SignIn
Kerala Kaumudi Online
Friday, 29 March 2024 4.05 AM IST

ഉയിർപ്പിന്റെ ഓർമ്മകളുമായി ഈസ്റ്റർ മുട്ടകൾ

easter-egg

രുചിയേറും കേക്കുകൾ മുറിച്ചും പുൽകൂടും ക്രിസ്മസ് ട്രീയും കൊണ്ട് ഭവനം അലങ്കരിച്ചുമാണ് ക്രിസ്തുവിന്റെ ജനനം മാലോകർ ആഘോഷിക്കുന്നത്. എന്നാൽ മരണത്തെ ജയിച്ചെത്തിയ, ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പെരുന്നാൾ 'ഈസ്റ്റർ' ആഘോഷിക്കുന്നത് ഈസ്റ്റർ അപ്പമുണ്ടാക്കിയും പൂക്കളും ഈസ്റ്റർ മുട്ടകളും കൈമാറിയുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഈസ്റ്ററിന് ഏറ്റവും പ്രധാനം ഈസ്റ്റർ മുട്ടകളാണ്. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഇൗസ്റ്റർ മുട്ട. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ചരിത്രം. ഈസ്റ്റർ കാലമായിക്കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം വിവിധ വർണങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ വില്പനയ്ക്കെത്തും. കുട്ടികളെപ്പോലെ മുതിർന്നവരിലും കൗതുകം നിറയ്‌ക്കുന്നവയാണ് ഈസ്‌റ്റർ മുട്ടകൾ. വീടുകളിൽ വയ്ക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിക്കാനും പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ഉപയോഗിക്കുന്നു. വീടുകൾ അലങ്കരിക്കാനായി പ്ലാസ്റ്റിക് കൊണ്ടുള്ള മുട്ടകൾ ഉപയോഗിക്കുമ്പോൾ, പഞ്ചസാരകൊണ്ടും ചോക്ലേറ്റുകൊണ്ടും തയാറാക്കുന്ന സ്വാദേറിയ മുട്ടകൾ കഴിക്കാം. നിരവധി രാജ്യങ്ങളിൽ ഈസ്‌റ്റർ ആഘോഷങ്ങൾക്ക് ഊഷ്മളത പകരുന്നതിൽ മുഖ്യപങ്കുണ്ട് ഈസ്‌റ്റർ മുട്ടകൾക്ക്.

വ്യത്യസ്ത വിശ്വാസങ്ങൾ അനവധി

ഇൗസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തും ഓരോ വിശ്വാസങ്ങളാണ്. മുട്ട എന്നത് പുരാതന കാലഘട്ടത്തിൽ പുതുജീവന്റെ ചിഹ്നമായിട്ടാണ് കണ്ടിരുന്നത്. വസന്തത്തെ വരവേൽക്കാനുള്ള പുരാതന പേഗൻ ആഘോഷങ്ങളുമായി മുട്ടയെ ബന്ധപ്പെടുത്തുന്നവരുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസം അനുസരിച്ച് ഈസ്റ്റർ മുട്ടകൾ, ക്രിസ്തുദേവന്റെ കല്ലറയും പുനരുത്ഥാനവും, ഉയർത്തെഴുന്നേല്പും പ്രതിനിധാനം ചെയ്യുന്നു. ആയിരക്കണക്കിനു വർഷം മുമ്പ് തന്നെ വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടകളുടെ പുറന്തോട് ചായങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഇത് പിന്നീട് വസന്തകാലത്തു നടക്കുന്ന ഇൗസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നു എന്നും പറയപ്പെടുന്നു.

ഇൗസ്റ്റർ ബണ്ണിയെന്ന് അറിയപ്പെടുന്ന മുയലുകളാണ് ഇൗ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 –ാം നൂറ്റാണ്ടു മുതൽ തന്നെ ഇൗസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പുരാതന കാലത്തെ മെസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഇൗസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇൗസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചു വയ്ക്കും. കുട്ടികൾ ഇത് കണ്ടുപിടിക്കും. ഇതുപോലെ ഇൗസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഇൗസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യാറുമുണ്ട്. പോളിഷ് നാടോടിക്കഥകൾ അനുസരിച്ച്‌ വിശുദ്ധ കന്യാമറിയം രാജ്യത്തെ സൈനികർക്ക്‌ മുട്ടകൾ സമ്മാനിക്കുകയും, ശത്രുക്കളോട് ദയ കാണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഈ സമയം കന്യാമറിയത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർത്തുള്ളികൾ മുട്ടകളിൽ ചിതറി വീഴുകയും അവ ഒരു വർണചിത്രമായി മാറിയെന്നുമാണ് വിശ്വാസം.

വൈറ്റ് ഹൗസിലും മുട്ട ആഘോഷം

കുട്ടികളാണ് ഇൗസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഇൗസ്റ്റർ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാൻ എഗ് റോളിങ്, എഗ് ഡാൻസിങ് പോലെ വിവിധ കളികളും ഇൗസ്റ്റർ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്. 1878 മുതൽ ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയിലെ വൈറ്റ് ഹൗസിൽ ഈസ്റ്റർ എഗ്ഗ്‌ റോൾ എന്ന ആഘോഷം സംഘടിപ്പിക്കുന്നു. ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയാണിത് നടത്തുന്നത്. വൈറ്റ് ഹൗസ് സൗത്ത് ലോണിൽ നടക്കുന്ന ആഘോഷത്തിൽ അമേരിക്കൻ പ്രസിഡന്റും ഭാര്യയും ആതിഥേയത്വം വഹിക്കും.

ഫ്രാൻ‌സിൽ എത്തുമ്പോൾ അലങ്കരിച്ച മുട്ടകൾ പാകം ചെയ്ത മുട്ടയായി മാറും. ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിലെ ഹോസ് നഗരത്തിൽ 4,500 മുട്ടകൾ ഉപയോഗിച്ച് ഭീമൻ ഓംലെറ്റ് ഉണ്ടാക്കുന്നു. ആയിരത്തിലധികം പേർക്ക് ഇത് കഴിക്കാനാകും.

മുട്ടകൾ ഉണ്ടാക്കുന്നതിങ്ങനെ

രണ്ടു വിധത്തിൽ ഇൗസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട പുഴുങ്ങിയെടുത്ത് പുറന്തോട് ചായങ്ങൾ കൊണ്ടോ വർണക്കടലാസുകൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഇൗസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റുകൊണ്ടും പഞ്ചസാരകൊണ്ടും മുട്ടകൾ നിർമ്മിച്ച് അലങ്കരിക്കാൻ തുടങ്ങി. പ്ലാസ്റ്റിക് മുട്ടകളും പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ച് ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിയും. ഇൗസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ് ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ്റൂട്ട്, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നൽകാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീടിത് കൃത്രിമ നിറങ്ങൾക്കു വഴിമാറി. യൂറോപ്യൻ രാജ്യങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈസ്റ്റർ മുട്ടകൾ സമ്മാനമായി നൽകാറുണ്ട്. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EASTER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.