SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.04 PM IST

ചുഴറ്റിയെറിഞ്ഞ് ചുഴലികൾ

photo

രണ്ടുവർഷം കേരളത്തെ വെളളത്തിൽ മുക്കിക്കളഞ്ഞ പ്രളയങ്ങളും തൊട്ടുപിന്നാലെ കൊവിഡ് മഹാമാരിയേയും അതിജീവിക്കുമ്പോൾ, മറ്റൊരു പ്രകൃതിദുരന്തസാദ്ധ്യതയായി വീശിയടിക്കുകയാണ്, ചുഴലിക്കാറ്റുകൾ. പ്രാദേശികമായി ഏതാനും കിലാേമീറ്റർ വിസ്തൃതിയിലും ഏതാനും നിമിഷങ്ങൾ മാത്രമാണ് ചുഴലിക്കാറ്റ് വീശുന്നതെങ്കിലും അതുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ഗുരുതരമാണ്. വിദേശരാജ്യങ്ങളിലേതുപോലെ കൂടുതൽ സ്ഥലങ്ങളിൽ ഏറെ സമയം ചുഴലിക്കാറ്റുകൾ വീശിയാൽ പ്രളയകാലം പോലെ മറ്റൊരു ദുരന്തത്തിന്റെ വക്കിലാവും നമ്മൾ.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ചെറുതും വലുതമായ ചുഴലിക്കാറ്റുകൾ വീശാൻ തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിൽ ആവർത്തിച്ച് വീശുന്നു. എന്നിട്ടും, കാലവർഷത്തിനിടെ വ്യാപകനാശനഷ്ടമുണ്ടാക്കുന്നതും ജീവനു ഭീഷണിയാകുന്നതുമായ ചുഴലിക്കാറ്റുകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്താനോ മുന്നറിയിപ്പുകൾ നൽകാനോ ഉള്ള നടപടികളില്ല. കഴിഞ്ഞ സെപ്തംബർ എട്ടിനായിരുന്നു തൃശൂരിലെ പുത്തൂരിനെ വിറപ്പിച്ച മിന്നൽ ചുഴലി. ആഞ്ഞു വീശിയ കാറ്റിയ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായത്. ഈ വർഷവും അവിടെ അതുപോലെ ചുഴലിയുണ്ടായി. കോതമംഗലത്തും ആലപ്പുഴ, ചാവക്കാട് തീരപ്രദേശങ്ങളിലും ആഞ്ഞുവീശിയ കാറ്റ് നാശം വിതച്ചു.

കഴിഞ്ഞവർഷം, ചുഴലിക്കാറ്റിനെക്കുറിച്ച് പഠനം നടത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പിനോട് റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നും നടന്നില്ല. കാലവർഷം കഴിഞ്ഞതോടെ പഠനവും ഗവേഷണവുമെല്ലാം ഒലിച്ചുപോയെന്നാണ് ആക്ഷേപം. പ്രകൃതിദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടതെന്നും നിർദ്ദേശമുണ്ടായിരുന്നു. മുന്നറിയിപ്പുകൾ നൽകാൻ കഴിഞ്ഞാൽ, ദുരന്തത്തിന്റെ ആഴം കുറയ്ക്കാനും ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും കഴിയും. കേന്ദ്രകാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും പ്രാദേശികമായും കൃത്യമായും കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പു നൽകാൻ കാലാവസ്ഥാ ഗവേഷണ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. മത്സ്യത്തൊഴിലാളികൾക്കുളള ജാഗ്രതാനിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ മലയോരമേഖലകളിലും ഇടനാടുകളിലും കാറ്റ് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

ചുഴറ്റിയെറിയും

മുൻകാലങ്ങളിൽ കൂടുതൽ ദിവസങ്ങളെടുത്താണ് തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതെങ്കിൽ ഇപ്പോൾ ഈർപ്പത്തിന്റെ അളവ് കാരണം പെട്ടെന്ന് തന്നെ ചുഴലിക്കാറ്റ് അതിവതീവ്രമാകുന്നുവെന്ന് പറയുന്നു. മേഘവിസ്ഫോടനങ്ങളും കൂമ്പാരമഴമേഘങ്ങളുമെല്ലാം പൊടുന്നനെ മഴയാകുന്നതുപോലെയാണിത്. സമുദ്രനിരപ്പിലെ ചൂട് തന്നെയാണ് നീരാവിയുടെ അളവിൽ കൂടുതലുണ്ടാക്കുന്നത്. പസഫിക് സമുദ്രോപരിതലത്തെ അസാധാരണമാം വിധം തണുപ്പിക്കുന്ന ലാ നിന പ്രതിഭാസവും ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടുന്നുണ്ടെന്ന് പറയുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തന്നെയാണ് ചുഴലിക്കാറ്റിനും പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നീരാവിയും ചൂടും ചുഴലിക്കാറ്റുകൾക്ക് അനുകൂലഘടകമാണെന്നും വിലയിരുത്തുന്നുണ്ട്.

പ്രത്യേകമേഖലയിൽ ആവർത്തിച്ച് കാറ്റ് ഉണ്ടാകുന്നെങ്കിൽ സ്ഥലസംബന്ധമായ പഠനം വളരെ അനിവാര്യമാണെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ.ഗോപകുമാർ ചോലയിൽ പറയുന്നു. മേഘങ്ങളുടെ കീഴ്‌ത്തള്ളൽ കാരണം ഇത്തരം കാറ്റുകളുണ്ടാകാം. പെട്ടെന്ന് തുടങ്ങി ഉടനെ നിലയ്ക്കുന്ന തരം കാറ്റുകളുണ്ട്. ഏത് തരം കാറ്റാണെന്ന് തിരിച്ചറിയേണ്ടതും അതിനനുസരിച്ച് നടപടികൾ സ്വീകരിക്കേണ്ടതും വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

മുന്നറിയിപ്പില്ലാതെ എത്തി കൊടുംനാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകൾക്കെതിരെ എന്തു മുൻകരുതൽ സ്വീകരിക്കുമെന്നറിയാത്തതാണ് പ്രധാന ആശയക്കുഴപ്പം. അതിശക്തമായ ഇടിമിന്നലിനോ പേമാരക്കോ അകമ്പടിയായി വീശുന്ന ചില ചുഴലിക്കാറ്റുകൾക്ക് ഏതാനും സെക്കൻഡുകൾ മുതൽ രണ്ട് മിനിറ്റ് വരെ മാത്രമാണ് ദൈർഘ്യം. എങ്കിലും മണിക്കൂറിൽ 80 മുതൽ 180 കിലോമീറ്റർ വേഗത്തിൽ വരെ ഇവ വീശിയടിക്കും. മരങ്ങൾ കടപുഴകുന്നതും വീടിന്റെ മേൽക്കൂര പറക്കുന്നതും ഇത്തരം ചുഴലികളിലാണ്.

മരങ്ങൾക്കു മേൽ

കണ്ണുവേണം

പുരയിടങ്ങളിൽ ധാരാളമായി വളരുന്ന വൻവൃക്ഷങ്ങൾ മഴക്കാലത്തിന് മുന്നോടിയായി വെട്ടിഒതുക്കുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ ഇപ്പോൾ ഈ മുൻകരുതൽ സ്വീകരിക്കാത്തത് മൂലം ഇവയുടെ ശിഖരങ്ങളും മുറിഞ്ഞ് വീഴുന്നതിനൊപ്പം ചില മരങ്ങൾ കടപുഴകി വീണ് നാശനഷ്ടങ്ങളും ജീവഹാനിയും വരെ ഉണ്ടാക്കുന്നുണ്ട്. മഴയ്ക്ക് മുമ്പേ ഇവ വെട്ടി ഒതുക്കാൻ നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നാണ് കഴിഞ്ഞദിവസം ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം റവന്യൂമന്ത്രി കെ.രാജൻ നിർദ്ദേശം നൽകിയത്.

സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാൻ പഞ്ചായത്തീരാജ് ആക്ട്, സെക്ഷൻ 238 പ്രകാരം ആവശ്യമായ നടപടി തദേശസ്ഥാപന സെക്രട്ടറിമാർ കൈക്കൊള്ളേണ്ടതുണ്ട്. മഴ ദിനങ്ങളുടെ സ്വഭാവത്തിൽ വരുന്ന മാറ്റം വളരെ ഗൗരവമേറിയ പ്രശ്‌നമാണ്. മഴക്കാലത്തിന്റെ ഏറിയ ഭാഗവും അവശേഷിക്കുന്ന ഈ സാഹചര്യത്തിൽ വളരെ സൂക്ഷ്മമായും ഗൗരവത്തോടെയുമാണ് സർക്കാരും ദുരന്ത നിവാരണ അതോറിറ്റിയും ഇതിനെ സമീപിക്കുന്നത്.

കാലവർഷത്തെ പ്രതിരോധിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് ഈ വർഷം സംസ്ഥാനത്ത് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. 3071 കെട്ടിടങ്ങൾ പുനരധിവാസ ക്യാമ്പുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരെ പുനരധിവസിപ്പിക്കാനുള്ള ക്യാമ്പുകൾ സംസ്ഥാനത്ത് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

മഴ ഉടനെ ഒഴിയില്ല

സാധാരണയിൽ ഇരട്ടിയിലേറെ ശതമാനം മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇനിയും മഴതുടരുമെന്ന നിഗമനമാണ് കാലാവസ്ഥാ ഗവേഷകർ നൽകുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിദുരന്ത സാദ്ധ്യതകൾ ശക്തമായി നിലനിൽക്കുന്നു. മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള നിർദ്ദേശം ഉൾക്കൊള്ളുന്ന ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്ലാന്റേഷൻ മേഖലകളിൽ പ്രത്യേക ശ്രദ്ധചെലുത്തി പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര പ്രവർത്തനത്തിന് വില്ലേജ് ഓഫീസർമാർക്ക് 25,000 രൂപ മുൻകൂർ നൽകുമെന്ന് റവന്യൂമന്ത്രി വ്യക്തമാക്കിയിരുന്നു. ജില്ലാ, താലൂക്ക് തലത്തിൽ ദ്രുതകർമ സേനയെ പുതുക്കി നിശ്ചയിച്ചിരുന്നു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മരം മുറിയുമായി ബന്ധപ്പെട്ട് താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുന്നുമുണ്ട്.

കഴിഞ്ഞ പ്രളയ കാലത്ത് പുഴകളിൽ വന്നടിഞ്ഞ ചെളിയും മണലും നീക്കം ചെയ്ത് ജലത്തിന്റെ നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനവും നടത്തിയിരുന്നു. എന്തായാലും മഴക്കാലത്തെ നേരിടുന്നത് വലിയൊരു പ്രതിസന്ധിയായി തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYCLONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.