SignIn
Kerala Kaumudi Online
Friday, 29 March 2024 4.20 PM IST

പാഠമൊരുക്കാം, ഭാവിക്ക് വേണ്ടി

photo

പുത്തൻസാങ്കേതിക വിദ്യയിലും പുതുതലമുറയുടെ മാറുന്ന അഭിരുചിയിലും സാമൂഹ്യബോധത്തിലും അധിഷ്ഠിതമായ പാഠ്യപദ്ധതിക്കാണ് മുൻഗണന നൽകുകയെന്ന് നമ്മുടെ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
കുട്ടിക്ക് നാളെ എന്ത് പ്രയോജനമുണ്ടാകും എന്നുകൂടി കണക്കുകൂട്ടി വേണം പാഠ്യപദ്ധതി തീരുമാനിക്കാൻ. നമ്മുടെ കുട്ടികളെല്ലാം നാളെയുടെ നാഴികക്കല്ലുകളാണ്. ഈ അവസരത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള അദ്ധ്യാപകനെന്ന നിലയിൽ കുറച്ച് ആശയങ്ങൾ വിദ്യാഭ്യാസവകുപ്പിന് മുന്നിൽ സമർപ്പിക്കുകയാണ്.


സാമൂഹ്യ

വീക്ഷണത്തോടെ


നമ്മുടെ സ്‌കൂളുകളിൽ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, നേച്ചർ ക്ലബ്, ഒ.ആർ.സി തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഒരു നിശ്ചിത ശതമാനം കുട്ടികളിൽ ഒതുങ്ങി പോവുകയാണ് പതിവ്. എന്നാൽ യു..പി ക്ലാസുമുതൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഇവയിൽ ഏതെങ്കിലുമൊന്ന് പാഠ്യപദ്ധതിയുമായി കൂട്ടിചേർക്കണം.


ശുചിത്വവും

ആരോഗ്യ ചിന്തകളും

ചെറിയ ക്ലാസുകൾ മുതൽ കുട്ടികൾ പഠിക്കേണ്ട, അനുവർത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അത് വീട്ടിൽത്തന്നെ തുടങ്ങേണ്ടതാണെങ്കിലും ആരോഗ്യകാര്യങ്ങളും ശുചിത്വപാഠങ്ങളുംപാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം. പുതിയ ഭക്ഷ്യസംസ്‌കാരം പുതിയ തലമുറയെ രോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്. ഫാസ്റ്റ് ഫുഡ് തൊണ്ണൂറ് ശതമാനം കുട്ടികളുടെയും ഇഷ്‌ടഭക്ഷണമാണ്. അതിനാൽ പുതുതലമുറയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മലാശയ കാൻസറാണെന്ന ആരോഗ്യ വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണണം. നല്ല ഭക്ഷണം തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ അറിഞ്ഞിരിക്കണം. അതിനായി ആരോഗ്യവിദഗ്ദ്ധരുടെ വിവരണങ്ങൾ ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങളിൽത്തന്നെ ഉൾപ്പെടുത്തുക .


ലഹരിയിൽ

താളംതെറ്റുമ്പോൾ

നമ്മുടെ കുട്ടികൾക്കായി ലഹരിമാഫിയ പതിയിരിപ്പുണ്ട്. സ്കൂൾകുട്ടികളും ലഹരിവസ്തുക്കളുടെ വാഹകരായി മാറുന്നുണ്ട്.
കേരളത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ലഹരിയുടെ ദൂഷ്യവശങ്ങൾ വരച്ചുകാട്ടി പുതുതലമുറയെ രക്ഷിക്കണം. അതിനായി യു.പി പാഠപുസ്തകങ്ങളിലെങ്കിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്തഫലങ്ങൾ അനുഭവിച്ചവരെക്കുറിച്ച്, അതിൽനിന്നും മുക്തരായവരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്താം.

ഗതാഗതബോധം

ചെറുപ്പത്തിലേ

കേരളത്തിലെ കുട്ടികളിൽ അറുപതു ശതമാനവും പതിനെട്ട് വയസ്സ് പൂർത്തിയാകും മുൻപ് ടൂവീലറോ ഫോർ വീലറോ ഉപയോഗിച്ചു കൊണ്ട് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗവും വാഹനം ഉപയോഗിക്കുന്നത് രക്ഷിതാക്കൾ അറിയാതെയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്ന് പൊതുനിരത്തിൽ ന്യൂജെനറേഷൻ ബൈക്കുകളുടെ മരണപ്പാച്ചിൽ തലവേദനയായി മാറിയിരിക്കുകയാണ്. ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയും ലഹരിയുടെ ഉപയോഗിച്ചും അതിന്റെ കൈമാറ്റക്കാരായും പുതുതലമുറ ജീവിതം ആഘോഷിക്കുന്നു. ഇതിന് കണിഞ്ഞാണിട്ടില്ലെങ്കിൽ നമ്മുടെ പുതുതലമുറ പാതിയിൽ പൊലിയുന്ന കാഴ്ച നാം കാണേണ്ടിവരും.

പൊതുനിരത്തിൽ എങ്ങനെ യാത്രചെയ്യണമെന്നും എങ്ങനെ വാഹനമോടിക്കണമെന്നും, മറിച്ചായാൽ എന്തെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ചെറിയക്ലാസിൽ തന്നെ കുട്ടികളെ ബോധവത്കരിക്കുക. അതിനായി പ്രൈമറി ക്ലാസ് മുതൽ ഗതാഗത നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. നിരത്തുകളിൽ യാത്രചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവന് തന്റെ ജീവന് തുല്യമായ വിലയുണ്ടെന്നും തന്നെപ്പോലെ മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നുമുള്ള ബോധം ഇവരിൽ ചെറുപ്രായത്തിൽത്തന്നെ ഉണ്ടാക്കിയെടുക്കണം.


ലൈംഗികവിദ്യാഭ്യാസം

അനിവാര്യം

ലൈംഗിക വിദ്യാഭ്യാസം ഏഴാം ക്ലാസ് മുതലെങ്കിലും നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറുപ്രായത്തിൽ തന്നെ ഓരോ കുട്ടിയേയും നല്ല സ്പർശനവും മോശംസ്പർശനവും ബോദ്ധ്യപ്പെടുത്തുക. ഓരോ പ്രായത്തിലും ലൈംഗികതയെക്കുറിച്ച് അവർ ആർജിക്കേണ്ട അറിവനുസരിച്ച് വേണം ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കാൻ. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ എതിർലിംഗത്തിലുള്ളവരെ ബഹുമാനിക്കാൻ കുട്ടികൾ ശീലിക്കും.


സാമ്പത്തിക

അച്ചടക്കം

അനാവശ്യമായ ആർഭാടങ്ങളും ധൂർത്തും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പല രക്ഷിതാക്കളും കുട്ടികളെ വള‌ർത്തുന്നത്. ഇത് കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും. ഓരോ കുട്ടിയും ചെറുപ്രായത്തിൽ തന്നെ കുടുംബത്തിലെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞു തന്നെയാണ് കുട്ടികൾ വളരേണ്ടത്. അതിനായി കുടുംബ ബഡ്ജറ്റുകൾ തയാറാക്കുന്നതിൽ ചെറുപ്പത്തിലേ കുട്ടികളെയും പങ്കാളികളാക്കുക. ഇത് രൂപയുടെ മൂല്യവും പ്രാധാന്യവും മനസിലാക്കാൻ കുട്ടികളെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.


തൊഴിലധിഷ്ഠിത
പാഠ്യപദ്ധതി


പുതിയ പാഠ്യപദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട ഒന്നാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഹൈസ്‌കൂൾ ക്ലാസുകളിൽ കുട്ടികളുടെ താത്‌പര്യം കണക്കിലെടുത്ത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകണം. സോഷ്യൽ മീഡിയയുടെ ആവീർഭാവത്തോടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി കുട്ടികളെക്കുറിച്ച് നാം അറിയുന്നുണ്ട്. വിവിധ നിർമ്മാണ പ്രവൃത്തികൾ, കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ, കലാരംഗങ്ങളിൽ തിളങ്ങുന്നവർ, അലങ്കാര മത്സ്യങ്ങൾ വളർത്തുന്നവർ എന്നിവരെല്ലാം നമുക്ക് ചുറ്റുമുണ്ട്. കുട്ടികളുടെ താത്പര്യം അനുസരിച്ചുള്ള മേഖലകളിലേക്ക് വഴിതിരിച്ചു വിടുന്നതായിരിക്കണം വിദ്യാഭ്യാസം.

വേണം

കൃഷിപാഠം

കാർഷിക സംസ്‌കാരം നമ്മുടെ കുട്ടികളിൽ തിരിച്ചു കൊണ്ടുവരണം. ആഴ്ചയിൽ ഒരു പീരീഡ് കൃഷിപാഠത്തിനായി മാറ്റിവെയ്ക്കാം. വിവിധ കാർഷികവിളകൾ, കർഷകർ നേരിടുന്ന പ്രതിസന്ധികൾ, കാലാവസ്ഥാ വ്യതിയാനം, എന്നിവ കൃഷിപാഠത്തിൽ ഉൾപെടുത്താം. പഠനത്തിന്റെയും പരീക്ഷകളുടെയും സമ്മർദ്ദത്തിൽ നിന്ന് മുക്തരാകാനും ഭാവിയിൽ മികച്ച കർഷകരാകാനും കൃഷിപാഠങ്ങൾ കുട്ടികളെ സഹായിക്കും.



( ലേഖകൻ ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ് എസിലെ അദ്ധ്യാപകനും ബാലാവകാശ പ്രവർത്തകനുമാണ്
ഫോൺ - 9496241070

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION POLICY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.