SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.33 PM IST

സൈബർ സുരക്ഷയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

photo

സൈബർ സുരക്ഷ ശക്തിപ്പെടുത്താനായി കേരള പൊലീസിന് കീഴിൽ സൈബർ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിവിഷൻ ആൻഡ് സൈബർ സെക്യൂരിറ്റി വിംഗ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന് വയസ് ഒന്നാകുന്നു. സൈബർ പൊലീസ് സ്‌റ്റേഷൻ, ഹൈടെക് സെൽ, സൈബർ ഡോം തുടങ്ങിയവ ഡിവിഷന് കീഴിലാക്കാനായിരുന്നു പദ്ധതി. പൊലീസ് ആസ്ഥാനമാണ് പ്രവർത്തനകേന്ദ്രമായി തിരഞ്ഞെടുത്തത്. ഇൻഫർമേഷൻ ആൻഡ് കമ്പ്യൂട്ടർ ടെക്നോളജിയെ ഡിവിഷന് കീഴിലാക്കാനും തീരുമാനിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് പരിഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സൈബർ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിവിഷൻ പരിഗണനയിലാണെന്ന് പ്രഖ്യാപിച്ചത്. സൈബർ ഫോറൻസിക് വിഭാഗവും ഡിവിഷന്റെ കീഴിലാക്കാൻ ലക്ഷ്യമിട്ടിരുന്നു. ഓൺലൈൻ പോണോഗ്രഫി, ഗെയിം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായിരുന്നു. പൊലീസ് ആഭ്യന്തരവകുപ്പിന് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന് ഇതുവരെ ധനകാര്യവകുപ്പ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് വിവരം. സൈബർ ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിവിഷനൊപ്പം പ്രഖ്യാപിച്ച സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന പൊലീസിലെ പ്രത്യേക വിഭാഗം അടുത്തിടെ നിലവിൽ വന്നിരുന്നു. ഈ വിംഗിലേക്ക് ഡിവൈ.എസ്.പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും നിയമിച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങി. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് സൈബർ ഓപ്പറേഷൻ വിംഗ് അത്യന്ത്യാപേക്ഷിതമാണ്. നിലവിൽ പൊലീസിൽ തന്നെ സൈബർ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുണ്ട്. ഇവരുടെ ഏകോപനം സൈബർ ഇൻവെസ്‌റ്റിഗേഷൻ റിസർച്ച് ഡിവിഷനിലൂടെ സാദ്ധ്യമാകുമെന്നതിൽ സംശയമില്ല. ഒരിക്കലും ഒഴിച്ചു നിറുത്താനാവാത്ത ഈ വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളിൽ ധനകാര്യവകുപ്പ് ഒരിക്കലും വില്ലനാകരുത്. ദിവസേന അത്രയധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പരാതിക്കാരിൽ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണെന്ന് മറക്കരുത്. സൈബർ ഒളിയിടങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രതികളെ അതിവേഗം പിടികൂടിയാൽ മാത്രമേ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്‌ക്കാൻ കഴിയൂ. എത്രയും വേഗം പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ധനകാര്യവകുപ്പ് അംഗീകരിക്കുകയാണ് വേണ്ടത്. സാമ്പത്തികസ്ഥിതിയുടെ പേരിൽ സൈബർ കുറ്റങ്ങൾ അന്വേഷിക്കാനുള്ള സംവിധാനങ്ങൾ പരിമിതപ്പെടരുത്.

സമൂഹമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ പ്ളാറ്റുഫോമുകളിലൂടെ എന്തും ചെയ്യാവുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെങ്കിൽ കാര്യക്ഷമമായ ഒരു സൈബർ ഓപ്പറേഷൻ വിംഗ് ആൻഡ് സൈബർ ഇൻവെസ്‌റ്റിഗേഷൻ റിസർച്ച് ഡിവിഷൻ രൂപീകരിക്കുക തന്നെ വേണം.

സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാണിച്ചായിരിക്കും ഒരുപക്ഷേ ധനകാര്യവകുപ്പ് മെല്ലെപോക്ക് സമീപനം സ്വീകരിച്ചിരിക്കുന്നത്. കേരള പൊലീസിൽ നിലവിൽ അതിവിദഗ്ദരായ ഉദ്യോഗസ്ഥരുണ്ടെന്ന കാര്യം വിസ്‌മരിക്കരുത്. അതിനാൽ വലിയൊരു സാമ്പത്തിക ബാദ്ധ്യതയ്‌ക്ക് സാദ്ധ്യതയില്ല. സൈബർ കേസുകൾ അന്വേഷിക്കുന്ന വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്നത് കാലത്തിന്റെ ആവശ്യമാണ്. കേരള പൊലീസിന്റെ സൈബർ കേസുകളുടെ അന്വേഷണം മികച്ച നിലയിലാണ്. അത് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഒരു കാരണവും വിലങ്ങുതടിയാകരുത്.

സംസ്ഥാനത്തെ 19 സൈബർ പൊലീസ് സ്‌റ്റേഷനുകളിലും കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉചിതമാണ്. നിലവിൽ ഒരു പൊലീസ് സ്‌റ്റേഷനിൽ രണ്ട് വനിതാ ഉദ്യോഗസ്ഥരാണുള്ളത്. ഇത് അഞ്ചിലേക്ക് മാറും. സാമ്പത്തികത്തട്ടിപ്പു കഴിഞ്ഞാൽ സ്‌ത്രീകൾ കൂടുതൽ പരാതിക്കാരായുള്ള കേസുകളാണ് സൈബർ പൊലീസ് സ്‌റ്റേഷനുകളിൽ എത്തുന്നത്. വനിതാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം അശ്ളീലദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കേസുകളിൽ സ്‌ത്രീകൾ പരാതി നൽകാൻ മടിക്കുന്ന സ്ഥിതിയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് സ്‌റ്റേഷനുകളിലേക്ക് കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. വനിതാ പൊലീസിന്റെ അഭാവത്തിൽ ദൃശ്യങ്ങൾ പൊലീസുകാർ വീക്ഷിക്കുമെന്നതായിരുന്നു പ്രധാന പ്രശ്‌നം. അതിനാലാണ് പലരും പരാതി നൽകാൻ വിമുഖത പ്രകടിപ്പിച്ചിരുന്നത്. അടുത്തകാലം വരെ വനിതാ ഉദ്യോഗസ്ഥരെ പരാതിക്കാരുടെ മൊഴിയെടുക്കാൻ മാത്രമാണ് നിയോഗിച്ചിരുന്നത്. കൂടുതൽ പൊലീസുകാർ എത്തുന്നതോടെ ഇവർക്കാകും അന്വേഷണത്തിന്റെ ചുമതലയും. സൈബർ സ്‌റ്റേഷനുകളിൽ കേസ് അന്വേഷണങ്ങൾക്കായി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള പൊലീസ് വളരെ മുന്നിലാണെന്നുള്ളത് അഭിമാനകരമാണ്. കഴിഞ്ഞവർഷം സംസ്ഥാന ബഡ്ജറ്റിൽ നാലര കോടി രൂപയാണ് സൈബർ സുരക്ഷയ്‌ക്കായി നീക്കിവച്ചത്.14 കോടി രൂപ സൈബർ മേഖലയ്‌ക്കായി വേറെയും മാറ്റിവച്ചു. ഓരോ സംസ്ഥാനത്തെയും സൈബർ കുറ്റകൃത്യങ്ങൾ ദേശീയ തലത്തിൽ കൈമാറുന്ന രീതി അന്വേഷണങ്ങൾക്ക് കൂടുതൽ സഹായമാകുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രീകൾക്കു നേരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുതലാണെന്നത് ഗൗരവകരമായി കാണണം. ഇന്റർനെറ്റിന്റെ സുലഭമായ ലഭ്യതയും സാേഷ്യൽ മീഡയയുടെ വ്യാപകമായ ഉപയോഗവും സൈബർ കുറ്റങ്ങൾക്ക് കൂടുതൽ സാദ്ധ്യതകൾ തുറക്കുന്നു. വ്യക്തിഹത്യ നടത്തുന്നതിനും സ്‌ത്രീകളെ അപമാനിക്കുന്നതിനും ഈ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. അപകടകരമായ സാമൂഹ്യപ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്ന ആഗോളപ്രശ്‌നമാണിത്. കൃത്യമായി അന്വേഷണം നടത്തിയാൽ കുറ്റവാളികൾ പിടിക്കപ്പെടുക തന്നെ ചെയ്യും. പലപ്പോഴും ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് ഡിജിറ്റിൽ തെളിവുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ഓൺലൈനിലൂടെ കുറ്റം ചെയ്‌താൽ രക്ഷപ്പെടുമെന്ന ചിന്ത തെറ്റാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. മറ്റ് കുറ്റങ്ങളെ അപേക്ഷിച്ച് സൈബർ കേസുകളിൽ ശിക്ഷലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഓൺലൈൻ കുറ്റങ്ങളിൽ ഡിജിറ്റൽ തെളിവുകൾ അവശേഷിക്കും. നിലവിലെ ഐ.ടി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നൽകുന്ന പരാതികളിൽ നടപടിയുണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്. സൈബർ കുറ്റവാളികളെ ട്രാക്ക് ചെയ്യാൻ വൈകുന്നുണ്ടെങ്കിലും പിടികൂടുകയെന്നത് അസാദ്ധ്യമല്ല. ആഗോളതലത്തിൽ വിവിധ സ്രോതസുകളിൽ നിന്ന് തെളിവുശേഖരം വേണ്ടിവരുമ്പോഴുള്ള സ്വാഭാവിക കാലതാമസമാണത്. ഇത്തരം പ്രശ്‌നങ്ങൾ തരണം ചെയ്യാൻ സൈബർ ഓപ്പറേഷൻ ആൻഡ് സൈബർ ഇൻവെസ്‌റ്റിഗേഷൻ റിസർച്ച് ഡിവിഷന്റെ രൂപീകരണത്തോടെ കഴിയും. സാങ്കേതിക വിദ്യ കുതിച്ചുയരുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറും. അതിനനുസരിച്ച് അന്വേഷണരീതികളും പരിഷ്‌ക്കരിക്കേണ്ടതുണ്ട്. സൈബർ ലോകത്ത് നടക്കുന്ന സാമ്പത്തികത്തട്ടിപ്പുകളിൽ ധാരാളം പേരാണ് ഇരയാകുന്നത്. ഇത്തരം കേസുകളിൽ പ്രതികൾ കുടുങ്ങുന്നതും കുറവാണ്. സൈബർ തട്ടിപ്പുകാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെങ്കിൽ ശക്തമായ നിയമസംവിധാനവും വേണം. അതിനായി ഐ.ടി. നിയമത്തിൽ ഭേദഗതി വേണമെന്ന ചർച്ചയും സജീവമായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYBER SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.