SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.24 PM IST

ഉദാരീകരണപാതയിൽ ഉന്നത വിദ്യാഭ്യാസം

teacher

ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്കരണത്തിന്റെ പാതയിലാണ്. ഈ മേഖലയിലെ ഗ്രോസ് ഇൻറോൾമെന്റ് റേഷ്യോ 2035-ഓടുകൂടി 50 ശതമാനം എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിഷ്കരണങ്ങളെന്നാണ് അനുമാനിക്കേണ്ടത്.

സ്വാതന്ത്ര്യാനന്തര ഭാരതം സാക്ഷ്യംവഹിച്ച ആദ്യത്തെ കമ്മിഷൻ തന്നെ ഡോ. എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മിഷൻ (1949) ആയിരുന്നു. യു.ജി.സി രൂപീകരണം അടക്കം സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച കമ്മിഷനായിരുന്നു അത്. തുടർന്ന് നിരവധി പരിഷ്കരണ നിർദ്ദേശങ്ങളുണ്ടായി. ചോയ്‌സ് ബെയ്‌സ്‌ഡ് ക്രെഡിറ്റ് സെമസ്റ്റർ സിസ്റ്റം 2006- 2007 മുതൽ യു.ജി.സി നിർദ്ദേശാനുസരണം കേരളത്തിലും നടപ്പിലാക്കി. ഈ പരിഷ്ക‌രണം പോലും യഥാർത്ഥ അർത്ഥത്തിൽ നടപ്പിലാക്കാനായിട്ടില്ല. തുടർന്നാണ് 2017ൽ യു.ജി.സി രാജ്യത്തുടനീളം ഉന്നതവിദ്യാഭ്യാസരംഗം Outcome Based Education ലേക്ക് മാറാൻ നിർദ്ദേശിക്കുന്നതും കരട് സിലബസ് പ്രസിദ്ധീകരിക്കുന്നതും. കേരളത്തിലെ ചില സർവകലാശാലകളെങ്കിലും പൂർണമായോ ഭാഗികമായോ ഇതിലേക്ക് മാറിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസനയം 2020 മുന്നോട്ടുവയ്ക്കുന്ന ഡിഗ്രിതല പഠന പുനഃസംഘാടനത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്കരണ നിർദ്ദേശങ്ങളെല്ലാം വന്നിട്ടുള്ളത്. അതിൽ ഉദാരീകരണ ഡിഗ്രിയും ഉൾപ്പെടും.

പുതിയ പരിഷ്കരണങ്ങൾ മുഴുവൻ മുന്നോട്ടുവയ്ക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കാൻ പോകുന്ന ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ മുന്നിൽക്കണ്ടാണ്. MOOC (Massive Open Online Course) അക്കാ‌ഡമിക് ക്രെഡിറ്റ് ബാങ്ക് ഉൾപ്പെടെ യു.ജി.സി പുറത്തിറക്കിയ ഏറ്റവും പുതിയ റഗുലേഷൻ അക്കാദമിക് ക്രഡിറ്റ് ബാങ്കിന്റേതാണ്.

അക്കാഡമിക് ക്രഡിറ്റ് ബാങ്ക്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോർത്തിണക്കി അയവുള്ളതും ഒന്നോ അതിലധികമോ വിഷയങ്ങളെ ചേർത്തും അക്കാദമിക് ക്രഡിറ്റുകൾ സമ്പാദിച്ച് പഠനവഴി കണ്ടെത്താൻ കുട്ടിയെ സഹായിക്കുന്നു ഇത്. ഇതുവഴി ഡിഗ്രിയോ ഡിപ്ളോമയോ പി.ജിയോ പി.ജി ഡിപ്ളോമയോ നേടാം. പ്രവേശനത്തിനും വിടുതലിനും വ്യത്യസ്ത വഴികൾ, ഏത് സമയത്തും എവിടെവച്ചും ഏത് ലെവലിലും പഠിക്കാൻ കഴിയുമെന്ന സൗകര്യമുണ്ട്. സ്വയം കോഴ്സ് ഡിസൈൻ ചെയ്യാൻ കഴിയുന്നതിനോടൊപ്പം ഉന്നതചിന്ത, വിമർശനാത്മകത, പുതിയ കണ്ടെത്തലുകൾ തുടങ്ങിയവയ്ക്ക് വലിയ സാദ്ധ്യതകളുമുണ്ട്.

ലക്ഷ്യങ്ങൾ

1. കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് കോഴ്സുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം.

2. കഴിവ്, വേഗത, സാമൂഹികാന്തരീക്ഷം എന്നിവയ്ക്ക് അനുസൃതമായ പഠനം.

3. വിദ്യാർത്ഥി കേന്ദ്രീകൃതമായ പഠനം ഉറപ്പുവരുത്തുന്നു

4. കൂടുതൽ പ്രവേശന കവാടങ്ങളും വിടുതൽ വഴികളും കുട്ടികൾക്ക് സൗകര്യം കൂട്ടുന്നു.

5. ജീവിതകാലം മുഴുവൻ പഠനം.

ആർക്കൊക്കെ അംഗമാകാം?

NAAC എ ഗ്രേഡ് നേടിയ സർവകലാശാലകൾക്കും സ്വയംഭരണ കോളേജുകൾക്കും എൻ.ബി.എ അക്രിഡിറ്റേഷൻ ലഭിച്ച സ്ഥാപനങ്ങൾക്കും , എൻ.ഐ.ആർ.എഫിൽ ആദ്യ 100ൽ ഉൾപ്പെടുന്നവയ്ക്കും ലോക റാങ്കിംഗിൽ 1000ൽ വന്ന സ്ഥാപനങ്ങൾക്കും അംഗമാകാം. ഓരോ കോഴ്സിന്റെയും ഫീസ് സ്ഥാപനങ്ങളാണ് നിശ്ചയിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾ നിശ്ചിത ഫീസ് സർക്കാരിനും നൽകണം.

എബിസിയുടെ പ്രവർത്തനം

ഓരോ കോഴ്സിനും നിശ്ചിത ക്രഡിറ്റുകൾ തീരുമാനിച്ച് ക്രഡിറ്റുകൾ നേടുന്ന മുറയ്ക്കാണ് ഡിഗ്രികൾ നൽകുന്നത്. ബിരുദം നേടാനാവശ്യമായ 'ക്രഡിറ്റി"ന് ഏത് വിഷയങ്ങൾ എവിടെ എങ്ങനെ പഠിക്കണമെന്ന് കുട്ടിക്ക് തീരുമാനിക്കാം.

ഒരു വർഷത്തെ പഠനത്തിനുശേഷം വിടുതൽ വാങ്ങുന്ന കുട്ടി 36- 40 ക്രഡിറ്റുകൾ നേടിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അർഹനായി.

72 മുതൽ 80 വരെ ക്രഡിറ്റ് നേടി രണ്ട് വർഷത്തിനുശേഷം വിടുതൽ ചെയ്യുന്ന കുട്ടിക്ക് ഡിപ്ളോമ സർട്ടിഫിക്കറ്റ് നേടാം.

108 മുതൽ 120 ക്രഡിറ്റ് വരെ നേടി മൂന്ന് വർഷത്തിനുശേഷം വിടുതൽ നേടുന്ന കുട്ടി ഡിഗ്രി സർട്ടിഫിക്കറ്റിന് അർഹനാകും.

നാല് വർഷത്തിനുശേഷം 144 മുതൽ 160 വരെ ക്രഡിറ്റ് നേടുന്ന കുട്ടിക്ക് ബിരുദ ഓണേർസ് സർട്ടിഫിക്കറ്റ് നേടാം.

പി.ജി തലത്തിൽ ഒരുവർഷം കഴിഞ്ഞ് പുറത്തുപോകുന്ന കുട്ടി 36 മുതൽ 40 വരെ ക്രഡിറ്റുകൾ നേടിയിട്ടുണ്ടെങ്കിൽ പി.ജി ഡിപ്ളോമ സർട്ടിഫിക്കറ്റിന് അർഹനായി.

72 മുതൽ 80 ക്രഡിറ്റ് വരെ രണ്ട് വർഷം കൊണ്ട് നേടുന്ന കുട്ടിക്കാണ് പി.ജി ഡിഗ്രി ലഭിക്കുക.

പരിമിതികൾ

നടപ്പിലാക്കിയ രാജ്യങ്ങളുടെ അനുഭവം അത്ര ആശാവഹമല്ല. കൊറിയൻ അനുഭവം ധാരാളം. വർഷങ്ങൾക്ക് മുമ്പ് നടപ്പിലാക്കിയ ഒന്നാണെങ്കിലും ഇപ്പോഴും അംഗീകാരത്തിന്റെ, വിശ്വാസത്തിന്റെ പ്രശ്നം അനുഭവപ്പെടുന്നു എന്നാണ് റിപ്പോർട്ട് Organisation of Economic Co-operation & Development Report Skill Stategy Diagnostic Report - 2015 പറയുന്നത്. അതിന്റെ അയവ് ഗുണമാണെങ്കിലും യോഗ്യതാ സ്വീകാര്യത വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു.

നമ്മുടെ രാജ്യത്ത് ഇപ്പോഴും ഉന്നതവിദ്യാഭ്യാസ GER 27 ശതമാനം മാത്രമാണ് . അക്കാദമിക് ക്രഡിറ്റ് ബാങ്ക് എ ഗ്രേഡ് സ്ഥാപനങ്ങൾക്ക് നിജപ്പെടുത്തുമ്പോൾ നമ്മുടെ പ്രാപ്യതാപ്രശ്നം സജീവമാകും, ഗുണകരമാകില്ല. സാമൂഹ്യ പിന്നാക്കാവസ്ഥയുള്ള കുട്ടികൾ ഇതിൽനിന്നും പുറംതള്ളപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. കാരണം ഇത് ഏറ്റെടുക്കാൻ കൂടുതൽ താത്പര്യം കാണിക്കുക സ്വകാര്യ സ്ഥാപനങ്ങളായിരിക്കും. അവർക്ക് സ്വന്തമായി ഫീസ് നിശ്ചയിക്കാനുള്ള അവസരവും ലഭിച്ചുകഴിഞ്ഞാൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു പുറമേ ബിരുദ കോഴ്സുകളിലും വലിയ കച്ചവട സാദ്ധ്യതകൾ തെളിയും. പുതുതലമുറ കോഴ്സുകൾ സജീവമാകും, പരമ്പരാഗത കോഴ്സുകൾ പിന്തള്ളപ്പെടും. ഈ സംവിധാനം നടപ്പിലാക്കുന്നത് കൂടുതലായും ഓൺലൈൻ സാദ്ധ്യതകളെ മുന്നിൽക്കണ്ടാകും. രാജ്യത്ത് ഭീകരമായ തോതിൽ ഇപ്പോഴും ഡിജിറ്റൽ ഡിവൈഡ് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികൾ ബഹുദൂരം പിന്തള്ളപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. മിശ്രിത പഠനരീതി കരട് യു.ജി.സി അവതരിപ്പിച്ചപ്പോൾ ഗൗരവമായ ചർച്ചകളുണ്ടായില്ലെന്നതും പ്രശ്നമാണ്.

(നിരീക്ഷണങ്ങൾ വ്യക്തിപരം)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.