SignIn
Kerala Kaumudi Online
Thursday, 25 April 2024 8.19 PM IST

പരിവർത്തനത്തിന്റെ ദീപശിഖ

dr-palpu-

കേരളം ജന്മം നൽകിയ ദീർഘദർശികളായ വിപ്ളവകാരികളിൽ പ്രമുഖനാണ് ഡോ.പി.പല്‌പു. ഇത്ര സമഗ്രവും സർവസ്‌പർശിയുമായ സാമൂഹ്യപരിവർത്തനചിന്തകളും പ്രവർത്തനങ്ങളും കാഴ്ചവച്ച പുരോഗമനവാദികളെ ചരിത്രത്തിൽ ചുരുക്കമായേ കാണാൻ കഴിയൂ.

അടിസ്ഥാനപരമായി ഡോ.പി.പല്‌പു ഭിഷഗ്വരനായിരുന്നു. രോഗചികിത്സാ വിദഗ്ദ്ധനെന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്ക് നൽകിയ സേവനം വളരെയേറെ പ്രശംസിക്കപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് ഉയർത്താൻ, വിദ്യാഭ്യാസത്തിന് വൈദ്യുതിപോലുള്ള ശക്തിയുണ്ടെന്നും സാമൂഹ്യസമത്വവും, സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള മികച്ച മാർഗം ആധുനിക വിദ്യാഭ്യാസമാണെന്നും ആ വിപ്ളവകാരി മനസിലാക്കിയിരുന്നു.

പിന്നാക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനായി അദ്ദേഹം സർക്കാരിന്റെ ഔദാര്യത്തിന് കാത്തുനിന്നില്ല. ജനങ്ങളിൽ നിന്ന് പണം പിരിക്കുകയും അതൊരു ഗ്രാന്റായി കുട്ടികൾക്ക് വർഷംതോറും നൽകാനുള്ള പ്രത്യേക സ്കീം തയ്യാറാക്കി ഭരണാധികാരികൾക്ക് സമർപ്പിക്കുകയും ചെയ്തു.

വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ പരിവർത്തനശക്തി നന്നായി ബോദ്ധ്യപ്പെട്ട മഹാത്മാവായിരുന്നു ഡോ.പല്‌പു.

രാജ്യത്തെ ഉദ്യോഗങ്ങളിൽ എല്ലാ ജനവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ശക്തമായ മറ്റൊരാവശ്യം. സർക്കാർ സർവീസിലെ മതിയായ പ്രാതിനിദ്ധ്യത്തിലൂടെ മാത്രമേ സാമൂഹ്യസമത്വം കൈവരിക്കാനാകൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പിന്നാക്കക്കാരുടെ സർവതോമുഖമായ പുരോഗതിയെക്കുറിച്ചുള്ള ഡോ. പി. പല്‌പുവിന്റെ ചിന്തകളുടെ പ്രധാന ഭാഗമാണ് തൊഴിൽപരവും സാമ്പത്തികവുമായ ആശയങ്ങൾ.

ഈഴവാദി പിന്നാക്കവിഭാഗങ്ങളുടെ തൊഴിലുകളും അവർ നിർമ്മിച്ചിരുന്ന ഉത്‌പന്നങ്ങളുടെ സാമ്പത്തിക പ്രാധാന്യവും അദ്ദേഹം മനസിലാക്കിയിരുന്നു. ഡോ. പി. പല്‌പു ശക്തനായ സ്‌ത്രീശാക്തീകരണവാദി ആയിരുന്നു. സ്‌ത്രീകൾ അബലകളല്ല, വീടുകളിൽ ഒതുങ്ങിക്കൂടേണ്ടവരല്ല. അവരെല്ലാം വിദ്യാഭ്യാസ നേടണം. തൊഴിലുകളിലേർപ്പെടണം. സ്വന്തമായി വരുമാനമുണ്ടാക്കണം. സ്വാശ്രയശീലരാകണം. പൊതുപ്രവർത്തനങ്ങളിൽ സജീവമാകണം. എങ്കിൽ മാത്രമേ സാമൂഹ്യപുരോഗതി യാഥാർത്ഥ്യമാകൂ. ഈ ചിന്തയുടെ പ്രചോദനത്താലാണ് അദ്ദേഹം സ്വന്തം മാതാവിനെയും മക്കളെയും പൊതുജീവിതസേവനത്തിന്റെ സജീവ പ്രവർത്തകരാക്കിത്തീർത്തത്. സ്നേഹവും സേവനവും പരിവർത്തനത്തിന്റെ രണ്ടു വശങ്ങളാണെന്ന് ആ മഹാത്മാവ് നമ്മെ പഠിപ്പിച്ചു.

( ലേഖകൻ ഡോ. പി. പല്‌പു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയാണ് ഫോൺ: 9744466666 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR PALPU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.