SignIn
Kerala Kaumudi Online
Thursday, 25 April 2024 4.57 PM IST

വായുവിൽ വിളയും,​ ദിവ്യകശുഅണ്ടി!

gg

നരബലിയെക്കുറിച്ചുള്ള പൊലീസ് അന്വേഷണം തുടരവേ, ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കൂടുതൽ സ്ത്രീകളെ എത്തിച്ചത് ആഭിചാര കർമ്മങ്ങൾക്കു വേണ്ടിയാണോ എന്ന സംശയം തള്ളിക്കളയാതെയാണ് അന്വേഷണം. നവോത്ഥാന മൂല്യങ്ങൾ ഉയർത്തി മുന്നോട്ടു പോകുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പുകാരായ ഉസ്താദുമാരുടെയും ബ്ലാക്ക് മാസ് പുരോഹിതരുടെയും അടവു വിദ്യകൾ ഒന്നൊന്നായി പുറത്തുവരികയാണ്. തട്ടിപ്പു പരിപാടിയെന്ന് ആദ്യ കേൾവിയിൽത്തന്നെ സാധാരക്കാർക്കു പോലും പിടികിട്ടുമെങ്കിലും, പ്രലോഭനങ്ങളുടെ കെണിയിൽ വിഴുന്ന പതിനായിരങ്ങൾ കേരളത്തിലുണ്ട്.

പണവും പേരും തരും

ദിവ്യ കശുഅണ്ടി

പണവും പേരും പ്രശസ്തിയും വേണോ? ഉസ്താദ് അന്തരീക്ഷത്തിൽ നിന്ന് എടുക്കുന്ന ദിവ്യ കശുഅണ്ടി കഴിച്ചാൽ മതി! ഇട്ടു മൂടാനുള്ള പണം നിങ്ങളെ തേടിവരും. കേട്ടാൽ വിശ്വാസം തോന്നാത്തവർക്കായി വീഡിയോയും പ്രചരിപ്പിച്ചാണ് ശിങ്കിടികൾ ആളെ കൂട്ടുന്നത്. വീഡിയോ വൈറലായതോടെ ഉസ്താദിന് നിന്നുതിരിയാൻ സമയമില്ലാതായി. പൈജാമയാണ് വേഷം. കണ്ടാൽ ദിവ്യ പരിവേഷം. മുസ്ലിം ആരാധനാലയങ്ങളുടെ പരിസരത്താണ് തമ്പടിക്കുക. ഓരോ ദിവസവും ഓരോ സ്ഥലം!

ഉസ്താദ് കൈയൊന്ന് അന്തരീക്ഷത്തിൽ കറക്കി ചുറ്റിച്ചു പിടിക്കും. തുറക്കുമ്പോൾ അതിലൊരു കശുഅണ്ടിയുണ്ടാകും! നല്ലൊരു തുക നൽകിയാലേ കശുഅണ്ടി കൈയിലേക്കു നൽകൂ. പണം കുറവായാൽ അടി ഉറപ്പാണ്. പക്ഷേ എത്ര ലക്ഷം കൊടുത്തും ദിവ്യകശുഅണ്ടി വാങ്ങിക്കഴിക്കാൻ ആളുണ്ട്. അത്ഭുത കശുഅണ്ടിക്കായി കേരളത്തിൽനിന്ന് നിരവധി ആളുകൾ ഉത്തരേന്ത്യയിലേക്ക് വണ്ടി കയറിയതോടെ ഉസ്താദ് തട്ടകം കേരളമാക്കി. സംഗതി ശുദ്ധ മാജിക്കാണെന്ന് ദുർമന്ത്രവാദത്തിനും ആഭിചാരക്രിയകൾക്കുമെതിരെ പോരാടുന്ന മലയാളി കണ്ടെത്തിയതോടെ, ഉസ്താദിന് കൂടും കുടുക്കയുമെടുത്ത് തിരിച്ചു പോകാതെ നിവൃത്തിയില്ലെന്നായി. പൈജാമയുടെ കൈയിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഉസ്താദ് കശുഅണ്ടി ഒളിപ്പിച്ചിരുന്നത്. കൈ കറക്കുന്നതിനിടെ ഇത് ഉള്ളംകൈയിലെത്തിക്കും. ഇതിന് പ്രത്യേക പരിശീലനം നേടിയാണ് ഉസ്താദ് പയറ്റിയത്.

വികാരിയുടെ

പറക്കും തകിട്

കുറച്ചു കാലമായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോട്ടയത്തെ മുന്തിയ കുടുംബം അടുത്ത പള്ളിയിലെ വികാരിയെ കാണാൻ തീരുമാനിച്ചു. വീട്ടിലെത്തിയ വികാരി,​ പ്രശ്നങ്ങൾക്കു കാരണം ദുർമന്ത്രവാദമെന്നു കണ്ടെത്തി. പ്രാർത്ഥന കൂടിയേ തീരൂ എന്നായി. ആവശ്യപ്പെട്ട പണം നൽകുകയും വേണം. തൊട്ടടുത്ത ദിവസം വീണ്ടുമെത്തി വീടിന്റെ മൂലയിൽ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു. തുരന്ന് നോക്കിയപ്പോൾ തകിടു പോലെ ഒരു വസ്തു കിട്ടി. ഇതാണ് പ്രശ്നത്തിനു കാരണമെന്നും ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്നും അറിയിച്ച് പ്രാർത്ഥന ചൊല്ലി വികാരി മടങ്ങി.

തകിട് കുഴിച്ചെടുത്തതു കൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നം എങ്ങനെ മാറാൻ! പേരു കേട്ട ജോത്സ്യനെ കണ്ട് കാര്യം അവതരിപ്പിച്ചു. പക്ഷേ ജോത്സ്യന്റെ ഒരു ചോദ്യത്തിന് വീട്ടുകാർക്ക് ഉത്തരമുണ്ടായില്ല. കോൺക്രീറ്റ് പോലെ ഉറച്ച മണ്ണിൽ എങ്ങനെ തകിട് കുഴിച്ചിട്ടു?​ വികാരിയോട് ഇക്കാര്യം ചോദിച്ച് വീണ്ടും കാണാൻ ആവശ്യപ്പെട്ട് ജോത്സ്യൻ ഇവരെ മടക്കിയയച്ചു. തൊട്ടടുത്ത ദിവസം വികാരിയെ കണ്ട് തകിട് എങ്ങനെ വന്നെന്നു ചോദിച്ചു. വികാരിയുടെ മറുപടി കേട്ട് വീട്ടുകാർ ബോധം കെട്ടില്ലന്നേയൂള്ളൂ: മന്ത്രം ചൊല്ലി തകിട് ഒരിടത്ത് കുഴിച്ചിട്ടാൽ അത് ഭൂമിക്കടിയിലൂടെ പറന്ന് ലക്ഷ്യത്തിലെത്തും!

ഉസ്താദിന്റെ

തന്ത്രങ്ങൾ

ഉസ്താദ് മന്ത്രമോതിയാൽ മതി,​ രോഗം പമ്പ കടക്കും. ആൾ അത്രയ്ക്കു ഭീകരൻ! കേട്ടപാതി ആളുകൾ അവിടേക്കു പാഞ്ഞു. മണിക്കൂറുകൾ ക്യൂ നിന്നു വേണം ഉസ്താദ് വൈദ്യനെ കാണാൻ. സംഭവം എന്താണെന്നറിയാൻ ഒരു ചെറുപ്പക്കാരൻ ചെന്നു. ക്യൂവിൽ നിൽക്കുമ്പോൾ ഓരോരുത്തർ വന്ന് വിശേഷമൊക്കെ തിരക്കിയിരുന്നു. പേരെന്താണ്,​ എന്താണ് പ്രശ്നം, എവിടെ നിന്ന് വരുന്നു,​ എന്തു ചെയ്യുന്നു.... ഇങ്ങനെ നീണ്ടു,​ കുശലാന്വേഷണം. ഊഴമെത്തിയപ്പോൾ ചെറുപ്പക്കാരൻ ഉസ്താദിനു മുന്നിലെത്തി. കണ്ട പാടെ ഉസ്താദിന്റെ ചോദ്യം: കൊച്ചീന്ന് അല്ലേ ബരണേ... അല്ലെന്ന് ചെറുപ്പക്കാരൻ! എൻജിനിയറല്ലേ എന്നായി ചോദ്യം. അതുമല്ലെന്നു കേട്ടപ്പോൾ കാൻസർ രോഗം മാറ്റാൻ വന്നതാണല്ലേ എന്നായി ചോദ്യം. അപ്പോഴും മറുപടി അല്ലെന്നായിരുന്നു. യുവാവ് തന്നെ കുടുക്കാൻ എത്തിയതാണെന്ന് അറിഞ്ഞതോടെ കിളി പോയ ഉസ്താദ് അയാളെ പറഞ്ഞുവിട്ട് തടിതപ്പുകയായിരുന്നു. ക്യൂവിൽ നിൽക്കുമ്പോൾ കുശലം ചോദിച്ചു വന്നവരോട് യുവാവ് കള്ളം പറഞ്ഞതാണ് ഉസ്താദിന്റെ കിളി പറക്കാൻ കാരണം. ഇത്തരം കേന്ദ്രങ്ങളിൽ വിവരങ്ങൾ ചോദിച്ചറിയാൻ പണം നൽകി വിശ്വസ്തരായ ഏജന്റുമാരെ വയ്ക്കാറുണ്ട്. ഉസ്താദും ഈ അടവാണ് പയറ്റിയത്. ഒടുവിൽ ചെറുപ്പക്കാരനു മുന്നിൽ തോറ്റുപോയെന്നു മാത്രം.

തകിടു വിദ്യയും

തടിതപ്പലും

കുടുംബത്തിന്റെ ദോഷം മാറ്റാനെത്തിയ തട്ടിപ്പുകാരൻ പാസ്റ്റർ കണ്ടെത്തിയത് വീടിന് ആകെ കുഴപ്പമാണെന്നായിരുന്നു. ദുർമന്ത്രവാദിയുടെ സഹായത്തോടെ ആരോ വീടിന്റെ മൂലയിൽ തകിട് കുഴിച്ചിട്ടിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. കുഴിയെടുപ്പിച്ച ശേഷമുള്ള ഗംഭീര പ്രാർത്ഥനയ്ക്കിടെ പാസ്റ്റർ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് തകിട് എടുത്ത് നൈസായി കുഴിയിലേക്കിട്ടു. തകിട് പ്രത്യക്ഷപ്പെട്ടതോടെ പാസ്റ്ററിന് വീട്ടുകാർ വീരപരിവേഷം നൽകി. രണ്ടാമത്തെ കുഴിയെടുത്തുള്ള പ്രാർത്ഥനയിൽ പക്ഷേ പാസ്റ്ററിന് ടൈമിംഗ് തെറ്റി. തകിട് എടുക്കുന്നത് കൂട്ടത്തിലൊരാൾ കണ്ടു. സംഭവം ജഗപൊകയായി. പ്രശ്നമാക്കാനൊന്നും വീട്ടുകാർ തയ്യാറായില്ല. വന്നതല്ലേ എന്നു കരുതി കുറച്ചു പണം നൽകി തട്ടിപ്പു പാസ്റ്ററെ പറഞ്ഞുവിട്ടു. വിയർത്തു കുളിച്ച പാസ്റ്റർ ഒരുകണക്കിന് അവിടെ നിന്ന് തടിതപ്പുകയായിരുന്നത്രേ.

നാളെ: പണം വാരുന്ന

മാന്ത്രികർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.