SignIn
Kerala Kaumudi Online
Friday, 19 April 2024 9.47 AM IST

സമര യൗവനങ്ങളു‌ടെ സംഗമം പത്തനംതിട്ടയിൽ

dyfi1

ഡി.വൈ.എഫ്.ഐയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാവുകയാണ്. ഏപ്രിൽ 27, 28, 29, 30 തീയതികളിൽ പത്തനംതിട്ട ടൗണിലാണ് സമ്മേളനം. ആദ്യമായാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ട വേദിയാകുന്നത്. അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഒരു ലക്ഷം യുവാക്കളുടെ റാലിയോടെ സമ്മേളനം സമാപിക്കും.

ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന സമ്മേളനം തൊടുപുഴയിലാണ് നടന്നത്. പിന്നീട് തിരുവനന്തപുരം, ആലുവ, എറണാകുളം, പാലക്കാട്, മഞ്ചേരി, കോട്ടയം, കാഞ്ഞങ്ങാട്, ആലുവ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തിരൂർ എന്നിവിടങ്ങളിലും നടന്നു. പതിനാലാം സംസ്ഥാന സമ്മേളനം കോഴിക്കോടാണ് നടന്നത്.

ജില്ലയിലെ സംഘടനാ ശക്തി കൂടി പരിഗണിച്ചാണ് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്നത്. 1043 യൂണിറ്റുകളും 105 മേഖലാ കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമായി രണ്ട് ലക്ഷത്തോളം യുവതീ യുവാക്കൾ ജില്ലയിൽ ഡി.വൈ.എഫ്.ഐയിൽ അംഗങ്ങളാണെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് യൂത്ത് സെന്റർ എന്ന പേരിൽ നഗരത്തിൽ ബഹുനില കെട്ടിടമുണ്ട്. കൊവിഡ് കാലത്ത് ഒരുലക്ഷം സ്‌നേഹക്കിറ്റുകളും കുരുന്നുകൾക്ക് അരലക്ഷം മധുരക്കിറ്റുകളും വിതരണം ചെയ്തു. 180 ടെലിവിഷനുകൾ നൽകി. 500 സ്‌നേഹവണ്ടികൾ നിരത്തിലിറക്കി. കരുതൽ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും ആരംഭിച്ചു. കൊവിഡ് ബാധിച്ച് മരിച്ച 689 ആളുകളുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രവർത്തകർ ശേഖരിച്ച ആക്രി സാധനങ്ങളും മീനും പച്ചക്കറിയും വസ്ത്രങ്ങളും വിൽപ്പന നടത്തിയും കൂലിപ്പണി ചെയ്തും ബിരിയാണി വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് 61,84,277 ലക്ഷം രൂപയാണ്. അഞ്ചു വർഷമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയപൂർവം പദ്ധതിയിലൂടെ എട്ട് ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തു. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് പത്തനംതിട്ടയിൽ നിന്ന് 500 യൂത്ത് ബ്രിഗേഡംഗങ്ങൾ സന്നദ്ധ സേവകരായെത്തി. ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങി നൽകി. പ്രസിഡന്റ് സംഗേഷ് ജി.നായരും സെക്രട്ടറി സതീഷ് കുമാറുമാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പടയണിയുടെയും പള്ളിയോടങ്ങളുടെയും നാട്ടിൽ സമര യൗവന സമ്മേളനത്തെ വരവേൽക്കാനുള്ള ആവേശത്തിമിർപ്പിലാണ് പ്രവർത്തകർ. 1001 അംഗം സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പത്തനംതിട്ടയിൽ ആരംഭിച്ചു. ബ്ളോക്ക്, യൂണിറ്റ് അടിസ്ഥാനത്തിൽ സമ്മേളന വിളംബരങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്തൊട്ടാകെ ഡി.വൈ.എഫ്.എെയിൽ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. സംസ്ഥാന സമ്മേളനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പാണ് ജില്ലയിൽ നടക്കുന്നത്. സെമിനാറുകൾ, പ്രദർശനങ്ങൾ, കലാപ്രകടനങ്ങൾ തുടങ്ങിയവർ ജില്ലയിൽ അരങ്ങേറും.

ചെലവിലേക്ക് ഒരു സ്വർണ മോതിരം

ഡി.വൈ.എഫ്.എെയുടെ ആദ്യകാല നേതാക്കളിൽ ഒട്ടേറെപ്പേർ പത്തനംതിട്ടയിലുണ്ട്. സംഘടനയോടുള്ള അവരുടെ ആത്മാർത്ഥതയും യൗവനകാലത്തെ സമര തീക്ഷ്ണതയും മനസിൽ ഇപ്പോഴും കോരിത്തരിപ്പിക്കുന്ന ഒാർമകളാണ്. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം സമ്മേളന വേദിയിൽ അത് പ്രകടമായി. ആദ്യ ജില്ലാ പ്രസിഡന്റ് മുൻ എം.എൽ.എ എ. പത്മകുമാറാണ്. സഖാക്കളായ പത്മകുമാറും മിനിയും വിവാഹിതരായപ്പോൾ പത്മകുമാറിന് ലഭിച്ച സ്വർണമോതിരം അദ്ദേഹം സമ്മേളനച്ചെലവിലേക്ക് സംഭാവന ചെയ്തു. സ്വാഗതസംഘം സമ്മേളന വേദിയിൽ അപ്രതീക്ഷിതമായാണ് അദ്ദേഹം കല്യാണമോതിരം ഉൗരി നൽകിയത്.

പത്തനംതിട്ടയിൽ ആദ്യമായി​ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ ഏറെ പ്രി​യപ്പെട്ടത് എന്തെങ്കിലും സംഭാവനയായി നൽകണമെന്ന് അദ്ദേഹം ആഗ്രഹി​ച്ചി​രുന്നു. ഭാര്യ മി​നി​യുമായി ആലോചിച്ച് തീരുമാനി​ച്ചാണ് വിവാഹമോതിരം നൽകി​യത്.

തി​രുവി​താംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എ.പത്മകുമാർ 1985 സെപ്തംബർ 16 നാണ് പ്രണയി​ച്ച് വിവാഹിതനായത്. ആറന്മുള സത്രത്തി​ലായി​രുന്നു വി​വാഹ ചടങ്ങ്. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാമകൃഷ്ണൻ മിനിയുടെ കയ്യിൽ മോതിരം നൽകിയി​ട്ട് 'ഇത് അവന്റെ കയ്യിൽ ഇട് ' എന്ന് പറഞ്ഞു. ആ മോതിരമാണ് ഇന്നലെ പത്മകുമാർ സംഭാവനയായി ഡി​.വൈ.എഫ്.എെയ്ക്ക് നൽകി​യത്.

1982 മുതൽ 1986 വരെ ജില്ലാ പ്രസിഡന്റ് ആയിരുന്നു ആറൻമുള കീച്ചംപറമ്പിൽ എ.പത്മകുമാർ. 1987 ആഗസ്റ്റ് 15 ലെ ദേശീയ ഐക്യത്തിനായുള്ള മനുഷ്യച്ചങ്ങലയായിരുന്നു മറക്കാനാവാത്ത സംഘാടനാനുഭവം. ശേഷം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി. കോന്നി​ മണ്ഡലത്തെ പ്രതി​നിധീകരി​ച്ച് നി​യമസഭയി​ലുമെത്തി​.

സ്വാഗതസംഘം സമ്മേളനം ഡി.വൈ.എഫ്.എെയിൽ തലമുറകളുടെ സംഗമം കൂടിയായി. ആയിരത്തോളം പ്രവർത്തകരാണ് യോഗത്തിനെത്തിയത്. അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളിൽ കരുതലായ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം ജില്ലയിൽ സമരസംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരമായി കാണുകയാണ് പത്തനംതിട്ടയിലെ പ്രവർത്തകർ. സമ്മേളനത്തിന്റെ വരവറിയിച്ച് ജില്ലയിലെങ്ങും ചുവരെഴുത്തുകൾ സജീവമായി.

ജില്ല അടുത്തകാലത്തായി ഇടതുപക്ഷത്തിനൊപ്പമാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷ എം.എൽ.എമാരാണ്. ജില്ലാ പഞ്ചായത്തും ആകെയുള്ള എട്ട് ബ്ളോക്ക് പഞ്ചായത്തുകളും ഇടതുപക്ഷം ഭരിക്കുന്നു. ഭൂരിഭാഗം ഗ്രാമപ്പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പം. ഇൗ നേട്ടങ്ങളുടെ പിന്നിലെ ഉൗർജ്ജവും വിയർപ്പും യുവജന പ്രസ്ഥാനങ്ങളുടേതാണ്. ഡി.വൈ.എഫ്.എെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിച്ചാണ് ഇടതുപക്ഷത്തെ വൻ വിജയത്തിലേക്ക് അടുപ്പിച്ചത്. അതിനുള്ള അംഗീകാരം സി.പി.എമ്മിൽ നിന്ന് ലഭിച്ചതിന്റെ ഫലമാണ് ഡി.വൈ.എഫ്.എെ കേന്ദ്ര കമ്മറ്റിയംഗം കെ.യു.ജനീഷ് കുമാർ കോന്നിയുടെ എം.എൽ.എയായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DYFI STATE CONFERENCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.