SignIn
Kerala Kaumudi Online
Friday, 19 April 2024 6.23 AM IST

ന്നാ താൻ പ്രാക്ടീസ് ചെയ്യ് ...

photo

അമേരിക്കയിൽ നിന്നും അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ.

ബന്ധു കൃഷ്ണകുമാറാണ്.
ഒരു ശുപാർശ.

ഡോക്ടർമാരുടെ സംഘടനയിൽ നേതാവായിരുന്നതിന്റെ അടിസ്ഥാനത്തിൽ, എനിക്ക് മെഡിക്കൽ ഫീൽഡിൽ അപാരമായ സ്വാധീനമുണ്ടെന്ന തെറ്റിദ്ധാരണയിലാണ്, അമേരിക്കയിൽ നിന്നുവരെ ഇത്തരം കോളുകൾ വരുന്നത്.

കൃഷ്ണകുമാറിന്റെ അമേരിക്കയിലുള്ള ഗുജറാത്തുകാരൻ ബോസിന്റെ മകൻ മെഡിസിൻ പഠനം പൂർത്തിയാക്കിയിരിക്കുന്നു. അയാൾക്ക് കേരളത്തിൽ പ്രാക്ടീസു ചെയ്യണം.

വളരെ വിചിത്രമായ ഒരാവശ്യം. !

പയ്യൻസിന്റെ പിതാജിക്കാണ് കൂടുതൽ താൽപര്യം.

അമേരിക്കയിൽ ദീർഘകാലമായി സകുടുംബം താമസിക്കുന്ന, തുടർപഠനവും ജോലിയും ജീവിതവും അമേരിക്കയിൽ തന്നെയാകാൻ പോകുന്ന ഈ ഗുജറാത്തിക്ക് എന്തിന്റെ സൂക്കേടാണ്?

ഗുജറാത്തികൾ പൊതുവേ തലയിൽ ആൾ താമസമുള്ളവരാണെന്നാണല്ലോ നമ്മുടെ ധാരണ !

ഇനി പൊട്ടൻ ഗുജറാത്തി ആയിരിക്കുമോ ?

കൃഷ്ണകുമാറിനും സംഗതി അത്രയ്ക്കങ്ങ് ബോദ്ധ്യപ്പെട്ടില്ലെങ്കിലും, പ്രാക്ടീസ് ചെയ്യാൻ കേരളത്തിലൊരു ആശുപത്രി ഞാൻ തരപ്പെടുത്തി കൊടുക്കണമെന്ന ആവശ്യത്തിൽ കടുംപിടിത്തമുണ്ട് !

കാലാവസ്ഥ, സാമൂഹ്യാവസ്ഥ, ചികിത്സാവസ്ഥ...... ഇതൊക്കെ പ്രതികൂലമാണെന്ന് ഞാനൊന്നു വിശദീകരിച്ചു നോക്കി!

തൊഴിൽദാതാക്കളായ സംരംഭകരല്ലല്ലോ ! ഉള്ളതു പറഞ്ഞതുകൊണ്ട് കുഴപ്പമില്ല.

വീഴ്ത്താൻ കുഴികൾ, കടിക്കാൻ പട്ടികൾ, യാത്ര മുടക്കാൻ ഹർത്താലുകൾ, ഇഷ്ടപ്പെട്ടവരുമായി ഒന്നു ചുറ്റിയടിക്കാമെന്നു വെച്ചാൽ സദാചാര പോലീസ്, സിറ്റി ലൈഫ് തീരെയില്ലാത്ത സിറ്റികൾ....

അമേരിക്കൻ പിതാജിയും പയ്യൻസും പിന്തിരിഞ്ഞില്ല.

'ചികിത്സിച്ചാലും അടി, ചികിത്സിച്ചില്ലെങ്കിലും അടി' എന്ന അപൂർവആചാരം നിലവിലുള്ള ദൈവദത്തമായ ഭൂപ്രദേശമാണ് നമ്മുടെ പ്രബുദ്ധ കേരളമെന്ന അവസാനത്തെ അടവും ഞാൻ പുറത്തെടുത്തു!

പിതാജി വാശിയിൽത്തന്നെ!

കേരളത്തിൽ പ്രാക്ടീസു ചെയ്യണം, കേരള ഹെൽത്ത് മോഡലിന്റെ ടേസ്റ്റ് അറിയണം!

ന്നാ താൻ പ്രാക്ടീസ് ചെയ്യ് എന്ന മട്ടിൽ, അവസാനം ഒരു ഇടത്തരം ആശുപത്രിയിൽ, കുറഞ്ഞ ശമ്പളത്തിൽ, സേവനം തരമാക്കി കൊടുത്തു !

റോബോട്ടിക് സർജറി മുതൽ ജനറ്റിക് എഞ്ചിനീയറിംഗ് വരെ ചറപറാ ചെയ്തു തള്ളുന്ന അമേരിക്കയിലില്ലാത്ത എന്തു ചികിത്സയും പരിശീലനവും കൊടച്ചക്രവുമാണ് ഈ പയ്യൻ ഇവിടെവന്ന് പഠിക്കാനെന്ന ചിന്ത ഒരുവർഷം കൊണ്ടുനടന്നിട്ടും ഉത്തരം ഉത്തരത്തിൽ ചത്തിരുന്നതേയുള്ളൂ!

പയ്യൻസിനെ ഇടയ്‌ക്കൊക്കെ വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. അവൻ ഹാപ്പിയാണ്. വാട്ട് എ വണ്ടർഫുൾ പ്ലേസ്! പീപ്പിൾ ഓഫ് എ ഡിഫറന്റ് കൈൻഡ് ! വാട്ട് എ പെക്കുലിയർ മൈൻഡ് സെറ്റ്! കേരള ബഹുത് അച്ചാ ഹൈ !

പയ്യൻസ് കാലാവധി പൂർത്തിയാക്കി അമേരിക്കയിൽ തിരിച്ചെത്തിയതിനുശേഷം ബന്ധു കൃഷ്ണകുമാർ നന്ദിപ്രമേയം അവതരിപ്പിക്കാൻ വിളിച്ചപ്പോഴാണ് ഒരു വർഷമായി തേടിക്കൊണ്ടിരുന്ന ഉത്തരം കിട്ടിയത്.

യുദ്ധഭൂമിയിലും യാത്രാസൗകര്യമില്ലാത്ത സ്ഥലങ്ങളിലുമൊക്കെ ജോലി ചെയ്യേണ്ട ഏറ്റവും പ്രയാസമേറിയ ഒരു വൻകിട മെഡിക്കൽ പ്രോജക്ടിലേക്ക് പയ്യൻസിന് സിലക്ഷൻ കിട്ടിയിരിക്കുന്നു എന്ന സന്തോഷകരമായ വാർത്ത അയാൾ എന്നെ അറിയിച്ചു.

പയ്യൻസും പിതാജിയും മോഹിച്ച് കാത്തിരുന്ന ജോലി.

അപ്പോൾ അതാണ് കാര്യം.

'കേരളത്തിൽ ചികിത്സിക്കാനറിയാമെങ്കിൽ ലോകത്തെവിടെയും ചികിത്സിക്കാം' എന്ന ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിലാണ് അമേരിക്കയിൽ നിന്നും നമ്മുടെ ഗുജ്ജു ഡോക്ടർ ഇവിടെവന്ന് കേരള മോഡൽ പരിശീലനം നേടി വിദേശസർവീസിൽ വിജയകരമായി പ്രവേശനം നേടിയത്!

ലേഖകന്റെ ഫോൺ - 9447055050

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.