SignIn
Kerala Kaumudi Online
Friday, 19 April 2024 9.08 AM IST

ബെസ്റ്റ് കോമഡി അവാർഡ് ഗോസ് ടു .......

photo

കരഞ്ഞാലും മരിക്കും ചിരിച്ചാലും മരിക്കും, എന്നാൽപ്പിന്നെ ചിരിച്ചൂടേ എന്നൊരു യുക്തിഭദ്രമായ ചോദ്യം കവി യൂസഫലി കേച്ചേരി ഒരു പാട്ടിലൂടെ നമ്മളോട് ചോദിച്ചിട്ടുണ്ട്. ആ ചോദ്യം മുന്നിൽവെച്ച് ആലോചിച്ചപ്പോൾ വിചിത്രമായ ഒരു സത്യം തെളിഞ്ഞുവന്നു.
നമ്മളെ ഇപ്പോൾ കരയിപ്പിച്ചുകൊണ്ടിരിക്കുന്ന കക്ഷി തന്നെയാണ് നമ്മളെ ചിരിപ്പിക്കുന്നതും. അതായത്, നായകൻ, പ്രതിനായകൻ സ്ഥാനങ്ങൾ മാത്രമല്ല, ഹാസ്യതാരം എന്ന സ്ഥാനവും സാർസ് കോവ് 2 എന്ന കൊറോണ വൈറസിന് സ്വന്തം!

ചില പിള്ളേര് വീടെടുത്ത് കമഴ്ത്തിവെയ്ക്കുമെന്നു പറയാറില്ലേ, ആ പ്രതിഭാസമാണ് രണ്ടാം കോവൻ കാഴ്ചവയ്ക്കുന്നത്. പിള്ളേര് ചെയ്യുമ്പോൾ നമുക്ക് ചിരി വരുന്നതുപോലെ കൊറോണ ചെയ്യുന്നതോർത്താലും ചിരി വന്നുകൂടായ്കയില്ല ! നൂറ്റാണ്ടുകളായി, പാരമ്പരാഗതമായി നമ്മളനുഷ്ഠിച്ചുവരുന്ന എത്രയെത്ര സംഭവങ്ങളെയാണ് അയത്നലളിതമായി ഈ അദൃശ്യ അവതാരം കമഴ്ത്തിവയ്ക്കുന്നതെന്നത് ആലോചനാമൃതം തന്നെ.

അതിഥിദേവോ ഭവ!

അതിഥികളെ ദേവന്മാരെപ്പോലെ സത്‌കരിക്കുക. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സാംസ്‌‌കാരിക ശില. ഇപ്പോഴത്തെ സ്ഥിതിയെന്താ? അതിഥികൾ ഡബിൾ മാസ്‌‌ക് ധരിച്ച് വന്നാലും ഗേറ്റിന്റെ കൊളുത്തെടുക്കാതെ മുറ്റത്തുനിന്ന് തന്നെ മാസ്‌‌കിട്ട് കാര്യങ്ങൾ തിരക്കി, ഒരു ഗ്ലാസ്സ് പച്ചവെള്ളം പോലും ഓഫർ ചെയ്യാതെ, അപ്പോൾ വേറെ വിശേഷമൊന്നുമില്ലല്ലോ എന്നുപറഞ്ഞ് അവരെ ഘർ വാപ്പസിയാക്കുന്നു !

അതിഥി അസുരോ ഭവ !

ഏതാണ്ടെല്ലാ മതഗ്രന്ഥങ്ങളും തള്ളുന്ന ആശയമാണ്, അന്യരുടെ ദു:ഖത്തിൽ പങ്കുചേരുക, എല്ലാം മറന്ന് ദു:ഖിതരെ സഹായിക്കുക, സ്‌നേഹിക്കുക.

രോഗമോ അപകടമോ പറ്റി ബന്ധുക്കളോ അയൽക്കാരോ സ്‌നേഹിതരോ ആശുപത്രിയിൽ കിടന്നാൽ അവരെ ആശ്വസിപ്പിക്കാനും കടുത്ത സ്‌നേഹത്തിന്റെ പ്രതീകങ്ങളായ ഓറഞ്ചും ആപ്പിളും കൈമാറാനും ഇപ്പോൾ അവിടെ നമ്മൾ പോകാറുണ്ടോ? അവരെ തിരിഞ്ഞുനോക്കരുതെന്നാണ് കോവ് 2 ഒരാക്കിയ ചിരിയോടെ നമ്മോട് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ അനുഭവിച്ചോ എന്നായിരിക്കും !

ഭാര്യയ്ക്ക് അസുഖം വന്നാൽ ഭർത്താവോ ഭർത്താവിന് അസുഖം വന്നാൽ ഭാര്യയോ കൂട്ടിരിക്കാൻ പോകാറില്ല. ഒറ്റയ്ക്ക് പോയി കിടന്നോളണം, ആവശ്യമെങ്കിൽ ഐ.സി.യു വിൽ, അത്യാവശ്യമെങ്കിൽ വെന്റിലേറ്ററിൽ അതിലും നിന്നില്ലെങ്കിൽ ശ്മശാനത്തിലേക്കും ഒറ്റയ്ക്ക് പോകണം. പരമ്പരാഗത കൂട്ടിരിപ്പ് സമ്പ്രദായം നിരോധിച്ചു! മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നാണ് ഇന്നലെവരെ നമ്മൾ മനസിലാക്കിയത്. അദ്ദേഹം ചിരിതൂകി പറയുന്നു, അല്ല! മംഗളകർമ്മങ്ങൾക്ക് നേരിൽക്കണ്ട് ക്ഷണിക്കുന്നതും ക്ഷണം സ്വീകരിച്ച് അനുഗ്രഹം ചൊരിയാൻ പോകുന്നതും കൂട്ടത്തിൽ ഭക്ഷണം മൂക്കറ്റം തട്ടുന്നതും വളരെ സഹജമായ ഒരേർപ്പാടായിരുന്നു ആ നല്ല നാളുകളിൽ! ക്ഷണിക്കുന്നില്ല അനുഗ്രഹിക്കണമെന്ന് ക്ഷണിക്കുന്നവനും,​ ക്ഷണിച്ചാലും പേടിച്ച് വരൂല്ലെന്ന് ക്ഷണിതാവും സൈബറിടങ്ങളിലിരുന്ന്,​ തോണ്ടിപ്പറയുന്ന സാമൂഹ്യ വിരുദ്ധതയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നു!

അന്ത്യോപചാരത്തിനും അന്ത്യോപചാരം അർപ്പിച്ചിരിക്കുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെന്ന് പറയുന്നതുപോലെ, എത്ര കൂടിയവനായാലും ആശുപത്രിയിൽ നിന്ന് ശ്മശാനത്തിലേക്ക് , ജണ്ട്, ഹാരം, റീത്ത് തുടങ്ങിയ അലങ്കാരങ്ങളോ സ്വീകരണമോ ഏറ്റുവാങ്ങാതെ വെറും പൗരനായി പോകേണ്ടി വരും! ഓഫീസ് വിട്ടാൽ വീട്, വീട് വിട്ടാൽ ഓഫീസ്, ഇടയ്ക്ക് ഹോട്ടലിലോ ക്ലബ്ബിലോ തീയേറ്ററിലേക്കോ കൂട്ടുകാരന്റെ വീട്ടിലേക്കോ പോകാത്ത കക്ഷികളെ നമ്മൾ പൂർവകൊവിഡ് യുഗത്തിൽ കിഴങ്ങന്മാരെന്നാണ് അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ സ്വഭാവവിശേഷങ്ങളുമായി ഭൂമിയിൽ ജീവിക്കുന്ന സ്മാർട്ടൻമാരെയടക്കം എല്ലാവരെയും ഒറ്റയടിക്ക് കിഴങ്ങന്മാരായി മാറ്റിയിരിക്കുകയാണ് കോവ് 2.

പ്രകൃതിയും കാലവും ഇപ്പോഴും പ്രേമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ കാര്യത്തിൽ സംഗതി നിറുത്തി! പവിത്രമായ റൊമാൻസ്, കളങ്കിതമായ വിവാഹേതര റൊമാൻസ്, ഒളിച്ചോട്ടം, രഹസ്യ വിവാഹം എല്ലാം അന്യംനിന്നു പോയി. അങ്ങനെ ഒരുപാട് കോമഡി ഐറ്റംസാണ് പുതിയതായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മുഖസൗന്ദര്യമുള്ളവരുടെ അഹങ്കാരവും അതില്ലാത്തവരുടെ അപകർഷതയും ഡബിൾ മാസ്‌‌കിലൂടെ എടുത്ത് കളഞ്ഞ് സോഷ്യലിസം നടപ്പിലാക്കി. കമ്പനി കൂടിയുള്ള കുടി വേണ്ട , ഒറ്റയ്ക്കിരുന്ന് മോന്തിക്കോ എന്ന ഭാര്യമാരുടെ നിവേദനം അനുവദിച്ചുത്തരവായിട്ടുണ്ട്.

ഒരു ദിവസത്തെ അവധി ആഗ്രഹിച്ച പീക്രി പിള്ളേർക്ക് വർഷങ്ങളോളം അവധി നൽകി അവരെയും മാതാപിതാജികളെയും ഞെട്ടിച്ചു കളഞ്ഞില്ലേ! ഹർത്താൽ കൊതിയന്മാരായ മല്ലൂസിന് സിംഗിളല്ല , ഡബിളല്ല, ട്രിപ്പിൾ ലോക്ക് ഡൗണാണ് വയറു നിറച്ച് അനുവദിച്ചത്. ടി.വി യുടെ മുമ്പിൽ നിന്ന് എണീറ്റ് പോടാ എന്നും മൊബൈൽ തൊട്ടുപോകരുതെന്നും പറഞ്ഞു ശീലിച്ച മാതാപിതാജികളെക്കൊണ്ട് 'ടിവിയുടെ മുന്നിൽ വാടാ, എടുക്കെടാ മൊബൈൽ' എന്നുമൊക്കെ മാറ്റി പറയിപ്പിച്ചുകളഞ്ഞില്ലേ!

അമ്പലമായാലും പള്ളിയായാലും മസ്ജിദായാലും അത്യാവശ്യമുണ്ടെങ്കിൽ മാത്രം ആളില്ലാത്ത സമയം നോക്കി കയറിയാൽ മതിയെന്നുള്ള വൈരുദ്ധ്യാത്മക ആത്മീയ വാദത്തിലൂന്നിയ പ്രത്യയശാസ്ത്ര വ്യതിയാനമാണ് കോവ് 2 ന്റെ അടവുനയം !

അന്യരുടെ കാര്യം നോക്കുന്നതിനെക്കാൾ നല്ലത് വീട്ടുകാരുടെ കാര്യം നോക്കുന്നതാണെന്നും കറങ്ങി നടക്കുന്നതിനെക്കാൾ നല്ലത് വീട്ടിൽത്തന്നെ കഴിയുന്നതാണെന്നും തിരക്കിനെക്കാൾ നല്ലത് ചൊറിയും കുത്തി വെറുതെയിരിക്കുന്നതാണെന്നും സൂട്ടും കോട്ടുമിട്ട് വളരെ ദൂരെയാത്ര ചെയ്ത് മീറ്റിംഗിൽ പങ്കെടുക്കുന്നതിനെക്കാൾ നല്ലത് വീട്ടിലിരുന്ന് ലുങ്കിയുമുടുത്ത് സൂമിൽ കയറുന്നതാണെന്നും, എന്തിനേറെ പറയുന്നു , പോസിറ്റീവ് ആകുന്നതിനെക്കാളും നല്ലത് നെഗറ്റീവ് ആകുന്നതാണെന്നും ഊറിച്ചിരിച്ചുകൊണ്ട് അഭിനവ വാമനാവതാരം നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു !

കുറഞ്ഞസമയം കൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ ആഗോളാടിസ്ഥാനത്തിൽ നടപ്പിലാക്കി ചരിത്രവും ഹാസ്യവും സൃഷ്ടിച്ചതിന് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് കോമഡി അവാർഡ് സാർസ് കോവ് 2 കൊറോണ വൈറസിനു നൽകണമെന്ന് ലോകസമക്ഷം വിനീതമായി അഭ്യർത്ഥിക്കുന്നു !!

(ലേഖകന്റെ ഫോൺ - 9447055050 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID COMEDY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.