SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.53 PM IST

സുകൃതജീവിതത്തിന്റെ 100 വർഷങ്ങൾ

kk

ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. പി.കെ.വാരിയർ നൂറാം പിറന്നാളിന്റെ ധന്യതയിലാണ്. ആതുരശുശ്രൂഷയും ഭരണനിർവഹണവും ഒരുമിച്ച് കൊണ്ടുപോവുകയും ദീനരുടെ മൗനവിലാപങ്ങൾക്ക് കാത് നൽകുകയും ചെയ്ത സുകൃതജീവിതമാണ് അദ്ദേഹത്തിന്റേത്. ഡോ. പി.കെ.വാരിയരുടെ ജീവിതം ഒട്ടാകെ വിലയിരുത്തുമ്പോൾ അദ്ദേഹം നൽകിയ ഏറ്റവും വിലപിടിച്ച സംഭാവന ആയുർവേദത്തിന് സംഘബലം നൽകി എന്നതായിരിക്കും. ഓരോ ഗ്രാമത്തിലും പല പ്രദേശങ്ങളിലായി നിരവധി വൈദ്യന്മാർ താമസിക്കുന്ന പ്രദേശമാണ് കോട്ടയ്ക്കൽ. അവരിൽ പാരമ്പര്യമായി വൈദ്യവൃത്തി ചെയ്യുന്നവരുണ്ട്. ആദ്യകാലത്തെ വൈദ്യ വിദ്യാഭ്യാസ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങിയവരുണ്ട്. പുതിയകാലത്തെ വിദ്യാഭ്യാസരീതിയനുസരിച്ച് ആയുർവേദ കോളേജുകളിലെ പഠനം പൂർത്തിയാക്കുന്നവരുമുണ്ട്. വിഭിന്നങ്ങളായ മണ്ഡലങ്ങളിൽ വൈദ്യവൃത്തി അനുഷ്ഠിക്കുന്നവരെ ഒരുമിപ്പിക്കുവാൻ ഡോ. പി.കെ.വാരിയർ നടത്തിയ പരിശ്രമങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. നിരവധി തവണ കേരള ആയുർവേദ മണ്ഡലത്തിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. വൈദ്യവൃത്തി അനുഷ്ഠിക്കുന്നവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പൊതുജനസമൂഹത്തിലും സർക്കാർതലത്തിലും എത്തിക്കുന്നതിനും പരിഹാരങ്ങൾ തേടുന്നതിനും സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ വൈദ്യസമൂഹം കടപ്പെട്ടിരിക്കുന്നു. ഇതേ പ്രവർത്തനങ്ങൾ അഖിലേന്ത്യാതലത്തിൽ വ്യാപിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആയുർവേദ ഡോക്ടർമാരുടെ പൊതുവേദിയാണ് ആൾ ഇന്ത്യാ ആയുർവേദ കോൺഗ്രസ് എന്ന സംഘടന. ഈ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ എന്ന നിലയിൽ നിരവധി വർഷം ഡോ. പി.കെ.വാരിയർ പ്രവർത്തിച്ചിട്ടുണ്ട്. മരുന്നു നിർമ്മാണം, ചികിത്സാരീതികൾ, ആശുപത്രി സംബന്ധിച്ച നിയമങ്ങൾ, ലൈസൻസ് സംബന്ധിച്ച നിയമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യുക്തവും കാലാനുസൃതവുമായ നിലപാടുകൾ സർക്കാർതലത്തിൽ രൂപപ്പെടുത്തുന്ന പ്രക്രിയയിൽ പങ്കാളിയാകുവാനും നേതൃത്വം വഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

പതിറ്റാണ്ടുകളുടെ അനുഭവ മികവ്

ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ്.വാരിയരുടെ ഭാഗിനേയി പന്നിയമ്പള്ളി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും മകനായി 1921 ജൂൺ 5ന് പി.കെ.വാരിയർ ജനിച്ചു. മാതാപിതാക്കളുടെ ഏറ്റവും ഇളയപുത്രനാണ് അദ്ദേഹം. കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂൾ, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ (ഇന്നത്തെ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ്) വൈദ്യവിദ്യാഭ്യാസത്തിന് ചേർന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി കോളേജ് വിട്ടു. പിന്നീട് കോളേജിൽ തിരിച്ചെത്തി വൈദ്യവിദ്യാഭ്യാസം പൂർത്തിയക്കി. 'ആര്യവൈദ്യൻ' ബിരുദം നേടി. ജ്യേഷ്ഠൻ ആര്യവൈദ്യൻ പി. മാധവവാരിയരുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെത്തുടർന്ന് 1953ൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി. കഴിഞ്ഞ ആറരപതിറ്റാണ്ടിലധികം കാലമായി ആര്യവൈദ്യശാലയെ നയിച്ചുകൊണ്ടിരിക്കുന്നു. ആയുർവേദം എന്നതിന് പര്യായമായി ആര്യവൈദ്യശാലയെ വളർത്തിയെടുക്കുന്ന പ്രവർത്തനത്തിന്റെ മുഖ്യശില്പിയാണ് ഡോ. പി.കെ.വാരിയർ. അന്താരാഷ്ട്രതലത്തിൽ ആയുർവേദത്തെ എത്തിക്കുന്നതിനും വിദേശങ്ങളിലെ വിജ്ഞാനസദസ്സുകളിൽ സംവദിക്കുന്നതിനും നടത്തിയ പരിശ്രമങ്ങൾ പരക്കെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.

ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെത്തേടി വന്നിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷൺ പുരസ്‌കാരങ്ങൾ, കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ ഡി.എസ്.സി. ബിരുദം, നേപ്പാളിലെ ഭൂപാൽ മാൻസിങ്ങ് കാർക്കി പുരസ്‌കാരം, ആൾ ഇന്ത്യ ആയുർവേദ കോൺഗ്രസിന്റെ ആയുർവേദ മഹർഷി അവാർഡ്, കേരള സർക്കാരിന്റെ 'അഷ്ടാംഗരത്ന' പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ ഇവയിൽ ചിലതു മാത്രമാണ്.

ഈടുറ്റ ബന്ധങ്ങൾ
മൺമറഞ്ഞുപോയവരും ഇപ്പോഴും സക്രിയരായിരിക്കുന്നവരുമായ നിരവധി വൈദ്യന്മാരുടെ കർമ്മമണ്ഡലമാണ് കേരളം. വിവിധ സ്ഥലങ്ങളിലായി, പല തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പരമ്പരയുമായി ഈടുറ്റ സൗഹൃദബന്ധം പി.കെ. വാരിയർ പുലർത്തിപ്പോരുന്നു. അഷ്ടവൈദ്യകുടുംബങ്ങൾ, വൈദ്യമഠം കുടുംബം, വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്, ആര്യവൈദ്യൻ എൻ.വി.കൃഷ്ണൻകുട്ടിവാരിയർ, പ്രൊഫ. ടി.എൻ.കൃഷ്ണൻ മൂസ്സത്, ഡോ. കെ.രാജഗോപാലൻ (കൊല്ലം), ഡോ. സി.കെ.രാമചന്ദ്രൻ (എറണാകുളം) തുടങ്ങിയ മഹാരഥന്മാരെല്ലാവരും ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. ആയുർവേദ മേഖലയിലേയും ഇതര വൈദ്യശാഖകളിലേയും ഡോക്റ്റർമാർക്ക് ഒന്നിച്ചിരുന്നു വൈദ്യവിഷയങ്ങൾ ചർച്ചചെയ്യുന്നതിനുള്ള വേദികൾ ആദ്യമായി സൃഷ്ടിച്ചത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ്. അതിന് നേതൃത്വം നൽകിയത് ഡോ. പി.കെ.വാരിയരും. 1964 മുതൽ ആര്യവൈദ്യശാലയിൽ ആരംഭിച്ച ആയുർവേദ സെമിനാറുകൾ ഈ മേഖലയിലെ ആദ്യത്തെ ചുവടുവെയ്പ്പായിരുന്നു. ആയിരക്കണക്കണക്കിന് വൈദ്യന്മാർക്ക് ഒന്നിച്ചിരുന്ന് ശാസ്ത്രചർച്ച ചെയ്യുവാനും ആശയവ്യക്തത വരുത്തുവാനും 'കോട്ടയ്ക്കൽ സെമിനാറുകൾ നിമിത്തമായി. 58-ാമത് ആയുർവേദ സെമിനാർ ഓൺലൈനായി ഈ മാസം നടക്കും.

ആരുമായും മത്സരിക്കുവാൻ തുനിയാത്ത വൈദ്യനാണ് ഡോ.പി.കെ. വാരിയർ. മറ്റ് സംരംഭങ്ങളുടെ ഉദ്ഘാടനവേളകളിൽ വിശിഷ്ടാതിഥിയായി പങ്കുകൊള്ളുവാനും ആശീർവാദിക്കുവാനും യാതൊരുവിധ മടിയുമില്ല അദ്ദേഹത്തിന്.

മുറുകെപിടിച്ചത് സത്യസന്ധത
1902ൽ ആര്യവൈദ്യശാല സ്ഥാപിക്കുമ്പോൾ വൈദ്യരത്നം പി.എസ്.വാരിയർ ഒരുപരസ്യപ്രസ്താവന അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു ആര്യവൈദ്യശാലയെ സംബന്ധിച്ചിടത്തോളം ഒരു മാനിഫെസ്റ്റോ ആണിത്. ''ഒരൊറ്റ മരുന്നുപോലും അതിയായി പരിശോധിക്കപ്പെടാതെ എടുക്കുകയോ പ്രത്യേകം ദൃഷ്ടിവെയ്ക്കാതെ ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നതല്ല. ഔഷധങ്ങളിൽ ലവലേശം കൃത്രിമം ഉണ്ടാവില്ലെന്ന് ഞങ്ങൾ ധൈര്യമായി പറയാം.'' വൈദ്യരത്നം തുടങ്ങിവെച്ചതും പ്രഥമ മാനേജിംഗ് ട്രസ്റ്റി ആര്യവൈദ്യൻ പി.മാധവവാരിയരിലൂടെ തുടർന്നുവരുന്നതുമായ ഈ ഔഷധസംസ്‌കാരം ആര്യവൈദ്യശാല പിൻതുടർന്നുവരുന്നു. 1947ൽ ആര്യവൈദ്യശാല ഫാക്റ്ററിയിൽ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ. പി.കെ.വാരിയരിലൂടെ കഴിഞ്ഞ ഏഴര പതിറ്റാണ്ടോളമായി സ്ഥാപനം ഈ മൂല്യബോധത്തിലൂടെ യാത്രചെയ്യുന്നു. ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങളെക്കാൾ ഉപരിയായി വൈദ്യവൃത്തിയുടെ മൂല്യബോധം ഉയർത്തിപ്പിടിക്കണമെന്നത് അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ജീവിതാവബോധശുദ്ധിയാണ്.

ശതപൂർണിമ നിറവിൽ
ഒരു നാടുമായും അവിടെ ജീവിക്കുന്നവരുമായും ആർദ്രമായ ബന്ധം ഡോ. പി.കെ. വാരിയർ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹം പങ്കാളിയാകാത്ത ഒരു സംരംഭവും ഈ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഇല്ലതന്നെ. നാട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യർക്ക് എപ്പോഴും ചെന്നെത്താവുന്ന വൈദ്യനും ഭരണാധികാരിയുമാണ് അദ്ദേഹം. ജീവിതപ്രാരാബ്ധങ്ങൾക്ക് പരിഹാരം തേടിയും രോഗപീഡയ്ക്ക് സമാധാനം തേടിയും ദിവസവും നിരവധിപേർ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരിക്കുന്നു. ചെന്നെത്തുന്ന ഓരോ മനുഷ്യനിലേക്കും സ്‌നേഹവും സമാശ്വാസവുമായി അദ്ദേഹത്തിന്റെ സാന്നിധ്യം എത്തിച്ചേരുന്നു. സവിശേഷമായ ഇന്നത്തെ സാഹചര്യത്തിൽ, ആഘോഷങ്ങളില്ലാതെ, ചുറ്റുപാടിലേയ്ക്ക് പ്രകാശവും സൗരഭ്യവും പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹം ശതപൂർണിമ പൂർത്തിയാക്കുന്നു.

(കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR PKR VARYAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.