SignIn
Kerala Kaumudi Online
Saturday, 20 April 2024 3.43 AM IST

നുണക്കോട്ടകൾ പൊളിഞ്ഞു വീഴും

e-p-jayarajan

സ്വർണ്ണക്കടത്ത്, റിവേഴ്സ് ഹവാല, ഈന്തപ്പഴ വിതരണം എന്നീ കേസുകളുടെ ചർച്ചകളാണ് 2020 ജൂലായ് മുതൽ കേരളത്തിൽ സജീവമായിരുന്നത്. തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഈ പ്രചാരണത്തെ പുച്ഛിച്ചുതള്ളിയതോടെ അപ്രത്യക്ഷമായ ഈ കഥകൾ വീണ്ടും രംഗത്തെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽവന്ന ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കപ്പെട്ട പാഴ്സൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഏകദേശം 30 കിലോ സ്വർണ്ണം കണ്ടെത്തിയതിനെ തുടർന്നാണ് കേസുകളുടെ തുടക്കം. കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തെഴുതുകയും ചെയ്തു. തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം നടത്തി. എൻ.ഐ.എ തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ് പിന്മാറി. കസ്റ്റംസാകട്ടെ കുറ്റപത്രം നൽകി. ഇ.ഡിയെ ഉപയോഗപ്പെടുത്തി രാജ്യത്തുടനീളം രാഷ്ട്രീയനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയകഥകൾ രംഗപ്രവേശം ചെയ്യുന്നത്.

കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച പ്രശ്നം പൂർണമായും കേന്ദ്ര ഏജൻസികളുടെ പരിധിയിൽ വരുന്നതുകൊണ്ടാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചത്. കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോൺ ചെയ്തെന്ന പ്രചാരണം നടന്നത്. ഇപ്പോൾ കസ്റ്റംസിന്റെ കുറ്റപത്രത്തിൽ 'ഫോൺവിളി'യെക്കുറിച്ച് ഒരു പരാമർശവുമില്ല.
കസ്റ്റംസ് അന്വേഷണം മുന്നോട്ട് പോകവേ ബി.ജെ.പിയോട് ചേർന്ന് നിൽക്കുന്ന മാദ്ധ്യമപ്രവർത്തകനിലേക്ക് എത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ പുതിയ തിരക്കഥകൾ രൂപം കൊള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലം മാറ്റി. ഇതിനിടയിൽ നിർണായക വിവരങ്ങൾ ആരിൽനിന്നും ശേഖരിക്കേണ്ടിയിരുന്നോ, അവർ രാജ്യം വിട്ടുപോയി. ഈ സാഹചര്യത്തിൽ അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് സൂചിപ്പിച്ച് സംസ്ഥാന സർക്കാർ 2020 ഡിസംബർ 15 ന് കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇപ്പോഴും സ്വർണ്ണം ആര് അയച്ചു. ആരിൽ എത്തി എന്നതിന് ഉത്തരമായില്ല.
തിരുവനന്തപുരത്തെ യു.എ.ഇ. കോൺസലേറ്റ്, അവരുടെ ആവശ്യങ്ങൾക്കായി ഇറക്കുമതിചെയ്ത ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും വിതരണം ചെയ്തെന്ന വിവാദവും ഉയർന്നുവന്നു. ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കണമെന്നാണ് ചട്ടം. കസ്റ്റംസിന് നോട്ടീസ് നൽകി നികുതി പിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരിടപെടലിന്റെയും ആവശ്യമില്ല. ഇത് ചെയ്യാൻ അവർക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ കേന്ദ്ര വിദേശമന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഈന്തപ്പഴത്തിൽ സ്വർണ്ണക്കുരു എന്നിങ്ങനെ പ്രചാരണം തുടർന്നു. അതിന്റെ തുടർച്ചയായി വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം ഉയർത്തി.

ഇതിനിടയിലാണ് മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നൽകിയ ലൈഫ് മിഷനെ അഴിമതിയുടെ കരിനിഴലിലാക്കാനുള്ള തന്ത്രവുമായി വിവാദക്കാർ എത്തുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ളാറ്റ് സമുച്ചയം യു.എ.ഇ. റെഡ് ക്രസന്റ് സൗജന്യമായി വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നു. ഇതിനായി അവർ തന്നെ കരാർ നൽകി പണം ചെലവഴിച്ചു. ഈ പണമിടപാടുകളിൽ ചില കോൺസുലേറ്റ് ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങിയെന്ന ആരോപണം വന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോ എന്ന കാര്യം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണവും സംസ്ഥാന സർക്കാർ നടത്തി.
വിദേശത്തേക്ക് ഒരു കോൺസലേറ്റ് ഉദ്യോഗസ്ഥൻ കറൻസി കടത്തിയെന്ന ആരോപണം കസ്റ്റംസും ഇ.ഡി.യും അന്വേഷിച്ചു. ഇതിലും സംസ്ഥാന സർക്കാരിനെ ബന്ധിപ്പിക്കുന്ന ഒന്നുമില്ലായിരുന്നു. അതറിയാമായിരുന്നിട്ടും ഒരു യു.ഡി.എഫ് എം.എൽ.എ. (വടക്കാഞ്ചേരിയുടെ അന്നത്തെ ജനപ്രതിനിധി) സി.ബി.ഐ.ക്ക് പരാതി നൽകി. കേട്ടപാതി കേൾക്കാത്തപാതി സി.ബി.ഐ. ഇതിൽ എഫ്.ഐ.ആർ ഇട്ടു. എഫ്.ഐ.ആറിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു, സ്റ്റേയും ലഭിച്ചു. ഒടുവിൽ ഹൈക്കോടതി കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിധിയിൽ പറഞ്ഞു.
ഇതിനിടയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പേരുകൾ പറയാൻ തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെതെന്ന് അവർ പിന്നീട് സമ്മതിച്ച വോയ്‌സ് ക്ലിപ്പ് പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജ്യുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി പി.എം.എൽ.എ കോടതിക്ക് സി.ആർ.പി.സി. 195 (30) വകുപ്പ് പ്രകാരം വിഷയം പരിശോധിക്കാമെന്ന് ഉത്തരവിട്ടു, അതിനും ഇ.ഡി. തയ്യാറല്ല. അവർ സുപ്രീം കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങി. എഫ്.ഐ.ആർ റദ്ദാക്കിയതിനെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിട്ടുണ്ട്. ഇ.ഡി.ക്ക് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ തടസ്സമില്ലെന്നിരിക്കെ എന്തുകൊണ്ട് അന്വേഷണം പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നു? ഇത് വിവാദക്കാർ ചർച്ച ചെയ്യുന്നില്ല.
2020 ഡിസംബർ ആദ്യവാരം സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടന്നുവരവേ കസ്റ്റംസ് സ്വപ്ന സുരേഷിന്റെ 164 സി.ആർ.പി.സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്താൻ മുൻകൈയെടുത്തു. അതിൽ അവർ പറഞ്ഞതായുള്ള ചില കാര്യങ്ങൾ അന്നത്തെ കസ്റ്റംസ് കമ്മിഷണർ താൻ കക്ഷിയല്ലാത്ത കേസ്സിൽ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറഞ്ഞു. എന്നാൽ ഇതിൽ ഒരു തെളിവും കണ്ടെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് കഴിഞ്ഞില്ല. ഇവ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
164 പ്രകാരം രഹസ്യമായി നൽകിയതെന്ന് പറയുന്ന മൊഴി മാദ്ധ്യമങ്ങളോട് വിളിച്ചുപറയുന്നു. തുടർന്ന് പുതിയ കഥകളും കഥാപാത്രങ്ങളും ഉയർന്നുവരുന്നു. വീണ്ടും പഴയ നാടകങ്ങൾ ആവർത്തിക്കുന്നു. ഇവ ഏറ്റുപിടിച്ച് കോൺഗ്രസ്സും ബി.ജെ.പിയും കലാപവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നു.
തങ്ങളുടെ സമുന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇ.ഡി നോട്ടീസയച്ചിട്ടും അതിന്റെ പേരിൽ ഒരു പ്രകടനവും കേരളത്തിൽ കോൺഗ്രസ് നടത്തിയില്ല. അവരാണിപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ ഇറങ്ങിയിരിക്കുന്നത്. തുടർച്ചയായി മൊഴികൾ മാറ്റിപറഞ്ഞുകൊണ്ടിരിക്കുന്ന സ്വർണകള്ളക്കടത്ത് പ്രതിയാണ് പ്രധാന താരം. സഹായിയാവട്ടെ മറ്റൊരു സ്വർണകള്ളക്കടത്ത് പ്രതി. ഇവർക്ക് അഭയം നൽകിയതും തിരക്കഥ ഒരുക്കുന്നതും സംഘപരിവാറിന്റെ എൻ.ജി.ഒ. ചിത്രം വ്യക്തമായിട്ടും പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
രാജ്യദ്രോഹക്കുറ്റമെന്ന് തങ്ങൾ തന്നെ പലവട്ടം വിശേഷിപ്പിച്ച കേസിലെ പ്രതികൾക്ക് താവളവും സൗകര്യവും നൽകി നുണകൃഷി നടത്താൻ സംഘപരിവാർ തുനിയുന്നതെന്തിനാണ് ? പ്രതികൾക്ക് സഹായം നൽകുകയും കൂടെനിൽക്കുകയും ചെയ്യുന്ന പുതിയ അവതാരങ്ങൾ യു.ഡി.എഫിന് പ്രിയപ്പെട്ടവരാകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ഉത്തരം മനസിലാക്കാനുള്ള പ്രാപ്തിയുണ്ട്. നേരത്തെയും നാം അത് കണ്ടതാണല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E P JAYARAJAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.