SignIn
Kerala Kaumudi Online
Friday, 19 April 2024 7.58 AM IST

ചുവപ്പുനാട കുരുക്കിലാക്കിയ ജീവിതങ്ങൾ

photo

മകളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ഒരമ്മ എട്ടുവർഷം സർക്കാർ ഓഫീസുകൾ കയറിയിറങ്ങുക! വില്ലേജ് ഓഫീസിൽ പോകുമ്പോൾ പഞ്ചായത്തിലേക്ക് പോകാൻ അധികാരികളുടെ ഉത്തരവ്. പഞ്ചായത്തിൽ എത്തുമ്പോൾ താലൂക്ക് ഓഫീസിൽ പോകണമെന്ന് പുതിയ ഉത്തരവുമായി അധികാരികൾ. മകളുടെ ജനനസർട്ടിഫിക്കറ്റിനായി കണ്ണീരും ദുരിതങ്ങളുമായി അലയേണ്ടി വന്ന ഒരമ്മയുടെ വേദന അറിയണം.

മകളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താനായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയകരമായ പര്യവസാനമായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്നത്. എണ്ണമറ്റ പോരാട്ടങ്ങൾ കണ്ട കണ്ണൂരിന് ഇതൊരു ദുരിതക്കാഴ്ചയായിരുന്നു. കണ്ണൂർ കേളകം നരിക്കടവു ചെട്ടിയാംപറമ്പ് സ്വദേശി പി.എൻ.സുകുമാരിയാണ് മകളുടെ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിരുന്നത്.

മകളുടെ ജനന സർട്ടിഫിക്ക​റ്റിൽ മാതാപിതാക്കളുടെ പേര് തെറ്റായി രേഖപ്പെടുത്തിയതാണ് പിന്നീട് പ്രശ്നമായത് . ഇത് മകളുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. ജനന സർട്ടിഫിക്കറ്റ് തിരുത്തുന്നതിന് സുകുമാരി നൽകിയ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് അധികൃതർ ഇവരെ തിരിച്ചയയ്‌ക്കുകയായിരുന്നു. പിതാവിന്റെ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു ഏറ്റവും അവസാനമായി അധികൃതർ ആവശ്യപ്പെട്ടത്.ഒടുവിൽ മറ്റ് മാർഗങ്ങളില്ലാതെ കണ്ണൂ‌ർ കളക്ടറേറ്റിന് മുന്നിൽ പ്ലക്കാർഡുമേന്തി നടത്തിയ ഒറ്റയാൾ സമരത്തിലൂടെയാണ് വെറും രണ്ട് ദിവസം കൊണ്ട് ജനന സർട്ടിഫിക്കറ്റ് അധികൃതർ തിരുത്തി നൽകിയത്. എന്നാൽ ആ അമ്മയുടെ വർഷങ്ങളായുള്ള അലച്ചിലിനും ആശങ്കയ്ക്കും മുന്നിൽ അധികാരികൾക്ക് ഉത്തരമില്ല. ഒപ്പം ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ധിക്കാരവും ധാ‌ർഷ്ട്യവും നിറഞ്ഞ ദുരനുഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അധികൃതർക്ക് മറുപടിയില്ല.

കഥയല്ലിത് ജീവിതം

സുകുമാരിയുടെ മകൾ പി.എൻ .അക്ഷര കേളകം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്. സ്‌കൂൾ സർട്ടിഫിക്ക​റ്റിൽ ചേർക്കേണ്ട വിവരങ്ങൾ അടുത്തയാഴ്ചക്കുള്ളിൽ നൽകിയാൽ മാത്രമേ കുട്ടിയുടെ മാതാപിതാക്കളുടെ പേരുകൾ മാ​റ്റാൻ സാധിക്കൂ. പേര് തിരുത്തിയാൽ മാത്രമേ ഇത്തവണ പത്താംതരം പരീക്ഷയെഴുതാൻ കഴിയൂ. പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കുമെന്ന മകളുടെ വാക്കുകൾക്ക് മുന്നിൽ അവസാന പ്രതീക്ഷയുമായാണ് സുകുമാരി കളക്ടറെ നേരിട്ട് കാണാനെത്തിയത് .എന്നാൽ കളക്ടറെ കാണാൻ കഴിയാത്തതിനാൽ പരാതി ഒാഫീസിലേൽപ്പിച്ച് മടങ്ങി. ഇതിനിടയിലാണ് പൊരിവെയിലത്ത് പ്ലക്കാർഡുമായി മണിക്കൂറുകളോളം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചത്.

2006ലാണ് സുകുമാരി തലശേരി ജനറൽ ആശുപത്രിയിൽ മകളെ പ്രസവിച്ചത്. ജനനം രജിസ്റ്റർ ചെയ്യുന്ന സമയം അച്ഛന്റെ പേര് സോമൻ എന്നതിനു പകരം പി. ജോഷി വേൽ എന്നും അമ്മയുടെ പേര് പി.എൻ.സുകുമാരിക്കു പകരം കുമാരി പി.എ എന്നും തെ​റ്റായി ചേർത്തത് ആശുപത്രി അധികൃതരാണ്. സുകുമാരിയും ബന്ധുക്കളും പേരും വിവരങ്ങളും ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും പേര് തെറ്റായി അടിച്ചുവന്നത് അമ്മയുടെ കുറ്റമായി ചിത്രീകരിക്കപ്പെട്ടു.

ഇത് തിരുത്തുന്നതിന് ഭർത്താവിന്റെ പേര് തെളിയിക്കുന്ന ഒൗദ്യോഗിക രേഖ ഹാജരാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. 2017ൽ സുകുമാരിയുടെ ഭർത്താവ് മരിച്ചു. കോട്ടയം സ്വദേശിയായ സോമൻ കേളകത്ത് ചായക്കടയിൽ ജോലിക്കാരനായിരുന്നു. മാതാപിതാക്കൾ നഷ്ടപ്പെട്ട സുകുമാരി സഹോദരിയുടെ കൂടെയായിരുന്നു താമസം. സോമൻ പണിയെടുക്കുന്ന ചായക്കടയുടെ ഉടമ ഇടപെട്ടാണ് ഇവരുടെ വിവാഹം നടത്തിയത്. ഭർത്താവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും സുകുമാരിക്ക് അറിയില്ലായിരുന്നു. പിന്നീട് തിരുപ്പൂരിൽ പണിക്കുപോയ സോമൻ അവിടെ വച്ചാണ് മരിച്ചത്. ആരുമില്ലാത്തയാളായതുകൊണ്ട് തന്നെ ഭർത്താവിന്റെ പേര് തെളിയിക്കുന്ന മറ്റ് ഒൗദ്യോഗിക രേഖകളോ വിവരങ്ങളോ സുകുമാരിയുടെ കൈയിലില്ല.

രേഖകൾ ഹാജരാക്കിയിട്ടും...

ആചാര പ്രകാരം വിവാഹം നടത്തിയ സർട്ടിഫിക്ക​റ്റ്, ആധാർ കാർഡ്, കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ സർട്ടിഫിക്ക​റ്റ്, റേഷൻ കാർഡ്, വില്ലേജ് ഓഫീസറുടെ വൺ ആന്റ് സെയിം സർട്ടിഫിക്ക​റ്റ്, ഭർത്താവിന്റെ മരണ സർട്ടഫിക്ക​റ്റ് തുടങ്ങിയവയിൽ ഇയാളുടെ പേര് സോമൻ എന്നു തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ സർട്ടിഫിക്ക​റ്റുകൾ ഉൾപ്പെടെ അപേക്ഷ അഞ്ചു വർഷത്തിനുളളിൽ ജനന മരണ രജിസ്ട്രാർ തലശേരി, ജില്ലാ കളക്ടർ, സബ് കളക്ടർ തലശേരി തുടങ്ങിയവർക്ക് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

അധികൃതർ

ആദ്യം പറഞ്ഞത്

പരിശോധന പ്രകാരം കുട്ടി ജനിക്കുന്ന സമയത്ത് മാതാവിന്റെയും പിതാവിന്റെയും യാതൊരു സർക്കാർ ഒൗദ്യോഗിക രേഖയുമുണ്ടായിരുന്നില്ലെന്നായിരുന്നു തലശ്ശേരി ജനന മരണ രജിസ്ട്രാറുടെ പ്രതികരണം . ഇരുവരുടെയും വിവാഹം സംബന്ധിച്ച് സമുദായ സംഘടനയുടെ രജിസ്റ്ററിൽ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് സെക്രട്ടറി അറിയിച്ചത്. രേഖകളിൽ അവ്യക്തതയുള്ളത് കാരണമാണ് തീരുമാനമെടുക്കാൻ കഴിയാത്തത്. രജിസ്ട്രേഷൻ ആക്ട് പ്രകാരം കുട്ടി ജനിച്ചപ്പോഴുള്ള ഏതെങ്കിലും ഒൗദ്യോഗിക രേഖ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഒടുവിൽ കണ്ണ് തുറപ്പിച്ചു

എട്ട് വർഷമായി നൽകാത്ത സർട്ടിഫിക്കറ്റ് 48 മണിക്കൂറിനുള്ളിൽ നൽകാനുള്ള മാന്ത്രികവിദ്യയും നമ്മുടെ ഉദ്യോഗസ്ഥ മേധാവികളുടെ കൈകളിലുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സുകുമാരിയുടെ നിസ്സഹായവസ്ഥ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. ജില്ലാ കളക്ടർ എസ് .ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടു. രേഖകൾ പരിശോധിച്ച് ആവശ്യമായ നടപടികൾക്ക് അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി .ജെ .അരുണിനെ ചുമതലപ്പെടുത്തി.

ആവശ്യമായ രേഖകൾ നഗരസഭ രജിസ്ട്രാർ മുമ്പാകെ സമർപ്പിച്ചാൽ തിരുത്തൽ വരുത്തി നൽകാൻ ജോ .ഡയറക്ടർ നിർദേശം നൽകി. ഇത് പ്രകാരം രേഖകൾ സമർപ്പിച്ചതോടെയാണ് ജനന സർട്ടിഫിക്ക​റ്റിൽ തിരുത്തൽ വരുത്തി അംഗീകരിച്ചത്. സുകുമാരിയുടെ ഈ അനുഭവം തുറന്ന് കാട്ടുന്നത് സർക്കാർ ഒാഫീസുകളിൽ നിന്നും സാധാരണക്കാർ നേരിടേണ്ടി വരുന്ന അനീതിയുടെ കഥകൾ കൂടിയാണ്. വിവിധ സർക്കാർ പദ്ധതികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റിലെ തിരുത്തലുകൾക്കുമെല്ലാമായി ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന പല സാധാരണക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്. നിസ്സാര കാര്യങ്ങൾക്ക് വരെ പ്രായമായവരെപ്പോലും അനാവശ്യമായി ഒാഫീസുകൾ കയറ്റിയിറക്കുന്നതും ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഹരമാണ്. കാര്യങ്ങൾ നടക്കാൻ സാധാരണക്കാരിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. പലരുടെയും പ്രശ്നങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്തയാകുമ്പോൾ മാത്രമാണ് അധികാരികൾ കണ്ണ് തുറക്കുന്നത്.

ജനപക്ഷത്ത് നിന്നുള്ള ഇടപെടൽ

ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലുകളുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്ന് മന്ത്രി എം .ബി രാജേഷ് പറഞ്ഞു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആദ്യലക്ഷ്യം. നിയമപരമായ എല്ലാ നടപടികളും സമയബന്ധിതമായി ലഭ്യമാക്കാൻ ഉദ്യോഗസ്ഥരും തയ്യാറാണ്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങൾക്കും ഹാജരാക്കേണ്ട രേഖകൾ സംബന്ധിച്ച് കൃത്യമായ നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. തദ്ദേശ സ്വയം രണ ഓഫീസുകളുടെ സേവന ബോർഡുകളിലും പൗരാവകാശ രേഖയിലും ഈ വിവരങ്ങൾ ലഭ്യമാണ്. ഓൺലൈനായി അപേക്ഷകൾ നൽകാൻ സംവിധാനമൊരുക്കിയിട്ടുള്ള പോർട്ടലിൽ അപേക്ഷകൾ നൽകുന്നിടത്ത് അതോടൊപ്പം നിർബന്ധമായും ഹാജരാക്കേണ്ട രേഖകളും, ഫീസ് ആവശ്യമാണെങ്കിൽ ആ വിവരവും നൽകിയിട്ടുണ്ട്. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELAY IN PROCESSING OF GOVT FILES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.