SignIn
Kerala Kaumudi Online
Thursday, 25 April 2024 2.38 PM IST

കടം കൊയ്യുന്നവർ ചോദിക്കുന്നു എവിടെ ആനുകൂല്യം?

photo

ഒന്നാം വിളയിറക്കാൻ കാർഷിക കലണ്ടർ തയ്യാർ.​ കൃഷി ആനുകൂല്യങ്ങൾക്കുള്ള നിർദ്ദേശങ്ങളും പദ്ധതികളും നാളിതുവരെയായി കൃഷിഭവനുകളിലെത്തിയിട്ടില്ലെന്നു മാത്രം. ഇത്തവണ കൂടുതൽ വേനൽമഴ ലഭിച്ചതിന്റെ പ്രതീക്ഷയിൽ കർഷകർ നേരത്തെ തന്നെ ഒന്നാം വിളയിറക്കാനുള്ള ജോലികൾ ആരംഭിച്ചിരുന്നു. പക്ഷേ,​ കാലവർഷം വൈകിയത് തിരിച്ചടിയായി. പുതിയ സീസണിന് ഒരുക്കങ്ങൾ പൂർത്തിയായിട്ടും കൃഷി ആനുകൂല്യങ്ങൾ സംബന്ധിച്ച നടപടികൾ ആരംഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ഏപ്രിൽ അവസാനത്തേ‍ാടെ പദ്ധതികളുടെ നടപടികൾ ആംരംഭിക്കാറുണ്ടെങ്കിലും ഈ വർഷം ഇതുവരെ തീരുമാനമായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. സർക്കാരിന്റെ ഒന്നാംവാർഷിക ആഘേ‍ാഷ പ്രദർശന നടപടികളുടെ ചെലവ് ഇനത്തിലെ തുകയാണ് ഏറ്റവുമൊടുവിൽ കൃഷിഭവനുകളിലെത്തിയത്.

കൃഷി ആനുകൂല്യങ്ങൾ പലതുണ്ടെങ്കിലും അതെല്ലാം യഥാസമയം ലഭിച്ചില്ലെങ്കിൽ കർഷകർക്ക് എന്ത് പ്രയോജനം. അടിസ്ഥാന ആനുകൂല്യങ്ങൾക്കും സഹായങ്ങൾക്കുമുള്ള (റഗുലർ സ്കീം) നടപടികളാണ് മേയിൽ ആരംഭിക്കേണ്ടത്. ഇതനുസരിച്ച്, പാടം ഒരുക്കുന്നതിന് ഒരുമാസം മുമ്പ് ചുണ്ണാമ്പ് പെ‍ാടികിട്ടിയിരുന്നു. അത് വിതറി വേണം രണ്ടുചാൽ ഉഴുതെടുക്കാൻ. ഇത്തവണ അതുണ്ടായിട്ടില്ല. കർഷകരിൽ ചിലർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിലേ‍ായ്ക്ക് 12 രൂപ നിരക്കിൽ പെ‍ാടി വാങ്ങി വിതറി. ഇതിനു തന്നെ ചെലവ് ഇരട്ടിയായിട്ടുണ്ട്. ഒരേക്കറിന് 200 കിലേ‍ാ ചുണ്ണാമ്പെങ്കിലും വേണം. കൃഷിഭവൻ വഴിയാണെങ്കിൽ കിലേ‍ായ്ക്ക് ആറുരൂപ മതി. കീടങ്ങളും പ്രാണികളും കുറയും എന്നതുൾപ്പെടെയാണ് പെ‍ാടിപ്രയേ‍ാഗത്തിന്റെ ഗുണം.

ഇനി വൈകിയാൽ

പ്രയോജനമില്ലാതാകും

പാടശേഖരത്തിന്റെ അടിസ്ഥാന വികസനം, കരനെൽക്കൃഷി, രാഷ്ട്രീയ വികാസ് യേ‍ാജന ആനുകൂല്യങ്ങൾ, ഭക്ഷ്യസുരക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള നടപടികൾ, പ്രത്യേക ഇനം നെൽക്കൃഷികൾ, ഉത്പന്ന വൈവിധ്യവത്കരണ പരിപാടി എന്നിവയെല്ലാം സംബന്ധിച്ച സഹായങ്ങൾ മേയ് മാസം കൃഷിഭവനിൽ എത്തേണ്ടിയിരുന്നു. പക്ഷേ, നാളിതുവരെ പല പദ്ധതികളുടെയും സഹായങ്ങൾ സംബന്ധിച്ച നിർദ്ദേശം പോലും ലഭ്യമായിട്ടില്ല. ഇനിയും വൈകിയാൽ ഇവയുടെ പ്രയേ‍ാജനം ലഭിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും, അത് ഉത്പാദനത്തെ കാര്യമായി ബാധിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലെ കൃഷി സ്കീമുകളും പൂർത്തിയാക്കാനുണ്ട്. വാർഷിക പദ്ധതിയുടെ ഗ്രാമസഭാ യേ‍ാഗം പലയിടത്തും പുരോഗമിക്കുകയാണ്. അഞ്ചേക്കറിൽ താഴെയുള്ള കൃഷിക്കാർക്ക് ഉത്പാദന ബേ‍ാണസും ഉഴവുകൂലിയും രാസവള സബ്സിഡിയും കൂടി ഹെക്ടറിന് 9,500 രൂപ ലഭിക്കണമെങ്കിലും പലയിടത്തും കുടിശികയാണെന്ന് കർഷകർ പറയുന്നു. സംഭരിച്ച രണ്ടാംവിള നെല്ലിന്റെ പണവും മിക്കവർക്കും ഇനിയും അക്കൗണ്ടിലെത്തിയിട്ടില്ല. ജില്ലയിൽ ഭൂരിഭാഗവും ഇടത്തരം, ചെറുകിട കർഷകരാണ്. വകുപ്പിന്റെ സഹായം മാത്രം കാത്തിരുന്നാൽ കൃഷിയിറക്കാൻ കഴിയില്ലെന്നതിനാൽ കടം വാങ്ങിയും ആഭരണങ്ങൾ പണയംവച്ചുമൊക്കെ കൃഷിപ്പണി നടത്താനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

വ്യാപിപ്പിക്കാനുള്ള

ശ്രമം വിഫലം

സംസ്ഥാനത്ത് നെൽകൃഷി വ്യാപിപ്പിക്കാനുള്ള സർക്കാരുകളുടെ ശ്രമങ്ങൾക്ക് ഫലംലഭിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2018ലെ പ്രളയത്തിനു ശേഷം കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിച്ചെന്ന സർക്കാരിന്റെ അവകാശവാദത്തിലും വലിയ കാര്യമില്ല. 2005 - 06 മുതൽ 2019 - 20 വരെയുള്ള കണക്കു നോക്കിയാൽ സംസ്ഥാനത്തെ ആകെ കൃഷിചെയ്ത സ്ഥലത്തിന്റെ അളവിൽ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2005 – 06 കാലത്ത് സംസ്ഥാനത്ത് 2,75,742 ഹെക്ടറിൽ കൃഷിചെയ്ത് 6,29,987 ടൺ നെല്ല് ഉത്പാദിപ്പിച്ചിരുന്നു. 2019 – 20 ആയപ്പോൾ അത് 1,91,051 ഹെക്ടറിൽ നിന്ന് 5,87,078 ടൺ ആയി കുറഞ്ഞു. 2005 - 06ൽ നിന്ന് 2019 – 20 ആയപ്പോഴേക്കും ആകെ കൃഷിഭൂമിയിൽ 30.71ശതമാനത്തിന്റെ കുറവുണ്ടായി. ഉൽത്പാദനത്തിൽ 6.84 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. കൃഷി വിസ്തൃതിയിൽ 84,692 ഹെക്ടറിന്റെ കുറവാണുണ്ടായത്. ഉത്പാദനത്തിന്റെ കണക്കെടുത്താൽ 43,089 ടണ്ണിന്റെ കുറവും.

മറ്റു പ്രധാന വിളകളുടെ കാര്യവും വ്യത്യസ്തമല്ല. കുരുമുളക് കൃഷിയുടെ വിസ്തൃതി 65 ശതമാനവും ഉത്പാദനം 61 ശതമാനവും കുറഞ്ഞു. കശുമാവ് കൃഷിയുടെ വിസ്തൃതി 49 ശതമാനവും ഉത്പാദനം 72 ശതമാനവും കുറഞ്ഞിട്ടുണ്ട്. മരച്ചീനി, റബർ, നാളികേരം, വാഴ, കൈതച്ചക്ക, മാങ്ങ, ചക്ക, അടയ്ക്ക, കശുവണ്ടി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും താഴോട്ടാണ്. കൃഷിവകുപ്പിന്റെ സാമ്പത്തിക - സ്ഥിതിവിവര വിഭാഗത്തിന്റെ കണക്കാണിത്.

രണ്ടാംവിളയിൽ

നെല്ലറയിൽ നൂറുമേനി

പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നിട്ടും രണ്ടാംവിളയിൽ നെല്ലറയുടെ പത്തായം നിറച്ച് കർഷകർ. രണ്ടാം വിളയിൽ ഈ വർഷം 20 ശതമാനം അധികം വിളവ്‌ ലഭിച്ചു. 2,14,290 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചു. കഴിഞ്ഞ തവണ ഇത് 1.99 ലക്ഷം ടണ്ണായിരുന്നു. തൃത്താലയിലെ പുഞ്ചനെല്ല് കൂടി സംഭരിക്കുന്നതോടെ എക്കാലത്തെയും വലിയ റെക്കാർഡ് സംഭരണമാകും. ജില്ലയിൽ മൂന്നുവർഷം മുമ്പ് 31,000 - മുതൽ 32,000 ഹെക്ടർ വരെയാണ്‌ ഒന്നാംവിള നെൽകൃഷിയുണ്ടായിരുന്നത്. അത് 33,000 ഹെക്ടറായി വർധിച്ചിട്ടുണ്ട്. ഇത്തവണ സംഭരിച്ച നെല്ലിന്റെ തുക വേ​ഗത്തിൽ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ 550 കോടി രൂപ വിതരണം ചെയ്‌തു. ബാക്കിയുള്ള 150 കോടി നൽകാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇത്രയും വലിയ വില നൽകുന്നതും ഇതാദ്യമാണ്.

രണ്ടാം വിളയിൽ ഏക്കറിന് ശരാശരി 2500 കിലോ വരെ ഓരോ കർഷകനും ലഭിച്ചു. നന്നായി പരിപാലിച്ച പാടങ്ങളിൽ അത് 3,000 കിലോയായി ഉയർന്നിട്ടുണ്ട്. സംഭരണ തുകയും കൃഷി ആനൂകൂല്യങ്ങളും യഥാസമയം കർഷകരിലെത്തിച്ച് ജില്ലയിലെ കാർഷികമേഖലയെ കൈപിടിച്ചുയർത്താൻ സർക്കാർ തയ്യാറാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FARMERS IN PALAKKADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.