SignIn
Kerala Kaumudi Online
Friday, 19 April 2024 6.29 PM IST

പാഠം ഒന്ന്, കുരുന്നുകളെ ഇരുട്ടത്ത് നിറുത്തരുത്

kindar

കാടും മലയും താണ്ടി കിലോമീറ്ററുകൾ നടന്നുവേണം സ്കൂളിലെത്താൻ, ഗ്രാമപ്രദേശങ്ങളിലൂടെ ബസ് സർ‌വീസുണ്ടെങ്കിലും അതിനായി കാത്തിരുന്നാൽ ക്ലാസ് മുടങ്ങുമെന്നത് മിച്ചം. സ്കൂളിലെത്തിയാൽ അവിടത്തെ സ്ഥിതി പരമദയനീയം. മലപ്പുറം ജില്ലയിലെ ആദിവാസി മേഖലയിലുള്ള സർക്കാർ സ്കൂളുകളുടെ അവസ്ഥയാണിത്. വർഷങ്ങളായി ഉൗർങ്ങാട്ടിരി ഒാടക്കയത്തെ യു.പി സ്കൂളും കിന്റ‌ർ ഗാർട്ടനും വെറ്റിലപാറയിലെ സർക്കാർ ഹൈസ്കൂളുമെല്ലാം അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടുകയാണ്. പൊതുവിദ്യാഭാസ യജ്ഞത്തിലൂടെ സ്കൂളുകൾ ഹൈ -ടെക്കാക്കിയെന്ന ഖ്യാതി പലതവണ സർക്കാർ അഭിമാനത്തോടെ പറഞ്ഞിരുന്നെങ്കിലും ഇത്തരം ചില സ്കൂളുകളെ കാണാതെ പോയിട്ടുണ്ട്. അതോ മനഃപൂർവം കാണാത്തതാണോ എന്നറിയില്ല.

കേരളത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്കൂളുകൾ വേറെയുമുണ്ട്. വീടിന്റെ മുൻവശത്ത് സ്കൂൾ ബസെത്തി ഹോണടിക്കുമ്പോൾ മാത്രം കുട്ടികൾ വീട്ടിൽ നിന്നിറങ്ങുന്ന കാഴ്‌ചയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ വാഹന സൗകര്യങ്ങളില്ലാത്തത് കാരണം വളരെ നേരത്തെ വീട്ടിൽ നിന്നിറങ്ങി ഒരുപാട് ദൂരം കൂട്ടുകാരുമൊത്ത് നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ ഇപ്പോഴുമുണ്ട്. സ്വകാര്യ ബസുകളിൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ അവരുടെ സ്കൂൾ കാലഘട്ടം മുഴുവൻ ബസ് ജീവനക്കാരുടെ പഴിയും ശകാരവും കേൾക്കണം. വിവിധ ബസ് സ്റ്റാൻഡുകളിൽ ചെന്നാൽ രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ ബസിൽ കയറാനായി വലിയ ക്യൂ നിൽക്കുന്നത് കാണാം. ഏറെനേരം വെയിലത്ത് ബസിനായി കാത്തിരിക്കുന്നവരുമുണ്ട്. ഉൗർങ്ങാട്ടിരിയിൽ സർക്കാർ നിർമിച്ച കിന്റർ ഗാർട്ടനടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്. പുതിയകാലത്തും കേരളത്തിലെ വിദ്യാർത്ഥികൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളിൽ വിദ്യ അഭ്യസിക്കുന്നുവെന്ന് പറഞ്ഞാൽ അമ്പരപ്പ് തോന്നുന്നില്ലേ.

പേരിനൊരു കിന്റർ ഗാർട്ടൻ

ആദിവാസി കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് 1996 ൽ ഉൗർങ്ങാട്ടിരി ഒാടക്കയത്ത് ഒരു കിന്റർ ഗാർട്ടൻ സ്ഥാപിച്ചത്. വർഷം 26 കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ കിന്റർ ഗാർട്ടനിൽ ഉണ്ടായിട്ടില്ല. ചെറിയ മക്കളല്ലേ, അടച്ചുറപ്പുള്ള ഒരു ജനലെങ്കിലും വെച്ചൂടെ എന്ന് ആരും ചോദിക്കും ഈ സ്ഥാപനം കണ്ടാൽ. വൈദ്യുതി പോലും ഇൗ കെട്ടിടത്തിൽ ഏർപ്പാടാക്കിയിട്ടില്ല. ടീച്ചറും കുട്ടികളും ഇരുട്ടത്തിരുന്നാണ് പഠനം. ജനലുകൾക്ക് പാളിയില്ലാത്തതിനാൽ പുറത്ത് നിന്നും കിട്ടുന്ന വെളിച്ചം മാത്രമാണ് ആശ്വാസം. എന്നാൽ ഉച്ചവെയിലിന്റെ ചൂട് കുട്ടികൾക്ക് താങ്ങാനാവില്ല. ടെറസായതിനാൽ ചൂടും കൂടുതലാണ്. വൈദ്യുതിയുണ്ടെങ്കിലല്ലേ ഫാനും വയ്ക്കേണ്ടതുള്ളൂ എന്നതാണ് മറ്റൊരു കാര്യം. കുരുന്നുകളുടെ വിനോദമാണ് കിന്റർ ഗാർട്ടനുകളുടെ പ്രധാന ലക്ഷ്യമെങ്കിലും കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ മുറ്റം പോലും ഇവിടെയില്ലെന്നതാണ് സത്യം. ഇനി കെട്ടിടത്തിനകത്ത് കളിക്കട്ടെയെന്ന് വെച്ചാൽ പരുക്കൻ നിലമായതിനാൽ വീണ് പരിക്കേൽക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

ഒാടക്കയം യു.പി സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിന്റർ ഗാർട്ടനിലിപ്പോൾ 16 വിദ്യാർത്ഥികളാണുള്ളത്. ആദിവാസി മേഖലയായ നെല്ലിയായി,കുരീരി,കൊടുമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ കിന്റർ‌ഗാർട്ടനിലെത്തുന്നത്. ഇത്ര വർഷമായിട്ടും കെട്ടിടത്തിന്റെ തേപ്പ് പണിപോലും പൂർത്തീകരിച്ചിട്ടില്ലെന്നത് ആരോട് പറയാനാണ് ? കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് സർക്കാർ ഫണ്ടുണ്ടെങ്കിലും കൈയിൽ ലഭിക്കണമെങ്കിൽ ഒരുപാട് കാത്തിരിക്കണമെന്നാണ് അദ്ധ്യാപിക സൂസമ്മ ജോസഫിന്റെ പരാതി. കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ഉച്ചഭക്ഷണ ഇനത്തിലേക്ക് അവസാനമായി ഫണ്ട് കിട്ടിയത്. ഗ്രാമപ്രദേശമായതിനാൽ സമീപത്തുള്ള ചെറുകിട കച്ചവടക്കാരാണ് ഉച്ചഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ കടം നല്കുന്നത്. കടം കൂടുമ്പോൾ ഇവർക്കും താങ്ങാൻ പറ്റില്ല. കിന്റർ ഗാർട്ടൻ നിർമിച്ചത് ഐ.ടി.‌ഡി.പിയാണെങ്കിലും തുടർന്നുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് പ്രൊപ്പോസൽ തരേണ്ടത് ഉൗർങ്ങാട്ടിരി പഞ്ചായത്താണെന്നാണ് ഐ.ടി.ഡി.പി പറയുന്നത്. ഇതുവരെ അത്തരമൊരു പ്രൊപ്പോസൽ പഞ്ചായത്ത് നൽകിയിട്ടില്ലത്രെ. എന്നാൽ പ്രൊപ്പോസൽ നൽകേണ്ടത് പഞ്ചായത്താണെന്നത് അറിയാത്ത മട്ടിലാണ് ഭരണസമിതി. ഭരണസമിതി യോഗത്തിൽ കാര്യം അവതരിപ്പിച്ചാൽ പ്രൊപ്പോസൽ നൽകാമെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ ഒാമന അമ്മാളിന്റെ വിശദീകരണം.

നടന്നെത്താനാണ് വിധി

മിക്ക സ്കൂളുകളിലും വിദ്യാ‌ർത്ഥികൾക്ക് യാത്ര ചെയ്യാനായി ഒന്നിൽക്കൂടുതൽ സ്കൂൾ ബസുകളുള്ളപ്പോൾ ഒാടക്കയം ഗവ.യു.പി സ്കൂളിൽ വാഹനസൗകര്യം തന്നെ ഇല്ലാത്ത സ്ഥിതിയാണ്. ആകെയുണ്ടായിരുന്ന ജീപ്പ് സൗകര്യം ഇല്ലാതായിട്ട് ഒന്നരവർഷമായി. ആദിവാസി മേഖലകളിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചെത്തേണ്ട പ്രയാസം കണക്കിലെടുത്ത് നിലമ്പൂർ ഐ.ടി.ഡി.പി (ഇന്റഗ്രേഡറ്റ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രൊജക്ട്) ഗോത്രസാരഥി പദ്ധതിയിലൂടെ വാഹനം ഏർപ്പാടാക്കിയിരുന്നു. കുറഞ്ഞകാലം പദ്ധതി മുന്നോട്ട് പോയെങ്കിലും പാതിവഴിയിൽ നിലച്ചു. കൊവിഡിന് ശേഷം സ്കൂൾ തുറന്നപ്പോൾ പദ്ധതി വീണ്ടും ആരംഭിക്കുമെന്നായിരുന്നു അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും പ്രതീക്ഷയെങ്കിലും പദ്ധതി പുനരാരംഭിക്കാനായിട്ടില്ല.

യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഒാടക്കയത്ത് ഹോസ്റ്റൽ സൗകര്യമുണ്ടായിരുന്നു. അതുമിപ്പോൾ ഇല്ലാതായ മട്ടാണ്. 1995 ലാണ് ആദിവാസി വിദ്യാർത്ഥികൾക്കായി നിലമ്പൂർ ഐ.ടി.ഡി.പി ഹോസ്റ്റൽ കെട്ടിടം നിർമിച്ചിരുന്നത്. എന്നാൽ വെറും മൂന്ന് വർഷം കൊണ്ട് കെട്ടിടം നിലംപൊത്തി. ഇതിനെത്തുടർന്ന് താത്‌കാലികമായി കുട്ടികളെ മറ്റൊരു വാടക കെട്ടിടത്തിൽ താമസിപ്പിച്ചിരുന്നെങ്കിലും ഉടമസ്ഥന്റെ ആവശ്യപ്രകാരം അതും ഒഴിയേണ്ടി വന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ മറ്റൊരു വീട് കണ്ടെത്തി ഐ.ടി.ഡി.പിയെ അറിയിച്ചെങ്കിലും താമസയോഗ്യമല്ലെന്നാണ് ഐ.ടി.ഡി.പി അധികൃതരുടെ വിലയിരുത്തൽ. ഹോസ്റ്റൽ സൗകര്യം ലഭിച്ചാൽ ഗോത്രസാരഥി പദ്ധതി ഇല്ലെങ്കിലും പ്രശ്നമില്ല. എന്നാൽ യാത്രാ സംവിധാനവും, താമസ സൗകര്യവുമില്ലാത്ത സ്ഥിതിയാണ്. ഇതുകാരണം പത്തിൽ കൂടുതൽ വിദ്യാർ‌‌ത്ഥികളാണ് സ്കൂളിൽ നിന്ന് ടി.സി വാങ്ങി പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

വെറ്റിലപ്പാറ സർക്കാർ ഹൈസ്കൂളിൽ കളിസ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. കായികപരമായ യാതൊരു പരിശീലനത്തിനും ഇവർക്ക് മതിയായ മൈതാനമില്ല. സ്കൂൾ കായിക മത്സരങ്ങളെല്ലാം നടക്കുന്ന തെരട്ടമ്മൽ മൈതാനത്തെയാണ് ഇവർ പരിശീലനങ്ങൾക്കായി ആശ്രയിക്കാറുള്ളത്. ഏറെദൂരം സഞ്ചരിക്കണമെന്നതിനാൽ വല്ലപ്പോഴും മാത്രമേ പരിശീലനം സാദ്ധ്യമാവൂ. സ്കൂളിന് പിറക് വശത്തായി ഏക്കറുകണക്കിന് പുറമ്പോക്ക് ഭൂമിയുണ്ട്. ഇതിൽ നിന്നും കുറച്ച് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് സ്കൂളിന് നൽകിയാൽ പ്രശ്നത്തിന് പരിഹാരമാവും. അതേസമയം ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകൾ മികവുറ്റതായി മാറിയെന്ന് സർക്കാ‌ർ അഭിമാനത്തോടെ പറയുമ്പോൾ ഇങ്ങനെയും ചില സ്ഥാപനങ്ങളുണ്ടെന്നുള്ളത് ഗൗരവത്തിലെടുക്കണം. പുതിയകാലത്ത് മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ കൂടുതൽ മികവിലേക്ക് ഉയരുമ്പോൾ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംവിധാനങ്ങളും അടിമുടി മാറേണ്ടതുണ്ട്. അതിനായി പ്രാദേശികതലത്തിൽ നിന്ന് പഠനം നടത്തണം. വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന അറിവും അനുഭവവും കേരള ജനതയ്‌ക്കുണ്ടെന്നുള്ളത് വാസ്തവമാണ്. അതിനായി ജനങ്ങളും സർക്കാരും ഒരുപോലെ പരിശ്രമിക്കുമ്പോൾ മാത്രമേ നമുക്കും ബഹുദൂരം മുമ്പിലെത്താൻ സാധിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION OF TRIBAL CHILDREN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.