SignIn
Kerala Kaumudi Online
Thursday, 25 April 2024 6.34 AM IST

കൊവിഡ് പ്രതിരോധം, വ്യക്തിപരമായ ഉത്തരവാദിത്തം

kk

മഹാമാരിയുടെ രണ്ടാംതരംഗം രാജ്യത്ത് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രതിസന്ധി മറികടക്കാൻ ഭരണകൂടങ്ങളും ആരോഗ്യ പ്രവർത്തകരും മാത്രം വിചാരിച്ചാൽ സാധിക്കില്ല. മഹാമാരിയുടെ നിയന്ത്രണം വ്യക്തിപരമായ ഉത്തരവാദിത്വമായി ഓരോ പൗരനും ഏറ്റെടുത്താൽ മാത്രമേ രക്ഷപ്പെടാനാവൂ.

വ്യാജ പ്രചാരണം ഉപേക്ഷിക്കൂ
മഹാമാരി പടർന്നു കയറുമ്പോൾ ഒരു വശത്ത് വ്യാജപ്രചാരണങ്ങളും കത്തിക്കയറുകയാണ്. കൊവിഡ് ചികിത്സ, വാക്സിനുകൾ, രോഗപ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം തെറ്റായ വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങളിൽ പലതും വ്യാജമാകാൻ സാദ്ധ്യതയുള്ളതിനാൽ ആധികാരിക സ്രോതസുകളുമായി ആശയവിനിമയം നടത്തിയ ശേഷമേ സന്ദേശങ്ങൾ സ്വീകരിക്കുകയോ മറ്റുള്ളവരുമായി പങ്ക് വയ്‌ക്കുകയോ ചെയ്യാവൂ.

വാക്സിൻ ലഭ്യമായ ആദ്യഘട്ടത്തിൽ വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും മരണകാരണമാകുമെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇക്കാരണത്താൽ വാക്സിൻ സുലഭമായിരുന്ന ആദ്യഘട്ടത്തിൽ ഒട്ടേറെ വയോധികർ വാക്സിൻ സ്വീകരിക്കാൻ മടിച്ചു. എന്നാൽ വാക്സിൻ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നുമുള്ള പഠനങ്ങൾ പുറത്തുവന്നതോടെ വാക്സിൻ സ്വീകരിക്കാൻ വൻ ജനക്കൂട്ടം തന്നെ രൂപംകൊണ്ടു. എന്നാൽ അപ്പോഴേക്കും വാക്സിൻ ദൗർലഭ്യം രൂക്ഷമായി. അതിനാൽ ആധികാരികമല്ലാത്ത വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാതിരിക്കാൻ ജാഗ്രത പുലർത്തുക.

വീട്ടിനുള്ളിലും അതിജാഗ്രത
കേരളത്തിൽ പുതുതായി രോഗബാധിതരാകുന്ന വ്യക്തികളിൽ 50 ശതമാനവും സ്വന്തം വീട്ടിനുള്ളിൽ നിന്നു തന്നെയാണ് രോഗബാധിതരാകുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ആദ്യ തരംഗ സമയത്ത് വീട്ടിൽ ഒരു വ്യക്തിക്ക് രോഗബാധയുണ്ടായാൽ അദ്ദേഹവുമായി നേരിട്ട് ഇടപഴകുന്ന ഒന്നോ രണ്ടോ കുടുംബാംഗങ്ങൾക്ക് മാത്രമേ പകരുമായിരുന്നുള്ളൂ. എന്നാൽ രണ്ടാംതരംഗത്തിൽ തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങൾ രംഗപ്രവേശം ചെയ്തതോടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് രോഗബാധയുണ്ടായാൽ ചുരുങ്ങിയ സമയം കൊണ്ട് കുടുംബാംഗങ്ങൾക്കെല്ലാം രോഗം പകരുന്നു. അതിനാൽ രോഗബാധിതരോ ടെസ്‌റ്റിന്റെ ഫലം കാത്തിരിക്കുന്നവരോ ആയ വ്യക്തികൾ മാത്രമല്ല, അതേ വീട്ടിൽ താമസിക്കുന്നവരും വീട്ടിനുള്ളിൽ മാസ്‌ക് ധരിക്കുക.

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞായിരിക്കും പലരും ടെസ്റ്റിന് വിധേയരാകുന്നത്. ടെസ്റ്റ് ഫലം ലഭിക്കാൻ ഏതാനും ദിവസങ്ങൾ വൈകിയെന്നും വരാം. ഈ ഇടവേളയിൽ മറ്റുള്ളവരുമായി ഇടപഴകുന്ന വ്യക്തി പലരിലേക്കും രോഗം വ്യാപിപ്പിക്കും. അതിനാൽ കൊവിഡ് സംശയിക്കുന്ന വ്യക്തി ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെന്ന് അറിയും വരെ സ്വയം നിരീക്ഷണത്തിൽ പോവുക. ഫലം കാത്തിരിക്കുമ്പോൾ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക . സ്വസ്തി ഫൗണ്ടേഷൻ പോലുള്ള ജീവകാരുണ്യ സംഘടനകൾ ആരംഭിച്ചിട്ടുള്ള കൊവിഡ് കൗൺസിലിംഗ് സെന്ററിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശങ്ങളും ഉപയോഗപ്രദമാകും.
രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങുമ്പോൾ വായും മൂക്കും പൂർണമായും മറയുന്ന രീതിയിൽ രണ്ട് മാസ്‌ക്കുകൾ ധരിക്കുക. ആദ്യം മൂന്നു പാളികളുള്ള ഒരു സർജിക്കൽ മാസ്‌കും അതിനു മുകളിലൂടെ ഒരു തുണി മാസ്‌കും ധരിച്ച് രോഗവ്യാപനം തടയാം. അല്ലെങ്കിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന എൻ 95, എൻ 99 മാസ്‌കുകൾ ധരിക്കുക. പൊതുസ്ഥലത്ത് ഒരു കാരണവശാലും മാസ്‌ക് നീക്കുകയോ മാസ്‌കിൽ സ്പർശിക്കുകയോ ചെയ്യരുത് .
കൊവിഡ് രോഗബാധിതരാകുന്നവരിൽ വലിയൊരു ശതമാനവും നേരിയ തോതിലുള്ള ലക്ഷണങ്ങളോടെ രോഗവിമുക്തി നേടുന്നതായാണ് കണ്ടുവരുന്നത്. അതിനാൽ നേരിയ ലക്ഷണങ്ങളുള്ളവർ ഉടനടി ആശുപത്രിയിലേക്ക് പോകേണ്ടതില്ല. ഫോൺ വഴിയോ ടെലിമെഡിസിൻ സംവിധാനങ്ങൾ വഴിയോ ഡോക്ടർമാരുമായി ആശയവിനിമയം നടത്തി നിർദ്ദേശങ്ങൾ സ്വീകരിക്കാം. പനി കുറയാനുള്ള മരുന്നുകളും ചൂടുള്ള ഭക്ഷണവും ധാരാളം വെള്ളവും ആവശ്യത്തിന് വിശ്രമവും ലഭിച്ചാൽ ഇവരിൽ ഭൂരിപക്ഷവും രോഗമുക്തി നേടും. ഒരു പൾസ് ഓക്സിമീറ്റർ വാങ്ങി നാലുനേരം ശരീരത്തിലെ ഓക്സിജൻ അളവ് പരിശോധിക്കുന്നത് നന്നായിരിക്കും. ഓക്സിജൻ 92 ശതമാനത്തിൽ കുറയുകയാണെങ്കിൽ ഉടനടി ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം. മരുന്ന് കഴിച്ച ശേഷവും ശരീരത്തിലെ താപനില തുടർച്ചയായി 102 ഡിഗ്രി ഫാരൻഹീറ്റിൽ കൂടുതലായി തുടർന്നാലും ചികിത്സ തേടണം. ശ്വാസംമുട്ടൽ, നെഞ്ചുവേദന, തുടങ്ങി കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലും ആശുപത്രിയിൽ പോവുക. നേരിയ തോതിലുള്ള രോഗലക്ഷണമുള്ളവർ ആശുപത്രിയിൽ തിരക്ക് കൂട്ടുന്നത് തീവ്ര രോഗലക്ഷണമുള്ളവർക്ക് കൃത്യമായ ചികിത്സ നഷ്‌ടപ്പെടാൻ കാരണമാകും. ഇതുമൂലം മരണനിരക്ക് കൂടും.
പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന രോഗികൾ ചികിത്സിക്കുന്ന ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം മരുന്നുകൾ തുടരേണ്ടതുണ്ട്. ഇത്തരക്കാർക്ക് ടെലിമെഡിസിൻ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

കൊവിഡും മാനസിക പ്രശ്നവും

കൊവിഡ് മുക്തരായ വ്യക്തികളിൽ 34 ശതമാനം പേർക്ക് അടുത്ത ആറുമാസത്തിനുള്ളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്ര ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. രോഗവിമുക്തരിൽ 17 ശതമാനത്തിന് അമിത ഉത്കണ്ഠയും 15 ശതമാനത്തിന് വിഷാദരോഗം പോലെ വൈകാരിക പ്രശ്നങ്ങൾ, ഏഴ് ശതമാനത്തിന് ലഹരി അടിമത്തം, അഞ്ച് ശതമാനത്തിന് തുടർച്ചയായ ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു. ചെറിയൊരു ശതമാനം ആളുകളിൽ മറവി രോഗലക്ഷണവും പ്രത്യക്ഷപ്പെടുന്നു. ഇക്കാരണങ്ങൾ കൊണ്ടും രോഗം വരാതെ സൂക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.


വാക്സിൻ എന്ന കവചം

വാക്സിൻ എടുക്കുന്ന വ്യക്തികളിൽ രോഗസാദ്ധ്യത വളരെ കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ വാക്സിൻ എടുത്ത 77 ദശലക്ഷം പേരിൽ കേവലം 5800 പേർക്ക് മാത്രമാണ് രോഗമുണ്ടായത്. ഇവരിൽ വെറും 396 പേർക്കു മാത്രമാണ് തീവ്രപരിചരണ ചികിത്സ വേണ്ടിവന്നത്. ഇവരിൽ 74 പേരാണ് മരിച്ചത്. വാക്സിനേഷൻ എടുത്ത വ്യക്തികളിൽ മരണസാദ്ധ്യത 99.999 ശതമാനം കുറഞ്ഞു എന്ന് ഇതിൽ നിന്ന് മനസിലാക്കാം. ഇന്ത്യയിലും വാക്സിനേഷൻ എടുത്ത് വ്യക്തികളിലെ രോഗബാധയുടെ കണക്കുകൾ പുറത്തു വന്നിട്ടുണ്ട്. കൊവിഷീൽഡ് വാക്സിൻ എടുത്തതിൽ കേവലം 0.03 ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. കൊവാക്സിൻ എടുത്തവരിൽ 0.04 ശതമാനം പേർക്കും. വാക്സിൻ സ്വീകരിക്കുന്നതാണ് രോഗം വരാതിരിക്കാൻ ഏറ്റവും നല്ല മാർഗം.
കേരളത്തിൽ ഇതുവരെ മരണനിരക്ക് ഗണ്യമായി ഉയരാത്തത് ഇവിടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമർപ്പിത സേവനത്തിന്റെ ഫലമാണ്. എന്നാൽ ഒരു വർഷത്തിലേറെയായി മഹാമാരിയോട് മല്ലിട്ട് ആരോഗ്യപ്രവർത്തകർ ക്ഷീണിതരാണ്. ഈ സാഹചര്യത്തിൽ രോഗികളുടെ എണ്ണം ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാനാവാത്ത നിലയിലായാൽ മരണനിരക്ക് കൂടാൻ സാദ്ധ്യതയേറെയാണ് . ഈ സത്യം മനസിലാക്കി ജാഗ്രതയോടെ പ്രവർത്തിച്ചാൽ നമുക്ക് കൊവിഡ് മരണങ്ങൾ തടയാം. ഓർക്കുക ഓരോ ജീവനും വിലപ്പെട്ടതാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തർക്കും ഉള്ളതാണ്.

( ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രിസ്റ്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVD
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.