SignIn
Kerala Kaumudi Online
Thursday, 25 April 2024 4.19 AM IST

പിന്നാക്ക വിഭാഗങ്ങൾക്ക് മുറിവേൽക്കുന്ന വിധി

photo

അധികാരത്തിലും പദവികളിലും അവസരങ്ങളിലും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രാതിനിധ്യ അവകാശ നിയമമാണ് ഭരണഘടന ഉറപ്പു നൽകുന്ന സംവരണം ലക്ഷ്യമിടുന്നത്.

മതിയായിടത്തോളം പങ്കാളിത്തം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് മാത്രമാണ് ഈ അവകാശത്തിന് അർഹതയുള്ളതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ (164) അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. ഇതു മറികടക്കാനാണ് 103 -ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ സർക്കാർ ശ്രമിച്ചത്. എന്നാൽ ഭരണഘടന ഭേദഗതിചെയ്ത് നിർമ്മിച്ച ഈ നിയമം ഭരണഘടനാ ധാർമികതയെയും ഭരണഘടനയുടെ അടിത്തറയെയും തകർക്കുന്നതാണെന്ന് വ്യക്തമായിരുന്നു.
അഞ്ചിൽ മൂന്ന് ഭൂരിപക്ഷം നിയമത്തിന് അനുകൂലമായി വിധി എഴുതിയ സാഹചര്യത്തിൽ നിയമം സാധുവായി പ്രഖ്യാപിക്കപ്പെട്ടു.
ഈ ലേഖകൻ കക്ഷിയായ അഖിലേന്ത്യ ബാക്ക് വേഡ് ക്ലാസസ് ഫെഡറേഷൻ ഈ കേസിൽ ഹർജിക്കാരായിരുന്നു. പ്രഗൽഭനായ ഭരണഘടന വിദഗ്ധൻ ഡോ. മോഹൻഗോപാലാണ് ഞങ്ങൾക്കുവേണ്ടി ഹാജരായത്. അദ്ദേഹത്തിന്റെ ശക്തമായ വാദമുഖങ്ങളാണ് ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേർ ഈ നിയമത്തിനെതിരായി വിധിയെഴുതാൻ കാരണമായതെന്ന് ഞങ്ങൾ അഭിമാനപൂർവം വിശ്വസിക്കുന്നു. വിധിക്ക് എതിരെ റിവ്യൂ പെറ്റീഷൻ നൽകുന്നുണ്ട്. അതുകൊണ്ട് കേസിന്റെ ന്യായ അന്യായങ്ങൾ ഇപ്പോൾ പരാമർശിക്കുന്നില്ല. അതേസമയം ഈ വിധി സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പിന്നോക്ക ജനവിഭാഗങ്ങൾ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ഒരു മുന്നറിയിപ്പായി ഓർമ്മപ്പെടുത്താൻ മാത്രമാണ് ഉദ്ദേശിക്കുന്നത്.
ഇത് ചാതുർവർണ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ തുടക്കമാണ്. അയിത്ത ജാതിക്കാർ പ്രത്യേക കമ്പാർട്ട്‌മെന്റുകൾ ആയി രൂപപ്പെടാൻ പോവുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തുല്യനീതി സങ്കൽപവും ഇല്ലാതാവുകയാണ്. അയിത്ത ജാതിക്കാരുടെ ദാരിദ്ര്യം ആർക്കും പ്രശ്നമല്ലാതാവുകയും സവർണജാതികളുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും മാത്രം പരിഹരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. നിലവിൽ സംവരണ സമുദായങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സംവരണ തോതിലേക്ക് മാത്രമായി അവരുടെ അവസരം പരിമിതപ്പെടും. ഉദാഹരണമായി 14 ശതമാനമുള്ള ഈഴവർക്ക് 14ശതമാനം ഒഴിവുകളും 12ശതമാനം സംവരണമുള്ള മുസ്ലിം വിഭാഗത്തിന് പന്ത്രണ്ട് ശതമാനം ഒഴിവുകളും എന്നിങ്ങനെ ഓരോ സമുദായത്തിനും സംവരണം എത്രയാണോ ഉള്ളത് അത് മാത്രമായി ലഭ്യമാകുന്ന സ്ഥിതിയുണ്ടാകും. അതിന്റെ തുടക്കം കുറിക്കലാണ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ( 4 .10 .2022 ). ആ ഉത്തരവിൽ പൊതുവിഭാഗം എന്നാൽ പട്ടികജാതി-പട്ടികവർഗ - ഒ. ബി.സി വിഭാഗം ഒഴികെ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സവർണസമുദായങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമപരിപാടികളും സാമ്പത്തിക പരിപാടികളും ഏറ്റവും വേഗം ആദ്യം നടപ്പാക്കപ്പെടുക കേരളത്തിൽ നിന്നായിരിക്കും. സാമ്പത്തിക സംവരണത്തിന്റെ ടെസ്റ്റ് ഡോസ് കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റ് ദേവസം ബോർഡിലൂടെ നടപ്പാക്കിയതാണ് . ഇതാണ് രാജ്യത്തുടനീളം നടപ്പാക്കാൻ ബി.ജെ.പി സർക്കാരിന് ഊർജ്ജം പകർന്നത്.
സവർണജാതികൾക്ക് സംവരണം ഇവിടെ നടപ്പാക്കിയപ്പോൾ പൊതുവിഭാഗത്തിൽ (ഓപ്പൺ ക്വാട്ട അഥവാ ജനറൽ)നിന്നുള്ള 10ശതമാനം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതേസമയം മൊത്തം ഒഴിവുകളുടെ പത്തുശതമാനം നൽകുകയും ചെയ്തു. അതായത് ഓപ്പൺ ക്വാട്ടയിലുള്ള 50 ശതമാനത്തിന്റെ 10ശതമാനം എന്നാൽ മൊത്തം ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രം. സവർണ സംവരണം പരമാവധി 10 ശതമാനം എന്ന നിയമം നടപ്പാക്കിയപ്പോൾ യഥാർത്ഥത്തിൽ അവർക്ക് ലഭ്യമായത് ഓപ്പൺ ക്വാട്ടയുടെ അഥവാ പൊതുവിഭാഗത്തിന്റെ 20ശതമാനമാണ്.
എല്ലാ പാവപ്പെട്ടവർക്കും വേണ്ടിയുള്ള പദ്ധതിയാണെന്ന് പൊതുയോഗങ്ങളിലും സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും വിശദീകരിക്കുന്ന ഇവർ നടപ്പാക്കിയത് സവർണ ജാതിയിൽപ്പെട്ട പാവങ്ങൾക്ക് മാത്രമാണ്. ഈ സംവരണം നടപ്പാക്കുമ്പോൾ നിലവിൽ സംവരണം അനുഭവിക്കുന്ന ഒരു വിഭാഗത്തിന്റെയും ഒരു കടുകുമണിയോളം പോലും നഷ്ടപ്പെടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

അവസരം പൂർണമായി നഷ്ടപ്പെട്ടത് സവർണ ജാതിസംവരണം ആദ്യം ഏർപ്പെടുത്തിയ ദേവസ്വം ബോർഡിൽ തന്നെയാണ്. ദേവസ്വം ബോർഡിൽ പട്ടികജാതിക്കാർക്ക് 10ശതമാനം സംവരണമുണ്ട്. സവർണസമുദായങ്ങൾക്കും 10ശതമാനമുണ്ട്. 10 ശതമാനം സംവരണമുള്ള പട്ടികജാതിക്കാരന് നിയമനം ലഭിക്കണമെങ്കിൽ ആറ് ഒഴിവുണ്ടാവണം. 10 ശതമാനം തന്നെ സംവരണമുള്ള സവർണ്ണജാതിക്കാരന് നാല് ഒഴിവുണ്ടായാൽ സംവരണം ലഭിക്കും. കാരണം സവർണ ജാതിക്കാരന് നിയമന റൊട്ടേഷനിൽ മുൻഗണന നൽകി മൂന്നാംസ്ഥാനം നൽകി. പട്ടികജാതിക്കാരന് നാലാം സ്ഥാനവും. രണ്ടാംസ്ഥാനം ഈഴവ ഒന്നും അഞ്ചും സ്ഥാനം മെറിറ്റ്. എന്നാൽ നിയമനം നടക്കുമ്പോൾ സംവരണം 50 ശതമാനത്തിൽ അധികരിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഉള്ളതുകൊണ്ട് മൂന്നാമത്തെ ഒഴിവ് വരുമ്പോൾ അത് മെറിറ്റിൽ നിന്നുള്ള ആൾക്ക് നൽകും നാലാമത്തെ ഒഴിവ് വരുമ്പോൾ മൂന്നാമത് ലഭിക്കേണ്ടിയിരുന്ന EWS സംവരണക്കാരന് നൽകും. നാലു നിയമനങ്ങളിൽ രണ്ടും സംവരണമായി പോയതുകൊണ്ട് അഞ്ചാമത്തെ ഒഴിവ് റൊട്ടേഷനിൽ നാലാമത് ലഭിക്കേണ്ടിയിരുന്ന പട്ടികജാതിക്കാരന് നൽകില്ല. പകരം മെറിറ്റിലുള്ള ആൾക്ക് നൽകും. ആറാമതൊരു ഒഴിവുണ്ടാവുമ്പോൾ മാത്രമേ ഏറ്റവും പരിഗണന ലഭിക്കേണ്ട പട്ടികജാതിക്കാരന് നിയമനം ലഭിക്കൂ. അഞ്ച് ഒഴിവുകൾ മാത്രം ഉണ്ടായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ആറോളം തസ്തികളിൽ സവർണജാതിയിലെ EWS ന് നിയമനം ലഭിച്ചിട്ടും പട്ടികജാതിക്കപ്പെട്ട ആർക്കും നിയമനം ലഭിക്കാത്ത സാഹചര്യം കേരളകൗമുദി തന്നെ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സർക്കാരിനും പട്ടികജാതിവികസന മന്ത്രിക്കും പട്ടികജാതി ക്ഷേമ സമിതി നേതാവിനും അറിവുള്ളതുമാണ്. പട്ടികജാതി ഉദ്യോഗാർത്ഥി ഹൈക്കോടതിയിൽ കേസും നൽകി കാത്തിരിപ്പാണ്.
അതുകൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും പട്ടികജാതി പട്ടികവർഗ പിന്നാക്ക സമുദായങ്ങൾ പരസ്പരം കുറ്റപ്പെടുത്തി മാറിനിൽക്കാതെ സാമൂഹ്യനീതിയും ഭരണഘടനയും സംരക്ഷിക്കാനായി, പൊതുസമൂഹത്തിൽ ഭരണാധികാരികളുടെയും കോടതികളുടെയും ശ്രദ്ധയിൽ വരത്തക്കവിധം ശക്തമായി പ്രതികരിക്കുക.


(ലേഖകൻ പിന്നാക്കവിഭാഗ വികസനവകുപ്പ് മുൻ ഡയറക്ടറും

ആൾ ഇന്ത്യ ബാക്ക്‌വേഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമാണ് - 94472 75809 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EWS RESERVATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.