SignIn
Kerala Kaumudi Online
Thursday, 25 April 2024 7.34 PM IST

വേനൽതൊട്ടു, ഉരുകിത്തിളച്ച് പാലക്കാട്

drought

വാളയാർ ചുരം വഴി ഉഷ്ണക്കാറ്റടിച്ചു തുടങ്ങിയപ്പേ‍ാൾത്തന്നെ ജില്ലയിൽ ചൂടിന്റെ തീവ്രത വർദ്ധിച്ചത് പാലക്കാട്ടുകാരെ വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നതിന്റെ സൂചനയാണത്. ഈ മാസം പകുതിയോടെ എങ്കിലും വേനൽമഴ കിട്ടിയില്ലെങ്കിൽ ഉഷ്ണം കഠിനമായേക്കും.

ഫെബ്രുവരി ആദ്യ ആഴ്ച ഇന്ത്യയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടായിരുന്നു. 36.4 ഡിഗ്രി സെൽഷ്യസ്. സാധാരണ ഈ സ്ഥിതി ഉണ്ടാകാറില്ല. രണ്ടാമത്തെ ആഴ്ചയിൽ മംഗലം ഡാം, പേ‍ാത്തുണ്ടിഡാം, മലമ്പുഴ ഡാം പ്രദേശങ്ങളിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടും അനുഭവപ്പെട്ടു. എരിമയൂരിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി റിപ്പേ‍ാർട്ട് ചെയ്തെങ്കിലും ഔദ്യേ‍ാഗിക സ്ഥിരീകരണമില്ല. കാറ്റിന്റെ ദിശയനുസരിച്ച് കൂടിയ ഉഷ്ണം പിന്നീട് കേ‍ാട്ടയം, കേ‍ാഴിക്കേ‍ാട്, കണ്ണൂർ ജില്ലകളിലേക്കു മാറിയെന്നത് തെല്ല് ആശ്വാസമാണെങ്കിലും ജലക്ഷാമം,​ വരൾച്ച,​ വിളനാശം എന്നിവയുടെ ഭീഷണി നിലനില്‌ക്കുന്നു.

ഉത്തരേന്ത്യയിൽ നിന്നുള്ള ഉഷ്ണക്കാറ്റിന് കനം കൂടുന്തോറും ചൂടിന്റെ തേ‍ാത് വർദ്ധിക്കുന്നു.

പല ജില്ലകളിലും തുലാമഴയുടെ അളവ് കുറവാണ്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ. പാലക്കാട് 23 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്, കണ്ണൂർ (41)​, മലപ്പുറം (24)​ ശതമാനവുമാണ് തുലാവർഷ മഴക്കുറവ്. ഇത്തവണ കാലവർഷ മഴ 14ശതമാനം കുറവായിരുന്നു എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. രണ്ടുവർഷമായി വേനലിൽ ഉഷ്ണത്തിന്റെ തേ‍ാതിൽ വർദ്ധനയുണ്ട്. ആഗേ‍ാളതല അന്തരീക്ഷ മാറ്റത്തിനെ‍ാപ്പം പ്രാദേശിക ഘടകങ്ങളും ഇതിന് കാരണമാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച ഒ‍ാട്ടേ‍ാമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റകൾ ലഭ്യമായി തുടങ്ങിയെങ്കിലും, തുടക്കത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കണക്കുകളെ ബാധിക്കുന്നെന്നാണ് പരാതി. ചിലതിൽ ഡാറ്റകൾ കൃത്യമല്ല. താരതമ്യം ചെയ്യാൻ കഴിഞ്ഞതവണ ഈ പ്രദേശങ്ങളിൽ അനുഭവിച്ച ഉഷ്ണത്തിന്റെ അളവും ലഭ്യമല്ല. വെതർ സ്റ്റേഷനില്ലാത്ത സ്ഥലങ്ങളിൽ ഇതിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടാകുമെന്നു കാലാവസ്ഥാ ഗവേഷകർ നിരീക്ഷിക്കുന്നു.

മാർച്ചും ഏപ്രിലും

ചുട്ടുപൊള്ളും

അടുത്ത രണ്ടുമാസം പതിവിലും കൂടുതൽ ചൂടുയരാൻ സാദ്ധ്യതയെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. പകൽ വെയിലിന്റെ കാഠിന്യം കൂടുന്നു. അണക്കെട്ട് പ്രദേശങ്ങളിലാണ് ചൂട് കൂടുതൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജില്ലയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ (എ.ഡബ്ല്യു.എസ്) വിവരപ്രകാരം ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് മലമ്പുഴയിലാണ്. 39 ഡിഗ്രി സെൽഷ്യസ്.

മലമ്പുഴ അണക്കെട്ടിൽ കഴിഞ്ഞമാസം 15, 16 തീയതികളിൽ 38.4, 17ന് മണ്ണാർക്കാട് 38.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്‌. ചൊവ്വാഴ്ച മണ്ണാർക്കാട് 37.6, പട്ടാമ്പി 36.8 എന്നിങ്ങനെ ചൂട് രേഖപ്പെടുത്തി. ഈ ദിവസങ്ങളിൽ അതിരാവിലെ തണുപ്പ്‌ 16 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ്. മലയോര മേഖലയായ അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിൽ ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തി. പകൽ 11 മുതൽ മൂന്നുവരെയാണ് ചൂട്‌ കൂടുന്നത്‌. നിലവിൽ സൂര്യാഘാതമേറ്റ കേസുകൾ രേഖപ്പെടുത്തിയിട്ടില്ല.

സൂക്ഷിക്കണം

സൂര്യാതപത്തെയും

സൂര്യാഘാതത്തെയും

നേരിട്ട്‌ വെയിലേൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. അന്തരീക്ഷത്തിൽ ചൂട് കൂടുതലായതിനാൽ സൂര്യാതപമേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോൾ വറ്റിവരണ്ടു ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, അസ്വസ്ഥമായ മാനസികാവസ്ഥ,​ അബോധാവസ്ഥ എന്നിവയുണ്ടാകുന്നു. ചൂട് മൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകളുണ്ടായാൽ അടിയന്തരമായി ഡോക്ടറെ കാണണം.

സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമാകുകയും ചെയ്യൽ, ബോധക്ഷയം എന്നിവയാണ് സൂര്യാതപമേറ്റുള്ള ശരീരശോഷണത്തിന്റെ ലക്ഷണങ്ങൾ. കൂടുതൽ സമയം വെയിലത്തു ജോലി ചെയ്യുന്നവർക്കാണ് സൂര്യാതപമേൽക്കുന്നത്. ശരീരം ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. സൂര്യാതപം തിരിച്ചറിഞ്ഞാൽ അടിന്തരമായി ഡോക്ടറെ കാണുക. പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളം കുടിച്ച് വിശ്രമിക്കണം.

പ്രതിരോധ മാർഗങ്ങൾ

 വെയിൽ സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക.

 യാത്രാവേളയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുട ഉപയോഗിക്കുക.

 ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം

 ദിവസവും രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കുക

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കുടിക്കുന്നത് ഉത്തമം

 വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക.

 വെയിലത്തു ജോലിചെയ്യേണ്ടി വരുന്നവർ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക

 കാറ്റ് കയറാനായി വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം

 കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാം.

കാർഷികമേഖല

ആശങ്കയിൽ

താപനില വർദ്ധിച്ചത് കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. കൃഷിയിടങ്ങളിലും വെള്ളത്തിന്റെ കുറവുണ്ട്. എല്ലായിടവും വരണ്ടുണങ്ങാനും തുടങ്ങി. അടുത്ത രണ്ടുമാസങ്ങളിൽ താപനില കൂടുതൽ ഉയരുമ്പോൾ കാർഷികമേഖലയിൽ ജലക്ഷാമം കൂടുമെന്ന ആശങ്കയിലാണ് കർഷകർ. ചൂട് കൂടിയതോടെ ജില്ലയുടെ പല ഭാഗത്തും പ്രത്യേകിച്ച് ചിറ്റൂർ, കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി, പാലക്കാട്, ചെർപ്പുളശേരി മേഖലകളിലെ ജലാശയങ്ങളും കിണറുകളും കുളങ്ങളും ഓരോന്നായി വറ്റിതുടങ്ങി. പോത്തുണ്ടി വലതുകര കനാലിന്റെ വാലറ്റപ്രദേശമായ കല്ലങ്കാട്ടിൽ, വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് പാടം വരണ്ടുണങ്ങി. നിലം വിണ്ടുകീറിയനിലയിലാണ്. ഉടനെ വെള്ളം ലഭിച്ചില്ലെങ്കിൽ നെൽച്ചെടികൾ ഉണങ്ങിനശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പാടശേഖരത്തിനുകീഴിൽ വരുന്ന ചിറ്റോട്, കല്ലങ്കാട് മേഖലയിലെ 50 ഏക്കറോളം പാടമാണ് ഉണക്കുഭീഷണി നേരിടുന്നത്. ആദ്യഘട്ടത്തിൽ കനാൽ തുറന്നപ്പോൾ ഇവിടേക്ക് വെള്ളം ലഭിച്ചിരുന്നു. രണ്ടാംതവണ വെള്ളത്തിന്റെ അളവ് കുറച്ചതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് കർഷകർ ആരോപിക്കുന്നു. വെള്ളം ലഭിച്ചില്ലെങ്കിൽ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുകയാണ് കർഷകർക്കുള്ള ഏക വഴി. ഇതിന് വലിയതുക വേണ്ടിവരും. പണംമുടക്കി മോട്ടോറടിച്ച് വെള്ളം പമ്പുചെയ്യാമെന്ന് വിചാരിച്ചാലും എല്ലാവർക്കും ഇതിനുള്ള സാഹചര്യമില്ല.

ജലക്ഷാമം രൂക്ഷമായ ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നവരും രംഗത്തുണ്ട്.

2019നു ശേഷം പുഴകളിൽ ക്രമാതീതമായി നീരൊഴുക്കു കുറഞ്ഞ് പുഴകൾ ഇടമുറിയുന്ന പ്രതിഭാസം ഈ വർഷവും ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഒരുപരിധി വരെ വരൾച്ചയെ തടഞ്ഞിരുന്ന പുഴകളിലെ തടയണകൾ ഏറെയും നശിച്ചതാണ് വെള്ളം ക്രമാതീതമായി കുറയാൻ കാരണം. മുൻപ് തടയണകൾ സംരക്ഷിക്കുന്നതിനു രൂപീകരിച്ച ജനകീയ കമ്മിറ്റികളും പലയിടങ്ങളിലും നിർജീവമാണ്. പലകയിട്ടാൽ വെള്ളം ലഭിക്കുമായിരുന്ന തടയണകളിൽ പലതും പലകയില്ലാത്തതിനാൽ നോക്കുകുത്തികളാകുന്നു. ഇതിനെല്ലാം പുറമേ കാട്ടുതീയും വില്ലനാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRAUGHT IN PALAKKADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.