SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.28 AM IST

രാജ്, അഭിമാനം വാനോളം...!

raj

തിരുവനന്തപുരം ശ്രീകാര്യത്തെ ലയോള സ്കൂളിൽ പഠിച്ചുവളർന്ന്, ലോകത്തെ ഒന്നാം നമ്പർ യു.എസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോർപ്പിന്റെ സി.ഇ.ഒ പദവിയിലേക്കുള്ള തിരുവനന്തപുരത്തുകാരൻ രാജേഷ് സുബ്രഹ്മണ്യത്തിന്റെ (രാജ് ) വളർച്ച മലയാളി യുവാക്കൾക്ക് പാഠമാണ്. കഠിനാദ്ധ്വാനത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് വളരാമെന്ന പാഠം. സ്വന്തം ചരക്കുവിമാനങ്ങളിൽ ഉൾപ്പെടെ കാർഗോ കൈകാര്യം ചെയ്യുന്ന, ആറരലക്ഷം ജീവനക്കാരുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കുഗതാഗത കമ്പനിയായ ഫെഡെക്സിന്റെ തലപ്പത്തേക്ക് രാജ് സുബ്രഹ്മണ്യം എത്തുമ്പോൾ കേരളത്തിനും ഇത് അഭിമാന നിമിഷമാണ്.

പാലക്കാട് കൽപ്പാത്തിയാണ് സ്വദേശമെങ്കിലും രാജ് സുബ്രഹ്മണ്യം ജനിച്ചതും വളർന്നതും തിരുവനന്തപുരത്ത് ജവഹർനഗറിലാണ്. അച്ഛൻ മുൻ ഡി.ജി.പി സി.സുബ്രഹ്മണ്യവും അമ്മ ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ച ഡോ.ബി കമലമ്മാളും തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നത്. ചെറുപ്പത്തിൽ മകൻ ടെന്നിസ് താരമാവുമെന്നായിരുന്നു പിതാവ് കരുതിയിരുന്നത്. സ്പോർട്സ് കമ്പം കണ്ട് രാജിനെ പിതാവ് ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ ചേർത്തു. ലയോള സ്കൂളിലെ പഠനകാലത്ത് ക്രിക്കറ്റിലും പ്രസംഗത്തിലുമായിരുന്നു രാജിന് കമ്പം. എന്നാൽ അതൊന്നുമല്ല, രാജിന്റെ പഠനത്തിലെ അത്ഭുതപ്പെടുത്തുന്ന മികവ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പത്താംക്ലാസ് വരെ ലയോളയിലെ പഠനകാലത്തു തന്നെ പ്രതിഭയുടെ മിന്നലാട്ടം കാട്ടിയ രാജിനെ പിതാവ് പ്രീഡിഗ്രി പഠനത്തിന് മുംബയ് സൗത്ത് ഇന്ത്യൻ കോളേജ് ഓഫ് സയൻസ് ആന്റ് ഇക്കണോമിക്‌സിൽ ചേർത്തു. മുംബയ് ഐ.ഐ.ടിയിൽ നിന്ന് സ്വർണമെഡലോടെ കെമിക്കൽ എൻജിനിയറിംഗ് വിജയിച്ച ശേഷം ന്യൂയോർക്കിലെ സൈറാകുസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എസ്.സി പൂർത്തിയാക്കി. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാർക്കറ്റിംഗ് ആൻഡ് ഫിനാൻസിൽ എം.ബി.എ നേടി. സൈറാകുസ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ, ജൂനിയർ വിദ്യാർത്ഥികളുടെ അദ്ധ്യാപകനായ ചരിത്രവുമുണ്ട് രാജിന്. സ്കോളർഷിപ്പോടെയാണ് പഠനമെങ്കിലും ചെലവിന് കൈയിൽ അധികം പണമില്ലാത്തതിനാൽ സൈറാകുസ് സർവകലാശാലയിലെ പ്രൊഫസറുടെ സഹായിയായിട്ടാണ് ജൂനിയർ വിദ്യാർത്ഥികൾക്ക് രാജ് ക്ലാസെടുത്തത്.


പോസ്റ്റ് ഓഫീസുകളെക്കാൾ വേഗത്തിൽ പാർസലുകളും ഡോക്യുമെന്റുകളും കാർഗോകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1973ൽ ഫ്രഡറിക് സ്മിത്ത് തുടങ്ങിയ ഫെഡക്‌സ് കോർപ്പിൽ 1991ലാണ് രാജ് എത്തിയത്. ഇരുപത്തിനാലാം വയസിൽ കാമ്പസ് റിക്രൂട്ട്മെന്റിലൂടെയാണ് ജൂനിയർ അനലിസ്റ്റ് തസ്തികയിൽ നിയമിതനായത്. മൂന്നുപതി​റ്റാണ്ടിനിടെ, ഏഷ്യയിലും യു.എസിലുമായി കമ്പനിയുടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു. പ്രവർത്തനമികവ് കൊണ്ട് 2018ൽ 'ഫെഡെക്സ് എക്സ്‌പ്രസിന്റെ' സി.ഇ.ഒ ആയും തൊട്ടടുത്ത വർഷം ഫെഡെക്സിന്റെ ചീഫ് ഓപ്പറേ​റ്റിങ് ഓഫീസറായും സ്ഥാനക്കയറ്റം കിട്ടി. 2020ൽ കമ്പനിയുടെ ഡയറക്ടറായി. ഫെഡക്സിന്റെ ഹോങ്കോംഗ് വൈസ് പ്രസിഡന്റ്, കാനഡയുടെ ചുമതലയുള്ള പ്രസിഡന്റ്, കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്, ഫെഡക്സ് എക്സ്‌പ്രസിന്റെ പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്. ഫെഡെക്സിന്റെ സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ജൂണിൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സി.ഇ.ഒയായി രാജ് സുബ്രഹ്മണ്യത്തിന്റെ നിയമനം. അമേരിക്കയിലെ മെമം ഫിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പരസ്യവാചകം "ലോകത്തെങ്ങും കൃത്യസമയത്ത് " എന്നാണ്.

വളരാം വലുതാവാം

കേരളത്തിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ മകൻ, സ്കോളർഷിപ്പോടെ വിദേശത്ത് പഠിച്ച് ഉന്നത പദവിയിലെത്തിയതിനു പിന്നിൽ അസാധാരണമായ പ്രയത്നത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കഥയാണുള്ളത്. മകന്റെ പഠനത്തിലെ മികവ് തിരിച്ചിറിഞ്ഞ് പിതാവ് സുബ്രഹ്മണ്യം തെളിച്ചിട്ട വഴിയിലൂടെ പ്രതിഭാശാലിയായ രാജ് വളർന്നു പന്തലിക്കുകയായിരുന്നു. 30 വർഷം മുൻപ് ഫെഡക്‌സിൽ സാധാരണ ജീവനക്കാരനായി ജോലിയിൽ കയറിയ രാജ്, ഓരോഘട്ടത്തിലും മികവ് തെളിയിച്ച് കമ്പനിയുടെ തലപ്പത്തെത്തി. രാജിന്റെ കുറവൻകോണത്തെ ഫ്ലാറ്റിൽ ഫെഡക്‌സ് സ്ഥാപകനും സി.ഇ.ഒയുമായിരുന്ന ഫെഡറിക് ഡബ്ലിയു സ്മിത്തിന്റെ ചിത്രം ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം സൂക്ഷിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിന് സ്മിത്ത് ദൈവത്തെപ്പോലെയാണെന്നാണ് രാജിന്റെ പിതാവ് സുബ്രഹ്മണ്യം പറഞ്ഞത്.

രാജിനു പുറമേ സഹോദരൻ രാജീവ് സുബ്രഹ്മണ്യം, രാജിന്റെ മകൻ അർജുൻ രാജേഷ് എന്നിവരും ഫെഡക്സിൽ ജോലി ചെയ്യുന്നു. രാജിന്റെ ഭാര്യ ഉമാ സുബ്രഹ്മണ്യവും അവിടെ ജീവനക്കാരിയായിരുന്നു.

1991–93 കാലഘട്ടത്തിൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായിരുന്നു രാജിന്റെ പിതാവ് സുബ്രഹ്മണ്യം.

ഉന്നതവിദ്യാഭ്യാസം മാറണം

കേരളത്തിൽ ഇന്നുള്ള ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനം അക്കാഡമിക് വൃത്തത്തിൽ ചുരുങ്ങുന്നുവെന്നാണ്. ഉന്നത ബിരുദങ്ങൾ നേടിയ നിരവധി പേർ തൊഴിൽരഹിതരായി തുടരുന്നതാണ് ഈ വിമർശനത്തിന് അടിസ്ഥാനം. എന്നാൽ ഉന്നതവിദ്യാഭ്യാസത്തെ പ്രായോഗിക ജീവിതത്തിന് ഗുണപ്പെടുന്ന തരത്തിലാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവയോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകളും സ്റ്റാർട്ട് അപ്പുകളും ഉത്പാദന കേന്ദ്രങ്ങളും സജ്ജമാക്കും. പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിലും വിദ്യാർത്ഥികളെ പങ്കാളികളാക്കാനുള്ള തൊഴിൽ-സംരംഭക കേന്ദ്രങ്ങളാണിവ. ഇവിടെ വിദ്യാർത്ഥികൾക്ക് പരിശീലനം നേടാം, വരുമാനമുണ്ടാക്കാം. വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി മൂല്യവർദ്ധിത ഉത്പാദനവും ആഭ്യന്തര വരുമാനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉത്പാദന മേഖലയ്ക്ക് ഗുണകരമാക്കും. സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ വികസിപ്പിക്കും. ഇവയോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ കേന്ദ്രങ്ങളുമുണ്ടാവും. സർക്കാരിന്റെ ഈ പ്രഖ്യാപനങ്ങൾ നടപ്പായാൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റമുണ്ടാവും. രാജ് സുബ്രഹ്മണ്യനെപ്പോലെ നിരവധി പേർ കേരളത്തിന്റെ അഭിമാനമായി ലോകത്തെ മുന്നിൽ നിന്ന് നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEDEX CORPORATION, RAJ SUBRAHMANYAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.