SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.04 PM IST

അനാചാരങ്ങളോട് അകലം സാമൂഹ്യ വികസനത്തിനൊപ്പം

photo

സംസ്ഥാനത്തെ 2.5 ലക്ഷം പിന്നാക്കവിഭാഗം വിദ്യാർത്ഥികൾക്ക് വർഷംതോറും ലഭിക്കേണ്ട പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പട്ടികജാതിവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനവും കെടുകാര്യസ്ഥതയും കൊണ്ട് ത്രിശങ്കുവിലായപ്പോൾ പ്രശ്നം പരിഹരിക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ നടത്തിയ ഇടപെടൽ ആരും മറക്കാനിടയില്ല. ദുരിതമനുഭവിക്കുന്ന പട്ടികജാതി-പട്ടികവർഗ പിന്നാക്ക വിഭാഗത്തെ പൊതുസമൂഹത്തിനൊപ്പം ഉയർത്തിക്കൊണ്ടുവരുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ അതീവജാഗ്രത പുല‌ർത്തുന്നു അദ്ദേഹം. അട്ടപ്പാടിയിലെയും ഇടമലക്കുടിയിലെയും തൃശ്ശൂർ അരേക്കാപ്പിലെയുമെല്ലാം പ്രശ്നങ്ങൾ ലക്ഷ്യബോധത്തോടെ പരിഹരിക്കാനായതും അഭിമാനകരമായ നേട്ടമാണ്. ജാതിവെറിയും അനാചാരങ്ങളും തിരികെ കൊണ്ടുവരാൻ ശ്രമം ഉണ്ടാകുമ്പോൾ അകറ്റിനിറുത്തപ്പെട്ട ജനവിഭാഗത്തിൽ നിന്നുള്ളവരെ ക്ഷേത്രജീവനക്കാരായി നിയമിക്കാൻ സാധിച്ചതും പിണറായി സർക്കാരിന്റെ നേട്ടങ്ങളിൽ പൊൻതൂവലായി.

ആകാശത്തേക്ക്

ഉയരാൻ
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിന് പഠിക്കുന്ന പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് വരുമാനത്തിന് വിധേയമായി 25,00,000 ലക്ഷം രൂപവരെ ഫീസ് നൽകുന്ന വിംഗ്സ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്നുയരുന്ന സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ചിറകേകാനും ഇതുവഴി സാദ്ധ്യമായി. എൽ.എൽ.ബി., മെഡിക്കൽ, എൻനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കാനുള്ള പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.


ഇടമലക്കുടിയിൽ

ഇന്റർനെറ്റ് കണക്ടിവിറ്റി


പട്ടികജാതി -പട്ടികവർഗ വിഭാഗം ഗവേഷണ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷാ പ്രായപരിധി 40 വയസായി ഉയർത്തി. വിദൂര കോളനി മേഖലകളിലുള്ള പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കി. ഇടമലക്കുടിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിക്കായി മാത്രം നാലരക്കോടിയുടെ പദ്ധതി പുരോഗമിക്കുന്നു. വനമേഖലയിലുള്ള 1284 പട്ടികവർഗ കോളനികളിൽ 1085 ഇടത്തും കണക്ടിവിറ്റി ലഭ്യമാക്കി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് നൽകി. പ്രതിമാസ ഹോസ്റ്റൽ അലവൻസ് 3500രൂപയായും പ്രൈവറ്റ് ഹോസ്റ്റലുകളിൽ 4500 രൂപയായും ഉയർത്തി.

ഒരംഗത്തിനെങ്കിലും

തൊഴിൽ

ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും സ്ഥിരവരുമാനമുള്ള തൊഴിൽ നൽകണമെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ പാസായ പട്ടികവിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ രണ്ടുവർഷത്തെ ഇന്റേൺഷിപ്പിനുള്ള നടപടികൾ ആരംഭിച്ചു . ആരോഗ്യവകുപ്പുമായി സഹകരിച്ചാണിത്.

ആദ്യഘട്ടത്തിൽ രണ്ടായിരത്തിലധികം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തുടർന്ന് ലഭിക്കുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വഴി സ്വദേശത്തും വിദേശത്തും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കും. എൻജിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോയുള്ള 500 പേരെ തദ്ദേശസ്ഥാപനങ്ങളിൽ നിയമിക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി പട്ടികവർഗത്തിൽ നിന്ന് 500 പേരെയും എക്‌സൈസ് ഗാർഡുകളായി 500 പേരെയും നിയമിക്കാൻ നടപടികളായി.

ഭൂമിയും ഭവനവും
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവിഭാഗക്കാർക്ക് ഭൂമിയും ഭവനവും നൽകാൻ ലൈഫ് മിഷന് 2021 -22 സാമ്പത്തിക വർഷം 418 കോടി രൂപ കൈമാറി. പട്ടികവിഭാഗക്കാരുടെ, 1188വീടുകൾ പൂർത്തീകരിച്ചു. അംബേദ്കർ ഗ്രാമം സെറ്റിൽമെന്റ് പദ്ധതികൾ പൂർത്തീകരിക്കാൻ അടിയന്തര ഇടപെടലുകളുണ്ടായി. പട്ടികവിഭാഗത്തിന്റെ ഉന്നമനത്തിനുള്ള സർക്കാർ പദ്ധതികൾ ബോധപൂർവം വൈകിപ്പിക്കുകയും യഥാർത്ഥ ഗുണഭോക്താക്കളെ ഒഴിവാക്കി അനർഹർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ മോണിറ്ററിംഗ് സംവിധാനം മെച്ചപ്പെടുത്താൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ സമിതികൾ രൂപീകരിച്ചു തുടങ്ങി. ജനസംഖ്യയുടെ 65 ശതമാനം വരുന്ന പിന്നാക്കവിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പിന്നാക്കവിഭാഗ വികസനവകുപ്പ് ശക്തിപ്പെടുത്താൻ പാലക്കാടും കൊല്ലത്തും പുതിയ മേഖലാ ഓഫീസുകൾ ആരംഭിച്ചു. പിന്നാക്കവിഭാഗ കോർപ്പറേഷൻ, പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ, പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷൻ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണക്ഷേമ വികസന കോർപ്പറേഷൻ എന്നിവയിലൂടെയുള്ള പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കി. പട്ടികജാതി വിഭാഗത്തിലെ 14192 ഗുണഭോക്താക്കൾക്കായി 30,22,15,287കോടി രൂപയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 44786 പേർക്ക് 23,81,26,400കോടി രൂപയും ചികിത്സാ സഹായമായി അനുവദിച്ചു.


ദേവസ്വം ബോർഡുകളെ

താങ്ങിനിറുത്തി


സർക്കാരിന് കീഴിലുള്ള തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം എന്നീ ദേവസ്വം ബോർഡുകളിൽ കൊവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ താങ്ങായി. ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരുന്ന 17000 ജീവനക്കാരുടെയും അത്രതന്നെ പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുടങ്ങാതെ നൽകാൻ സർക്കാർ 220 കോടി രൂപ നൽകി. കൊവിഡ് കാലത്തും പരാതികളില്ലാതെ ശബരിമല തീർത്ഥാടനം മികച്ചനിലയിൽ പൂർത്തിയാക്കി. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള കുരുക്കഴിക്കാൻ ശ്രമങ്ങളും പുരോഗമിക്കുന്നു. ശബരിമല തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതും നൂതന സൗകര്യങ്ങളുള്ളതുമായ ഏഴ് ഇടത്താവളങ്ങളുടെ നിർമ്മാണം ആരംഭിച്ചു.

.....................................

കേരളം നേടിയ നേട്ടങ്ങളുടെ തുടർച്ചയും വിപുലീകരണവും ശരിയായും ശക്തമായും നടപ്പിലാക്കുക എന്നതാണ് കാലം ഈ സർക്കാരിലേൽപ്പിച്ച കടമ. ആ കടമ നിർവഹിക്കാനും സാമൂഹ്യ വികസനത്തിന് ജനങ്ങൾക്കൊപ്പം മുന്നോട്ടു പോകാനുമാണ് സർക്കാർ ആദ്യവർഷം ശ്രമിച്ചത്. പട്ടികവിഭാഗങ്ങളടക്കമുള്ള പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകുകയാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യലക്ഷ്യം.

കെ.രാധാകൃഷ്ണൻ

ദേവസ്വം, പിന്നാക്കക്ഷേമ വകുപ്പു മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEWASWOM BACKWARD CLASS WELFARE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.