SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.42 PM IST

ഞാനും ഷേക്‌സ്പിയറും പിന്നെ ശ്രീബുദ്ധനും

mobile

ചന്ദ്രേട്ടാ, നമസ്കാരം. എന്താണ്; കണ്ടിട്ട് കുറെ ദിവസങ്ങളായല്ലോ എന്നോ? അതെ ചന്ദ്രേട്ടാ,​ ഇപ്പോൾ എഴുത്താ. തിരക്കിട്ട എഴുത്ത്. നിന്നുതിരിയാൻ സമയമില്ല. നോവലാണോ കവിതയാണോ എന്നോ?​ രണ്ടുമല്ല ചന്ദ്രേട്ടാ; അത്... അതു പറയാൻ മടിയുണ്ട്. പക്ഷേ അതിനു മുൻപ് അതിനൊരു ആമുഖം പറയണം.

മൊബൈൽ

ഏകദേശം തെണ്ണൂറു ശതമാനം മലയാളികളെയും പോലെ ഞാനും മൊബൈൽ ഫോൺ അഡിക്ടാ ചന്ദ്രേട്ടാ. എനിക്കതു പറയാൻ നാണക്കേടില്ലെന്നു മാത്രമല്ല,​ ഒട്ടൊരു അഭിമാനം തന്നെയുണ്ട്. വെളുപ്പാങ്കാലം ഏകദേശം അഞ്ച്- അഞ്ചരയോടെ മൊബൈലിൽ പ്രവേശിക്കുന്ന ഞാൻ വാട്സാപ്പിലൂടെ ഫേസ് ബുക്ക് സന്ദർശിച്ച് യൂ ട്യൂബിലെത്തുമ്പോഴേക്കും കാപ്പി കുടിക്കാൻ നേരമായി.

കാപ്പികുടിക്കിടെ ഇടതുകൈയിലെ ചൂണ്ടുവിരൽ കൊണ്ട് വീണ്ടും വാട്സാപ്പ് പരിശോധന. കാപ്പികുടിക്കു ശേഷം വീണ്ടും വലതുകൈകൊണ്ട് ഫേസ് ബുക്കിൽ. ഇതിനിടെ നിരവധി ഗ്രൂപ്പുകളിൽ കയറിയിറങ്ങുന്നു. അവിടത്തെ സ്ഫോടനാത്മക വഴക്കുകളിൽ കക്ഷിചേരുന്നു. എന്റേതായ പോസ്റ്റുകൾ ഫേസ്ബുക്കിലിടുന്നു. അങ്ങനെ പിടിപ്പതുപണി. ഇതിനിടെ ഫെയ്സ് ബുക്കിൽ ഒരു ചോദ്യം. എന്റെ അനന്തരവന്റെ മകനിടാൻ K യിൽ തുടങ്ങി M ൽ അവസാനിക്കുന്ന പേരു പറയാമോ?​ മാൻകുട്ടി എന്ന് അർത്ഥം കിട്ടിയാൽ കൊള്ളാം. അയാൾക്ക് പേര് സംഭാവന ചെയ്യുന്നു. എന്റെ പോസ്റ്റിന് ലൈക്കടിക്കാത്തവരെ അവഗണിക്കുന്നു. ലൈക്കും കമന്റും തന്നവർക്ക് അതേ നാണയത്തിൽ അങ്ങോട്ടു കൊടുത്തു. അങ്ങനെ രാത്രി ഒമ്പതാകുമ്പോൾ ഭക്ഷണം കഴിക്കുന്നു. വീണ്ടും പന്ത്രണ്ടുമണി വരെ ജോലിയിൽ.

ഗുഡ്‌മോർണിംഗ്

ചന്ദ്രേട്ടൻ വിചാരിക്കും,​ ഇതാണ് എഴുത്തെന്ന് ഉദ്ദേശിച്ചതെന്ന്. അല്ല,​ അതു വേറെയാണ്. വാട്സാപ്പിൽ ഗുഡ്‌മോർണിംഗ് മെസേജുകൾ എന്റെ ഹരമാണ്. ഗുഡ്‌മോർണിംഗ് മെസേജുകൾ വിവിധ തരത്തിലാണല്ലോ. ചിലത് പടവും ഗുഡ്‌മോർണിംഗും മാത്രം. ചിലത് പടത്തിന്റെ കൂടെ ചില ക്വട്ടേഷനുകളും വച്ചിട്ട്. അലക്‌‌സാണ്ടർ, ഗാന്ധിജി, മുൻ പ്രസിഡന്റ് അബ്ദുൾ കലാം തുടങ്ങിയവരുടെ ഉദ്ധരണികൾക്ക് ഗുഡ്‌മോർണിംഗ് മാർക്കറ്റിൽ വൻ ഡിമാൻഡാണ്.

ഇങ്ങോട്ട് അയച്ചുകിട്ടുന്ന മെസ്സേജുകൾ ചൂടാറും മുമ്പ് ഞാൻ ഫ്രണ്ട്‌സിന് ഫോർവേർഡ് ചെയ്യും. ഫോർവേർഡ്, ഡിലീറ്റ്, ഷെയർ, ലൈക്ക്, കമന്റ് തുടങ്ങിയ പദങ്ങൾ എന്റെ നിത്യോപയോഗ ഡിക്ഷ്ണറിയിലെ ആദ്യ പേജ് പദങ്ങളാണ്. ഗുഡ്‌മോർണിംഗ് മെസ്സേജുകൾ വേണമോ വേണ്ടയോ?​ ഗുഡ്മോർണിംഗ് മെസ്സേജും സമയം മെനക്കെടുത്തലും.... തുടങ്ങിയ ഗഹനവിഷയങ്ങളെച്ചൊല്ലി വാട്സ്‌ ആപ് ഗ്രൂപ്പുകളിൽ ചർച്ചകളും തെറിവിളിയും ഇറങ്ങിപ്പോക്കും ഇറക്കിവിടലും ഒക്കെ നടക്കുന്നതറിയാമല്ലോ.

എന്റെ പുതിയ മേഖല

ഇനി എന്റെ ഇപ്പോഴത്തെ എഴുത്തിനെക്കുറിച്ച് പറയാം. എനിക്കു വരുന്ന ഗുഡ്മോർണിംഗ് മെസ്സേജുകളെ ഞാൻ 'കൂലങ്കഷായമായി' പഠനവിധേയമാക്കിയപ്പോൾ മനസിലായത്,​ അതിൽപ്പെടുന്ന മെസ്സേജുകളിലെ ആശയം അയയ്ക്കുന്നവർ സ്വീകരിച്ചിരുന്നെങ്കിൽ ലോകം കണ്ടമാനം നന്നാകുമല്ലോ എന്നായിരുന്നു. എന്നാൽപ്പിന്നെ എനിക്കും ഒന്നുരണ്ട് ക്വട്ടേഷൻ സൃഷ്ടിച്ചാലെന്തെന്നുതോന്നി. ഞാൻ ഒരെണ്ണമെഴുതി. `നന്മ ചെയ്താൽ നിങ്ങൾക്ക് നന്മ കിട്ടും!'

അടിയിൽ എന്റെ പേരുവച്ചാൽ ആരും മൈൻഡ് ചെയ്തില്ലെങ്കിലോ എന്നു കരുതി എബ്രഹാം ലിങ്കന്റെ പേരു കൊടുത്തു. അടുത്തദിവസം ഒരു ചങ്ങാതിക്ക് എബ്രഹാം ലിങ്കന്റെ പടവും ഇൗ മെസ്സേജും ചേർത്തുവിട്ടു. എന്റെ ചന്ദ്രേട്ടാ, പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. അടുത്തദിവസം ഒരു ഡസൻ പേരിൽ നിന്നെങ്കിലും എബ്രഹാം ലിങ്കന്റെ പല ഫോട്ടോകൾ ചേർത്ത് എനിക്കീ മെസ്സേജ് തിരിച്ചുകിട്ടി. അതോടെ എനിക്ക് രസമായി. അടുത്ത ദിവസം പുതിയ ഉദ്ധരണി.

`നടക്കാത്ത വഴികളിൽ നടന്നാലേ നിങ്ങൾ പുതിയ വഴികൾ കണ്ടെത്തൂ!' കഴിഞ്ഞത് എബ്രഹാം ലിങ്കനാണെങ്കിൽ ഇത് ബുദ്ധദേവന് ചാർത്തിക്കൊടുത്തു. മെസ്സേജ് അയച്ച് പത്തു മിനിട്ട് കഴിഞ്ഞില്ല. പല കൈമറിഞ്ഞ് ശ്രീബുദ്ധന്റെ പല ചിത്രങ്ങളിലൂടെ എന്റെ വാചകം. തിരിച്ചെത്തി. എനിക്ക് ഹരമായി. `വാൾ കരളിനെ മുറിവേല്പിക്കും; വാക്കുകൾ പക്ഷേ മനസ്സിനെ മുറിവേല്പിക്കും!' ഇത്തവണ ഷേക്‌സ്‌പിയറിനാണ് ചാർത്തിക്കൊടുത്തത്. അത് സൂപ്പർ വൈറലായി.

രണ്ടുദിവസം കഴിഞ്ഞ് ഏതോ എഴുത്തുകാരൻ എഴുതിയ ലേഖനത്തിൽ, ഷേക്‌സ്‌പിയർ പറഞ്ഞിട്ടുണ്ടല്ലോ, വാൾ കരളിനെ മുറിവേല്പിക്കും വാക്കുകൾ പക്ഷേ മനസ്സിനെയാണ് മുറിവേല്പിക്കുന്നത് എന്ന് ഉദ്ധരിച്ചിരിക്കുന്നതും കണ്ടു. അതോടെ ഇതങ്ങ് ബിസിനസ്സാക്കാൻ തീരുമാനിച്ചു ചന്ദ്രേട്ടാ. മഹാന്മാരുടെ പതിനായിരം മഹാവാക്യങ്ങൾ എന്നപേരിൽ പുസ്തകമിറക്കാൻ പോവുകയാണ്. ആറായിരത്തിച്ചില്വാനം ഉദ്ധരണികൾ എഴുതിക്കഴിഞ്ഞു. ഇന്ന് എഴുപത്തഞ്ചെണ്ണം തീർത്തു.

നിങ്ങൾ നന്നായാൽ ലോകം നന്നാവും- അക്ബർ. ചോരയ്ക്കു നിറം ചുവപ്പ്; സ്നേഹത്തിന്റെ നിറം വെളുപ്പ്- അശോകൻ. നിന്റെ മരണം നിശ്ചയമല്ലേ- ഉപനിഷ‌ദ് വാക്യം.... ഇന്ന് എഴുതിയവയിൽ ശ്രദ്ധേയങ്ങളാണ് ഇവ. ചന്ദ്രേട്ടനായതുകൊണ്ട് ഞാൻ ഇതൊക്കെ പറഞ്ഞെന്നേ ഉള്ളൂ. ചെവിക്കുചെവി അറിയരുത്. പുസ്തകം രണ്ടുമാസത്തിനകം റിലീസ് ഉണ്ടാകും. ചന്ദ്രേട്ടനെ അറിയിക്കാം. വരണം,​ ഒരു കോപ്പി വാങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EZHUTHU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.