SignIn
Kerala Kaumudi Online
Friday, 29 March 2024 5.01 AM IST

ആശുപത്രിബില്ല് 'അളിയ'ന്റെ പേർക്ക് അയച്ചേക്ക്

bill-

എന്നാ ചെയ്യാനാ. നമ്മുടെ നാട് അങ്ങനെയായിപ്പോയി. സർക്കാരിന് സ്വന്തമായി ഒന്നുമില്ല. ഒന്നും വേണ്ട. ഉള്ളതുപോലും വിൽക്കുകയല്ലേ. വാങ്ങുന്നത് മറ്റൊരു സർക്കാരല്ല. കാശുള്ളവൻ വാങ്ങിക്കൊള്ളും. ജീവനക്കാരെ സഹിതം. പിന്നെന്തുവേണം. പ്രശ്നങ്ങളില്ല. തൊഴിൽ നഷ്ടമില്ല. സ്ഥാപനത്തിൽ സമരമില്ല. മൊതലാളിക്കും കോള്. വില്പനക്കാരനായ സർക്കാരിനും കോള്. പുറമേ രാഷ്ട്രീയക്കാർ ചില്ലറ ദിവസങ്ങളിൽ മുദ്രാവാക്യം വിളിക്കും. കൂടിപ്പോയാൽ ഒന്നോരണ്ടോ കേസും ഫയൽ ചെയ്യും. എങ്കിലും ഒരു സംശയം ബാക്കി. സർക്കാരിനില്ലാത്ത പണം അയാളെങ്ങനെ ഉണ്ടാക്കി. അയാളെ പിടിച്ചിരുത്തി തിരക്കിക്കൂടെ. എന്നിട്ട് ആ പണി സർക്കാരിനായിക്കൂടെ. ജനങ്ങളില്ലേ ?അവരുടെ കാര്യം നോക്കണ്ടേ ? അപ്പോപ്പിന്നെ സ്വല്പം തലതിരിഞ്ഞ ചിന്തയുമാകാം

വിഴിഞ്ഞം തുറമുഖം വിറ്റ് കാശാക്കി. തിരുവനന്തപുരം വിമാനത്താവളം കച്ചോടമാക്കി. ബാക്കിയുള്ളവയ്ക്കും വില പറഞ്ഞു. ഏതാണ്ട് ഒതുങ്ങി വരുന്നു. .....വില്ക്കും. കാശാക്കും. ആ കാശൊക്കെ എന്തു ചെയ്യുന്നു ? അതൊരു ചോദ്യമാകാം. സംശയമാകാം. അതുകൊണ്ട് വോട്ടിടാൻ ഒാടുന്ന ജനത്തിന് എന്ത് ഗുണമുണ്ട്.

തിരഞ്ഞെടുപ്പിന്റെ പുകയും പകയും ഒട്ടടങ്ങുന്നില്ല. ഇനിയും ഇരട്ടിപ്പും അട്ടിമറിയും അടിയൊഴുക്കും, മറിപ്പും, കച്ചോടവും, മരിച്ചവരുടെ പേരിൽ പോസ്റ്റൽ വോട്ടുകളുമൊക്കെയായി പ്രസ്താവന പൂരം. നേതാക്കൾ വച്ചടിക്കുന്നു. പ്രതികരിക്കുന്നു. ഘോരഘോരം.

സ്വകാര്യവത്കരണമെന്ന പ്രയോഗം കിടന്നടിച്ചു, തിരഞ്ഞെടുപ്പിന്. വിറ്റില്ലെ. വിറ്റ് തുലച്ചില്ലെ. ആ ആക്രോശം എല്ലാ പാർട്ടിക്കാരും വച്ചുപുലർത്തി. ഘോരഘോരം. തീപ്പൊരിയായ ഒരു വാചകമില്ലേ. ആകാശവും കരയും കടലും വരെ വിറ്റുതിന്നു. ഇനി എന്തിരിക്കുന്നു വിൽക്കാൻ. ഒന്നുമില്ലെന്നല്ല. കുറെ ദൈവങ്ങളുണ്ട്. പമ്പയിലെ മണലും ശബരിമലയും നോട്ടമിട്ടിരുന്നു. അത് കൂടിയാകുമ്പോൾ തീർന്നു. 'നമശിവായ' ജപിച്ച് കഴിയാം.

അതൊക്കെ രാഷ്ട്രീയം. വാചക ഗുസ്തികൾ. പഴയ ഗാട്ടാ ഗുസ്തികൾ. കേട്ടിട്ടില്ലെ. എന്നാലീ സ്വകാര്യന്മാരെ അങ്ങനെ തള്ളാനൊക്കില്ല. തിരുവനന്തപുരത്ത് രണ്ട് മെഡിക്കൽ കോളേജുകൾ ഉണ്ടെന്നാണ് വയ്പ്. (ഒന്നിന്റെ കാര്യം പിന്നെയറിയാം). സർക്കാർ മെഡിക്കൽ കോളേജ് ഉന്നതമാണ്, ചികിത്സയിൽ, നിലവാരത്തിൽ ഒക്കെ. പക്ഷേ അതിന്റെ ചുറ്റുവട്ടത്ത് സ്വകാര്യ ആശുപത്രികൾ എത്രയാണ്. അടുപ്പു കൂട്ടിയതുപോലെയല്ലേ. എല്ലായിടത്തും നല്ല കോളാണ്. . കൂട്ടിരിപ്പുകാർക്കും ബന്ധുക്കൾക്കും സുഖസൗകര്യങ്ങൾ കൂടിയേ തീരൂ. എസി വേണം. ടിവി വേണം. അങ്ങനെ പലതും. പാവം രോഗി ഇതൊന്നുമറിയുന്നില്ല. ഇൻഷ്വറൻസിന്റെ കാര്യത്തിൽ ചില ചിട്ടവട്ടങ്ങളുണ്ട്. അതുവേറെ. രോഗി സുഖം പ്രാപിച്ചിറങ്ങുമ്പോൾ ബാക്കി ബില്ലുകളും വരും. അപ്പോഴാണ് സ്വകാര്യതയുടെ ഉൗർജ്ജം എത്രയെന്നറിയുന്നത്.

ഇൗയിടെ എന്റെ ഒരു സ്നേഹിതൻ സ്വകാര്യ ആശുപത്രിയിലായി. തകരാറ് ഹൃദയത്തിന്. ടെസ്റ്റുകൾ തിരുതകൃതിയായി നടന്നു. ഒടുവിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നിശ്ചയിച്ചു. 'ബൈപാസി'ന്റെ കാലമല്ലേ! അതുതന്നെയാകട്ടെ എന്ന് തീരുമാനം. ശസ്ത്രക്രിയ വിജയകരമായി നടത്തി. ശീതീകരിച്ച പ്രത്യേക മുറിയിൽനിന്ന് രോഗിയെ മുറിയിേലേക്കു മാറ്റി. കന്യാസ്ത്രീയായ നഴ്സ് ചെന്ന് രോഗിയോട് തിരക്കി: ''ഹെൽത്ത് ഇൻഷ്വറൻസ് ഉണ്ടോ.''

രോഗി ഇല്ലെന്ന് ഉത്തരം പറഞ്ഞു.

നഴ്സ് വീണ്ടും. ''നിങ്ങൾക്ക് ബാങ്കിൽ പണമുണ്ടോ?''

രോഗി : ''ബാങ്കിൽ പണമില്ല.''

നഴ്സ് : ''നിങ്ങളെ സഹായിക്കാൻ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?''

രോഗി : ''ഉണ്ട്. എന്റെ സഹോദരി. അവൾ മഠത്തിലാണ്. നിങ്ങളെപ്പോലെ. കന്യാസ്ത്രീയാണ്..... ഒരു വൃദ്ധ കന്യക.''

കന്യാസ്ത്രീയായ നഴ്സിന് ദേഷ്യം വന്നു. അവർ ഉറക്കെ പറഞ്ഞു : ''എന്ത് അനാവശ്യമാണ് നിങ്ങൾ പറയുന്നത്. കന്യാസ്ത്രീകൾ അവിവാഹിതരായ സ്ത്രീകളല്ല. അവർ ദൈവത്തിന്റെ മണവാട്ടിമാരാണ്. അറിയുമോ നിങ്ങൾക്ക്.''

ഒാപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന രോഗി ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു : ''അപ്പോൾ എന്റെ സഹോദരിയും ദൈവത്തിന്റെ മണവാട്ടിയാണല്ലെ. നന്നായി. ഒരു കാര്യം ചെയ്യ്. എന്റെ ആശുപത്രിബില്ല് 'അളിയ'ന്റെ പേർക്കങ്ങ് അയച്ചേക്ക്.''

സംഗതി ശുഭം!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.