SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.06 PM IST

ചാരമാവാത്ത സത്യങ്ങൾ...!

fousia

28 വർഷമായിട്ടും ചാരമാവാതെ ഇന്നും സജീവമായ ചാരക്കേസിലെ നായികമാരിലൊരാളായ ഫൗസിയ ഹസൻ, താൻ നേരിട്ട അതിക്രൂരമായ അതിക്രമങ്ങൾക്ക് നീതികിട്ടാതെയാണ് വിടവാങ്ങിയത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ഐ. എസ്. ആർ. ഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ, പ്രധാന സാക്ഷിയാക്കിയത് ഫൗസിയയെയാണ്. കഴിഞ്ഞ സെപ്തംബർ 22ന് ഫൗസിയയുടെ മൊഴി വീഡിയോ കോൺഫറൻസിലൂടെ രേഖപ്പെടുത്തിയിരുന്നു. രണ്ട് ഡി.ജി.പിമാരടക്കം 18 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. ഈ കേസിൽ അന്വേഷണം പൂർത്തിയാവുമ്പോൾ അധികാരത്തിന്റെ ബലത്തിൽ പൊലീസ് അതിക്രൂരമായി കേസ് കെട്ടിച്ചമച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് സി.ബി.ഐ പറഞ്ഞിരുന്നത്.

മാലെ ദ്വീപുകാരായ മറിയം റഷീദയെയും ഫൗസിയ ഹസനെയും മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് ചാരക്കേസെന്ന കെട്ടുകഥയുണ്ടാക്കിയതെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. 1994 ഒക്ടോബർ 20ന് തിരുവനന്തപുരത്ത് മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ 1994 നവംബർ 13നാണ് ബംഗളൂരുവിൽ ഫൗസിയ ഹസൻ അറസ്റ്റിലായത്. 1996 മേയ് രണ്ടിന് ചാരക്കേസിലെ ആറുപ്രതികളെയും തെളിവില്ലെന്ന് കണ്ട് വിട്ടയയ്ക്കുംവരെ ഫൗസിയ കസ്റ്റഡിയിലും ജയിലിലും നേരിട്ട കൊടിയപീഡനം ഇന്ത്യയ്ക്കുതന്നെ പിന്നീട് നാണക്കേടായി മാറി. സ്പെഷൽ ബ്രാഞ്ച് മുൻ ഇൻസ്പെക്ടർ മറിയം റഷീദയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോൾ വഴങ്ങാതെ വന്നതാണു കേസിൽ കുടുക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ഫൗസിയ ഹസൻ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടുകോടി നഷ്ടപരിഹാരം തേടി സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർജാമ്യം തേടിയുള്ള ഡി.ജി.പിമാരുടെ ഹർജിയിൽ കക്ഷിചേരാനും അവർ തയ്യാറായി. ഗൂഢാലോചനക്കേസിൽ സി.ബി.ഐയുമായി സഹകരിക്കവേയാണ് ഫൗസിയയുടെ അന്ത്യം.

മാലിക്കാരികൾ വഴി ക്രയോജനിക് റോക്കറ്റ് വിദ്യ പാകിസ്ഥാനും വികാസ് എൻജിന്റെ സാങ്കേതികവിദ്യ റഷ്യയ്ക്കും കൈമാറിയെന്നാണ് കേസ്. 1994ൽ ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ ഇല്ല. 1977ൽ ഫ്രാൻസിൽ നിന്ന് ഇന്ത്യ വികാസ് എൻജിൻ വിദ്യ നേടും മുൻപേ റഷ്യക്ക് ഇതുണ്ട്. ഇതുചൂണ്ടിക്കാട്ടിയാണ് കേരളാ പൊലീസിന്റെ വിചിത്രഭാവനയാണ് ചാരക്കേസെന്ന് സുപ്രീംകോടതി വിലയിരുത്തിയത്. ഇല്ലാത്ത ക്രയോജനിക് വിദ്യ 400 കോടിക്ക് ചോർത്തിക്കൊടുത്തെന്ന് കേട്ടപാടേ കേസുമായി ഇറങ്ങിയ പൊലീസിലെയും ഐ.ബിയിലെയും ഉന്നതർക്കെതിരേയാണ് ഫൗസിയ നിയമയുദ്ധം തുടർന്നത്.

നമ്പിനാരായണനെ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ പേര് പേപ്പറിൽ എഴുതിക്കാണിച്ച് വായിപ്പിച്ച് കുറ്റസമ്മതം റെക്കാഡ് ചെയ്തെന്നുമാണ് സി.ബി.ഐയോട് ഫൗസിയയുടെ മൊഴി. ബംഗളൂരുവിൽ പഠിക്കുകയായിരുന്ന മകൾ ജിലയെ (അന്ന് 14 വയസ്)​ കൺമുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു. ചാരവൃത്തിക്കായി മകൾ നാസിഹ 25,000ഡോളർ തനിക്ക് തന്നെന്ന കള്ളമൊഴി രേഖപ്പെടുത്തി. ജയിൽമോചിതയായ ശേഷം പൊലീസിനും ഇന്റലിജൻസ് ബ്യൂറോയ്ക്കുമെതിരെ ഫൗസിയ കേസുകൊടുത്തിരുന്നു. മകൻ നാസിഫ് പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഐ.ബി ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് കേസ് പിൻവലിക്കുന്നതായി മാലിദ്വീപിലെ ഇന്ത്യൻ എംബസിയിൽ എഴുതി നൽകിയെന്നും ഫൗസിയ മൊഴി നൽകിയിരുന്നു.

മാലിദ്വീപിൽ സിനിമാ നടിയായിരുന്ന ഫൗസിയ ഹസനെ ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുടുക്കിയതു നാട്ടുകാരി മറിയം റഷീദയുമായുള്ള സൗഹൃദം മാത്രമായിരുന്നു. ബംഗളൂരുവിൽ താമസിക്കുകയായിരുന്ന ഫൗസിയയെ കാണാൻ വേണ്ടി കൂടിയാണു മറിയം മാലിയിൽ നിന്നു വന്നത്. മാലി–ബംഗളൂരു യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മറിയം യാദൃച്ഛികമായി പരിചയപ്പെട്ട ടി.ചന്ദ്രശേഖർ എന്ന വ്യവസായിയാണ് ഈ രണ്ട് സ്ത്രീകളുടെയും ജീവിതം മാ​റ്റിമറിച്ചത്. മകൾ ജിലയ്ക്ക് ബംഗളുരുവിലെ സ്കൂളിൽ പ്രവേശനത്തിന് ശ്രമിക്കുകയായിരുന്നു ഫൗസിയ. സഹായിക്കാമെന്നേറ്റ ചന്ദ്രശേഖരൻ സുഹൃത്തായ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ വഴി അന്നത്തെ ഒരു ഐ.ജിയുടെ സഹായം തേടി. ബംഗളൂരുവിൽ നിന്നു ഫൗസിയയെ കൂട്ടി മറിയം തിരികെ തിരുവനന്തപുരത്തെത്തി. മാലിയിലേക്കു മടങ്ങും മുൻപ് ഇരുവരും ഇവിടെ ഒരു ഹോട്ടലിൽ തങ്ങി. ചന്ദ്രശേഖർ വഴി പരിചയപ്പെട്ട ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ ഹോട്ടലിലെത്തി മറിയത്തെ സന്ദർശിച്ചിരുന്നെന്നും മറിയം ഹോട്ടലിലെ നമ്പറിൽനിന്ന് ഇദ്ദേഹത്തെ പലതവണ ഫോണിൽ ബന്ധപ്പെട്ടതാണ് കേസിന് അടിസ്ഥാനമായതെന്നുമാണ് സൂചന.

വിസ കാലാവധി കഴിഞ്ഞും ഇന്ത്യയിൽ താമസിക്കേണ്ടിവന്ന മറിയം റഷീദ കാലാവധി നീട്ടിക്കിട്ടാൻ ഇന്റലിജൻസ് ഓഫീസിൽ പോയി അവിടത്തെ ഇൻസ്‌പെക്ടർ വിജയനെ കണ്ടിരുന്നു.

നിയമവിരുദ്ധമായി ഇവിടെ തങ്ങിയതിന്റെ പേരിൽ മറിയത്തെ വിജയൻ അറസ്​റ്റ് ചെയ്തു. ഫോൺവിളി ബന്ധം കണ്ടെത്തിയതോടെ, ഔദ്യോഗിക രഹസ്യനിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി ചാരക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മറിയത്തിന്റെ അറസ്റ്റോടെ ബംഗളൂരുവിലേക്ക് പോയ ഫൗസിയയെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ പുനരന്വേഷണത്തിൽ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെയാണ് രണ്ടുവർഷത്തോളം ജയിലിൽ കിടന്ന ഫൗസിയ മോചിതയായത്.

സത്യങ്ങളുമായി

'വിധിക്കു ശേഷം'

കസ്റ്റഡി, ജയിൽവാസക്കാലത്തെ ക്രൂരമായ അനുഭവങ്ങളെക്കുറിച്ച് ഫൗസിയ പുറംലോകം കാണാതെ രണ്ടുപതിറ്റാണ്ട് സൂക്ഷിച്ച കുറിപ്പുകൾ 'വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകൾ' എന്ന പുസ്തകമായി അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീലങ്കയിലെ പാകിസ്ഥാൻ എംബസിയുമായുള്ള ബന്ധം, ചാരപ്പണിക്ക് വ്യാജ പാസ്പോർട്ടുണ്ടാക്കി, ശശികുമാർ ഐ.എസ്.ആർ.ഒ ഓഫീസിലേക്ക് കൊണ്ടുപോയി പത്ത് ഫോട്ടോകളും ചാർട്ടുകളും കൈമാറി, നമ്പിനാരായണന്റെയും രമൺ ശ്രീവാസ്തവയുടെയും പേരുകൾ പറയാൻ ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതിക്കാട്ടി എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വഴിവിട്ട നടപടികളെല്ലാം ഈ പുസ്തകത്തിലുണ്ട്. നിരപരാധിയായ താൻ എങ്ങനെ ചാരക്കേസിൽ പ്രതിയാക്കപ്പെട്ടെന്ന് ഫൗസിയ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAUZIA HASSAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.