SignIn
Kerala Kaumudi Online
Friday, 26 April 2024 2.43 AM IST

അവരുടെ കൃഷിവെള്ളം, നമ്മുടെ പ്രാണജലം; ബാലികേറാ ഡാം

mullaperiyar-

മലയാളികളായ നമ്മുടെ ബാലികേറാമലയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. അതിനാൽ ബാലികേറാഡാം എന്നും പറയാം. കേരളത്തിലെ അണക്കെട്ടുകളെ നിരന്തരം നിരീക്ഷിക്കാനും പാകപ്പിഴകൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശിക്കാനും അത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഒരു സമിതിയുണ്ട് - കേരള ഡാം സേഫ്റ്റി അതോറിട്ടി. ജസ്റ്റിസ് രാമചന്ദ്രൻനായർ ചെയർമാനും വിവിധ വകുപ്പുകളുടെ മേലധികാരികളും വിവിധ മേഖലകളിലെ വിദഗ്ധരും ചേർന്ന ഈ അതോറിറ്റിക്കുപോലും ഇന്നുവരെ മുല്ലപ്പെരിയാർ അണക്കെട്ടോ അതിന്റെ പരിസരമോ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. പൂർണമായും കേരളത്തിൽ സ്ഥിതിചെയ്യുന്നതും ബ്രിട്ടീഷുകാരുടെ കാലത്ത് അവർ നിർമ്മിച്ചതുമായ ഈ അണക്കെട്ട് പരിശോധിക്കാൻ തമിഴ്നാടിനും സുപ്രീംകോടതി നിയമിച്ചിരിക്കുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും മാത്രമേ അധികാരമുള്ളൂ എന്നാണ് പറഞ്ഞു പോരുന്നത്. സുപ്രീം കോടതിയിൽനിന്ന് അങ്ങനെയൊരു നിർദ്ദേശം കൂടി തമിഴ്നാട് സർക്കാർ നേടിയെടുത്തു!

കേരളത്തിന്റെ മണ്ണിൽപിറന്ന് 99 ശതമാനവും കേരളത്തിലൂടെ ഒഴുകിപ്പോന്ന നദികളെ കൂട്ടിയിണക്കി തമിഴ്നാടിന് വെള്ളവും വെളിച്ചവും നൽകാൻ കൊണ്ടുപോയത് മോശപ്പെട്ട കാര്യമല്ല. മാനവീയതയുടെയും സാഹോദര്യത്തിന്റെയും ലക്ഷണമായി അതിനെ കാണുന്നതിലും പിശകില്ല. 'അയലുതഴപ്പതിനായി പ്രയത്നം നയമറിയും നരനാചരിച്ചിടേണം' എന്നാണല്ലോ ശ്രീനാരായണഗുരുദേവൻ ഉദ്ബോധിപ്പിച്ചിട്ടുള്ളത്. പക്ഷേ,​ നമ്മുടെ നാട്ടിലെ ജനങ്ങളെയാകെ ഭീതിയുടെ മുൾമുനയിൽ നിറുത്തിക്കൊണ്ടുള്ള അയ‌ൽപക്ക കാരുണ്യത്തിൽ മൂടിവയ്ക്കാനാവാത്ത ചതിയും അത്യാർത്തിയും കൂടിക്കുഴഞ്ഞ് കിടപ്പുണ്ട് എന്നാണ് ഏറ്റവും ഒടുവിലുണ്ടായ മരം മുറിക്കൽ ഉത്തരവും വ്യക്തമാക്കുന്നത്. അത് റദ്ദാക്കി പിണറായി സർക്കാർ തത്ക്കാലം തലയൂരിയെങ്കിലും അതിനിടയാക്കിയ സാഹചര്യങ്ങളും പരസ്പരവിരുദ്ധമായ വായ്ത്താരികളും നിലനില്ക്കുന്നു. വെള്ളത്തെ തടഞ്ഞുനിറുത്താം. പക്ഷേ,​ ഇരുട്ടിനെയും വെളിച്ചത്തെയും അണകെട്ടി തടഞ്ഞുനിറുത്താനാവില്ല. അതിനുള്ള ശ്രമങ്ങളാണ് മാറിമാറി കേരളം ഭരിച്ചവർ നടത്തിപ്പോരുന്നത്. ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അതിന് എത്രമാത്രം വിശുദ്ധിയും ജനസ്നേഹവും ഉണ്ടെന്ന് തിരിച്ചറിയാൻ ഇടയാക്കുന്ന വിഷയം തന്നെയാണ് മുല്ലപ്പെരിയാർ.

പശ്ചിമഘട്ടത്തിലെ കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളിലെ നീരൊഴുക്കുകൾ ചേർന്ന് രൂപപ്പെടുന്ന പെരിയാറും മുല്ലയാറും ഇടുക്കി ജില്ലയിലെ മുല്ലക്കുടിയിൽ സംഗമിച്ച് വലിയ പ്രവാഹമായി താഴേക്ക് ഒഴുകിവരുന്നു. പീരുമേട് താലൂക്കിലെ വിനോദസഞ്ചാര മേഖലയായ കുമളിയിൽ ഉൾപ്പെട്ട പ്രദേശത്ത് ഈ നദിക്കു കുറുകെ അണകെട്ടി മുല്ലപ്പെരിയാറിനെ വിപരീത ദിശയിലേക്ക് ടണൽ മാർഗം കടത്തിക്കൊണ്ടുപോകുന്നു. 1886ലാണ് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുമായി ഇതിന്റെ പാട്ടക്കരാർ ഒപ്പുവച്ചത് (ഔദ്യോഗിക ഒപ്പുവയ്ക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് നിർവഹിച്ചത്)​. തീർത്തും സ്വദേശവിരുദ്ധമായ ഈ കരാറിൽ തുല്യംചാർത്താൻ രാജാവ് ആദ്യം വിസമ്മതിച്ചെങ്കിലും ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ അതിന് വിധേയനാക്കുകയായിരുന്നു. എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച് അന്ന് വ്യസനത്തോടെ അദ്ദേഹം പ്രതികരിച്ചത്. ശ്രീമൂലം തിരുനാളിനുണ്ടായിരുന്ന ദേശസ്നേഹത്തിന്റെ ഒരംശമെങ്കിലും ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിൽവന്ന കേരളത്തിലെ ഏതെങ്കിലും മുഖ്യമന്ത്രിക്കോ സർക്കാരിനോ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ നില വന്നുചേരുമായിരുന്നില്ല. ഇറിഗേഷനുമാത്രമല്ല,​ വൈദ്യുതി ഉത്പാദനത്തിനും മുല്ലപ്പെരിയാറിനെ ഉപയോഗിക്കുന്നു. എന്നിട്ടും പാട്ടക്കരാർ ഇനത്തിൽ കേരളത്തിന് ലഭിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. അതെത്രയെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കാറുമില്ല.

ബ്രിട്ടീഷ് റോയൽ എൻജിനീയറിംഗ് ബിരുദധാരിയായിരുന്ന ജോൺ പെനിക്യൂക്ക് എന്ന പ്രതിഭാശാലിയാണ് സ്വന്തം വസ്തുവകകൾ വിറ്റ പണംകൂടി ഉപയോഗിച്ച് മുല്ലപ്പെരിയാർ ഡാം യാഥാർത്ഥ്യമാക്കിയത്. 1895ൽ നിർമ്മാണം പൂർത്തിയായി. 81,30,000 രൂപയാണ് ആകെ ചെലവായത് എന്നാണ് ലഭ്യമായ വിവരം.

ഇന്നത്തെ നിലയിൽ തീർത്തും പഴഞ്ചനായ സാങ്കേതികവിദ്യയും സാമഗ്രികളും ഉപയോഗിച്ചാണ് മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണം. 60 വർഷത്തെ ആയുസാണ് അന്ന് കണക്കാക്കിയിരുന്നത്. ഇന്നിപ്പോൾ 126 വർഷം പഴക്കമായി. 60 വർഷം ആയുസ് പ്രതീക്ഷിക്കുന്ന അണക്കെട്ടിനായി 999 വർഷം ദൈർഘ്യമുള്ള ഒരു പാട്ടക്കരാർ ആരെങ്കിലും എഴുതിയുണ്ടാക്കുമോ?​ ഭാരതം വിഭജിച്ചതുപോലെ സായിപ്പ് അങ്ങനെയൊരു കുബുദ്ധികൂടി പ്രയോഗിച്ചതാവാം. ഏതായാലും സാക്ഷാൽ അച്ചുതമേനോൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിയമപ്രകാരം അസാധുവായിരുന്ന വൈദ്യുതി ഉത്പാദനം കൂടി ഉൾപ്പെടുത്തി കരാർ പുതുക്കിക്കൊടുത്തത്. പരിശുദ്ധനും പ്രകൃതിസ്നേഹിയുമായ അച്ചുതമേനോനെ അന്നത്തെ തത്പരക്ഷികൾ 'ബേബിഡാം മരംമുറിക്കൽ' തന്ത്രപ്രകാരം ചതിച്ചതുമാകാം.

മുല്ലപ്പെരിയാർ അണക്കെട്ടുവഴി കേരളത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന ജലനഷ്ടവും ധനനഷ്ടവും മാനനഷ്ടവും പ്രകൃതിനാശവും സഹിക്കാം. പക്ഷേ, കേരളത്തിലെ അഞ്ചു ജില്ലകളിലെ മനുഷ്യരുടെ ജീവനും സ്വത്തിനും അതുവഴി കേരളത്തിലാകെയുള്ള ബന്ധുജനങ്ങൾക്കും ഉണ്ടാകുന്ന നാശത്തെയും നഷ്ടത്തെയും കുറിച്ച് ശരിയായ ചിന്തയും പ്രതിരോധവും ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാണ്?

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗ്രാവിറ്റി ഡാം എന്നാണ് മുല്ലപ്പെരിയാറിനെ വിശേഷിപ്പിക്കാറുള്ളത്. കേൾക്കാൻ നല്ല സുഖമുണ്ട്. പക്ഷേ, എന്താ യാഥാർത്ഥ്യം? ഡാം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെയും അതിനുള്ളിൽ നിറച്ചിരിക്കുന്ന സുർക്കി എന്ന മിശ്രിതത്തിന്റെയും മാത്രം ഭാരത്തിലും ബലത്തിലുമാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിലകൊള്ളുന്നത്. കരുത്തനായ ഒരു മനുഷ്യൻ നദിയിലിറങ്ങി ബലം പിടിച്ചു നിൽക്കും പോലെ ഒരവസ്ഥ. വെള്ളത്തിന്റെ തള്ളൽ അയാളുടെ ബലത്തെയും ഭാരത്തെയും അതിജീവിച്ചാൽ പാടെ ഒഴുകിപ്പോകാതെ മാർഗമില്ല. പാറയും മറ്റും ഉപയോഗിച്ച് നേരിട്ട് ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു തടയണ മാത്രമാണ് ‌മുല്ലപ്പെരിയാർ ഡാം. അതിൽ മായാജാലമൊന്നുമില്ല. വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ വന്നാൽ പാടെ തകർന്ന് ഒഴുകിപ്പോകും. സാമാന്യ മനുഷ്യനു പോലും മനസിലാകുന്ന ഈ യാഥാർത്ഥ്യം പോലും ഇന്നുവരെ പരമോന്നത കോടതിയിൽപ്പോലും ബോദ്ധ്യപ്പെടുത്താൻ കേരളത്തിനായിട്ടില്ല. ഇപ്പോൾ നമ്മുടെ നാട്ടിൽ കാണുന്ന ആർച്ച് ഡാമുകളും മറ്റും ഇത്തരം സാങ്കേതികവിദ്യകളെ വളരെ ദൂരം പിന്നിലാക്കുന്നതാണ്. അതിലേർപ്പെടുന്ന കരാറുകരും മറ്റും നടത്തുന്ന കള്ളക്കളികൾ മാറ്റിവച്ചാൽ, ബഹുദൂരം മുന്നിലേക്ക് നീങ്ങിനിൽക്കുന്ന സംരക്ഷണവലയങ്ങൾ അവയിലുണ്ടെന്ന് ബോദ്ധ്യമാകും.

മുല്ലപ്പെരിയാർ ഡാമിൽ ജലത്തിന്റെ സകല സമ്മർദ്ദവും നേരിട്ട് അണക്കെട്ടിലാണ് ചെലുത്തപ്പെടുന്നത്. മരത്തിൽ പിടിച്ചുകൊണ്ട് ഒഴുക്കിൽ നിൽക്കുന്ന ഒരാൾക്ക് സമ്മർദ്ദത്തെ കൂടുതൽ അതിജീവിക്കാൻ കഴിയുന്നതുപോലെ വിവിധ വശങ്ങളിലേക്ക് ജലത്തിന്റെ സമ്മർദ്ദം തള്ളിമാറ്റി മുഖ്യ ഡാമിനെ സ്ഥിരപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ പ്രയോഗിക്കാറുള്ളത്. അതിന് വിവിധ രീതികളും അവലംബിക്കാറുണ്ട്. എന്നാൽ, എല്ലാം പഴയതാണ് ശരി എന്ന കുതന്ത്രം കൂടി ഉപയോഗിച്ചാണ് മുല്ലപ്പെരിയാർ വിഷത്തിൽ തമിഴ്നാടും കേരളത്തിലെ ഒരു വിഭാഗം തത്പരകക്ഷികളും, പ്രത്യേകിച്ച് കമ്പം, തേനി ഭാഗങ്ങളിലും മറ്റും വൻതോതിൽ കൃഷിയിടങ്ങളും വ്യവസായ സംരംഭങ്ങളും ഉള്ളവർ കേരളജനതയെ പറ്റിച്ചുപോരുന്നത്. സാധാരണ നിലയിൽ ബേബി ഡാം പണിയുന്നത് മുഖ്യ ഡാമിലേക്കുള്ള ജലസമ്മർദ്ദം കുറയ്ക്കാനാണ്. വലിയ പ്രവാഹം നേരിട്ട് മുഖ്യതടാകത്തിൽ ഇടിക്കാതിരിക്കാൻ, തടഞ്ഞുനിറുത്തി പ്രവാഹശക്തി ലഘൂകരിക്കുന്നു. മുല്ലപ്പെരിയാറിലെ ബേബിഡാം മുഖ്യ തടാകത്തിന് തെല്ല് മുന്നിൽ സമാന്തരമായാണ്. വശത്തുകൂടി കവിഞ്ഞുപോകാൻ ഇടയുള്ള ജലത്തെക്കൂടി തടഞ്ഞു നിറുത്തി മുഖ്യ അണക്കെട്ടിലേക്ക് തള്ളി ജലനിരപ്പ് ഉയർത്തുകയാണ് ഇതിന്റെ ലക്ഷ്യം. ജലനിരപ്പ് താഴ്ത്തണം, 136 അടിയാക്കണം എന്നൊക്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കെ അത് 152 അടിയാക്കാനുള്ള ഒത്താശയാണ് കേരളത്തിലെ ഉദ്യോഗസ്ഥർ ചെയ്തുകൊടുത്തത്. അത് മന്ത്രിമാർ അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും തിരുത്താൻ ഇനിയും സമയമുണ്ട്. 15 മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കിയാൽ തീരുന്നതല്ല യഥാർത്ഥ പ്രശ്നമെന്ന് അറിയാത്തവരല്ല ഭരണത്തിലിരിക്കുന്നത്. അറിഞ്ഞുകൊണ്ട് ചതിക്കുന്നു, അഥവാ ചതിക്കു കൂട്ടുനിൽക്കുന്നു. ശക്തമായി പ്രതികരിക്കാൻ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും അതിൽനിന്ന് ഒഴിഞ്ഞുമാറുകയോ മൗനം പാലിക്കുകയോ മന്ദബുദ്ധികളായി അഭിനയിക്കുകയോ ചെയ്യുന്നു.

കേരളംകണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് കേരളത്തിന് ഏറ്റവും വിനാശകരമായ ഒരു ഉടമ്പടിക്ക് തുല്യംചാർത്തിയതെന്നത് കാലത്തിന്റെ വൈപരീത്യമാകാം. എന്നാൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണത്തുടർച്ച എന്ന ചരിത്രം സൃഷ്ടിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും ഒരു വലിയ വങ്കത്തരം സംഭവിക്കാൻ പാടില്ല എന്നാവും കേരളമെന്ന പേര് കേൾക്കുമ്പോൾ ചോരതിളയക്കുന്ന ഏതൊരു മനുഷ്യനും തോന്നുക.

ജനിച്ചനാട്ടിൽനിന്ന് ബലമായി ബന്ധിച്ച് കടത്തപ്പെട്ടവരാണ് മുല്ലയാറും പെരിയാറും. മുല്ലപ്പെരിയാറിനെ വരുതിയിൽ നിറുത്താൻ എന്തും ചെയ്യും തമിഴ്നാട്. അവിടെ അധികാരത്തിൽ എത്തുന്നവരുടെയും പ്രതിപക്ഷത്താകുന്നവരുടെയും തുറുപ്പുചീട്ടായും മുല്ലപ്പെരിയാർ വിഷയം രൂപാന്തരപ്പെടുന്നു. നാടാകെ തെളിനീര് നൽകി തമിഴ്നാട്ടിലൂടെ ഒഴുകുന്ന മുല്ലപ്പെരിയാറിനെക്കുറിച്ച് നമ്മുടെ ഭരണാധികാരികൾക്ക് കാര്യമായ വ്യാകുലതകളൊന്നും ഉണ്ടാകാത്തത് കഷ്ടമാണ്? എൻ.കെ.പ്രേമചന്ദ്രൻ ജലവിഭവ മന്ത്രിയായിരുന്നപ്പോൾ മാത്രമാണ് ബന്ധനസ്ഥയായ മുല്ലപ്പെരിയാറിനെക്കുറിച്ചും കേരളത്തെ ഏതു പാതിരാവിലും പ്രളയത്തിൽ മുക്കാവുന്ന അണക്കെട്ടിനെക്കുറിച്ചും കാര്യമായ ചർച്ചകളും പ്രതിരോധവും രൂപപ്പെട്ടത്. ഇന്നിപ്പോൾ മന്ത്രിമാർ മാത്രമല്ല, മുഖ്യമന്ത്രിപോലും അറിയാതെ കേരളത്തെ ചതിച്ചുകൊണ്ട് തമിഴ്നാടിന് ഉദ്യോഗസ്ഥ ഗൂഢസംഘം ഒത്താശ ചെയ്യുന്നു! മുല്ലപ്പെരിയാറിനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന തമിഴ്നാട് മന്ത്രിമാർപോലും കേരളത്തിന്റെ ഈ ദുഃസ്ഥിതി കണ്ട് അമ്പരക്കുന്നു.!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.