SignIn
Kerala Kaumudi Online
Friday, 19 April 2024 1.43 AM IST

കാടു തിന്നുന്ന കാണാവേരുകൾ

kk

ആരാണ് കാട്ടിലെ അധിനിവേശക്കാർ? കാട്ടുകൊളളക്കാരോ? നായാട്ടുകാരോ? അധികാരം ആയുധമാക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളോ? അതോ ഭരണാധികാരികളോ? കാട്ടിൽ എന്തും തളളാം, കാട്ടിൽ നിന്ന് എന്തും കൊളളാം. കാടിനെ പരിപാലിച്ചില്ലെങ്കിലെന്താ? കിളിർത്തും തളിർത്തും കുടപിടിച്ചും ഇലപൊഴിച്ചും കാടങ്ങനെ നിലകൊള്ളുമല്ലോ! അങ്ങനെയൊരു ചിന്തയും ധാരണയുമുണ്ട്, നമുക്ക്.

എന്നാൽ, മനുഷ്യർ മാത്രമല്ല കാട്ടിലെ അധിനിവേശക്കാർ. കാടിനെ ചൂഷണം ചെയ്യുന്ന സസ്യങ്ങൾ പോലുമുണ്ട്! അതാണ് ജൈവ അധിനിവേശം! പടർന്നുപ്പെരുകി പാരിസ്ഥിതിക, സാമ്പത്തിക തിരിച്ചടികൾക്കു വഴിയൊരുക്കുന്ന അധിനിവേശ ജീവജാലങ്ങൾ! അതിലൊന്നാണ് കമ്മ്യൂണിസ്റ്റ് പച്ച. ഏതോ വറുതിക്കാലത്ത് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പിനൊപ്പമാണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ വിത്തുകൾ കേരളത്തിലെത്തിയത് എന്നാണ് നിഗമനം. ജന്മദേശം തെക്കേ അമേരിക്ക. അവിടെ, ഈ പടരും പച്ചയെ തിന്നൊടുക്കാൻ ചില ജീവജാലങ്ങളുണ്ടായിരുന്നു. അതിനാൽ പടർന്നു പച്ചപിടിച്ചില്ല. എന്നാൽ, നമ്മുടെ നാട്ടിൽ (കാട്ടിലും) കമ്മ്യൂണിസ്റ്റ് പച്ചയെ തിന്നൊടുക്കുന്ന അത്തരം ജീവജാലങ്ങളില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പച്ച പടർന്നു. നാട്ടിൽ നിന്ന് കാട്ടിലേക്കും തിരിച്ചും പൊടിപോലുള്ള ആ വിത്തുകൾ പാറി...

പക്ഷേ, ഇപ്പോൾ കമ്മ്യൂണിസ്റ്റ് പച്ച ഒരു പ്രശ്നമാണോ? അല്ല. അതുക്കും മേലെ വേരുറപ്പിച്ചിരിക്കുന്നു, അരിപ്പൂച്ചെടി (Lantana camara). ബ്രിട്ടനിലെ ക്യൂ ബൊട്ടാണിക് ഗാർഡനിൽ നിന്ന് കൊൽക്കത്തയിലെ ബൊട്ടാണിക് ഗാർഡനിലെത്തിയ സുന്ദരിച്ചെടിയാണിത്. ഈ രണ്ടു ചെടികളുടെയും തലയ്ക്കുമീതേ മറ്റൊരു 'ഭീകരൻ കാട്ടുകൊള്ളക്കാരൻ' കൂടി വന്നു: ആനത്തൊട്ടാവാടി (Mimosa diplotricha). തെക്കേ അമേരിക്കക്കാരൻ തന്നെ. പക്ഷേ വെറുതേ പാറിവന്നതല്ല; കൊണ്ടുവന്നതാണ്- തേയിലച്ചെടികൾക്ക് നൈട്രജൻ സ്വാംശീകരിക്കാൻ!

അവിടേയും അധിനിവേശം നിന്നില്ല. സ്‌നേഹം നടിച്ച് കെട്ടിപ്പുണർന്ന് ഞെരിച്ചുകൊല്ലുന്ന മറ്റൊരു അവതാരം കൂടി കാട്ടിലെത്തി- ധൃതരാഷ്ട്രപ്പച്ച (Mikania micrantha). ധൃതരാഷ്ട്രാലിംഗനത്തിന്റെ പേരിൽത്തന്നെ ആ ചെടി കുപ്രസിദ്ധി നേടി. മരങ്ങളിൽ ചുറ്റിപ്പിണഞ്ഞ് നശിപ്പിച്ചുകളയുന്ന ധൃതരാഷ്ട്രപ്പച്ചയുടെ ഭീഷണി അവസാനിക്കുന്നതിനു മുമ്പേ മഞ്ഞക്കൊന്നയെത്തി. വയനാട്ടിൽ പടർന്നു പിടിച്ചു. സംസ്ഥാന വൃക്ഷമായ കണിക്കൊന്ന നട്ടുപിടിപ്പിക്കുന്നതിനു പകരം കരാറുകാർ മഞ്ഞക്കൊന്നയുടെ വിത്തുകൾ കൊടുത്തുവെന്നാണ് പറയുന്നത്. എന്നാൽ, വിദേശത്തു നിന്ന് കൊണ്ടുവന്ന വിത്തുകൾ അറിയാതെ നട്ടുപിടിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. കാടുപിടിച്ചു വളർന്ന മഞ്ഞക്കൊന്ന നാടിനെയും കൃഷിയേയും തളർത്തി. ഇവയുടെ വിത്തുകളും ചെടികളുമൊന്നും തിന്നൊടുക്കാനുളള ജീവികൾ നമ്മുടെ നാട്ടിലില്ല.

89 തരം അധിനിവേശ സസ്യങ്ങൾ നമ്മുടെ നാടും കാടും കീഴടക്കിയെന്ന് കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (പീച്ചി,​ തൃശൂർ)​ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കാടുകളിലെ ഏറ്റവും പ്രധാനപ്പെട്ട 10 അധിനിവേശ സസ്യങ്ങളെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാനായി വനം- വന്യജീവി വകുപ്പിന്റെ സഹായത്തോടെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം തുടരുകയാണ്.

തുരന്നു തുരന്ന്

കേരളത്തിലെ സംരക്ഷിത വനമേഖലയുടെ 500 മീറ്റർ പരിധിയിൽ 79 ക്വാറികളുണ്ടെന്നാണ് റിപ്പോർട്ട്. കാര്യമായ പരിശോധനകൾ ഇല്ലാത്തതു കാരണം ക്വാറികൾ പലതും തോന്നുംപടി വ്യാപ്തി കൂട്ടുകയും ചെയ്യുന്നുണ്ട്. ക്വാറികൾ എത്രമാത്രം ആഴത്തിലും പരപ്പിലും പരിസ്ഥിതി സന്തുലനത്തെ തകർക്കുന്നെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മൂന്നു വർഷം മുൻപ് പഠനം നടത്തിയിരുന്നു. ഉപരിതലത്തിലെ മണ്ണു മാറ്റിയാണ് പാറ തുരക്കുന്നത്. ഇത് സ്വാഭാവിക നീരൊഴുക്കിനെ ഇല്ലാതാക്കും. വനത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വഴിയൊരുക്കും.

ഒരു മനുഷ്യന് ശ്വസിക്കാനുള്ള ജീവവായു കിട്ടണമെങ്കിൽ രണ്ടു പതിറ്റാണ്ടെങ്കിലും പഴക്കമുള്ള മരങ്ങൾ വേണമെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ. ക്ഷേത്രാങ്കണങ്ങളിലെ പേരാലിന്റെ വേരിൽ ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും തുഞ്ചത്ത് ശിവനുമുണ്ടെന്ന് വിശ്വസിച്ചവരാണ് ഹൈന്ദവ വിശ്വാസികൾ. വൃക്ഷായുർവേദത്തിലെ ശ്രദ്ധേയമായ ശ്ലോകത്തിൽ,​ വെട്ടുന്നതിനു മുൻപ് മരത്തിന്റെ അനുവാദം വാങ്ങുന്നതിലെ മൂല്യബോധം വ്യക്തമാക്കുന്നുണ്ട്. കാട് നശിച്ചാൽ കാടു മാത്രമല്ല, നാടു തന്നെയാണ് നശിക്കുന്നതെന്ന എമ്മൾ എന്ന് തിരിച്ചറിയും?​

(വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ടി.വി. സജീവ്

പ്രിൻസിപ്പൽ സയന്റിസ്റ്റ് , കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്,​ പീച്ചി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREST DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.