SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.01 PM IST

നൊച്ചാടു നിന്ന് ഗംഗ വരെ

thomas-isaac

നാട്ടുവിചാരം

കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ പകർച്ചവ്യാധി ഗ്രാമങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഗംഗാതീരത്തെ ശ്മശാനങ്ങളിൽ കത്തിയമരുന്ന ചിതകൾ, ചിതയൊരുക്കാൻ പണമില്ലാത്തതുകൊണ്ടാവാം മൃതദേഹം നദീതടത്തെ മണ്ണിൽമൂടി മഞ്ഞപുതപ്പിക്കുന്നവർ, അതുപോലും ചെയ്യാതെ ഗംഗയിൽ ഒഴുക്കുന്നവർ ഇവരുടെയെല്ലാം എത്ര മനസ്സു മരവിപ്പിക്കുന്ന ചിത്രങ്ങളാണ് ബർക്കാ ദത്തിനെപ്പോലുള്ള പത്രപ്രവർത്തകർ പുറത്തുകൊണ്ടുവരുന്നത്. ഗ്രാമങ്ങളിൽ ചികിത്സാ സൗകര്യങ്ങളില്ല. മരത്തണലിലും മറ്റും ഡ്രിപ്പുമായി കിടക്കുന്നരോഗികൾ. യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ അവരെ പരിചരിക്കുന്നവർ. സർക്കാർ പറയുന്ന സംഖ്യയുടെ പല മടങ്ങാണത്രേ മരണത്തിന്റെ കണക്കുകൾ.
വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ നാഥനില്ലാ കളരികളായിരിക്കുകയാണ്. നമ്മുടെ സംസ്ഥാനം എത്രയോ വ്യത്യസ്തം! ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തീരാജ് സംവിധാനവും പൊതു ആരോഗ്യ സംവിധാനവും കേരളത്തിലാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ റിപ്പോർട്ട്‌ കൊവിഡ് പ്രതിരോധത്തിൽ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
പുറത്തുള്ള പലരും എന്നോടുചോദിച്ചിട്ടുണ്ട്:കേരളത്തിലെ പഞ്ചായത്തുകൾക്ക് ഇത്ര ഫലപ്രദമായി ദുരന്തനിവാരണത്തിന് ഇടപെടാൻ എങ്ങനെ കഴിയുന്നു? ഇതാ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്ത് അവരുടെ കൊവിഡ് അനുഭവങ്ങളെ ഒരുരേഖയാക്കി മാറ്റിയിരിക്കുന്നു. 2020 ജനുവരി മുതലുള്ള നൊച്ചാട് പഞ്ചായത്തിന്റെ ഒന്നാം വ്യാപനകാലത്തെക്കുറിച്ചു ഗ്രാമപഞ്ചായത്ത് ഭരണസമിതി ' കൊവിഡും ജീവിതവും നൊച്ചാടിന്റെ നേർക്കാഴ്ച്ചകൾ' എന്ന ലഘുഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. റ്റി.പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ഡോക്യുമെന്റേഷനു പഞ്ചായത്തിനെ സഹായിച്ചത്. ഗ്രാമതല പങ്കാളിത്ത പഠനത്തിനു നല്ലൊരു മാതൃകയാണ് ഈ ഗ്രന്ഥം.
കൊവിഡ് ഭീഷണി ആദ്യമുയർന്ന പ്രദേശങ്ങളിൽ ഒന്നാണ്‌ കോഴിക്കോട്ടെ നൊച്ചാട് പഞ്ചായത്ത്. 2019 ഡിസംബറിലാണല്ലോ ചൈനയിലെ വുഹാനിൽ കൊവിഡ്

റിപ്പോർട്ടു ചെയ്യപ്പെട്ടത്. വുഹാനിൽ നിന്നടക്കം ഏഴ് വിദ്യാർത്ഥികൾ ചൈനയിൽ നിന്നും ജനുവരി മാസം തിരിച്ചുവന്നു. അവരെ ക്വാറന്റൈനിലാക്കി. 2020 മാർച്ചു മാസം മുതൽ വിദേശത്തു നിന്നും ആളുകൾ മടങ്ങിവരാൻ തുടങ്ങി. ഇവരെയെല്ലാം ക്വാറന്റൈൻ ചെയ്തു. മറ്റു ജില്ലകളിൽ നിന്നും വരുന്നവർക്കു 14 ദിവസത്തെ സംരക്ഷണം ഏർപ്പെടുത്തി. ലക്ഷണങ്ങൾ കാണിക്കുന്നവരെ മെഡിക്കൽകോളേജിലേയ്ക്കു മാറ്റി. പൊതുസ്ഥാപനങ്ങളും ലോഡ്ജുകളും മറ്റും കുറവായതുകൊണ്ട് പുറത്തുനിന്നു വരുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനു പ്രയാസങ്ങൾനേരിട്ടു. നിരീക്ഷണത്തിലും ക്വാറന്റൈനിലും കഴിയുന്നവർക്കു താമസിക്കാനായി സ്വന്തം വീടുകൾ ഒഴിഞ്ഞുകൊടുക്കുകയും ബന്ധുക്കളുടെ വീടുകളിലേയ്ക്ക് താമസം മാറുകയും ചെയ്തവർപോലുമുണ്ട്.
കൊവിഡ് ചികിത്സയുടെ കേന്ദ്രബിന്ദു കുടുംബാരോഗ്യകേന്ദ്രം തന്നെയാണ്. അവിടുത്തെ ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും ആർ.ആർ.റ്റി പ്രവർത്തകരുമാണ് ആരോഗ്യസേന. എല്ലാ വാർഡിലും ജാഗ്രതാ സമിതികൾ. അവയ്ക്കു കീഴിൽ സന്നദ്ധപ്രവർത്തനത്തിനു തയ്യാറുള്ളവരെ ചേർത്തുകൊണ്ടുള്ള ആർ.ആർ.റ്റി. ഇത്തരത്തിൽ 340 സന്നദ്ധപ്രവർത്തകർ ഉണ്ട്.ഫോൺ മുഖേനയുള്ള ടെലി മെഡിസിനും കൗൺസിലിംഗും ആയിരുന്നു ശ്രദ്ധേയമായ ഇടപെടലുകൾ. കൗതുകകരമായ ഒരു കാര്യം കുടുംബരോഗ്യകേന്ദ്രത്തിലെ ഒ.പി.യിലെ രോഗികളുടെ എണ്ണം 6000ൽപ്പരമായിരുന്നത് 3000 ആയി താഴ്ന്നുവെന്നുള്ളതാണ്. കുട്ടികളുടെ എണ്ണത്തിലാണ് ഏറ്റവും കുറവുണ്ടായത്.
ഈയൊരു പ്രവർത്തനത്തിൽ പഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകളും കുടുംബശ്രീയും സന്നദ്ധസംഘടനകളും വായനശാലകളും മതസ്ഥാപനങ്ങളും സുപ്രധാന പങ്കുവഹിക്കുകയുണ്ടായി.
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു പ്രത്യേകത ജനങ്ങൾക്കു നൽകിയ സമാശ്വാസ പ്രവർത്തനങ്ങളാണ്. ഇത്തരമൊരു ആപത്ഘട്ടത്തിൽ ജനങ്ങൾക്കു തൊഴിലും വരുമാനവും നൽകുന്നതിനു തദ്ദേശഭരണ സ്ഥാപനത്തിന് എന്തു ചെയ്യാനാകുമെന്നതിനു സാക്ഷ്യമാണ് നൊച്ചാട്. പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ തൊഴിൽ നഷ്ടംമൂലം കുടുംബങ്ങൾക്കു വരുമാനത്തിൽ എത്ര കുറവുണ്ടായി എന്നതിനെ സംബന്ധിച്ച് ഒരു സാമ്പിൾ സർവ്വേ നടത്തുകയുണ്ടായി. ഈയൊരു ഗ്രാമപഞ്ചായത്തിൽ മാത്രം 18കോടി രൂപയുടെ വേതന നഷ്ടം മാത്രം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ഓരോ തൊഴിൽമേഖലയിലും ഉണ്ടായിട്ടുള്ള തൊഴിൽ നഷ്ടവും അതുവഴി ഉണ്ടായിട്ടുള്ള വരുമാന നഷ്ടവും കണക്കാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ പാക്കേജിനു പുറമേ പഞ്ചായത്തിന്റെ പദ്ധതിയും ഈ ആപ്തഘട്ടത്തിൽ ജനങ്ങൾക്ക് അത്താണിയായി. ഒരാളുപോലും പട്ടിണി കിടക്കില്ലായെന്ന പ്രഖ്യാപനം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണും ജനകീയഹോട്ടലും ഉറപ്പുവരുത്തി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും പ്രതിരോധനത്തിൽ നല്ലൊരുപങ്കു സമയം ചെലവഴിക്കേണ്ടി വന്നിട്ടും പ്രാദേശിക വികസന പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ തയ്യാറായില്ല. പദ്ധതിച്ചെലവ് 98 ശതമാനം, നികുതി പിരിവ് 95 ശതമാനം,ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ടാർജറ്റിന്റെ 96 ശതമാനം, ലൈഫ് പദ്ധതി 85 ശതമാനം. തൊഴിലുറപ്പു പദ്ധതിയായിരുന്നു പാവപ്പെട്ടവർക്ക് ഈ ആപത്ഘട്ടത്തിൽ പ്രധാന വരുമാനം മാർഗ്ഗം. കൃഷി ഭവന്റെ മുൻകൈയിൽ കാർഷികമേഖലയിലും കരനെല്ല്, തീറ്റപ്പുല്ല്, കപ്പ കൃഷിയും എല്ലാം വലിയ പുരോഗതിയാണ്‌ കൊവിഡുകാലത്തു കൈവരിച്ചത്. പാലുൽപ്പാദനത്തിൽ വലിയ വർദ്ധനവുണ്ടാവുകയും പേരാമ്പ്രബ്ലോക്ക് പഞ്ചായത്തിൽ നൊച്ചാട് മുന്നിലെത്തുകയും ചെയ്തു.
കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ മറ്റൊരു പ്രത്യേകത കുട്ടികളുടെ ഓൺലൈനായിട്ടുള്ള വിദ്യാഭ്യാസമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇതിനുള്ള പരിശ്രമം ഉണ്ടായില്ലയെന്നല്ല വാദം. പക്ഷെ അവിടങ്ങളിലെല്ലാം നാട്ടിൻപുറങ്ങളിൽ പാവപ്പെട്ടവർക്ക് ഓൺലൈൻ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു. പക്ഷെ നൊച്ചാട്‌ കേരളത്തിലെ മറ്റു പഞ്ചായത്തുകളിലെന്നപോലെ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള ഓൺലൈൻ കലോത്സവമടക്കം അരങ്ങേറി. അങ്കണവാടികളുടെ സേവനങ്ങളെല്ലാം വീട്ടിലെത്തിച്ചു കൊടുക്കുകയാണ് ചെയതത്.
'നൊച്ചാടിന്റെനേർക്കാഴ്ചകൾ' നൽകുന്നൊരു ഉൾക്കാഴ്ച എങ്ങനെയാണ് പ്രാദേശികതലത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രാദേശിക വികസനകാര്യത്തിൽ ജനകീയകൂട്ടായ്മ രൂപംകൊള്ളുന്നതു സംബന്ധിച്ചാണ്. ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ നൂറോളം വ്യക്തികളുടെ അനുഭവസാക്ഷ്യങ്ങൾ ഉൾപ്പെടുത്തിയതാണ്. ഇതിലൂടെ വെളിപ്പെടുന്ന പ്രധാനകാര്യം ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി പ്രവർത്തനങ്ങളിൽ പങ്കാളികളായി എന്നതുതന്നെ. ഒരു അധ്യായത്തിന്റെപേരുതന്നെ 'കൊവിഡ് പ്രതിരോധവും രാഷ്ട്രീയവും' എന്നാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾ യോജിച്ച പ്രവർത്തനത്തിനു തടസ്സമായില്ലായെന്നാണ് എല്ലാവരുടെയും സാക്ഷ്യം.
ഇതിന്റെയൊക്കെ ആകെത്തുക എന്താണ് ? കൊവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വിജയം രോഗവ്യാപനത്തിന്റെ കണക്കിൽ പ്രതിഫലിച്ചു കാണാം. 2021 മാർച്ച് ആയപ്പോഴേയ്ക്കും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 37ൽ നിന്നും ആറായി താഴ്ന്നു. ഏപ്രിൽ മാസത്തിലും നിരക്ക് ഏതാണ്ട് ഈ നിലയിൽ തന്നെ നിന്നു. എന്നാൽ മെയ് മാസത്തിൽ 18 ശതമാനമായി ഉയർന്നു. മെയ് അവസാനം വരെ നൊച്ചാട് ഗ്രാമത്തിൽ 476പേർ പോസിറ്റീവ് ആയിരുന്നു. 241പേർ ഏപ്രിൽ-മെയ് മാസങ്ങളിലാണ്‌ രോഗികളായത്. മരണവും ഉയർന്നു. മാർച്ചിനു മുമ്പ് ആകെ 4 മരണങ്ങളാണ് ഉണ്ടായതെങ്കിൽ അതിനുശേഷം 12 മരണങ്ങൾ ഉണ്ടായി. ജനകീയ ജാഗ്രതയ്ക്ക് എന്തു സംഭവിച്ചു? എന്തുകൊണ്ടു വ്യാപനം തീവ്രമായി? ഇതിനുകൂടി ഉത്തരം കണ്ടെത്തുമ്പോഴേ പഠനം പൂർത്തിയാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.