SignIn
Kerala Kaumudi Online
Thursday, 25 April 2024 4.19 AM IST

ജലത്താൽ നിരന്തരം മുറിവേൽക്കുന്നവർ

flood

126 വർഷങ്ങൾക്ക് മുമ്പ് തമിഴ്‌നാടിലെ വൈഗ നദിയുടെ താഴ്‌വരയിലുള്ളവർക്ക് ജലസേചനത്തിനായി നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് ഏറെക്കാലങ്ങളായി കേരളത്തിന്റെ ആശങ്കയാണ്. അണക്കെട്ടിന് കീഴെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന ആയിരങ്ങൾക്ക് ആശങ്കയ്ക്കപ്പുറം കഴിഞ്ഞ കുറെ വർഷങ്ങളായി വലിയ ദുരിതമാണ് മുല്ലപ്പെരിയാർ സൃഷ്ടിക്കുന്നത്. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ കേന്ദ്രജല കമ്മിഷൻ നിശ്ചയിച്ച റൂൾ ലെവൽ കൃത്യമായി പാലിച്ച് സ്പിൽവേ ഷട്ടറുകൾ ആവശ്യാനുസരണം തുറന്ന് ഡാമിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി വെള്ളമൊഴുക്കി തമിഴ്നാട് ജലനിരപ്പ് താഴ്ത്തി നിറുത്തേണ്ടതാണ്. എന്നാൽ റൂൾ ലെവലിന് പുല്ലുവില കൽപ്പിച്ച് പരമാവധി ജലം സംഭരിച്ചശേഷം വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്ത് നീരൊഴുക്ക് നിയന്ത്രണാതീതമാകുമ്പോൾ ഷട്ടറുകൾ കൂട്ടത്തോടെ തുറന്ന് പെരിയാറിന് ഇരുകരകളിലുമുള്ളവരെ വെള്ളത്തിലാക്കുന്നത് തമിഴ്നാടിന്റെ സ്ഥിരം വിനോദമായി മാറിയിട്ടുണ്ട്. 2018 പ്രളയകാലത്തും കഴിഞ്ഞ വർഷവും ഇതാണ് സംഭവിച്ചത്. അതിന്റെ തനിയാവർത്തനമാണ് ഈ വർഷവും അരങ്ങേറുന്നത്.

റൂൾലെവലിന് പുല്ലുവില

ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായിട്ടും റൂൾലെവൽ എത്തുന്നതുവരെ തമിഴ്‌നാട് ഷട്ടറുകൾ തുറക്കാൻ മടിച്ചു. പ്രളയം നിയന്ത്രിക്കാൻ ഡാമുകളിൽ ഓരോ 10 ദിവസവും നിലനിറുത്താൻ കഴിയുന്ന ജലനിരപ്പാണ് റൂൾ ലെവൽ. ഈ പരിധി കവിഞ്ഞാൽ ഡാം തുറക്കേണ്ടി വരും. കെ.എസ്.ഇ.ബിയുടെയും ജലവിഭവ വകുപ്പിന്റെയും വലിയ അണക്കെട്ടുകൾക്കെല്ലാം റൂൾലെവലുണ്ടെങ്കിലും മുല്ലപ്പെരിയാറിന് നേരത്തെ ഇതുണ്ടായിരുന്നില്ല. അതിനാൽ തമിഴ്‌നാടിന് തോന്നിയ അളവ് വരെ ഡാമിൽ ജലം സംഭരിക്കാനും കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കാനും കഴിയുമായിരുന്നു. 2018 ആഗസ്റ്റിൽ മഹാപ്രളയത്തിൽ ജലനിരപ്പ് 142 അടി പിന്നിട്ടപ്പോൾ പുലർച്ചെ 2.30ന് മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നത് പെരിയാർ നിവാസികൾ ഭീതിയോടെയാണ് ഓർക്കുന്നത്. കേരളം വർഷങ്ങളായി റൂൾ ലെവൽ നിശ്ചയിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് റൂൾ ലെവൽ, ഷട്ടർ പ്രവർത്തനമാർഗരേഖ എന്നിവയുണ്ടാക്കാനും ഡാമിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും സുപ്രീംകോടതി മാർച്ച് 16ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മനസില്ലാ മനസോടെ തമിഴ്‌നാട് റൂൾ ലെവൽ കേന്ദ്രജലകമ്മിഷന് സമർപ്പിച്ചത്. ജൂൺ 10 മുതൽ നവംബർ 30 വരെയുള്ള റൂൾ ലെവലാണ് നൽകിയത്. ഇതുപ്രകാരം ആഗസ്റ്റ് ഒന്ന് മുതൽ 10 വരെ പരമാവധി ഉയർത്താവുന്ന ജലനിരപ്പ് 137.5 അടിയാണ്. ഇതിൽ നിന്ന് ഒരടി കുറച്ച് 136.5 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ച് അണക്കെട്ട് തുറക്കേണ്ട നടപടികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ നാലിന് രാത്രി ഏഴിന് ജലനിരപ്പ് 136 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് പോലും നൽകിയത്. തുടർന്ന് പിറ്റേന്ന് തന്നെ ഷട്ടർ തുറക്കാൻ തീരുമാനിക്കുകയായിരുന്നു. അഞ്ചിന് രാവിലെ 10ന് അണക്കെട്ട് തുറക്കുമെന്നാണ് തമിഴ്‌നാട് കേരളത്തെ അറിയിച്ചത്. രാവിലെയായപ്പോൾ തുറക്കുന്ന സമയം 11.30 ആക്കി. അതും തമിഴ്‌നാട് പാലിച്ചില്ല. ഉച്ചയ്ക്ക് ഒന്നിന് നിലവിലെ റൂൾലെവലായ 137.5 അടിയിൽ ജലനിരപ്പ് എത്തിയപ്പോഴാണ് ഷട്ടർ തുറക്കാൻ തയ്യാറായത്. തുറന്നപ്പോഴും നീരൊഴുക്കിനനുസരിച്ച് പുറത്തേക്ക് വെള്ളമൊഴുക്കാൻ തയ്യാറായില്ല. ആദ്യം മൂന്ന് ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത്. ആ സമയം തന്നെ ജലനിരപ്പ് റൂൾ ലെവലിനെക്കാൾ മുകളിലെത്തിയിരുന്നു. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിനേക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഡാം തുറന്നപ്പോൾ തന്നെ കത്തയച്ചിരുന്നു. എന്നാൽ അക്കാര്യം പാലിക്കാൻ തമിഴ്‌നാട് തയ്യാറായിട്ടില്ല. പിന്നീട് ഓരോ ദിവസവും പടിപടിയായി ജലനിരപ്പ് കുതിച്ചുയരുകയായിരുന്നു. അതനുസരിച്ച് തമിഴ്നാട് ഒഴുക്കുന്ന ജലത്തിന്റെ അളവും കൂട്ടി. ഒടുവിൽ ആകെയുള്ള 13 ഷട്ടറും തുറന്നു. ഇതോടെ പെരിയാറിന്റെ ഇരുകരകളിലുമുള്ള നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് വണ്ടിപ്പെരിയാർ മേഖലയിലുള്ലവർക്കുണ്ടായത്. മാത്രമല്ല, മുല്ലപ്പെരിയാറിൽ നിന്ന് ഒറ്റയടിക്ക് പതിനായിരം ഘനയടിക്ക് മേൽ ജലമൊഴുകിയെത്തിയതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറും തുറന്ന് മൂന്നര ലക്ഷം ലിറ്റർ ജലം പെരിയാറ്റിലേക്ക് ഒഴുക്കേണ്ടി വന്നു. ഇതോടെ തടിയമ്പാട് ചപ്പാത്ത് കരകവിഞ്ഞ് മേഖലയിലെ പല വീടുകളിലും വെള്ലം കയറി. മുല്ലപ്പെരിയാറിൽ സുപ്രീംകോടതി അനുവദിച്ച പരമാവധി സംഭരണശേഷി 142 അടിയാണ്. 127 വർഷം പഴക്കമുള്ള ഡാമിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് 136 അടിയിൽ നിജപ്പെടുത്തണമെന്നുമാണ് കേരളത്തിന്റെ വാദം. എന്നാൽ ഡാമിന് ബലക്ഷയമില്ലെന്നും ജലനിരപ്പ് 152 അടിയാക്കണമെന്നുമാണ് വർഷങ്ങളായുള്ള തമിഴ്നാടിന്റെ ആവശ്യം. അതിനാൽ പരമാവധി ജലം സംഭരിച്ച് ഡാം ശക്തമാണെന്ന് സുപ്രീംകോടതിയിലടക്കം വാദിക്കാനാണ് റൂൾ ലെവൽ പാലിക്കാതെ ജലനിരപ്പ് ഉയർത്തി തന്നെ നിറുത്തുന്നതെന്ന് ആരോപണമുണ്ട്. എന്നാൽ കേരള സർക്കാർ തമിഴ്നാടിനെതിരെ അതനുസരിച്ച് ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

127 വർഷം പഴക്കം

1895 ഒക്‌ടോബർ 10ന് കമ്മിഷൻ ചെയ്ത മുല്ലപ്പെരിയാർ ഡാം ബ്രിട്ടീഷുകാരനായ എൻജിനിയർ കേണൽ ജോൺ പെന്നി ക്വിക്കാണ് നിർമ്മിച്ചത്. സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അണക്കെട്ടിന്റെ അടിത്തറ. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന ഡാം, 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാം, 240 അടി നീളവും 20 അടി വീതിയുള്ള എർത്ത് ഡാം എന്നിവ ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിറുത്തിയിരുന്നത്. സ്പിൽവേയിൽ 13 ഷട്ടറുകളാണ് ഉള്ളത്. ഇവ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലെത്തും. ഡാം നിർമ്മിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളമാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലേക്ക് കുടിക്കാനും കൃഷിക്കായും ഉപയോഗിക്കുന്നത്. 1958 മുതൽ തമിഴ്‌നാട് അണക്കെട്ടിലെ ജലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കാനും ആരംഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഡാം തുറക്കുമ്പോൾ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നതും വള്ളക്കടവ് സ്വദേശികളാണ്. എല്ലാ മഴക്കാലത്തും നെഞ്ചിലെ ആധിയാണ് അവർക്ക് മുല്ലപ്പെരിയാറും പെരിയാറിലെ ജലനിരപ്പും. മഴ കനത്താൽ തന്നെ പെരിയാർ ഇരമ്പിയൊഴുകാൻ തുടങ്ങും. കാട്ടിൽ ഉരുൾപൊട്ടിയാൽ തന്നെ വീടിന് മുന്നിൽ വെള്ളമെത്തും. ഇതുപോലെ ഡാം തുറക്കുമ്പോൾ ജനപ്രതിനിധികളെത്തി ആശ്വാസ വാക്കുകൾ പറയുന്നതല്ലാതെ ശാശ്വത പരിഹാരത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവിടത്തുകാരുടെ പരാതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOOD IN IDUKKI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.