SignIn
Kerala Kaumudi Online
Thursday, 25 April 2024 4.40 PM IST

ദേശീയത കൊളുത്തിവച്ച മനസ്

rachel

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ഒളിവിൽക്കഴിഞ്ഞിരുന്ന കാലത്ത് അഭയം നൽകിയവരാണ് ഡോ. റെയ്ച്ചൽ മത്തായിയുടെ മുൻതലമുറക്കാർ. നെല്ലിക്ക ഉപ്പിലിട്ടതും മോരും നല്കി മാർത്താണ്ഡവർമ്മയെ സ്വീകരിച്ചതുകൊണ്ടാണ് പിൽക്കാലത്ത് തറവാടിന്റെ പേര് നെല്ലിമൂട്ടിൽ എന്നറിയപ്പെട്ടത്.

രാജാധികാരം തിരികെ ലഭിച്ച മാർത്താണ്ഡവർമ്മ

അവിടത്തെ പുരുഷന്മാർക്ക് മുതലാളിയെന്നും വനിതകൾക്ക് കുഞ്ഞമ്മ എന്നും സ്ഥാനപ്പേരു നൽകി.

സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ അമേരിക്കൻ സുഹൃത്ത് ഡോ.ചന്ദ്രഗുപ്തനോട് ശിഷ്ടകാലം പൊതുപ്രവർത്തനത്തിന് വിനിയോഗിക്കണമെന്ന് ഡോ. റെയ്ച്ചൽ മത്തായി ആഗ്രഹം പ്രകടിപ്പിച്ചു. ചന്ദ്രഗുപ്തൻ പറഞ്ഞതനുസരിച്ചാണ് അന്ന് റെയ്ച്ചൽ മത്തായിയെ നേരിട്ടുപോയി കണ്ടത്. ബി.ജെ.പിയുടെ ആദ്യ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ച സമയം. സ്വാഗതസംഘം ചെയർമാനായി റെയ്ച്ചൽ മത്തായി ചുമതലയേറ്റു. കോട്ടയ്ക്കകത്ത് പ്രിയദർശനി ഹാളിലായിരുന്നു സമ്മേളനം. രാഷ്ട്രീയമൊഴികെയുള്ള പൊതുപ്രവർത്തനത്തിലാണ് താത്‌പര്യമെന്നു പറഞ്ഞിരുന്നെങ്കിലും സമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോൾ ബി.ജെപി.യിൽ അംഗത്വമെടുക്കാൻ മുന്നോട്ടുവന്നു. സമ്മേളനനടത്തിപ്പിലും അവരുടെ വ്യക്തിത്വത്തിലും എൽ.കെ.അദ്വാനിക്ക് തോന്നിയ മതിപ്പാണ് ദേശീയ എക്സിക്യൂട്ടീവ് അംഗമായി നിശ്ചയിക്കാൻ കാരണം. പാർട്ടി ഏല്‌പിച്ച ചുമതലകളെല്ലാം ലാഭനഷ്ടങ്ങൾ നോക്കാതെ അനുസരിച്ചു.

അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടിൽ തറവാട്ടിൽ എൻ.പി.മത്തായി മുതലാളിയുടെയും തങ്കമ്മയുടെയും മകളായി 1925 നവംബർ 23 നായിരുന്നു ജനനം. പട്ടം താണുപിള്ള, സി.കേശവൻ, ടി.എം.വർഗീസ് തുടങ്ങിയ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളോടൊപ്പം പ്രവർത്തിക്കുന്ന അച്ഛന്റെ ജീവിതം കണ്ടുവളർന്ന റെയ്ച്ചലിന്റെ കുഞ്ഞുമനസിൽ അന്നുമുതൽ ദേശീയതയും പൊതുപ്രവർത്തനവും ഇടംപിടിച്ചിരുന്നു. 90 കളിലെ അക്രമപരമ്പരകളോടെ കശ്മീരിൽ ദേശീയപതാക ഉയർത്തുക ഭരണകൂടത്തിനും വെല്ലുവിളിയായിരുന്നു. ഭീകരരുടെ ഭീഷണി അവഗണിച്ച് 1992 ലെ റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്താൻ ബി.ജെ.പി തീരുമാനിച്ചു. മുരളീമനോഹർ ജോഷിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നാണ് ദേശീയപതാക വഹിച്ചുള്ള ഏകതായാത്ര ആരംഭിച്ചത്. നരേന്ദ്രമോദിയായിരുന്നു പ്രധാന സംഘാടകൻ. ഭീകരഭീഷണിയെ തൃണവൽഗണിച്ചുകൊണ്ട് ലാൽചൗക്കിൽ പതാക ഉയർത്തിയ ചരിത്രസംഭവത്തിൽ ഡോ.മുരളിമനോഹർ ജോഷിയ്ക്കും നരേന്ദ്രമോദിക്കുമൊപ്പം കേരളത്തിൽ നിന്നും പങ്കെടുത്തത് റെയ്ച്ചൽ മത്തായി ആയിരുന്നു. ദേശീയബോധത്തിന്റെയും ഭയരഹിത പൊതുപ്രവർത്തനത്തിന്റെയും പാഠങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് റെയ്ച്ചൽ അന്നവിടെ ഉച്ചത്തിൽ വന്ദേമാതരം മുഴക്കി. പതാക ഉയർത്തുന്ന സ്ഥലത്തേക്ക് കേരളത്തിൽ നിന്നെത്തിയ ഏക പ്രതിനിധിയായിരുന്നു റെയ്ച്ചൽ.

മൂന്ന് സഹോദരിമാരും ഒരു അനിയനുമുള്ള കുടുംബത്തിൽ നിന്നാണ് റെയ്ച്ചൽ വിദ്യാഭ്യാസത്തിന് തിരുവനന്തപുരത്തെത്തിയത്. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1947 ൽ കെമിസ്ട്രിയിൽ ബിരുദമെടുത്തു. തുടർന്ന് സിലോണിൽ പോയാണ് എം.ബി.ബി.എസ് ബിരുദമെടുത്തത്. ഇംഗ്ളണ്ടിലെത്തി എഫ്.ആർ.സി.പിയും നേടി . തിരികെയെത്തി 26 -ാമത്തെ വയസിൽ കേരളത്തിൽ മെഡിക്കൽ സർവീസിൽ പ്രവേശിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ഉൾപ്പെടെ പല ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. 1984 ൽ വിരമിക്കുമ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടായിരുന്നു. ഒരേസമയം ജനറൽ ആശുപത്രിയിലും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൂപ്രണ്ടായിരുന്നു.

നിയമസഭയിലേക്ക് നടന്ന മത്സരത്തിൽ കഴക്കൂട്ടത്ത് മത്സരിച്ച് 13,000 ത്തോളം വോട്ടുനേടി. തുടർന്ന് തിരുവനന്തപുരം നോർത്തിലും കൊല്ലം പാർലമെന്റ് മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാർത്ഥിയായി.


അവിവാഹിതയായിരുന്ന റെയ്ച്ചൽ അവസാനകാലം ബാംഗ്ലൂരിൽ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു. ഏക സഹോദരൻ ഫിലിപ്പോസ് മത്തായി കർണാടകത്തിൽ സീനിയർ ഐ.എ.എസ് ഓഫീസറായിരുന്നു. ഒരു സഹോദരി എറണാകുളത്ത് ജില്ലാ ജഡ്ജിയുമായിരുന്നു. റെയ്ച്ചൽ മത്തായിയുടെ നിലപാടുകളും രാഷ്ട്രീയ പ്രവർത്തനവും വരുംതലമുറകൾക്കും മാതൃകയാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR RAICHAL MATHAI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.