SignIn
Kerala Kaumudi Online
Friday, 19 April 2024 12.18 PM IST

പെയ്തു തീരാത്ത നന്മമരങ്ങൾ

afra-and-muhammed

അഫ്രയും മുഹമ്മദും

നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ വാങ്ങേണ്ടതല്ല,​ കാരുണ്യം. ആകാശത്ത് നിന്നു സൗമ്യമായി ഭൂമിയിലേക്ക് പെയ്തു വീഴുന്ന മഴ പോലെ സ്വാഭാവികമായി ഒഴുകിയെത്തേണ്ടതാണ് കാരുണ്യം. കരുണ കാട്ടുന്നയാളും കിട്ടുന്നയാളും ഇതുവഴി ധന്യരാകുന്നു. ആരുടെയെങ്കിലും നിർബന്ധം മൂലമാണ് സഹായിക്കുന്നതെങ്കിൽ അതു കാരുണ്യമാകില്ല. നിർബന്ധിച്ചയാളോടുള്ള കടപ്പാടായിരിക്കാം.

കരുണ വറ്റിയ സമൂഹം, നന്മയില്ലാത്ത പുതുതലമുറ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഓരോ കാലത്തും മലയാളി കേട്ടു പഴകിയതാണ്. ഓരോ തലമുറയും കഴിഞ്ഞ തലമുറയെ കുറ്റപ്പെടുത്തുന്നതും പതിവ് പല്ലവിയാണ്. എല്ലാം നമ്മുടെ കാലത്ത് മാത്രമാണ് സംഭവിച്ചത്. ഈ തലമുറയിൽ ഒന്നുമില്ല. മഴയും വെയിലും വരൾച്ചയും പ്രളയവും എല്ലാം നമ്മുടെ കാലത്ത് മാത്രം സംഭവിച്ചതാണ് എന്നൊക്കെയാണ് പഴമൊഴി. എന്നാൽ ഇതൊന്നുമല്ല ലോകം ഇതിനപ്പുറവും ലോകമുണ്ടെന്ന് ഈ തലമുറ പറയുന്നത് കേൾക്കാതെ വയ്യ. എല്ലാ കാലത്തും നന്മയും കാരുണ്യവും പെയ്തിറങ്ങുന്നുണ്ട്. അതിനെ അളന്നു തൂക്കിയെടുക്കാൻ സമൂഹത്തിന്റെ ഒരു ആധുനിക തുലാസിനും കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.

പറഞ്ഞു വരുന്നത് കണ്ണൂർ പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദിന്റെ അപൂർവരോഗവും അതിനു സമൂഹം നൽകിയ വറ്റാത്ത കാരുണ്യവുമാണ്. 18 കോടിയുടെ മരുന്നിനുള്ള പണം ആറു ദിവസം കൊണ്ടാണ് കിട്ടിയത്. ആവശ്യത്തിനുള്ള പണം കിട്ടിയിട്ട് അക്കൗണ്ട് ക്ളോസ് ചെയ്തപ്പോഴും കാരുണ്യത്തിന്റെ ഉറവ വറ്റാത്തവർ തങ്ങളുടെ പണം സ്വീകരിക്കണേ എന്ന അഭ്യർഥനയുമായി മാട്ടൂലിലെ മുഹമ്മദിന്റെ വീട്ടിലും ഒഴുകിയെത്തി. അവർക്ക് അത്രയും നിർബന്ധമായിരുന്നു. തങ്ങളുടെ പണം സ്വീകരിച്ചില്ലെങ്കിൽ തന്നോട് തന്നെയുള്ള പാപമായി അവരതിനെ വ്യാഖ്യാനിച്ചു.

ഒരു ബാങ്കിന്റെ സെർവറിനും താങ്ങാവുന്നതിലധികമായിരുന്നു കാരുണ്യ പ്രവാഹം. പതിനഞ്ചുകാരിയായ ചേച്ചിഅഫ്രയാണ് സമൂഹമാദ്ധ്യമങ്ങളിലും മറ്റും അഭ്യർഥനയുമായി ആദ്യം രംഗത്ത് വന്നത്. തന്നെ മറന്നേക്കൂ, കുഞ്ഞനുജനെ സഹായിക്കൂ. കേട്ടുകേൾവി പോലുമില്ലാത്ത രോഗത്തിന് അടിമയായ തനിക്ക് ഈ മരുന്ന് കിട്ടിയിട്ട് ഇനി കാര്യമില്ല. കരുണയുണ്ടെങ്കിൽ എന്നെ അനുജനെ സഹായിക്കൂ എന്ന കരളലിയിക്കുന്ന ആ വിലാപം കേട്ടവർക്ക് മുഖം തിരിഞ്ഞു നിൽക്കാൻ കഴിഞ്ഞില്ല. എല്ലാവരും കാരുണ്യ പ്രവാഹത്തിൽ പങ്കാളികളാകാൻ മത്സരിക്കുകയായിരുന്നു. ഒരു രൂപ മുതൽ ഒരു കോടി വരെ സഹായം നൽകിയവർ. നന്മയുടെയും കാരുണ്യത്തിന്റെയും പ്രകാശഗോപുരങ്ങളായി ഓരോരുത്തരും മാറിയതോടെ മാട്ടൂൽ എന്ന കൊച്ചു ഗ്രാമം ലോകത്തിന്റെ നെറുകയിൽ നിറഞ്ഞു നിന്നു.

പക്രിന്റെ ചാലിൽ എന്ന വീട്ടിലേക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും കാരുണ്യം ഒഴുകിയെത്തുക മാത്രമല്ല, വീട്ടുകാരെ നേരിൽ കാണാനും തിരക്കാണ് ഇവിടെ. വിദേശചാനൽ പ്രതിനിധികളടക്കം ഈ വീട്ടിലെത്തിയിരുന്നു. റഫീഖിന്റെയും മറിയുമ്മയുടെയും അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദിന്റെ ജീവിതം തിരിച്ചു പിടിക്കാൻ നാട് കൈകോർക്കുകയായിരുന്നു.

കാരുണ്യം പെയ്തതിനേക്കാളും വേഗത്തിൽ അമേരിക്കയിൽ നിന്നും മുഹമ്മദിന് 44 മില്ലി സോൾ ജൻസ്മ എന്ന മരുന്ന് എത്തിക്കണം. ഈ മരുന്നിന് ഇത്രയും വലിയ തുക അത്ഭുതപ്പെടുത്തുന്നതാണ്. അതിനു കാരണവുമുണ്ട്. മുഹമ്മദിന്റെ ജീൻ തെറാപ്പിയിലൂടെ അനുയോജ്യമായ മരുന്ന് ഉൽപ്പാദിപ്പിക്കാൻ വേണ്ടി വരുന്ന ചെലവാണിത്. മുഹമ്മദിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് നെതർലൻഡ്സിലേക്ക് അയച്ചു കൊടുത്തിരിക്കയാണ്. ഇതിന്റെ പരിശോധനാ ഫലം വന്ന ശേഷമാണ് അന്തിമ നടപടികൾ. മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുമുണ്ട്. വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ഒന്നിക്കുകയാണ് ഒരു കുഞ്ഞുജീവനു വേണ്ടി.

എല്ലാകാലത്തും നന്മയും കാരുണ്യവും ഉറവ വറ്റാതെ ഈ ലോകത്തുണ്ട്. നാമെല്ലാവരും ഓരോ നന്മമരങ്ങളാണെന്നും അതിന്റെ തണൽ തേടുന്ന അപരിചിതരിലേക്ക് പോലും ആ നന്മ പതിയെ കടന്നു ചെല്ലേണ്ടതാണെന്നുമുള്ള ബോദ്ധ്യമാണ് നമ്മളിലുണ്ടാകേണ്ടതെന്നാണ് മുഹമ്മദിനായി ലോകം കൈകോർത്തപ്പോൾ സമൂഹത്തെ ധരിപ്പിച്ച വലിയ സത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.