SignIn
Kerala Kaumudi Online
Friday, 29 March 2024 9.11 PM IST

ആശങ്കയുടെ മലനിരകൾ

photo

ഒരിടവേളയ്ക്കുശേഷം മലനാട്ടിൽ പ്രത്യേകിച്ച് ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ജനങ്ങൾ വലിയ ആശങ്കയിലാണ്. കേന്ദ്ര -വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം പശ്ചിമഘട്ടം ഉൾപ്പെടെയുള്ള മലനിരകളിലെ സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ നിയന്ത്രണങ്ങൾ കൂടുന്നു. 1980 ലെ വനസംരക്ഷണ നിയമം, 1927ലെ ഇന്ത്യൻ വനനിയമം, 1972ലെ വന്യജീവി സംരക്ഷണ നിയമം എന്നിവയെല്ലാം കൂടുതൽ സജീവമായി ചർച്ചചെയ്യപ്പെടുകയാണ്. വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വീതിയിലുള്ള സ്ഥലം ബഫർ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽപ്പെട്ട ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളെയും ഇത് ബാധിക്കും. ബഫർ സോണിൽ വീടുവച്ച് താമസിക്കാനും കാർഷികവിളകൾക്കും ലംഘനമില്ല. വൻകിട കെട്ടിടങ്ങൾ, ടൗൺഷിപ്പുകൾ, ഖനനങ്ങൾ എന്നിവ അനുവദനീയമല്ല. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ സോളാർ വേലികൾ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവ തയ്യാറാക്കിയിട്ടുള്ളതും പ്രശ്നമാകാം.

പ്രദേശവാസികൾക്ക് ആവശ്യമുള്ള കൃഷികളും കാർഷികവിളകളും ആകാം. വ്യാവസായിക, വാണിജ്യാടിസ്ഥാനത്തിലുള്ളവയുടെ കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നു. മലഞ്ചരിവുകളിൽ ചിലതരം കാർഷിക വിളകൾക്കും നിയന്ത്രണങ്ങളുണ്ടായേക്കാം. വാണിജ്യസ്ഥാപനങ്ങൾ, വലിയ കെട്ടിടങ്ങൾ എന്നിവ ഒഴിവാക്കപ്പെടേണ്ടതാണ്.

യാത്രാ സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാകണം. ബഫർ സോണിൽ നഗരത്തിന്റെയോ അർദ്ധപട്ടണത്തിന്റെയോ രീതികളൊന്നും പാടില്ലെന്ന് സാരം. പരിസ്ഥിതി സംരക്ഷണത്തിന്റെ കാഴ്ചപ്പാടിൽ ഈ പറഞ്ഞ എല്ലാ നിയന്ത്രണവും നല്ലതാണ്. എന്നാൽ ജനജീവിതം പരിഗണിക്കേണ്ടി വരില്ലേ. താമസിക്കാൻ ഇടം വേണം. വികസനം ആവശ്യമാണ് , പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. ഇവിടെയാണ് സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ പ്രസക്തി.

എവിടെ തുടങ്ങി

പ്രശ്നങ്ങൾ ?

പണ്ട് നാട്ടിൽ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയുമൊക്കെ ഉണ്ടായിരുന്നപ്പോഴാണ് ജനങ്ങളിൽ ഒരു വിഭാഗം മലകളുടെ താഴ്വരകളിലേക്ക് കുടിയേറിയത്. അവർ കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പൊരുതി തന്നെയാണ് ജീവിതമാരംഭിച്ചത്.

മണ്ണിലദ്ധ്വാനിച്ച കർഷകർ നന്നായി പൊന്നുവിളയിച്ചു. കാപ്പിയും ഏലവും കുരുമുളകും ഇഞ്ചിയുമുൾപ്പെടെ നന്നായി കൃഷി ചെയ്തു ജീവിച്ചു.

കുടിയേറ്റ കർഷകർ വൻകിട നിർമ്മിതികൾക്ക് തുനിയുകയോ വ്യാപക വനനശീകരണം ഉണ്ടാക്കുകയോ ഖനനം നടത്തുകയോ ചെയ്‌തില്ല. കൃഷി മാത്രമായിരുന്നു പ്രധാന വരുമാനമാർഗം. കർഷകരുടെ മറവിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളും വൻകിട നിർമ്മിതികളും ഉണ്ടായപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ടൂറിസത്തിന്റെ പേരിൽ നടന്നത് പലതും പ്രകൃതിക്ക് പരിക്കേല്പിക്കുന്ന ഇടപെടലുകളായിരുന്നു. വൻകിട കെട്ടിട നിർമ്മാണരീതികൾ വനപ്രദേശങ്ങൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കപ്പെട്ടില്ല. കുറെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. സ്വാഭാവികമായും കുറെയധികം വനപ്രദേശങ്ങൾ മാറ്റപ്പെട്ടു. വന്യജീവികളുടെ ജീവിതത്തിനും ഭീഷണിയുണ്ടായി.
കാലാന്തരത്തിൽ വനസംരക്ഷണ വിഷയം കൂടുതൽ ചർച്ചയാകുമ്പോഴാണ് പുതിയ കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടിവരുന്നത്.

ജനവാസകേന്ദ്രങ്ങളും

ഉയരുന്ന ആശങ്കയും

ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ വനാതിർത്തികളിലും വന്യജീവി സങ്കേതങ്ങൾക്കു സമീപവും ധാരാളം ജനവാസ കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും അവർക്കും ബാധകമാണ്. ഇവിടെ വേണ്ടത് വൈകാരിക പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അല്ല, സമഗ്രവും ശാസ്ത്രീയവുമായ പരിഹാര മാർഗങ്ങളാണ്.

രാജ്യത്തെ പല നിയമങ്ങളും അതേപോലെ നടപ്പിലാക്കാൻ കഴിയുന്ന പ്രദേശങ്ങൾ നിലവിലുണ്ട്. അതേസമയം കേരളം പോലുള്ള ജനസാന്ദ്രമായ പ്രദേശങ്ങളിൽ പലതരം സങ്കീർണതകൾ നിലനില്ക്കുന്നുണ്ട്. ജനവാസമേഖലകളിൽ ജനജീവിതത്തിന് ഭീഷണിയുണ്ടാകുന്നതും ശരിയല്ല. ഇവിടെയാണ് പുതിയ വികസന കാഴ്ചപ്പാടുകളും നിർമ്മാണ രീതികളുമെല്ലാം അനിവാര്യമാകുന്നത്. കേരളത്തിലെ വനമേഖല സംരക്ഷിക്കേണ്ടത് ഇപ്പോൾ അവിടെ വസിക്കുന്നവരുടെ ദീർഘകാല നിലനില്പിന് ആവശ്യവുമാണ്. നിലവിൽ കാട്ടുപന്നികളുടെയും പുലികളുടെയും ആനകളുടെയും വരവ് താഴ്‌വാരങ്ങളിൽ ഭീതിയുണ്ടാക്കുന്നുണ്ട്.

ആഗോള താപനത്തിന്റെയും കാലാവസ്ഥ മാറ്റത്തിന്റെയും ഫലമായും കാട് എന്ന ആവാസ വ്യവസ്ഥയ്ക്ക് വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ജലഗോപുരങ്ങൾ കൂടിയാണ് മലനിരകൾ. അവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.

പ്രകൃതി സംരക്ഷണത്തിന് രാജ്യത്താകെ ഒരു നിയമം എന്ന രീതി മാറി പ്രാദേശിക പ്രത്യേകതകൾ കൂടി പരിഗണിക്കുന്ന സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ സമീപനങ്ങളും നിയമങ്ങളുമാണ് വേണ്ടത്. ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ള നിർമ്മിതികൾ ജനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് എങ്ങനെ നിലനിറുത്താമെന്ന് ചിന്തിക്കണം. പുതിയ നിർമ്മിതികൾ എവിടെയെല്ലാം, എങ്ങനെയെല്ലാം, എത്രമാത്രം എന്നൊക്കെ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്.

ഒന്നും തൊടാതിരിക്കണമെന്ന പരിസ്ഥിതിവാദവും എന്തെല്ലാം പറ്റുമോ അതെല്ലാം വേണമെന്ന വികസന സമീപനവും ഗുണകരമല്ല. പ്രകൃതിയെ സംരക്ഷിച്ചും ഒപ്പം വികസനം സാദ്ധ്യമാക്കിയുമുള്ള മുന്നോട്ടുപോക്കിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രാദേശിക ജനസമൂഹങ്ങൾ എന്നിവർക്ക് പ്രധാന പങ്കാണുള്ളത്. ജനങ്ങളെ ശത്രുപക്ഷത്ത് നിറുത്തി ഒറ്റ നിയമം കൊണ്ട് എല്ലാം നേടാനാവില്ല. ജനാധിപത്യപരമായ ചർച്ചകളും പരിപാടികളും ആവശ്യമാണ്.

വനം സംരക്ഷിക്കണം, പ്രകൃതി ദുരന്തങ്ങൾ പരമാവധി കുറയ്ക്കണം, വന്യജീവികളെ സംരക്ഷിക്കണം. അതേസമയം വനാതിർത്തികളിലെ ജനവാസ കേന്ദ്രങ്ങൾ ശാസ്ത്രീയമായി പുനരാവിഷ്കരിക്കുകയും വേണം. കാടടച്ചു വെടിവച്ചിട്ട് കാര്യമില്ല. പ്രശ്നങ്ങൾ വികേന്ദ്രീകൃതമാണ്. പരിഹാരവും അങ്ങനെതന്നെ വേണം.

ഇടുക്കി, വയനാട് ജില്ലകളിൽ സജ്ജമാക്കിയിട്ടുള്ള ടൗൺഷിപ്പുകളും നിർമ്മിതികളുമെല്ലാം എടുത്തുമാറ്റി ബഫർ സോണാക്കി വനപാലകർക്ക് കൈമാറേണ്ടിവരുമെന്ന ആശങ്ക വ്യാപകമാവുകയാണ്.

വിഷയത്തിൽ നിയമപരമായി എന്തൊക്കെ ചെയ്യാനാവുമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കണം. തത്കാലം എന്താശ്വാസം ലഭിച്ചാലും അതിന് ദീർഘായുസുണ്ടാകണമെന്നില്ല. പരിസ്ഥിതിയും വികസനവും ജനങ്ങൾക്കുവേണ്ടിയാണ്. പുതിയ കാലത്ത് അതിജീവനത്തിന്റെ പുതിയ വഴികൾ തേടേണ്ടത് അത്യാവശ്യമാണ്.

(​പ​രി​സ്ഥി​തി​ ​ശാ​സ്ത്ര​ജ്ഞ​നും​ ​ ജ​ല​വി​ഭ​വ​വ​കു​പ്പ് ​ മു​ൻ​ ഡയറക്‌ടറുമാ​ണ് ​ലേ​ഖ​ക​ൻ ഫോ​ൺ​ ​:​ 9847547881)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ECO SENSITIVE ZONE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.