SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 AM IST

കൊവിഡ് കാല വനംകൊള്ളയും വൃക്ഷായുർവേദവും

kerala-assembly

കുറച്ചു ദിവസങ്ങളായി പുകഞ്ഞുകത്തുന്ന, വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടിത്തടി വേട്ട, കാത്തുകാത്തിരുന്ന കസ്തൂരിമാമ്പഴമെന്ന പോലെ ഇന്നലെ സഭയ്ക്കകത്തേക്ക് പ്രവേശിച്ചു. എല്ലാ കാട്ടുകള്ളന്മാരെയും ഇതാ, പിടികൂടിക്കഴിഞ്ഞു എന്ന മട്ടിലായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കൊള്ളക്കാർ എത്ര ഉന്നതരായാലും കർശന നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി കെ. രാജനും പ്രഖ്യാപിച്ചു. അതൊന്നും മുഖവിലയ്ക്കെടുക്കാൻ പ്രതിപക്ഷം തയാറായതേയില്ല. കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവം.

ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകി റവന്യുവകുപ്പ് കഴിഞ്ഞ കൊല്ലമിറക്കിയ ഉത്തരവിലാണ് കൊള്ളയുടെ പ്രഭവകേന്ദ്രമെന്ന് പ്രതിപക്ഷം സംശയിച്ചു. പാവം ഉത്തരവെന്ത് പിഴച്ചെന്ന മട്ടിലായിരുന്നു മന്ത്രിമാർ. ഉത്തരവിനെ മാനഭംഗപ്പെടുത്തിയവരാണ് യഥാർത്ഥ പ്രതികളെന്ന മന്ത്രിമാരുടെ നിഷ്കളങ്കമനസിന് കീഴ്പ്പെട്ട് കൊടുക്കാൻ ഒരുക്കമല്ലാതിരുന്ന പ്രതിപക്ഷം ഇറങ്ങിപ്പോയി.

പത്ത് കിണറിന് സമം ഒരു കുളം,​ പത്ത് കുളത്തിന് സമം ഒരു ജലാശയം,​ പത്ത് ജലാശയത്തിന് സമം ഒരു പുത്രൻ,​ പത്ത് പുത്രന്മാർക്ക് സമം ഒരു വൃക്ഷം എന്ന വൃക്ഷായുർവേദ ശാസ്ത്രത്തിലാണ് പി.ടി. തോമസ് ഈട്ടിത്തടി വേട്ടയ്ക്കെതിരായ സ്വന്തം പോരാട്ടത്തിന് ന്യായം കണ്ടെത്തിയത്. വനംകൊള്ളയുടെ കാണാമറയത്തെ വീരപ്പന്മാർ ആരെല്ലാമാണെന്ന് അദ്ദേഹത്തിനറിയണം. കൊവിഡ് കാലത്ത് നാടാകെ പൊലീസ് കാവൽനിൽക്കുമ്പോൾ വയനാട്ടിൽ നിന്ന് ഈട്ടിത്തടി ചെക്പോസ്റ്റുകളെയെല്ലാം മറികടന്ന് എറണാകുളത്തെത്തിയത് എങ്ങനെ? മുഖ്യമന്ത്രി നടത്തേണ്ടിയിരുന്ന വെബ്സൈറ്റ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ചിലർ അറസ്റ്റിലായോ? ഒരു മാദ്ധ്യമസ്ഥാപനത്തിലെ പ്രധാനവ്യക്തി മദ്ധ്യസ്ഥത വഹിച്ചോ? പ്രതികൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയോ?- തോമസിന്റെ ചോദ്യങ്ങൾ നീണ്ടുനീണ്ടുപോയി.

പത്ത് കോടി മൂല്യം വരുന്ന തടികളെല്ലാമിപ്പോൾ സർക്കാരിന്റെ കൈയിലായിക്കഴിഞ്ഞെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. മന്ത്രിയായി ചുമതലയേൽക്കുമ്പോൾ പലരും വന്നു കാണും, ആരൊക്കെ വന്നു കണ്ടുവെന്നറിയില്ല- മന്ത്രി പിന്നെയും നിഷ്കളങ്കനായി.

പശ്ചിമഘട്ട മലനിരകളും ആവാസവ്യവസ്ഥകളും വിറ്റുതുലയ്ക്കാൻ കൂട്ടുനിൽക്കുന്ന അവതാരങ്ങൾ തിരുവനന്തപുരത്ത് എവിടെയെല്ലാം സഞ്ചരിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പഴയ അവതാരപ്രയോഗത്തെയാണ് അദ്ദേഹം ഓർമ്മിപ്പിച്ചതെങ്കിലും മുഖ്യമന്ത്രി മുഖം കൊടുത്തില്ല.

വർഷങ്ങൾക്ക് ശേഷം സഭയിൽ വനംകൊള്ള വീണ്ടും മുഴങ്ങിക്കേട്ടെന്ന് ഓർമ്മിപ്പിച്ചത് ഇറങ്ങിപ്പോക്കിന് മുമ്പായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു.

നിപ, പ്രളയകാലങ്ങളിൽ നിഷ്ക്രിയത്വമാരോപിച്ച് തങ്ങളെ കുത്തിനോവിച്ചൊരു ചോദ്യം കഴിഞ്ഞദിവസത്തെ ചോദ്യോത്തരവേളയിൽ ഭരണപക്ഷത്ത് നിന്നുണ്ടായത് പ്രതിപക്ഷത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. തിങ്കളാഴ്ച ഇതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ അവർ, ഇന്നലെ സ്പീക്കറെ കത്തിലൂടെയും പ്രതിഷേധമറിയിച്ചു. കെ. ബാബുവാണ് (തൃപ്പൂണിത്തുറ) കത്ത് നൽകിയത്. ചട്ടം ഓർമ്മിപ്പിച്ച് അവധാനത പുലർത്താൻ അംഗങ്ങളോടും ഉദ്യോഗസ്ഥരോടും ഒരുപോലെ സ്പീക്കർ എം.ബി. രാജേഷ് നിർദ്ദേശിച്ചതിനാൽ പ്രതിപക്ഷം അടങ്ങി.

അവനവനാത്മസുഖത്തിനായി ആചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരണമെന്ന ഗുരുവചനത്തെ ബഡ്ജറ്റ് ചർച്ചയിൽ മുരളി പെരുനെല്ലി കൂട്ടുപിടിച്ചത് പ്രതിപക്ഷത്തെ നോവിക്കാൻ മാത്രമുദ്ദേശിച്ചാണ്. പ്രതിപക്ഷത്തിന്റെ ആത്മസുഖത്തിനായുള്ള ആചരണം കൊണ്ട് കേരളത്തിനൊരു സുഖവുമില്ലെന്നാണ് മുരളിവചനം.

വെന്റിലേറ്ററിലായിക്കഴിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ തൊലിപ്പുറ ചികിത്സ പോരെന്ന് റോജി എം.ജോൺ പറയുന്നു. മേജർ സർജറി വേണം. നിർഭാഗ്യവശാൽ തോമസ് ഐസകിന്റെ കൊവിഡ് പാക്കേജും ബാലഗോപാലിന്റെ പുതിയ 20,000കോടി പാക്കേജും തൊലിപ്പുറ ചികിത്സ മാത്രമാണത്രെ.

ജനകീയകോടതിയിൽ ഇതിനകം പാസായിക്കഴിഞ്ഞ ബഡ്ജറ്റാണിതെന്നാണ് മുഹമ്മദ് മുഹസിന്റെ പക്ഷം. വികസനമുരടിപ്പിന്റെ സൂചകങ്ങൾ വ്യക്തമാക്കാത്ത ബഡ്ജറ്റ് കെ.പി.എ. മജീദിനെ നിരാശനാക്കി. കൊവിഡാനന്തരകാലത്തെ സാമൂഹ്യ, സാമ്പത്തിക സമീപനമെങ്ങനെയാവണമെന്ന് ബഡ്ജറ്റിൽ ദർശിച്ച ബാലഗോപാലിന്റേത് കൊവിഡോണമിക്സ് ആയി പ്രമോദ് നാരായണൻ വിശേഷിപ്പിച്ചു. ഇന്നിന്റെ പ്രതിസന്ധിയെ പരിപൂർണമായി അഡ്രസ് ചെയ്യാത്ത ബഡ്ജറ്റായാണ് അനൂപ് ജേക്കബിന്റെ വിലയിരുത്തൽ. പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പ്രഖ്യാപിച്ചതിന് കെ.ബി. ഗണേശ്കുമാർ നന്ദിയറിയിച്ചു. പ്രതിസന്ധിക്ക് മുന്നിൽ മുട്ടുമടക്കാതെ ജനത്തെ സംഘടിപ്പിച്ച് പ്രതിരോധം തീർത്ത ഒന്നാം പിണറായി സർക്കാരിനെപ്പറ്റി കെ. ശാന്തകുമാരിക്ക് എത്ര പ്രകീർത്തിച്ചിട്ടും മതിയായതേയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.