SignIn
Kerala Kaumudi Online
Friday, 26 April 2024 2.28 AM IST

ഈ കേസിൽ ദൈവം പ്രതിയല്ല

karl-marx

വീഴ്ചയിൽ നിന്ന് പാഠം പഠിക്കുന്നവരാണ് എല്ലാ ജീവിവർഗങ്ങളും. ആ സിദ്ധിയിലും മനുഷ്യബുദ്ധി അദ്വിതീയമാണ്. കൊവിഡിന്റെ മുൻപും പിൻപും എന്ന രൂപത്തിൽ ചരിത്രം വേർതിരിക്കപ്പെട്ടു കഴിഞ്ഞു. കൊവിഡാനാന്തര ലോകത്ത് അതിന് മുമ്പുള്ള അതേ ജീവിതശൈലിയുമായി തുടരാൻ സമൂഹത്തിന് അവകാശമില്ല. അങ്ങനെ ചെയ്താൽ വിശേഷബുദ്ധിയെപ്പറ്റിയുള്ള മനുഷ്യന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നെന്ന് കാലം വിധിയെഴുതും. കൊവിഡ് 19ന്റെ ഉത്തരവാദിത്വം ദൈവത്തിന്റെ മേൽ ആരോപിക്കാൻ ശ്രമിക്കുന്നവരുണ്ട്. കേന്ദ്ര മന്ത്രിമാരിൽ ചിലരും ആ ഗണത്തിൽപ്പെടും. ലോകത്താകെ 3,558,743 ലക്ഷം പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ത്യയിൽ 329,590 ലക്ഷവും. ഈ കൂട്ടക്കുരുതിയിൽ ദൈവം ഒരിക്കലും പ്രതിയല്ല. ആഗോള താപനത്തെപ്പറ്റി പറയാനും കേൾക്കാനും തുടങ്ങിയ കാലം മുതൽ ശാസ്ത്രം നൽകിയ മുന്നറിയിപ്പുകളിൽ ഇതുമുണ്ടായിരുന്നു - പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികൾ. ആഗോള താപനത്തിന്റെ പ്രത്യക്ഷഫലമായ കാലാവസ്ഥാ വ്യതിയാനം പലതരം വൈറസുകളുടെ അതിജീവനശേഷി വർദ്ധിപ്പിക്കുമെന്നും അത് പുതിയതരം മഹാവ്യാധികൾക്ക് വഴിവച്ചേക്കുമെന്നായിരുന്നു ആ മുന്നറിയിപ്പ്. പക്ഷേ നമുക്കതിന് ചെവികൊടുക്കാൻ നേരമുണ്ടായിരുന്നില്ല. നാം ലാഭം പെറ്റുപെരുകുന്ന വികസനത്തിന്റെ ഔന്നത്യം കൈയെത്തിപ്പിടിക്കാൻ പരക്കം പായുകയായിരുന്നു. വികസനം വേണ്ടെന്ന് ആരും പറയില്ല. എന്നാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വികസനം സ്ഥായിയായ വികസനമാകുമോ എന്ന് സ്വയം ചോദിക്കാൻ മാനവരാശി നിർബന്ധിതമായിരിക്കുന്നു.

തന്ത്രമില്ലാത്ത യുദ്ധം

2019 ന്റെ ഒടുവിൽ ആഞ്ഞടിച്ച കൊവിഡ് 19 ഒന്നര വർഷത്തിനിടയിൽ ലോകത്തെ പല പാഠങ്ങളും പഠിപ്പിച്ചു. സർക്കാരുകൾ ഒന്നും ചെയ്യേണ്ടതില്ല, തെറ്റുപറ്റാത്ത കമ്പോളങ്ങൾ എല്ലാം ചെയ്തുകൊള്ളുമെന്ന രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് ഇതിൽ പ്രധാനം. അമേരിക്കയും യൂറോപ്പും മുതൽ ഇന്ത്യയിൽ വരെ ആ പൊള്ളത്തരം ദൃശ്യമായി കഴിഞ്ഞു. അതിസൂക്ഷ്മമായ ഒരു വൈറസിന് മുന്നിൽ ശക്തരായ രാഷ്ട്രങ്ങൾ പോലും വിറയ്ക്കുകയായിരുന്നു. കുത്തിവയ്ക്കാൻ മരുന്നും ശ്വാസം നൽകാൻ ഓക്സിജനും, അഭയം പ്രാപിക്കാൻ ആശുപത്രികളുമില്ലാതെ ജനം പരക്കം പാഞ്ഞു. അവരിൽ പാവങ്ങൾ മാത്രമല്ല പണക്കാരുമുണ്ടായിരുന്നു. അവർക്ക് മുമ്പിൽ അൻപത്താറിഞ്ച് നെഞ്ചും കമ്പോളത്തിന്റെ കടിഞ്ഞാണും സർവശക്തനെന്ന ഭാവവും സ്വായത്തമാക്കിയ ഭരണത്തലവന്മാർ പകച്ചുനിന്നു. പുണ്യവാഹിനിയായി കരുതപ്പെടുന്ന ഗംഗാനദിയിൽ ഒഴുകിനടന്ന മൃതദേഹങ്ങളാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക - രാഷ്ട്രീയ - ആത്മീയ പ്രതിസന്ധിയുടെ യഥാർത്ഥ മുഖം ലോകത്തെ അറിയിക്കുന്നത്. കൊവിഡിന്റെ ഒന്നാംതരംഗത്തിൽ കാണിച്ചതിനെക്കാൾ കുറ്റകരമായ അലംഭാവമാണ് രണ്ടാംവരവിൽ ഭരണാധികാരികൾ കാണിച്ചത്. കൂടുതൽ മാരകമായി രണ്ടാംതരംഗം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുകളോട് പൂർണ അവഗണനയാണ് അവർ കാണിച്ചത്. കൊവിഡിനെ തോല്പിച്ച ജേതാവ് എന്നു പറഞ്ഞുകൊണ്ട് മന്ത്രിമാർ പ്രധാനമന്ത്രിയെ പാടിപ്പുകഴ്‌ത്തി. സർക്കാരിന്റെ മുൻകൈയിൽ ലക്ഷങ്ങളെ അണിനിരത്തി കുംഭമേള പൊടിപൊടിച്ചു. അതിനുശേഷം ബംഗാളിലെ റോഡ് ഷോ പരമ്പരകൾ. രണ്ടാം തരംഗത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഉയർത്തിയ മുറവിളി കേൾക്കാൻ ഡൽഹിയിൽ ആരുമുണ്ടായിരുന്നില്ല. ഹിമാലയത്തോളം വളർന്നുനില്ക്കുന്ന സർക്കാരിന്റെ തെറ്റുകുറ്റങ്ങളിൽ ഏറ്റവും മുഴച്ചുനില്ക്കുന്നത് അതിന് ഈ യുദ്ധം ജയിക്കാനുള്ള ഒരു യുദ്ധതന്ത്രമില്ലാതെ പോയതാണ്.

കൊവിഡിനെ തോല്പിക്കാനുള്ള സമരം ഈ നൂറ്റാണ്ടിലെ മഹായുദ്ധമാണ്. ഇതിലെ സർവപ്രധാനമായ ആയുധം വാക്സിൻ തന്നെയാണ്. സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന യുദ്ധതന്ത്രം നടപ്പാക്കിയപ്പോഴാണ് ഏറ്റവും അധികം മനുഷ്യർ മരിച്ച അമേരിക്ക പോലും ഈ യുദ്ധം ജയിച്ചത്. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുയരുമ്പോഴും ആ വഴിക്ക് ചിന്തിക്കാൻ ഇന്ത്യയിലെ ഭരണാധികാരികൾ തയാറാകുന്നില്ല. 34,250 കോടി രൂപയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ എന്ന ലക്ഷ്യം നേടാനാവുമെന്ന് കണക്കുകൾ പറയുന്നു. ഇന്ത്യയ്ക്ക് മുൻപിൽ ഇതിന് മാർഗമുണ്ട്. വാക്സിനേഷനു വേണ്ടിത്തന്നെ ബഡ്ജറ്റിൽ മാറ്റിവച്ചിട്ടുള്ള 35,000 കോടി, റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ നിന്നുള്ള 54,000 കോടി. അതിനുള്ള മനസുണ്ടോ എന്നതാണ് പ്രശ്നം. ഭരണകൂടത്തിന്റെ രാഷ്ട്രീയ ഇച്ഛയും അതിനു വഴികാണിക്കുന്ന വർഗതാത്‌പര്യവും ഇവിടെയാണ് കടന്നുവരുന്നത്.

ലാഭമോഹിതം

സ്വകാര്യ വാക്സിൻ നിർമ്മാതാക്കളുടെ കൊയ്‌ത്തുത്സവത്തിന്റെ സംഘാടക കമ്മിറ്റിയായാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനായി ഗവൺമെന്റ് ആദ്യം ചെയ്തത് ഇന്ത്യയിലെ പൊതുമേഖല വാക്സിൻ കമ്പനികളെ എല്ലാം നിർവീര്യമാക്കുകയായിരുന്നു. 2000നു മുമ്പ് രാജ്യത്തെ വാക്സിൻ നിർമ്മാണത്തിന്റെ 80 ശതമാനവും നിർവഹിച്ചുപോന്നത് പൊതുമേഖലാ വാക്സിൻ കമ്പനികളായിരുന്നു. അവയുടെ മികവാർന്ന പ്രവർത്തനത്തിലൂടെയാണ് ഇന്ത്യ 'ലോകത്തിന്റെ ഫാർമസി" എന്ന സ്ഥാനം നേടിയത്. ഇന്നാകട്ടെ വാക്സിൻ ഉത്പാദനത്തിന്റെ 90 ശതമാനവും കൈയാളുന്നത് സ്വകാര്യ നിർമ്മാതാക്കളാണ്. അവർക്ക് അതിരറ്റ ലാഭം ഉണ്ടാക്കുംവിധമാണ് മഹാമാരിക്കാലത്തും വാക്സിൻ നയം നടപ്പാക്കുന്നത്. സൗജന്യമായി എല്ലാവർക്കും നൽകേണ്ട വാക്സിന് മൂന്ന് തട്ടിലുള്ള വില നിശ്ചയിച്ചുകൊണ്ട് സ്വകാര്യ വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്കും ഭാരത് ബയോട്ടെക്കിനും കൊള്ള നടത്താൻ കുടപിടിക്കുകയാണ് സർക്കാർ. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ സ്വകാര്യ കമ്പനികൾ വാക്സിൻ കുത്തകകളായി മാറുന്നത്. വിവിധ വാക്സിനുകളുടെ നിർമ്മാണത്തിൽ മഹനീയമായ പങ്കുവഹിച്ച പൊതുമേഖലാ സ്ഥാപനങ്ങളായ ഹിമാചൽപ്രദേശിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്‌നാട്ടിലെ ബിസിജി വാക്സിൻ ലബോറട്ടറി, പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ തുടങ്ങി എത്രയോ സ്ഥാപനങ്ങൾ പണിയില്ലാതിരിക്കുമ്പോഴാണ് ഈ സ്വകാര്യ കൊള്ളയ്ക്ക് സർക്കാർ കൂട്ടുനില്ക്കുന്നത്. ഈ വർഷം ഡിസംബർ ആകുമ്പോൾ 216 കോടി കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കുമെന്നാണ് കേന്ദ്ര ഗവൺമെന്റ് അവകാശപ്പെടുന്നത്. വിതരണത്തിനിടെ 15 ശതമാനം പാഴാകും എന്നതുകൂടി പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്ക് 110 കോടി വാക്സിനുകൾ വേണ്ടിവരുമെന്നാണ് ഔദ്യോഗിക കണക്കുകൾ തന്നെ പറയുന്നത്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ 900 കോടി മുടക്കി നിർമ്മിച്ച ഇന്റഗ്രേറ്റഡ് വാക്സിൻ കോംപ്ളക്സ് 2017 മുതൽ പ്രവർത്തനസജ്ജമാണ്. പക്ഷേ വാക്സിനുവേണ്ടി രാജ്യം മുഴുവൻ കാത്തിരിക്കുമ്പോഴും ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ അടുപ്പിച്ചു കൂടെന്നാണ് സർക്കാർ നയം. മനുഷ്യർ മരിച്ചുവീണാലും സ്വകാര്യ മേഖലയുടെ ലാഭമോഹത്തെ നൊമ്പരപ്പെടുത്തിക്കൂടെന്നാണ് ആ നയത്തിന്റെ തീരുമാനം. അതിനിടയിൽ മൂന്നാംതരംഗം വന്നാൽ എത്ര ലക്ഷങ്ങൾ മരിച്ചുവീഴുമെന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നില്ല. അതിനകം തങ്ങളുടെ സാമ്പത്തിക - രാഷ്ട്രീയ മച്ചമ്പിമാരായ സ്വകാര്യ മൂലധന പ്രഭുക്കൾക്ക് എത്ര ദശലക്ഷം കോടി ലാഭം ഉറപ്പാക്കാൻ കഴിയുമെന്നതിലാണ് അവർക്ക് ഉത്കണ്ഠ. മാർക്സിന്റെ നിരീക്ഷണം എത്ര ശരിയായിരുന്നു. മുതലാളിത്ത വികസനത്തിന്റെ ഉയർന്ന ഘട്ടത്തിൽ ഭരണകൂടം മൂലധനത്തിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. മൂലധനത്തിന്റെ ഒന്നാം വോ‌ള്യത്തിൽ മാർക്സ് മുതലാളിത്തത്തിന്റെ സ്വഭാവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ലാഭം കിട്ടുമെങ്കിൽ മൂലധനം ചെയ്യാനറയ്ക്കുന്ന കുറ്റകൃത്യങ്ങൾ ഒന്നുമില്ലെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ''സംഘർഷങ്ങളും കെടുതികളും ലാഭം നൽകുമെങ്കിൽ മൂലധനം അവ രണ്ടിനേയും കൈയയച്ച് പ്രോത്സാഹിപ്പിക്കും" (അദ്ധ്യായം 31). അതാണ് നാമിപ്പോൾ കാണുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.