SignIn
Kerala Kaumudi Online
Friday, 29 March 2024 11.59 AM IST

വോട്ട് എന്ന അവകാശവും ശക്തിയും

dddd

ജനഹിതമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഹിതപരിശോധന വഴി ഇന്ത്യൻ ജനാധികാരശക്തി ഉറപ്പിക്കുന്ന സംവിധാനക്രമമാണ് തിരഞ്ഞെടുപ്പുകൾ. ലോക് സഭയിലേക്കും നിയമസഭകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിന് തുല്യമായ പ്രാധാന്യമാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും ഉള്ളത്. വോട്ട് രേഖപ്പെടുത്താൻ മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് ഭരണസംവിധാനത്തിന്റെ ചുക്കാൻ പിടിക്കാനും പൗരന് ഭരണഘടന അവസരം നല്‌കുന്നു. വോട്ട് രേഖപ്പെടുത്തൽ നമ്മുടെ അവകാശവും ശക്തിയുമാണ് . ഇന്ത്യൻ ഭരണഘടനയുടെ 73,74 ഭേദഗതികൾ വഴിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിച്ചത്.

ഗ്രാമതലത്തിൽ ത്രിതല സംവിധാനങ്ങളായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരതലത്തിൽ മുനിസിപ്പാലിറ്റികളിലേക്കും കോർപ്പറേഷനുകളിലേക്കും ഉള്ള അംഗങ്ങളെയും ആസൂത്രണ പ്രക്രിയയ്‌ക്ക് ചുക്കാൻ പിടിക്കുന്ന ജില്ലാ ആസൂത്രണ സമിതികളിലേക്കുള്ള അംഗങ്ങളെയും മേധാവികളെയും വിവിധ കമ്മിറ്റികളെയും തിരഞ്ഞെടുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സ്വതന്ത്ര സംവിധാനമായിട്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാപിതമായത് 1993 ഡിസംബർ മൂന്നിനാണ് . പാർലമെന്റ് /അസംബ്ലി തിരഞ്ഞെടുപ്പുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുള്ള അധികാരവും പദവിയും തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷനു വേണ്ടി രൂപീകരിക്കുന്ന ഡീലിമിറ്റേഷൻ കമ്മിഷന്റെ ചെയർമാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ്.
തിരുവനന്തപുരത്ത് വികാസ് ഭവനും നിയമസഭാ മന്ദിരത്തിനും സമീപത്തായി നിർമ്മിച്ച കമ്മിഷന്റെ ആസ്ഥാന മന്ദിരം കഴിഞ്ഞവർഷം മേയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 1995 ലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പ് 2000 ത്തിലും. തുടർന്ന് ഓരോ അഞ്ചുവർഷം തോറും കൃത്യമായി തിരഞ്ഞെടുപ്പ് നടത്തി.
അഞ്ചു വർഷത്തിലൊരിക്കൽ പൊതുതിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല കമ്മിഷന്റെ ചുമതല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു ശേഷം 47 വാർഡുകളിലുണ്ടായ ആകസ്മിക ഒഴിവുകൾ ഉപതിരഞ്ഞടുപ്പിലൂടെ നികത്താൻ നടപടികൾ സ്വീകരിച്ചു. തദ്ദേശസ്ഥാപനങ്ങളിലുണ്ടാകുന്ന ആകസ്മിക ഒഴിവുകൾ ആറുമാസത്തിനുള്ളിൽ നികത്താനുള്ള നടപടിയാണ് കമ്മിഷൻ സ്വീകരിക്കുന്നത്. കൂറുമാറ്റം സംബന്ധിച്ച പരാതികളിൽ യഥാസമയം തീർപ്പുകല്‌പിക്കുന്നതിനും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകൾ യഥാസമയം സമർപ്പിക്കാത്ത സ്ഥാനാർത്ഥികളെ അയോഗ്യരാക്കാനുള്ള നടപടികളും കമ്മിഷൻ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
കമ്മിഷന്റെ പ്രവർത്തനങ്ങളിൽ വിവരസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമാക്കുന്നതിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. ഇലക്ടറൽ റോൾ മാനേജ്‌മെന്റ് സിസ്റ്റം, പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനുള്ള ഇ - ഡ്രോപ്പ്, തിരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുന്ന ട്രെൻഡ്, തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള പോൾ മാനേജർ, തുടങ്ങിയ സോഫ്റ്റ് വെയറുകൾ കമ്മിഷൻ പ്രാബല്യത്തിലാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ പ്രസക്തഭാഗങ്ങൾ, സ്ഥാനാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മാർഗനിർദ്ദേശങ്ങൾ, ഡയറക്ടറി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ഷൻ ഗൈഡും, പരിശീലനത്തിനും യോഗങ്ങൾക്കുമായി വീഡിയോ കോൺഫറൻസ് സൗകര്യവും കമ്മിഷന്റെ പുതിയ സംരംഭങ്ങളാണ്.
കമ്മിഷന്റെ വിവിധ വെബ് സൈറ്റുകൾ ഏകീകരിച്ച് പുതുക്കിയ വെബ് സൈറ്റ് ഉടൻ നിലവിൽ വരും. വിവിധ മൊബൈൽ ആപ്പുകളും തയ്യാറാക്കുന്നുണ്ട്. ഇതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും ലളിതവും കുറ്റമറ്റതുമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും മറ്റ് വികസന ആവശ്യങ്ങൾക്കും കൃത്യതയുള്ള ഭൂപടങ്ങൾ അനിവാര്യമാണ്. സർവേ വകുപ്പ് മുഖാന്തരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 2010 ലെയും 2015 ലെയും ഡീലിമിറ്റേഷൻ കമ്മിഷനുകൾ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് അനുസൃതമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ഐ.കെ.എമ്മുമായി ചേർന്ന് സംസ്ഥാന ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വാർഡുകളുടെ അതിർത്തികൾ കൃത്യമായി ഈ ഡിജിറ്റൽ ഭൂപടങ്ങളിൽ രേഖപ്പെടുത്താനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. 18 വയസ് കഴിഞ്ഞ യോഗ്യരായ മുഴുവൻ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനും തിരഞ്ഞെടുപ്പുകളിൽ പരമാവധി പോളിംഗ് ഉറപ്പുവരുത്താനുമുള്ള നടപടികളുമുണ്ടാകും.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും. തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനാഭിപ്രായം തേടിയിരുന്നു. ലഭിച്ച നിർദ്ദേശങ്ങളിൽ പ്രായോഗികമായവ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പ്രവൃത്തിപഥത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ സുതാര്യവും ലളിതവും കാര്യക്ഷമവുമാക്കുന്നതിന് വിവരസാങ്കേതികവിദ്യ കൂടുതൽ സഹായിക്കും.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കും സാമൂഹ്യനീതിക്കും അടിസ്ഥാനം പ്രായപൂർത്തി വോട്ടവകാശമാണ്. ഇത് നേടാനും ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള വിവേകം വോട്ടർമാർ പ്രകടിപ്പിക്കുന്നതിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇക്കാര്യത്തിൽ ഭരണഘടനയുടെ അടിത്തറയിലൂന്നി പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ട ഏവരുടെയും സഹകരണം ഉറപ്പുവരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണ്.

( ലേഖകൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറാണ് )​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION COMMISSION KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.