SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 AM IST

സംഘപരിവാർ , കമ്മ്യൂണിസ്‌റ്റ് അജൻഡകൾ വേണ്ട

photo

കോൺഗ്രസ്‌മുക്ത ഭാരതമെന്ന സംഘപരിവാർ ലക്ഷ്യത്തിനൊപ്പം കേരളത്തിൽ യു.ഡി.എഫിനെ ഇല്ലാതാക്കുകയെന്ന സി.പി.എം അജൻഡയും ചേരുന്നതാണ് ഗവർണർ സർക്കാർ വ്യാജഏറ്റുമുട്ടൽ .

സർവകലാശാലകളിൽ ഭരണക്കാരുടെ തന്നിഷ്ടവും രാഷ്ട്രീയ ഇടപെടലും അനധികൃത, ചട്ടവിരുദ്ധ നിയമനങ്ങളുമാണ് നടക്കുന്നത്. വൈസ് ചാൻസലറിൽ തുടങ്ങി പാർടൈം തോട്ടക്കാരൻ വരെയുള്ള എന്ത് ജോലിയിലും ആര് വേണമെന്ന് തീരുമാനിക്കുന്നത് സി.പി.എം നേതാക്കളാണ്. സർക്കാരിന്റെ നിയമവിരുദ്ധവും ചട്ടവിരുദ്ധവുമായ നിയമനങ്ങൾക്ക് കൂട്ടുനിൽക്കുകയെന്ന തെറ്റാണ് ഇത്രകാലവും ഗവർണർ ചെയ്തത്. സാങ്കേതിക സർവകലാശാല വി.സി നിയമനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ജനത്തെ കബളിപ്പിക്കാൻ ഗവർണറും സർക്കാരും രണ്ടു ചേരികളിലായത്.

കണ്ണൂർ ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വി.സി നിയമനം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് യു.ഡി.എഫും പ്രതിപക്ഷവും സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകിയതെന്ന് പിന്നീട് ചാൻസലറും സമ്മതിച്ചു. അങ്ങനെയെങ്കിൽ ചട്ടവിരുദ്ധമായി സ്ഥാനം നേടിയ വി.സിയുടെ രാജി ആവശ്യപ്പെടുകയോ തയാറായില്ലെങ്കിൽ പുറത്താക്കുകയോ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ തിരുത്തൽ നടപടിക്ക് ചാൻസലർ തയാറായില്ല. ഇതിനു പിന്നാലെയാണ് സാങ്കേതിക സർവകലാശാല വി.സിക്കെതിരായ സുപ്രീം കോടതി വിധി വന്നത്. യു.ഡി.എഫും പ്രതിപക്ഷവും ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് വിധിയിലുമുള്ളത്. അതുകൊണ്ടുതന്നെ ചട്ടവിരുദ്ധമായി നിയമനം നേടിയ വി.സിമാർ രാജിവയ്ക്കണമെന്ന ചാൻസലറുടെ ആവശ്യത്തിന് വിരുദ്ധമായ നിലപാടെടുക്കേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ല.

ഗവർണറും സർക്കാരും കൂടിയാണ് എല്ലാ നിയമനങ്ങളും നടത്തിയത്.

ഇരുവരുടെയും തെറ്റുകളെയാണ് പ്രതിപക്ഷം എതിർത്തത്. അതിനാലാണ് സംസ്ഥാന ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്ന് പ്രതിപക്ഷം ശക്തിയുക്തം പറഞ്ഞത്.

മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ബന്ധുക്കളെ പിൻവാതിലിലൂടെ സർവകലാശാലകളിൽ അദ്ധ്യാപകരായി നിയമിക്കാനാണ്, ഇഷ്ടക്കാരെ വി.സിമാരാക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ തേടിയതും ഗവർണറുമായി ഒത്തുചേർന്നതും. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം ഗവർണർ സർക്കാരിന് കൂട്ടുനിന്നു. ഇപ്പോൾ തെറ്റ് തിരുത്താൻ ഗവർണർ തയാറായി. അതിനെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്.

സർക്കാർ സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വത്തിലൂടെ കേരളത്തിലെ സർവകലാശാലകൾ കുത്തഴിഞ്ഞ അവസ്ഥയിലാണ്. ഇതോടെ ഉന്നതപഠനത്തിന് വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ സാങ്കേതിക സർവകലാശാല വി.സിയുടെ താത്‌കാലിക ചുമതലയിലേക്ക് എല്ലാവിധ അക്കാഡമിക് യോഗ്യതയുമുള്ള ഉദ്യോഗസ്ഥയെ ചാൻസലർ ചുമതലപ്പെടുത്തിയെങ്കിലും അതിനെയും സർക്കാർ എതിർത്തു. ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതിയും നിരസിച്ചു. ചുമതല ഏറ്റെടുക്കാൻ പുതിയ വി.സിയെ അനുവദിക്കാതെ എസ്.എഫ്.ഐയെയും സർവീസ് സംഘടനകളെയും രംഗത്തിറക്കിയുള്ള തരംതാണ കളിയാണ് സി.പി.എമ്മും സർക്കാരും പയറ്റുന്നത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അനിശ്ചിതത്വം തുടർന്നാൽ വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കും.

സർക്കാരും മുഖ്യമന്ത്രിയും ഒന്നിച്ചുചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാൻസലറെ മാറ്റാനുള്ള ഓർഡിനൻസ്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റിയാൽ സി.പി.എം എ.കെ.ജി സെന്ററിൽ നിന്നും വി.സിമാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. ബംഗാളിൽ ചെയ്തത് പോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി.സിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ശ്രമം. ഗവർണർ സംഘപരിവാറുകാരെ വി.സിമാരായി നിയമിക്കുമെന്ന ഭയം പോലെ സർക്കാരും കമ്മ്യൂണിസ്റ്റുകാരെ തിരുകി കയറ്റുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാൻസലറെ മാറ്റേണ്ട ഒരു സാഹചര്യവുമില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓർഡിനൻസ് ഇറക്കിയിരിക്കുന്നത്. അതിനെ പ്രതിപക്ഷം ശക്തമായി എതിർക്കും.

നിയമവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്നതിന്റെ പേരിൽ ഗവർണറെ ഏറ്റവും കൂടുതൽ എതിർത്തത് പ്രതിപക്ഷമാണ്. ഗവർണർ വ്യക്തിപരമായി ഏറ്റവുമധികം അധിക്ഷേപിച്ചതും പ്രതിപക്ഷ നേതാവിനെയാണ്. നാളെ സംഘവരിവാർ പ്രതിനിധിയെ വി.സിയാക്കാനോ സംഘപരിവാർ അജൻഡ നടപ്പാക്കാനോ ഗവർണർ ശ്രമിച്ചാൽ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നതും പ്രതിപക്ഷമായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.