SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 PM IST

സ്‌ത്രീധന പീഡനവും ശിക്ഷയും

dowry-case

ദിനങ്ങളോളം വേദന മാത്രമല്ല, സംഭ്രമവും സൃഷ്ടിക്കുന്നവയാണ് സ്ത്രീധനത്തെച്ചൊല്ലിയുള്ള ആത്മഹത്യകൾ, കൊലപാതകങ്ങൾ, മറ്റു ക്രൂരമായ ആക്രമണങ്ങൾ എന്നിവ. ശുഭപ്രതീക്ഷയോടെയും ആഹ്ളാദത്തോടെയും ആനന്ദത്തോടെയും ആവേശത്തോടെയും നല്ല ഭാവിസ്വപ്നം കണ്ട് വരന്റെ വീട്ടിലേക്ക് കയറുന്ന നിഷ്‌കളങ്കയായ പെൺകുട്ടി ക്രൂരമായ സ്‌ത്രീധന പീഡനങ്ങൾക്ക് വിധേയമായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന ഗുരുതരാവസ്ഥയ്ക്ക് വിരാമമിടാൻ ഇനിയെങ്കിലും നമ്മുടെ നാട് തയാറാകേണ്ടതാണ്.

സ്‌ത്രീധനം വൻ വിപത്തായി മാറി സമൂഹത്തിന് വൻ ആശങ്കയുണ്ടാക്കിയപ്പോഴാണ് 1961-ൽ സ്‌ത്രീധന നിരോധന നിയമം രാജ്യത്ത് നിലവിൽ വന്നത്. 1984ലും 1986ലും ഈ നിയമത്തിന് ഭേദഗതികളുണ്ടായി. സ്‌ത്രീധനമെന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് അതിലെ ഒരുപക്ഷം മറുപക്ഷത്തിന് നേരിട്ടോ അല്ലാതെയോ, നൽകുന്നതോ, നല്കാമെന്ന് സമ്മതിച്ചതോ ആയ സ്വത്തുക്കളോ മറ്റു വിലമതിപ്പുള്ള പ്രമാണങ്ങളോ, കൂടാതെ വധൂവരന്മാരുടെ മാതാപിതാക്കളോ മറ്റു വ്യക്തികളോ നേരിട്ടോ അല്ലാതെയോ നൽകുന്ന സ്വത്തുക്കളോ വിലമതിപ്പുള്ള പ്രമാണങ്ങളോ ആകുന്നു. (മുസ്ളിം വ്യക്തിനിയമത്തിലെ ഡവറും മെഹറും ഇതിൽ ഉൾപ്പെടുന്നില്ല) വിവാഹ സമയത്ത് വരനോ വധുവിനോ പരമ്പരാഗതമായ രീതിയിൽ ലഭിക്കുന്ന സമ്മാനങ്ങൾ സ്‌ത്രീധന പരിധിയിൽ വരില്ല. എന്നാൽ 1985-ൽ നിലവിൽ വന്ന സ്‌ത്രീധന നിരോധന ചട്ടപ്രകാരം വധുവും വരനും അവരവർക്ക് ലഭിച്ച സമ്മാനങ്ങളുടെ ചെറുവിവരണത്തോടെയുള്ള ലിസ്റ്റ് എഴുതി തയ്യാറാക്കി ഒപ്പിട്ട് സൂക്ഷിക്കേണ്ടതാണ്. സ്‌ത്രീധന സമ്മാനമായി ലഭിക്കുന്ന വസ്തുവകകൾ വധുവിന്റെ ഗുണത്തിനുള്ളതാണ്. അത് മറ്റാരെങ്കിലും കൈപ്പറ്റിയാൽ വിവാഹതീയതി മുതൽ മൂന്നുമാസത്തിനകം ഭാര്യയുടെ പേരിലേക്ക് മാറ്റേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ രണ്ടുവർഷം വരെ ജയിൽശിക്ഷ കിട്ടാവുന്ന കുറ്റമാണത്. സ്‌ത്രീധനം കൊടുക്കുകയോ വാങ്ങുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരവും അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്നതുമാണ്. സ്‌ത്രീധനം ആവശ്യപ്പെടുന്നതും രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

1986-ലെ സ്ത്രീധന നിരോധന നിയമഭേദഗതി പ്രകാരം മാദ്ധ്യമങ്ങളിൽ കൂടി മകൾക്കോ മകനോ ബന്ധുവിനോ വിവാഹ പാരിതോഷികമോ, പ്രതിഫലമോ ആയി പണമോ സ്വത്തുക്കളോ ബിസിനസ് ഷെയറോ നൽകാമെന്ന് പരസ്യം ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

സ്‌ത്രീധനം കൊടുക്കുക, വാങ്ങുക, കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുക, സ്‌ത്രീധനം ആവശ്യപ്പെടുക, സ്‌ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുക, പീഡനാനന്തരം ഭാര്യ കൊല്ലപ്പെടുക, ആത്മഹത്യ ചെയ്യുക, അസ്വാഭാവികമായി മരണപ്പെടുക മുതലായ കുറ്റങ്ങൾ തെളിഞ്ഞാൽ കുറ്റക്കാർക്ക് വിവിധ കാലയളവിലേക്ക് ജീവപര്യന്തം ഉൾപ്പെടെ ജയിൽ ശിക്ഷയും പിഴയും ലഭിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. ഇങ്ങനെയൊക്കെ കഠിനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും

എന്താണ് സ്‌ത്രീധന മരണം ?

വിവാഹശേഷം ഏഴുവർഷത്തിനുള്ളിൽ മുറിവേറ്റോ, പൊള്ളലേറ്റോ, അസ്വാഭാവികമായോ ഒരു സ്‌ത്രീ മരണമടയുകയും മരണത്തിന് തൊട്ടുമുമ്പ് പ്രസ്തുത സ്‌ത്രീയെ ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്‌ത്രീധനത്തിനുവേണ്ടി ക്രൂരമായി പീഡിപ്പിക്കുകയോ ചെയ്തു എന്നതാണ് സ്‌ത്രീധന മരണം . അങ്ങനെയുള്ള മരണത്തിന് ഭർത്താവോ ബന്ധുവോ ഉത്തരവാദിയായി കണക്കാക്കപ്പെടും. കുറ്റവാളിക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതുമാണ്.

സ്‌ത്രീധന പീഡനങ്ങൾക്കും സ്‌ത്രീധന മരണങ്ങൾക്കും മുഖ്യമായ കാരണങ്ങൾ ഉപഭോക്തൃസംസ്കാരവും പണത്തോടും ആഡംബര ജീവിതത്തോടുമുള്ള അമിതാവേശവുമാണ്. പണത്തെ അതിരറ്റ് സ്നേഹിച്ചാൽ മനുഷ്യത്വം, മാന്യത, ആത്മാർത്ഥത, അനുകമ്പ, കരുണ മുതലായവ പോയ്‌മറയുകയും, അത് ധാർമ്മിക സാംസ്കാരിക അധഃപതനത്തിന് വഴിവയ്ക്കുകയും ചെയ്യും.

സ്‌ത്രീധന മരണത്തെപ്പറ്റിയുള്ള ഭയാശങ്കകളും വേദനയും വർദ്ധിക്കുന്ന ഇക്കാലത്ത് നമ്മുടെ സമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. രണ്ട് കുടുംബങ്ങൾ ചേരുമ്പോൾ കൂടുതൽ ഇമ്പമുണ്ടാകേണ്ടതാണ്. എന്നാൽ ചിലപ്പോഴൊക്കെ സ്‌ത്രീധന പീഡനങ്ങളാൽ കുടുംബജീവിതം കലുഷിതമാകുന്നു. സ്വഭാവ മഹിമയും കരുതലും സ്‌നേഹും ഉള്ളയാളിനെ വേണം മകൾക്ക് ഭർത്താവായി തിരഞ്ഞെടുക്കാൻ. സ്ത്രീധനത്തിലും അതുപയോഗിച്ചുള്ള ആഡംബര ജീവിതത്തിലും ഭ്രമിക്കുന്നത് ക്രമേണ സ്‌ത്രീധന പീഡനത്തിലേക്കും തുടർന്ന് ഭാര്യയുടെ കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ എത്തിച്ചേരുകയും ചെയ്യുന്നു.

ഒരു ചിത്രശലഭത്തെപ്പോലെ പറന്നുല്ലസിച്ച് മാതാപിതാക്കളാൽ ഏറെ സ്നേഹിക്കപ്പെട്ടും ലാളിക്കപ്പെട്ടും അതിലേറെ സന്തോഷം അവർക്ക് തിരിച്ചുനൽകിയും ജീവിച്ച പെൺകുട്ടിയെ വിവാഹാനന്തരം സ്‌ത്രീധന പീഡനങ്ങൾക്ക് വിധേയമാക്കി മരണത്തിലേക്ക് തള്ളിവിടുന്നവർ യാതൊരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOWRY ACT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.