SignIn
Kerala Kaumudi Online
Thursday, 25 April 2024 3.56 PM IST

റെയ്സീനയുടെ നായികയാകാൻ മയൂർഭഞ്ജിന്റെ മുർമു

droupadhi-murmu

ഒഡീഷയിലെ മയൂർഭഞ്ജ് ഇരുമ്പ് അയിരിന് പേരുകേട്ട സ്ഥലമാണ്. അന്നാട്ടുകാർക്കും കാരിരുമ്പിന്റെ കരുത്താണെന്ന് പറയാറുണ്ട്. ഒരുപക്ഷേ ഭാവിയിൽ മയൂർഭഞ്ജ് അറിയപ്പെടുക കാരിരുമ്പിന്റെ കരുത്തുള്ള ദ്രൗപദി മുർമു എന്ന ആദിവാസി നേതാവിന്റെ പേരിലാകും.

ചൊവ്വാഴ്‌ച വൈകിട്ട് ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചതോടെ മയൂർഭഞ്ജും ഒഡീഷ ഒട്ടാകെയും ആഘോഷത്തിലാണ്. അഞ്ചുവർഷം വൈകിയെന്നാണ് അവർ പറയുന്നത്. കാരണം 2017ൽ പ്രണബ് മുഖർജിയുടെ പിൻഗാമിയായി മുർമു റെയ്‌സീനക്കുന്നിൻ മുകളിലെ രാഷ്‌ട്രപതിഭവനിൽ ചരിത്രം കുറിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അന്ന് രാംനാഥ് കോവിന്ദിന് നറുക്കുവീണപ്പോൾ നിരാശരായ മയൂർഭഞ്ജുകാരുടെ പ്രതീക്ഷകൾ അഞ്ചുവർഷത്തിനിപ്പുറം പ്രകാശിച്ചു തുടങ്ങിയിരിക്കുന്നു.

വോട്ട്മൂല്യത്തിന്റെ തുലാസിൽ എൻ.ഡി.എയ്‌ക്ക് മുൻതൂക്കമുള്ളതിനാൽ മുർമു തിരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തങ്ങളുടെ നാട്ടുകാരിയായ മർമു രാഷ്‌ട്രപതിയാകുന്ന ആദ്യ ആദിവാസി വനിത, സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച രാഷ്‌ട്രപതി തുടങ്ങിയ ബഹുമതികളോടെ ചരിത്രം കുറിക്കുമെന്ന കാര്യത്തിൽ മയൂർഭഞ്ജുകാർക്ക് സംശയമൊന്നുമില്ല.

സമൂഹത്തിലെ പിന്നാക്കാവസ്ഥ അടക്കമുള്ള വെല്ലുവിളി മറികടന്ന ധീര വനിതയാണ് മുർമു എന്ന് അവർ കടന്നുവന്ന വഴികൾ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് ദശാബ്‌ദത്തിലേറെയായി ഒഡീഷ രാഷ്‌ട്രീയത്തിൽ, സർക്കാരിൽ, പൊതുപ്രവർത്തനത്തിൽ, അവർ നിറഞ്ഞു നിൽക്കുന്നു. ഭർത്താവും രണ്ടു മക്കളും അകാലത്തിൽ നഷ്‌‌ടപ്പെട്ടതിന്റെ ആഘാതമൊന്നും തളർത്തിയില്ല. 2017ൽ രാഷ്‌‌ട്രപതി സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിലും ജാർഖണ്ഡ് ഗവർണർ പദത്തിൽ അഞ്ചുവർഷം തികച്ച് റെക്കാഡ് സൃഷ്‌ടിച്ചു. ആദിവാസി വിഭാഗത്തിൽ നിന്നുള്ളആദ്യ വനിതാ ഗവർണർ, ഒഡീഷയിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ, അഞ്ചുവർഷം പൂർത്തിയാക്കിയ ഗവർണർ: എല്ലാം മുർമുവിന്റെ പേരിലുള്ള ബഹുമതികൾ.

അപ്പോഴും മുർമുവിനെ അടുത്തറിയുന്നവർ പറഞ്ഞു: അവർ ഇനിയും ഉയരെ എത്തും. രാഷ്‌ട്രപതി സ്ഥാനാത്ഥിയായി മുർമുവിന്റെ പേര് നിർദ്ദേശിക്കപ്പെട്ടപ്പോൾ മറ്റൊരു ചരിത്ര നിയോഗത്തിന് വേദിയൊരുങ്ങുകയാണ്.

ഇക്കുറി രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിച്ചിരുന്ന നേതാക്കളിൽ മുൻപന്തിയിലായിരുന്നു ദ്രൗപദി മുർമു. മയൂർഭഞ്ജിൽ 1958 ജൂൺ 20ന് ജനിച്ച മുർമുവിന്റെ 64-ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച. തൊട്ടടുത്ത ദിവസമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് അവർക്ക് പിറന്നാൾ വിരുന്നൊരുക്കിയത്.

പിന്നാക്കക്കാരായ കെ.ആർ. നാരായണനും രാംനാഥ് കോവിന്ദും ചരിത്രമെഴുതിയ രാഷ്‌ട്രപതിപദത്തിന് ആദിവാസി വനിതയെ സ്ഥാനാർത്ഥിയാക്കിയാൽ പ്രതിപക്ഷ പിന്തുണയും ലഭിക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. കൂടാതെ ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും താത്പര്യമുള്ള നേതാവുമാണ് ദ്രൗപദി മുർമു. ജാതിവിവേചനം ഇപ്പോഴും കൊടികുത്തി വാഴുന്ന ഉത്തരേന്ത്യയിൽ ആദിവാസി നേതാവ്, അതും വനിത പരമോന്നത പദവിയിലേക്ക് മത്സരിക്കുന്നത് വ്യക്തമായ ഒരു രാഷ്‌ട്രീയ സന്ദേശം കൂടിയാണ്.

മയൂർഭഞ്ജിലെ കുസുമി ബ്ളോക്കിൽ പിന്നാക്കഗ്രാമമായ ഉപാർബേഡയിൽ സന്താൾ ആദിവാസി ഗോത്രവിഭാഗത്തിൽ ജനിച്ച മുർമു സാമൂഹ്യ പിന്നാക്കാവസ്ഥ മറികടന്ന് വിദ്യാഭ്യാസം നേടി. പിതാവും മുത്തച്ഛനും ഗ്രാമ പ്രമുഖൻമാരായിരുന്നതിനാൽ പൊതുപ്രവർത്തനത്തിൽ ചെറുപ്പം മുതലേ അവർക്ക് കമ്പമുണ്ടായിരുന്നു. 1979ൽ ഭുവനേശ്വർ രമാദേവി വനിതാ സർവകലാശാലയിൽ നിന്ന് ബി.എ പൂർത്തിയാക്കിയ മുർമു ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ അസിസ്റ്റന്റ് ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്.

സംസ്ഥാന ജലസേചന വകുപ്പിലും ജോലി ചെയ്‌ത മർമു 1997ൽ രയ്‌രംഗ്പൂർ നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ രാഷ‌്‌ട്രീയത്തിൽ പ്രവേശിച്ചു. പഞ്ചായത്ത് ഉപാദ്ധ്യക്ഷയുമായി. 1997മുതൽ ബി.ജെ.പിയിലുണ്ട്. 2000ൽ രയ്‌രംഗ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ മുർമു ബി.ജെ.ഡി-ബി.ജെ.പി സർക്കാരിൽ ഗതാഗത, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുമായി. ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീൻ പട്നായിക്കുമായി അടുത്ത സൗഹൃദമുണ്ട്. 2004ൽ വീണ്ടും എം.എൽ.എയായി. ബി.ജെ.പി പട്ടികജാതി മോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷയായും തിളങ്ങി. ബി.ജെ.പി മയൂർബഞ്ച് ജില്ലാ പ്രസിഡന്റായിരിക്കെയാണ് 2015ൽ ജാർഖണ്ഡ് ഗവർണറായി നിയമിക്കപ്പെടുന്നത്.

ഭർത്താവ് പരേതനായ ശ്യാം ചരൺ മുർമു ഹൃദയാഘാതത്തെ തുടർന്നും 2009, 2012 വർഷങ്ങളിൽ രണ്ട് ആൺമക്കൾ അകാലത്തിലും മരിച്ചത് മുർമുവിന് കടുത്ത ആഘാതമേൽപ്പിച്ചെങ്കിലും അവർ തളർന്നില്ല. ബാങ്ക് ഉദ്യോഗസ്ഥയായ മകൾ ഇതിശ്രീ മുർമു റഗ്ബി താരമായ ഭർത്താവ് ഗണേശ് ഹെബ്രാമിനൊപ്പം ഭുവനേശ്വറിൽ താമസിക്കുന്നു.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവിനെ രാഷ്‌ട്രപതിയാക്കിയാൽ ബി.ജെ.പിക്ക് ലഭിക്കുന്ന രാഷ്‌ട്രീയ മൈലേജ് ഏറെയാണ്. ജാർഖണ്ഡിലെ ഏറ്റവും വലിയ ആദിവാസി ഗോത്ര വിഭാഗമാണ് മുർമു പ്രതിനിധീകരിക്കുന്ന സന്താൾ. ആദിവാസി വോട്ടുകൾ നിർണായകമായ അസാം, ത്രിപുര, ബീഹാർ, ഒഡീഷ, പശ്‌ചിമബംഗാൾ സംസ്ഥാനങ്ങളിലും ഈ സമുദായത്തിന് ഏറെ സ്വാധീനമുള്ളത് ബി.ജെ.പിക്ക് രാഷ്‌ട്രീയമായി ഗുണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRAUPADI MURMU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.