SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 AM IST

ജലീലിന്റെ വെല്ലുവിളിയും നജീബിന്റെ മറുവാക്കും

assembly

കെ.ടി. ജലീലും മുസ്ലിംലീഗും മോരും മുതിരയും പോലെയാണ്. ഒരുമിച്ച് ചേരില്ല. നിയമസഭയിൽ ഈ മോരും മുതിരയും കൂട്ടിമുട്ടുന്ന സ്ഥിതിയുണ്ടായാൽ ശേഷം ചിന്ത്യം. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ അത് സംഭവിച്ചു. കെ.ടി. ജലീലും മുസ്ലിംലീഗും കൂട്ടിമുട്ടി. തീയും പുകയുമുയർന്നത് സ്വാഭാവികം. കെ.ടി. ജലീൽ ലീഗിനെ ആവോളം കുടഞ്ഞു. ലീഗിന് വേണ്ടി തിരിച്ച് കുടയാൻ നിയോഗമുണ്ടായത്, കന്നിയംഗമായ നജീബ് കാന്തപുരത്തിനായിരുന്നു. കന്നിപ്രാസംഗികന്റെ സഭാകമ്പമില്ലാതെ നജീബ് ദൗത്യം ഭംഗിയാക്കി! ജലീലോ നജീബോ മുന്നിട്ട് നിന്നത് എന്ന് ചോദിച്ചാൽ, കഥയിൽ ചോദ്യമില്ലെന്നാണുത്തരം.

ആവനാഴിയിലെ അവസാനത്തെ ആയുധമെടുത്താണ് തന്നെ തോല്പിക്കാൻ തവനൂരിൽ ലീഗുകാരനെ പിടിച്ച് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ചതെന്നാണ് ജലീലിന്റെ വാദം. "എന്റെ തോൽവി കണ്ട് കണ്ണടയ്ക്കാമെന്ന മോഹം മാറ്റിവച്ചേക്കൂ..." എന്നദ്ദേഹം ലീഗുകാരെ ഉപദേശിച്ചു. തനിക്കെതിരെ ചാവേറുകളായി പറഞ്ഞയച്ചവരൊക്കെയെവിടെ എന്ന് ജലീൽ ചോദിച്ചു. "എന്നെ കൊല്ലാനായേക്കും, തോല്പിക്കാനാവില്ല"- ജലീൽ വിപ്ലവകാരിയായി.

മനസിൽ കിനാവ് കണ്ട കസേര അകന്നു പോകുമ്പോൾ നാലാംനിരയിലേക്ക് മാറ്റപ്പെടുന്നവരുടെ വികാരം മനസിലാക്കാവുന്നതേയുള്ളൂവെന്ന് സമാധാനിക്കുകയായിരുന്നു ലീഗ് അംഗം നജീബ് കാന്തപുരം. നിങ്ങൾ എന്നേ തോറ്റുപോയ ആളാണ് ജലീലേ എന്ന് നജീബ് നീട്ടിപ്പറഞ്ഞു. കുഴലൂത്തുകാരെ ഒരുപാട് കണ്ടിട്ടുള്ള നജീബ് സ്വയം കുഴലായി മാറുന്നയാളെ കാണുന്നത് ആദ്യമായിട്ടാണത്രെ. ആരാണ് ആ കുഴലെന്ന് ചോദിച്ചാൽ,​ നജീബിനെ സംബന്ധിച്ചിടത്തോളം ജലീലാവാനേ തരമുള്ളൂ.

പാലാരിവട്ടം പാലം, അണ്ണാക്ക് തൊടാതെ വിഴുങ്ങൽ,​ ജ്വല്ലറി തട്ടിപ്പ്,​ കത്വ പിരിവ്,​ ഇഞ്ചികൃഷി എന്നിങ്ങനെ ലീഗിനെ പ്രകോപിപ്പിക്കാവുന്ന ടൂൾകിറ്റുകളെല്ലാം എടുത്തിട്ടാണ് ജലീൽ തന്റെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിക്ക് ന്യായീകരണം നിരത്തിയത്. ഒരു സർക്കാർ സ്ഥാപനം മെച്ചപ്പെടുത്താൻ സദുദ്ദേശത്തോടെ നടത്തിയ ശ്രമത്തിലെ സാങ്കേതികത്വത്തിന്റെ പേരിലായിരുന്നുവെന്നാണ് ആ ന്യായീകരണം.

സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമൊക്കെയല്ലേ കോടതി ചൂണ്ടിക്കാട്ടിയത് എന്ന് ചോദിച്ച് ഇതിന് മറുപടി നൽകിയത് കോൺഗ്രസിലെ സണ്ണി ജോസഫാണ്.

ചെന്നിത്തല മാറി വി.ഡി. സതീശൻ വന്നുവെങ്കിലും നിങ്ങൾ നല്ല പ്രതിപക്ഷമായി കുറേക്കാലം തുടരേണ്ടിവരുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ പ്രതിപക്ഷത്തോട് 'നല്ല' വാക്കുപദേശിച്ചു. സാധാരണക്കാരോടും കാർഷികമേഖലയോടുമുള്ള കരുതൽ നയപ്രഖ്യാപനത്തിൽ ആവോളം ദർശിച്ചത് ചങ്ങനാശ്ശേരിയിൽ നിന്ന് മാണിഗ്രൂപ്പംഗമായെത്തിയ കന്നിയംഗം ജോബ് മൈക്കിളാണ്.

കഴിഞ്ഞ ദിവസത്തെ ലക്ഷദ്വീപ് പ്രമേയത്തിലും ചൈനയിലേക്കും തിബറ്റിലേക്കും നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണ് പ്രതിപക്ഷമെന്നതിനാൽ, ഇനിയുള്ള അഞ്ച് വർഷവും ക്രിയാത്മകം എന്ന വാക്ക് പ്രതിപക്ഷത്തെ വേട്ടയാടുമെന്ന് ഐ.ബി. സതീഷ് വിശ്വസിക്കുന്നു.

വടകരയിൽ നിന്നെത്തിയ കെ.കെ. രമ, ലക്ഷദ്വീപിനായി പ്രമേയം പാസാക്കിയ സഭയിലെത്താനായതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. പക്ഷേ നമ്മുടെ നാട്ടിലും നിർഭയവും സമാധാനപൂർണവുമായ ജീവിതം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കൂടി ഭരിക്കുന്നവർക്കുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. അപ്പോൾ മാത്രമാണ് ഇത്തരം നടപടികൾ ആത്മാർത്ഥവും അർത്ഥപൂർണവുകയെന്ന് അവർ പറഞ്ഞത് സ്വാനുഭവ വെളിച്ചത്തിലായിരിക്കുമോ?

കിഫ്ബി നാടിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലുണ്ടാക്കിയ കുതിച്ചുചാട്ടത്തെ ആർക്ക് വിസ്മരിക്കാനാകുമെന്ന് കെ.വി. സുമേഷ് ചോദിച്ചു. അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന ആചാരം ലംഘിക്കപ്പെട്ടതോടെ പുതിയ നവോത്ഥാനമാണ് സി.കെ.ആശ മുന്നിൽ കാണുന്നത്. തീരമണ്ഡലമായ വൈപ്പിനിൽ നിന്നെത്തിയ കെ.എൻ. ഉണ്ണികൃഷ്ണൻ, തീരസംരക്ഷണത്തിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ കന്നിപ്രസംഗത്തിൽ ഗൃഹപാഠത്തോടെ അവതരിപ്പിച്ചു. മലയോരമണ്ഡലമായ ഇരിക്കൂറിൽ നിന്നെത്തിയ സജീവ് ജോസഫ്, കർഷകരുടെ കണ്ണീരിനെപ്പറ്റി വാചാലനായി. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം സംസ്ഥാന ഖജനാവിന് വരുത്തിവച്ചത് 50 ലക്ഷത്തിന്റെ ബാദ്ധ്യതയാണെന്ന്, ചാരക്കേസിലെ വിധി ഓർമ്മിപ്പിച്ച് ഗുരുവായൂരംഗം എൻ.കെ. അക്ബർ സമർത്ഥിച്ചു.

തീരദേശത്തെ ദുരിതാവസ്ഥയിലേക്ക് അടിയന്തര പ്രമേയത്തിലൂടെ പി.സി. വിഷ്ണുനാഥ് വിരൽചൂണ്ടി. രണ്ടാം പിണറായി സർക്കാർ വന്നശേഷം രണ്ട് കൊടുങ്കാറ്റുകളുണ്ടായി എന്നദ്ദേഹം പറഞ്ഞതിനെ ചിലർ തെറ്റിദ്ധരിച്ചെങ്കിലും അതിൽ കൊരുക്കാതെ, കാലാവസ്ഥാ വ്യതിയാനത്തിലേക്കും ശാസ്ത്രപഠനങ്ങളിലേക്കുമാണ് അദ്ദേഹം നടന്നുനീങ്ങിയത്. അഞ്ച് വർഷത്തിനുള്ളിൽ കടലാക്രമണപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഇനി അഞ്ച് വർഷത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് പറയുമ്പോൾ കഴിഞ്ഞ അഞ്ചുവർഷം സൈന്യത്തിനായി എന്ത് ചെയ്തുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിക്കാതിരുന്നില്ല.

മത്സ്യത്തൊഴിലാളികൾ എല്ലാവർക്കും കേരളത്തിന്റെ സൈന്യമാണ്. മുഖ്യമന്ത്രിയും സൈന്യമെന്ന് ഓർമ്മിപ്പിക്കാതിരുന്നില്ല. വിഴിഞ്ഞത്ത് ഈ സൈന്യത്തിലെ മൂന്ന് പേർക്കാണ് ജീവൻ പോയതെന്ന് മുഖ്യമന്ത്രിയെ അപ്പോൾ പ്രതിപക്ഷനേതാവ് ഓർമ്മിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.