SignIn
Kerala Kaumudi Online
Thursday, 25 April 2024 4.42 AM IST

കേരളം കൂടുതൽ തയ്യാറെടുക്കണം

kk

ലോകം മുഴുവൻ പടർന്ന് പിടിച്ച കൊവിഡിനെ നേരിടുന്നതിലും 2018 ലെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിലും കേരളം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പ്രകൃതി ദുരന്തങ്ങളെ സ്ഥിരമായി നേരിടണമെന്ന ബോദ്ധ്യത്തോടെ ,ഇവയോടുള്ള നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

കൊവിഡിനെ നാം നേരിട്ടത് ഇതിഹാസ തുല്യമായ രീതിയിലാണ്. കേരളത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും മരണസംഖ്യ കുറയ്‌ക്കാൻ നമുക്ക് കഴിഞ്ഞു. 0.43 ശതമാനം. ഇത് ലോകത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള സിംഗപ്പൂരിന് അടുത്ത് വരും. തുടക്കത്തിൽ തന്നെ രോഗനിർണയം, രോഗികളെ ഐസോലേറ്റ് ചെയ്യൽ, സമ്പർക്കപാത കണ്ടുപിടിക്കൽ എന്നിവ നടപ്പാക്കിയതു മൂലമാണ് മരണനിരക്ക് കുറഞ്ഞത്. മികച്ച ഓക്സി‌ജൻ മാനേജ്മെന്റ്, തീരുമാനങ്ങളെടുക്കുന്നതിൽ ആധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സഹായം എന്നിവയും ഗുണകരമായി.

2018 ലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മതിയായ മുന്നറിയിപ്പ് കിട്ടാത്തതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുമായുള്ള ഏകോപനക്കുറവും 450 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായി. ശക്തമായ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കുകയും ദുർബല പ്രദേശത്തുള്ളവരെ പെട്ടെന്നു തന്നെ രക്ഷിച്ച് അഭയ സ്ഥാനങ്ങളിലെത്തിക്കാൻ സംവിധാനമുണ്ടാക്കുകയും ചെയ്താൽ അപകടം കുറയ്ക്കാം. 2018 ലും 19ലും കാട്ടുതീപിടിച്ച ഓസ്ട്രേലിയയിൽ അവിടത്തെ നാഷണൽ ഡിസാസ് റ്റർ റസിലിയൻസ് ഇൻഡക്സ് തീപിടിത്തത്തിന് ഇരയാവാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതുപോലെ സുനാമിക്ക് ശേഷം ഇന്ത്യോനേഷ്യയും ദുരന്തം വന്നാൽ പുനരധിവസിപ്പിക്കാൻ രക്ഷാകവചങ്ങൾ ഒരുക്കി.

ഇന്ത്യയിലെ ഡിജിറ്റൽ സംരംഭങ്ങളിൽ മുന്നിൽ നിൽക്കുന്നവരാണെങ്കിൽ കൂടി കേരളത്തിന് സിംഗപ്പൂർ മാതൃകയിൽ നിന്ന് ഒട്ടേറെ പഠിക്കാനും പ്രയോജനപ്പെടുത്താനും കഴിയും. കൊവിഡ് പ്രതിരോധം, മരണനിരക്ക് കുറയ്ക്കൽ, ടെസ്റ്റുകളുടെ എണ്ണം, വാക്സിനേഷൻ എന്നിവയിലെല്ലാം സിംഗപ്പൂരിനെ പിന്തുടരാൻ കഴിയും. കേരളമാണെങ്കിൽ ഇ - സഞ്ജീവനി പോലെ രോഗികൾക്ക് മാനസിക പിന്തുണയും നൽകിയിരുന്നു. സിംഗപ്പൂരാകട്ടെ നിരവധി ആപ്പുകളിലൂടെ പ്രതിരോധം കരുത്തുറ്റതാക്കി. ട്രേസ് ടുഗെത‌ർ (ഡിജിറ്റൽ ചെക്ക് ഇൻ), സേഫ് എൻട്രി (രോഗബാധിതരെ പിന്തുടരുക), ഇ-പ്ലാനർ ( രോഗ സാദ്ധ്യതയുള്ളവരുടെ യാത്ര നിരീക്ഷിക്കുക) തുടങ്ങിയവ ഇവയിൽ ചിലത് മാത്രം.

ഒരു ദുരന്തം വരുമ്പോൾ ആവശ്യമായ ജീവനക്കാരോ സാമ്പത്തിക വിഭവങ്ങളോ ഉണ്ടാവണമെന്നില്ല. ആവശ്യമായ വിഭവങ്ങൾ വേണ്ടിടത്ത് , കൃത്യസമയത്ത് എത്തിക്കാനും കഴിയണം. ഇതിനായി സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനമാണ് വേണ്ടത്. ജപ്പാനിൽ 2011 ൽ ഭൂകമ്പവും പിന്നീട് സുനാമിയും ഉണ്ടായതിന് ശേഷം നയങ്ങൾ ഉണ്ടാക്കുന്ന ദേശീയ സർക്കാരും അത് നടപ്പിലാക്കുന്ന വിവിധ പ്രാദേശിക സർക്കാരുകളും തമ്മിൽ നല്ല ഏകോപനമുണ്ടാക്കി. അതേപോലെ ഓരോ സംസ്ഥാനത്തിന്റെയും ന്യൂനതകളും കുറവുകളും പരിഹരിക്കാനായി സാങ്കേതികം,സാമ്പത്തികം, എന്നിവയിലെല്ലാം അന്തർസംസ്ഥാന പൂളിങ്ങ് ഉണ്ടാക്കുകയാണ് വേണ്ടത്.

ദുരന്തങ്ങൾ കാലാവസ്ഥയുടേതായാലും ആരോഗ്യദുരന്തങ്ങളായാലും വരും വർഷങ്ങളിൽ വീണ്ടും ശക്തിയായി വരാൻ സാദ്ധ്യതയുണ്ടെന്നാണ് ശാസ്ത്രീയമായ നിഗമനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന 67 രാജ്യങ്ങളുടെ പട്ടികയിലുൾപ്പെട്ട രാജ്യമെന്ന നിലയ്ക്ക് നാം കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. അതേസമയം 2019ലെ യു.എൻ സമ്മിറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് രാജ്യാന്തര സഹകരണം വേണമെന്ന് നി‌ർദ്ദേശിച്ചത് സ്വാഗതാർഹമാണ്.

പശ്ചാത്തല, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പദ്ധതി നിർവഹണത്തിൽ ദേശീയാടിസ്ഥാനത്തിൽ ഇന്നും അപര്യാപ്തതകളുണ്ട്. ആരോഗ്യ രംഗത്തെ ന്യൂനതകൾ കൊവിഡ് കാലത്ത് ദൃശ്യമായതാണ്. ഭരണപരമായ വീഴ്ചകളോടൊപ്പം രാഷ്ട്രീയ ഇടപെടൽ കൂടിയാവുമ്പോൾ ഇത് കൂടുന്നു. ആരോഗ്യരംഗത്ത് സംസ്ഥാനങ്ങൾ ചെലവഴിക്കുന്ന തുകയിലും വ്യത്യാസം കാണുന്നുണ്ട്. ആരോഗ്യരംഗത്ത് കേരളത്തിന്റെ ആളോഹരി ചെലവിന്റെ പകുതി മാത്രമാണ് യു.പി ,ബിഹാർ എന്നിവയുടേത്. വിദ്യാഭ്യാസം, പശ്ചാത്തലമേഖല, ആരോഗ്യരംഗം എന്നിവിടങ്ങളിലേക്ക് കൂടുതൽ നിക്ഷേപം നടത്തുക, നയരൂപീകരണം രാഷ്ട്രീയ വിമുക്തമാക്കുക തുടങ്ങിയവയാണ് കേന്ദ്രം ചെയ്യേണ്ടത്. കേരളം ദേശീയ ശരാശരിയെക്കാൾ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കിലും ദുരന്തങ്ങൾ വരുമ്പോൾ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകുക, ആളുകളെ ഒഴിപ്പിക്കുക, മനുഷ്യശക്തി, സാമ്പത്തിക സ്രോതസുകൾ എന്നിവയുമായുളള ശരിയായ ഏകോപനം നടത്തുക, ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുക എന്നിവ കാര്യക്ഷമമായി ചെയ്യേണ്ടിയിരിക്കുന്നു.

(ലോക ബാങ്ക് മുൻ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ,

ഇ - മെയിൽ : vndthomas91@yahoo.com)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, FLOOD, KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.