SignIn
Kerala Kaumudi Online
Friday, 19 April 2024 6.53 AM IST

കൊവിഡും കപടശാസ്ത്രവും

dung

മനുഷ്യർക്കു ബുദ്ധി കെട്ടുപോകുന്ന ചില ദുർഘട സന്ധികളുണ്ട്. കപടശാസ്ത്രത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഘോഷയാത്രയാകും ആ സന്ദർഭങ്ങളെ കീഴടക്കുക. കൊവിഡ് മഹാമാരി അത്തരമൊരു വിപത് വേളയാണ്. വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, മതാനുശാസനകൾ എന്നിവയെ ശാസ്ത്രമെന്ന മട്ടിൽ അവതരിപ്പിക്കുന്നതാണ് കപടശാസ്ത്രം (pseudo science ). ധീരവും ശാസ്ത്രീയവുമായ രീതിയിൽ ആസൂത്രണം ചെയ്ത് കൊവിഡ് വ്യാപനത്തെ തടയുന്നതിനു പകരം ചെപ്പടിവിദ്യകൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.

ഗായത്രീമന്ത്രം ഉരുവിട്ട് പ്രാണായാമം (ശ്വസനക്രിയ ) ചെയ്താൽ കൊവിഡ് രോഗം മാറുമോ എന്ന ഗവേഷണം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസിന് കേന്ദ്ര സർക്കാർ ധനസഹായം നൽകിയത് ഒരുദാഹരണം. യോഗയുടെ ഭാഗമായുള്ള ശ്വസന വ്യായാമമാണ് പ്രാണായാമം. ശ്വസനക്രിയ ശ്വാസകോശത്തിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുമെങ്കിലും ഇതിൽ ഗായത്രീ മന്ത്രത്തെ കൂട്ടിയിണക്കിയത് കപടശാസ്തത്തിന്റെ സ്വാധീനമെന്ന പരാതി ആരോഗ്യ, ശാസ്ത്ര മേഖലകളിൽ നിന്നുയർന്നു.
ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നർത്ഥം വരുന്ന ഈ വൈദികമന്ത്രം ചൊല്ലൽ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുമെന്ന പ്രചാരണമാണ് ഗവേഷണ യജ്ഞത്തിന്റെ പ്രചോദനം.

ഫെബ്രുവരിയിൽ ഡോക്ടർ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധനന്റെ സാന്നിദ്ധ്യത്തിൽ പച്ചമരുന്നുകളടങ്ങിയ കോറോണിൽ എന്ന മരുന്നുപൊതി പുറത്തിറക്കി. ഇതിന്റെ ഉത്പാദകർ ബാബ രാംദേവിന്റെ ആശ്രമമാണ്.ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച കൊവിഡ് പ്രതിരോധ മരുന്ന് എന്നായിരുന്നു രാംദേവിന്റെ അവകാശം. എന്നാൽ വളരെ പെട്ടെന്നു തന്നെ ലോകാരോഗ്യ സംഘടന നിഷേധകുറിപ്പിറക്കി. ഒരുതരം പാരമ്പര്യ മരുന്നുകളും കൊവിഡ് 19 നെതിരെയുള്ള പ്രതിരോധചികിത്സയിൽ തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ഡബ്ള്യു. എച്ച്.ഒ അറിയിച്ചു. അശാസ്ത്രീയവും അസംബന്ധവുമെന്നായിരുന്നു ഈ മരുന്നു പൊതിയെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം. ഗോമൂത്രവും ചാണകവും കൊവിഡ് ചികിത്സക്കുള്ള ദിവ്യൗഷധമാക്കിയുള്ള പ്രചാരണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപകമാണ്.
2014 ൽ മോദിസർക്കാർ അധികാരമേറിയ ശേഷം, അശാസ്ത്രീയ വസ്തുതകളുടെ പ്രചാരണം ശക്തിപ്പെട്ടിരുന്നു. മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമെന്ന നിലയിൽ വിതച്ചതിന്റെ ദുഷ്ഫലങ്ങളാണ് പ്രതിസന്ധി ഘട്ടത്തിൽ കൊയ്യേണ്ടി വരുന്നത്. എല്ലാ അറിവുകളും ഭൂതകാലത്തിൽ സംഭരിച്ചു വെച്ചിട്ടുണ്ടെന്ന ഹുങ്കിൽപ്പെട്ട് വാക്സിനേഷൻ അടക്കമുള്ള ശാസ്ത്രീയ ചികിത്സാസൗകര്യങ്ങൾ ഒരുക്കാൻ മടി കാണിക്കുകയോ നിഷേധിക്കുകയോ ചെയ്യുക മൂലം പാവപ്പെട്ട മനുഷ്യർ വേണ്ട സമയത്ത് പരിചരണം കിട്ടാതെ മൃതിയടയുന്നത് നിസഹായതയോടെ കണ്ടു നിൽക്കേണ്ടി വരുന്നു !

കോക്കെയ്ൻ, റെയ്ക്കി ചികിത്സ, പൊടി മരുന്നുകൾ, ധ്യാനം, മദ്യപാനം തുടങ്ങി നിരവധി അശാസ്ത്രീയ ചികിത്സകൾ കൊവിഡ് വരാതിരിക്കാൻ മുറി വൈദ്യന്മാർ പ്രചരിപ്പിക്കുന്നുണ്ട്. കൊവിഡ് വാക്സിനേഷനെതിരെയുള്ള പ്രചരണം നടത്തുന്നവരുടെ എണ്ണവും കൂടി വരുന്നു. കൊവിഡ് വൈറസ് പകരുന്നതിനെക്കാൾ മാരകമായ രീതിയിലും വേഗത്തിലുമാണ് ഈ തെറ്റായ വിവരങ്ങൾ പടരുന്നത്. സോഷ്യൽ മീഡിയ ഇക്കൂട്ടരുടെ പ്രിയപ്പെട്ട വിഹാര രംഗവുമാണ്. ശാസ്ത്ര വിരുദ്ധരായ ഈ വക ജനദ്രോഹികൾക്ക് ശക്തി പകരുന്നതാണ് ചാണക ചികിത്സയ്ക്കും മറ്റും അധികാര കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ. യഥാർത്ഥ വിശ്വാസവുമായി ഇതിനൊരു ബന്ധവുമില്ല. ശാസ്ത്രത്തിന്റെ നിർവഹണം ശരിയായ വിധത്തിൽ നടക്കാതെ ഇന്ത്യൻ സമൂഹത്തിനു മുന്നോട്ടു നീങ്ങാൻ കഴിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID.
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.