SignIn
Kerala Kaumudi Online
Saturday, 20 April 2024 1.09 AM IST

വിശപ്പ് മായ്‌ക്കുന്ന മുന്നേറ്റം

photo

വിശപ്പിന്റെ വിളി കേൾക്കുക എന്നതാണ് ഒരു ക്ഷേമരാഷ്ട്രത്തിന്റെ പ്രഥമ ഉത്തരവാദിത്വം. ജോലിയും കൂലിയുമില്ലാതെ ജനങ്ങൾ വീടുകളിൽ അടച്ചിരുന്ന കൊവിഡ് കാലത്ത് സൗജന‍്യഭക്ഷ‍്യകിറ്റുകൾ നല്കാൻ കഴിഞ്ഞ കേരള സർക്കാർ എടുത്ത തീരുമാനത്തെപ്പോലും പരിഹസിച്ചവരുണ്ട്. എന്നാൽ ആരും വിശക്കാതിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളത്തിൽ അകപ്പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികൾക്കും കേരളം അന്നം നല്കി. ഇരുപത് രൂപ നിരക്കിൽ ഉച്ചഭക്ഷണം നല്കുന്ന സുഭിക്ഷ ഹോട്ടലുകൾ സംസ്ഥാനവ‍്യാപകമായി പ്രവർത്തിക്കുന്നു. എല്ലാ ജില്ലകളിലുമായി നിലവിൽ 52 ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. പണം തീരെയില്ലാത്തവർക്ക് സൗജന്യമായും ഇവിടെ ഭക്ഷണം നല്കുന്നുണ്ട്. ഭക്ഷ‍്യഭദ്രതാ നിയമപ്രകാരമുള്ള ഭക്ഷ്യധാന‍്യ വിതരണം നൂറുശതമാനമാക്കുക എന്ന ലക്ഷ‍്യത്തോടെ ആദിവാസി ഊരുകളും ലേബർ സെറ്റിൽമെന്റുകളും അടക്കമുള്ള വിദൂരപ്രദേശങ്ങളിലേക്ക് “സഞ്ചരിക്കുന്ന റേഷൻ കടകൾ” പ്രയാണം ചെയ്യുന്നു. എല്ലാവർക്കും റേഷൻ കാർഡ് എന്ന ലക്ഷ‍്യം പ്രാവർത്തികമാക്കാൻ തെരുവിൽ കഴിയുന്ന മനുഷ്യർ, കെട്ടിടഉടമകൾ വാടകച്ചീട്ടോ സമ്മതപത്രമോ നല്കാൻ വിസമ്മതിച്ച വാടകക്കാർ, വീടുവിട്ടുപോയ ട്രാൻസ്ജെൻഡറുകൾ എന്നിവർക്കെല്ലാം ആധാർകാർഡ് അടിസ്ഥാനമാക്കി റേഷൻകാർഡ് അനുവദിച്ചു.

രാജ‍്യം ഭീകരമായ വിലക്കയറ്റത്തെ നേരിടുകയാണ്. ഈ വിഷമകാലത്ത് കേരളത്തിലെ സാമാന‍്യജനത്തെ സംരക്ഷിക്കുന്നത് സർക്കാരിന്റെ കാര‍്യക്ഷമമായ വിപണി ഇടപെടലാണ്. കേരളാ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ വില്പനശാലകൾ വഴി 13 ഇനം അവശ‍്യ സാധനങ്ങൾ 2016 ഏപ്രിലിലെ വിലയിൽ ഇന്നും നല്കുന്നു. സപ്ലൈകോ പുതിയ സൂപ്പർമാർക്കറ്റുകളും മാവേലി സ്റ്റോറുകളും മെഡിക്കൽ സ്റ്റോറുകളും ആരംഭിച്ചു. നിലവിലുള്ളവ അപ്ഗ്രേഡ് ചെയ്തു.

അർഹരായ ഒട്ടേറെപ്പേർ കേന്ദ്രസർക്കാർ നിഷ്കർഷകൾ മൂലം മുൻഗണനയ്ക്ക് പുറത്തുപോയി. ഈ സാഹചര‍്യം മറികടക്കാൻ മുൻഗണനാ കാർഡുകൾ കൈവശംവച്ചിരിക്കുന്നവരോട് കൂടുതൽ അർഹരായവർക്കായി കാർഡുകൾ തിരികെ ഏല്പിക്കാൻ സർക്കാർ അഭ‍്യർത്ഥിച്ചു. ഇതുവരെ 14701 AAY (മഞ്ഞ) കാർഡുകളും 90798 PHH (പിങ്ക്) കാർഡുകളും 66813 NPS (നീല) കാർഡുകളും ഉൾപ്പെടെ 172312 കാർഡുകൾ തിരിച്ചേല്പിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ ഭക്ഷ‍്യസ‍്വയംപര‍്യാപ്തതയിലും പാരിസ്ഥിതിക സന്തുലനത്തിലും വലിയ സ്ഥാനമാണ് നെൽകൃഷിക്കുള്ളത്. പല കാരണങ്ങളാൽ കൃഷിയിൽനിന്ന് അകന്നവരെ തിരികെ കൊണ്ടുവരാൻ ബഹുതല നടപടികൾ സർക്കാർ കൈക്കൊള്ളുന്നു. ഉത്പന്നം ന്യായവിലയ്ക്ക് സംഭരിക്കപ്പെടുമെന്ന ഉറപ്പാണ് ഇതിൽ മുഖ‍്യം. നെല്ലുസംഭരണം മാതൃകാപരമായി സർക്കാർ നടത്തിവരുന്നു. കിലോഗ്രാമിന് 27 രൂപ 48 പൈസാ നിരക്കിൽ 7.65 ലക്ഷം മെട്രിക് ടൺ നെല്ലാണ് കഴിഞ്ഞവർഷം സംഭരിച്ചത്. വില 28 രൂപ 20 പൈസയായി ഇപ്പോൾ ഉയർത്തിയിട്ടുണ്ട്.

എല്ലാവർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ പിശകുകൾ തിരുത്താൻ ‘തെളിമ’ കാമ്പയിൻ തുടങ്ങിവച്ചു. നിലവിലുള്ള സംസ്ഥാന–ജില്ലാ–താലൂക്ക് തലങ്ങൾക്ക് പുറമെ റേഷൻകട തലത്തിലും വിജിലൻസ് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. റേഷൻ ഡീലർമാർക്കും സെയിൽസ്‌മാൻമാർക്കും ഏഴരലക്ഷം രൂപയുടെ സൗജന‍്യ ഇൻഷ‍്വറൻസ് പരിരക്ഷ ഏർപ്പെടുത്തി.

ഉപഭോക്തൃസംരക്ഷണം കാലികപ്രസക്തമായ ഒരു വിഷയമാണെങ്കിൽപ്പോലും ഈ മേഖലയിൽ ഭരണപരമായ നടപടികൾ ഏറെയുണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷം സർക്കാർ ഈ രംഗത്ത് പുതുചുവടുകൾവച്ചു. പൊതുവിതരണവകുപ്പിനെ പൊതുവിതരണ– ഉപഭോക്തൃകാര്യ വകുപ്പെന്ന് പുനർനാമകരണം ചെയ്തു. മൂവായിരത്തിലധികം നാഷണൽ സർവീസ് സ്കീം വോളന്റിയർമാരിലൂടെ വിദ‍്യാർത്ഥികളിലേക്കും ബഹുജനങ്ങളിലേക്കും ഉപഭോക്തൃ അവകാശവിദ‍്യാഭ‍്യാസം എത്തിച്ചേരുന്നു. ഓൺലൈൻ കേസ് ഫയലിംഗ് സംവിധാനമായ ഇ-ദാഖിൽ സജ്ജമാക്കി. ഇതിലൂടെ ഉപഭോക്തൃതർക്കപരിഹാര ഫോറങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ സ്വന്തം കമ്പ്യൂട്ടറിലൂടെയോ കേസുകൾ ഫയൽ ചെയ്യാനും ഫീസടയ്ക്കാനും ഉപഭോക്താവിന് കഴിയുന്നു. കൂടാതെ അനുരഞ്ജനത്തിലൂടെ വ‍്യവഹാരങ്ങൾ തീർപ്പാക്കാൻ എല്ലാ തർക്കപരിഹാര ഫോറങ്ങളിലും മീഡിയേഷൻ സെല്ലുകൾ പ്രവർത്തനമാരംഭിച്ചു.

വിഭാഗീയ പരിഗണനകൾക്ക് അതീതമായി എല്ലാവർക്കും ഭക്ഷണവും വിദ്യാഭ‍്യാസവും ആരോഗ‍്യപരിരക്ഷയും സാമൂഹ‍്യനീതിയും ഉറപ്പുവരുത്തിയ കേരള മോഡൽ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. മാറിയ കാലഘട്ടത്തിൽ അതിന്റെ നേട്ടങ്ങളെ സംരക്ഷിച്ചുകൊണ്ട് തന്നെ സാമ്പത്തിക വികാസവും പശ്ചാത്തലസൗകര‍്യ വികസനവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ് കേരള സർക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD AND CIVIL SUPPLIES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.