യ ശുശ്രൂഷയ്ക്കും വേണ്ടി ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഒരു വശത്ത് വികസിത രാജ്യങ്ങൾക്കു തുല്യമായ തോതിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളും മറുവശത്ത് അസാധാരണമായ രീതിയിൽ സാംക്രമികരോഗങ്ങളുടെ തിരിച്ചുവരവും കേരള മോഡലിന്റെ പുത്തൻ വെല്ലുവിളികളാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ ഇരുരംഗത്തും ഉണ്ടാകേണ്ടതുണ്ട്. ജീവിതശൈലീ രോഗപ്രതിരോധത്തിന് പഞ്ചായത്തുതല വ്യായാമ പാർക്കുകൾ, പൊതുകളിസ്ഥലങ്ങൾ, ജിംനേഷ്യങ്ങൾ എന്നിവ ലഭ്യക്കണം. രോഗസാദ്ധ്യത കൂടുതലുള്ളവരെ കണ്ടെത്തുന്നതിനു സാമൂഹിക പരിശോധനകൾ, വിദ്യാഭ്യാസതലം മുതൽ ജോലി സ്ഥലങ്ങൾ വരെയുള്ള ബോധവത്‌കരണ പരിപാടികൾ എന്നിവ സാധാരണയായി സംഘടിപ്പിക്കേണ്ടതുണ്ട്. സാംക്രമികരോഗ പ്രതിരോധത്തിനുവേണ്ടി സമ്പൂർണ നിർബന്ധിത പ്രതിരോധ കുത്തിവയ്പുകൾ, മാലിന്യ സംസ്‌‌കരണം, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കൽ, സമഗ്രമായ നിരീക്ഷണ കർമ്മപദ്ധതികൾ എന്നിവ വേണം. സർക്കാർ ആശുപത്രികളിലെ മാനുഷിക വിഭവശേഷി വർദ്ധിപ്പിക്കൽ, തസ്തികകളുടെ എണ്ണം കാലാനുസൃതമായി പരിഷ്‌‌കരിക്കൽ, സേവനത്തിലിരിക്കെയുള്ള പരിശീലന പരിപാടികൾ, തുടർ വിദ്യാഭ്യാസ ശിൽപ്പശാലകൾ, തിരക്കു കുറയ്ക്കുന്നതിനു വേണ്ട ഓൺലൈൻ ബുക്കിംഗ് സമ്പ്രദായം എന്നിവയും കർശനമായ റഫറൽ സമ്പ്രദായവും ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ എല്ലാ നിയമനങ്ങളും വർഷംതോറും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മെഡിക്കൽ സർവീസ് റിക്രൂട്ട്‌മെന്റ് സെൽ രൂപീകരിക്കണം. ഇതുവഴി എല്ലാ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കഴിയുന്നതാണ്.

പൊതു-സ്വകാര്യ കൈകോർക്കൽ

പൊതു-സ്വകാര്യ മേഖലകളുടെ കൈകോർക്കൽ കൂടുതൽ മൂലധന നിക്ഷേപം ആവശ്യമുള്ള മേഖലകളിൽ പരിശോധിക്കാവുന്നതാണ്. പ്രത്യേക രോഗനിർണയത്തിനുള്ള സി.ടി സ്‌കാൻ, എം.ആർ.ഐ. സ്‌കാൻ, പെറ്റ് സ്‌കാൻ എന്നീ ഉയർന്ന ചെലവുള്ള രോഗനിർണയ പരിശോധനകൾ കുറഞ്ഞ ചെലവിൽ പ്രാപ്യമാക്കാൻ സാധിക്കും. ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളുടെ നിലനിൽപ്പിനും പ്രോത്സാഹനത്തിനു ഉതകുന്ന രീതിയിലുള്ള നയങ്ങൾ ആവിഷ്‌‌കരിക്കണം.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നിലനിന്നേ തീരൂ. മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാധികാരം നൽകുകയും കൂടുതൽ മെച്ചപ്പെട്ട പഠന-ഗവേഷണ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും വേണം. കേരള സംസ്ഥാനത്തെ മെഡിക്കൽ ഗവേഷണം ഊർജ്ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി കേരള മെഡിക്കൽ റിസർച്ച് കൗൺസിൽ രൂപീകരിക്കണം. ഇതുവഴി കേരളത്തിലെ എല്ലാ മെഡിക്കൽ ഗവേഷണങ്ങളും ഏകോപിപ്പിക്കുന്നതിനു പുറമെ ക്ലിനിക്കൽ റിസർച്ച് കോർഡിനേറ്റർ എന്ന തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കാനും കഴിയും. ആയുഷ് രംഗത്തെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ആയുഷ് സർവകലാശാല രൂപീകരിക്കുകയും നിലവിലെ കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും വേർപെടുത്തുകയും ചെയ്യണം.

വേണം പബ്ലിക് ഹെൽത്ത് ആക്ട്

പൊതുജനാരോഗ്യ രംഗത്തെ ഇടപെടലുകൾ കർശനമാക്കുന്നതിനും, തുടർ നിരീക്ഷണം ഉറപ്പു വരുത്തുന്നതിനും സഹായകരമായ പബ്ലിക് ഹെൽത്ത് ആക്ട് നിയമസഭയിൽ പാസാക്കി നടപ്പിലാക്കണം.
കേരള സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും കിട്ടുന്ന സാമ്പത്തിക സഹായത്തിൽ ഒരു പ്രധാന സ്രോതസാണ് ദേശീയ ആരോഗ്യ ദൗത്യം. അടിസ്ഥാന വികസന സൗകര്യത്തിന് ഇതുവഴി കാര്യമായ മുന്നോട്ടുപോക്ക് സംസ്ഥാനത്തുണ്ടായിട്ടുണ്ടെങ്കിലും ആരോഗ്യരംഗത്തെ മാനുഷികവിഭവശേഷി സ്ഥായിയായ രൂപത്തിൽ വർദ്ധിപ്പിക്കാൻ മിഷൻ സഹായകരമായിട്ടില്ല. മറിച്ച് ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയാണ് തുടക്കം മുതൽ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തിൽ പൊതുജനാരോഗ്യരംഗത്ത് സ്ഥിരമായി സൃഷ്ടിക്കപ്പെടേണ്ട തസ്തികകളുടെ എണ്ണത്തിൽ ഇതുമൂലം കുറവുവരുന്നു. ജോലിസ്ഥിരതയില്ലായ്മ, താരതമ്യേന കുറഞ്ഞ വേതനം, കരാറടിസ്ഥാനത്തിലുള്ള ജോലി എന്നിവ ഈ രംഗത്തെ അനാകർഷണത്തിനു കാരണങ്ങളാകും. ഭൂരിഭാഗം മദ്ധ്യവർഗത്തിൽപ്പെട്ട ജനങ്ങളുള്ള, സാക്ഷരതയിലും അവകാശബോധത്തിലും മുൻപന്തിയിലുള്ള കേരളത്തിൽ സാർവത്രികാരോഗ്യനയം നടപ്പാക്കാൻ വേണ്ട ചർച്ചകളും പ്രായോഗിക നടപടികളും ഉടൻ ആരംഭിക്കേണ്ടതുണ്ട്.

നിലവിലെ പൊതുജനാരോഗ്യ മേഖലയിലെ അസന്തുലിത രോഗി-ഡോക്ടർ അനുപാതവും, സ്വകാര്യമേഖലയിലെ ചികിത്സാചെലവും ശരാശരി മലയാളിക്ക് ചികിത്സ ഒരു വലിയ സാമ്പത്തിക ബാദ്ധ്യതയായി മാറുന്നതു കാണാം. ഇൻഷുറൻസ് മോഡൽ ഇതിനു പരിഹാരമാകുമെന്നു നിലവിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയാൻ വയ്യ.

സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുവാൻ പോകുന്ന 'മെഡിസെപ് പദ്ധതി' നിലവിലെ ചികിത്സാ ചെലവുകളുമായി ഒത്തു പോകുമോയെന്ന ആശങ്കയും ഇല്ലാതില്ല. പ്രളയ സെസ്, വിദ്യാഭ്യാസ സെസ് എന്നിവ നടപ്പാക്കിയപോലെ ആരോഗ്യസെസ് നടപ്പിൽ വരുത്തുന്നതും ചർച്ച ചെയ്യാവുന്നതാണ്.
ആരോഗ്യരംഗത്തെ കേരളമോഡലിനെക്കുറിച്ച് നാം അഭിമാനം കൊള്ളുമ്പോൾത്തന്നെ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ, പുത്തൻ സാംക്രമികരോഗങ്ങളുടെ ആവിർഭാവം, ഉയർന്ന ചികിത്സാചെലവ്, ദീർഘകാല രോഗാതുരത എന്നിവ വ്യക്തി, കുടുംബം, സമൂഹം എന്നിവയിലുണ്ടാക്കുന്ന പ്രത്യാഘാതം കേരളസമൂഹത്തിന് ഭാവിയിലെ ഒരു വലിയ വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ട്. സാർവത്രികാരോഗ്യം കേരള സമൂഹത്തിലുറപ്പു വരുത്തുന്നതിനുവേണ്ട നയ രൂപീകരണങ്ങൾക്കായുള്ള ചർച്ചകൾ പുതുവത്സരത്തിൽ ആരംഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.