SignIn
Kerala Kaumudi Online
Thursday, 25 April 2024 8.48 PM IST

സംവരണവിധി: പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക ഉയരുന്നു

photo

മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതിവിധി രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, ഭാവിയിലെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് പേരുടെ വിയോജിപ്പിനെതിരെ മൂന്ന് പേർ അനുകൂലിച്ച ഭൂരിപക്ഷ വിധിയാണുണ്ടായത്. വിരമിച്ച ചീഫ്ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടുമാണ് പിന്നാക്ക, പട്ടികവിഭാഗങ്ങളെ മാറ്റി നിറുത്തിയ ഭരണഘടനാ ഭേദഗതിയെ എതിർത്തത്. ഇവർ ഇരുവരുടെയും വ്യത്യസ്ത അഭിപ്രായം നേരിയ പ്രതീക്ഷ നൽകുന്നു എന്ന് മാത്രമാണ് ഏക ആശ്വാസം. പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ സംഘടനകൾ സുപ്രീം കോടതി വിധിയ്ക്കെതിരെ റിവ്യു ഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ സംവരണം 50 ശതമാനം കവിയാൻ പാടില്ലെന്ന് സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി നിലവിലുണ്ട്. ഇപ്പോൾ സംവരണം 60 ശതമാനമാക്കിയ കേന്ദ്രസർക്കാർ തീരുമാനം കോടതി ശരിവച്ചിരിക്കുന്നു. ഈ വിധികൾ പരസ്പര വിരുദ്ധമാണെന്ന അഭിപ്രായവും ഉയർന്നു കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കാൻ 2019 ൽ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതിക്ക് നിയമസാധുത നൽകുന്ന വിധിയാണ് തിങ്കളാഴ്ച സുപ്രീം കോടതിയിൽ നിന്നുണ്ടായത്. സംവരണത്തിന് സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് പുറമെ സാമ്പത്തിക സ്ഥിതികൂടി മാനദണ്ഡമായി ഉറപ്പാക്കുന്ന വിധിയാണിത്.

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന ജാതിസംവരണത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് സാമ്പത്തിക സംവരണമെന്നായിരുന്നു സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. ദാരിദ്ര്യം മാറ്റാനുള്ള പോംവഴി സംവരണമല്ല. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽത്തന്നെ അതിൽ നിന്ന് പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളെ മാറ്റി നിറുത്തുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതിക്കും സമത്വത്തിനും കടകവിരുദ്ധമാണെന്നും ഹർജിക്കാ‌ർ വാദിച്ചു. പിന്നാക്ക പട്ടിക ജാതികളിൽ ജനിച്ചു പോയതു കൊണ്ടു മാത്രം നേരിടുന്ന ഈ അനീതി ജാതി വിവേചനവും പഴയ ചാതുർവർണ്ണ്യ വ്യവസ്ഥയും അരക്കിട്ടുറപ്പിക്കുന്നതാണെന്നും ഹർജിക്കാർക്കു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ പ്രഗത്ഭ നിയമജ്ഞനും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറുമായ ഡോ.മോഹൻ ഗോപാൽ ഉൾപ്പെടെയുള്ളവർ വാദിച്ചു. ഇവരുടെ ശക്തമായ വാദമുഖങ്ങൾ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ ഭൂരിപക്ഷത്തിന്റെ ഉത്തരവിനെതിരെ ജസ്റ്റിസ് എസ്.രവീന്ദ്രഭട്ടിന്റെ വിയോജനക്കുറിപ്പ്. എന്നാൽ സാമ്പത്തിക സ്ഥിതി മാത്രം മാനദണ്ഡമാക്കി സംവരണം അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് ബെഞ്ചിലെ എല്ലാവരും നിലപാടെടുത്തു. സംവരണം 50 ശതമാനം പപരിധി കടക്കുന്നതിനെയും ആരും എതിർത്തില്ല. മുന്നാക്ക സാമ്പത്തിക സംവരണത്തിന് വഴിയൊരുക്കി ഭരണഘടനയുടെ 15, 16 വകുപ്പുകളിൽ വരുത്തിയ ഭേദഗതി 2019 ജനുവരി 14 നാണ് പ്രാബല്യത്തിലായത്. ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം, മൈനോറിറ്റി ഇന്ത്യൻസ് പ്ളാനിംഗ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് അടക്കം 40 ഓളം ഹർജികളാണ് സുപ്രീം കോടതിയിലെത്തിയത്.

കേന്ദ്രത്തെ 'എതിർത്ത്'

കേരളം നടപ്പാക്കി

സംസ്ഥാനസർക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ഒട്ടും വൈകാതെ അതേപടി നടപ്പാക്കി. കേന്ദ്രസർക്കാർ തീരുമാനത്തിനു പിന്നാലെ 2020 ഒക്ടോബർ 23 ന് കേരളം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ തീയതിക്ക് ശേഷമുള്ള എല്ലാ തൊഴിൽ വിജ്ഞാപനത്തിനും പി.എസ്.സി സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എൻജിനിയറിംഗ്, മെഡിക്കൽ ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളുടെ പ്രവേശനത്തിനും സംവരണം നടപ്പാക്കിക്കഴിഞ്ഞു. ഹയർസെക്കൻഡറി പ്രവേശനത്തിനും സാമ്പത്തിക സംവരണമുണ്ട്. പൊതുവിഭാഗത്തിനായി നീക്കിവച്ച 50 ശതമാനത്തിൽ നിന്നാണ് പി.എസ്.സി സാമ്പത്തിക സംവരണത്തിനുള്ള 10 ശതമാനം ഒഴിവുകൾ കണ്ടെത്തുന്നതെന്നാണ് പറയപ്പെടുന്നത്. നാലുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള മുന്നാക്ക വിഭാഗക്കാർക്കാണ് സാമ്പത്തികസംവരണത്തിന് അർഹത. കേരളം ഇതിനകം തന്നെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിക്കഴിഞ്ഞതിനാൽ സുപ്രീംകോടതി വിധി ഒരു മാറ്റവും ഉണ്ടാക്കില്ല.

സി.പി.എമ്മിന്റെ

ഇരട്ടത്താപ്പ്

കേരളത്തിൽ ധൃതിപിടിച്ച് 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കിയ സി.പി.എം, കഴിഞ്ഞദിവസമുണ്ടായ സുപ്രീം കോടതി വിധിയിലെ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞത് കൗതുകകരമാണ്. 10 ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തുന്നതിലെ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടത്. കേന്ദ്രസർക്കാർ ജോലികൾക്ക് വരുമാന പരിധി എട്ട് ലക്ഷമായി നിശ്ചയിച്ചാൽ അനർഹരായ ഒട്ടേറെപ്പേർക്ക് സംവരണം ലഭിക്കാൻ വഴിയൊരുങ്ങുമെന്നും ഇക്കാര്യം പാർലമെന്റിലും സി.പി.എം ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേവസ്വം ബോർഡുകളിൽ എൽ.ഡി.എഫ് സർക്കാർ 2017 ൽ തന്നെ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയിരുന്നു. 95 ശതമാനം തസ്തികകളും സവർണവിഭാഗങ്ങൾ കൈയടക്കിയ ദേവസ്വം ബോർഡിൽ വെറും ആറ് ശതമാനം മാത്രമാണ് പിന്നാക്കക്കാർ. 10 ശതമാനം സാമ്പത്തിക സംവരണം കൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാർക്ക് അവിടേക്ക് എത്തിനോക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

കോടതി വിധിയിൽ ദുഖം:

വെള്ളാപ്പള്ളി

സുപ്രീം കോടതി വിധിയിൽ അങ്ങേയറ്റം ദു:ഖം ഉണ്ടെന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടത്. പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടേറ്റത് പോലെയാണ് കോടതി വിധി. മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ സംവരണം 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് വിധി പ്രസ്താവിച്ചിട്ടുണ്ട്. കേരളത്തിൽ മുന്നാക്ക സമുദായക്കാർ വെറും 15 ശതമാനം മാത്രമാണ്. അവർക്കാണ് വീണ്ടും 10 ശതമാനം സംവരണം അനുവദിച്ചത്. ദേവസ്വം ബോർഡിൽ പിന്നാക്കക്കാരുടെ കുറവ് പരിഹരിക്കാൻ ഒരു സ്പെഷൽ റിക്രൂട്ട്മെന്റിനു പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിധിയിൽ

നടുക്കമില്ല

ഭരണഘടനാ സ്ഥാപനങ്ങളുടെ നിലവിലെ നിലവാരവും നിലപാടുകളും വിലയിരുത്തുന്ന ആർക്കും 10 ശതമാനം മുന്നാക്ക സംവരണം റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാൻ വകയില്ലായിരുന്നുവെന്ന് ആൾ ഇന്ത്യ ബാക്ക്‌വേഡ് ക്ളാസ്സസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ആർ ജോഷി പറഞ്ഞു. 3: 2 അനുപാതത്തിലുള്ള വിധി സർക്കാരിനും സവർണ മേൽക്കോയ്മ വാദക്കാർക്കും അത്ര ദഹിച്ചിട്ടില്ലന്നത് വസ്തുതയാണ്. ഈ വിധി പൊതുസമൂഹത്തിലും രാഷ്ട്രീയ മേഖലയിലും തുടർചലനങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്. സാമ്പത്തിക സംവരണം എന്ന് ഓമനപ്പേരിൽ വിളിക്കുന്ന, പാവങ്ങൾക്കായി ഏർപ്പെടുത്തിയ സംവരണത്തിൽ നിന്ന് എന്തുകൊണ്ട് പട്ടികജാതി, വർഗങ്ങളെയും മറ്റു പിന്നാക്ക സമുദായങ്ങളെയും ഒഴിവാക്കി എന്ന് വിശദീകരിക്കാൻ ഭരണകൂടത്തിനും സവർണസംവരണത്തെ പിന്തുണയ്ക്കുന്ന പാർട്ടിക്കും ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EWS RESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.