SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.57 AM IST

ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷപദവി; ഉണർന്നെഴുന്നേല്ക്കുക, നാം പങ്കിടുന്ന ഭൂമിക്കായി

photo

ഡിസംബർ ഒന്നിന്, ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20) അദ്ധ്യക്ഷപദവി ഏറ്റെടുക്കാൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകൾക്കും മുൻഗണനകൾക്കുമായി സംസാരിക്കാനുള്ള സവിശേഷസ്ഥാനത്തെത്തി ഇന്ത്യ. ഇന്തോനേഷ്യ-ഇന്ത്യ-ബ്രസീൽ ജി 20 ത്രയത്തിന്റെ കേന്ദ്രത്തിലാണ് ഇന്ത്യ നിൽക്കുന്നത്. പരിസ്ഥിതിക്കിണങ്ങിയ ജീവിതശൈലി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, സ്ത്രീശാക്തീകരണം, സാങ്കേതികാധിഷ്ഠിത വികസനം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച്, സുസ്ഥിര വളർച്ച മുൻനിറുത്തി അന്താരാഷ്ട്ര അജൻഡയെ മുന്നോട്ടുകൊണ്ടുപോകാനും ആശയം രൂപപ്പെടുത്താനും കൈമാറാനുമുള്ള അവസരമാണിത്. ധ്രുവീകരണം വർദ്ധിച്ചുവരുന്ന ലോകക്രമത്തിൽ ഈ മുൻഗണനകൾ ഉയർത്തിക്കാട്ടുക നിസാരമല്ല. റഷ്യ-യുക്രെയിൻ സംഘർഷം ഉടലെടുത്തതും സാമ്പത്തികമാന്ദ്യം വികസ്വരരാജ്യങ്ങൾക്കു വൻകടബാദ്ധ്യതകൾ വരുത്തുന്നതും അടക്കമുള്ള നിരവധി ആഗോള ആശങ്കകളെയാണ് ഇന്ത്യയുടെ അദ്ധ്യക്ഷപദത്തിനു നേരിടാനുള്ളത്. കൊവിഡ്-19 മഹാമാരി പതിറ്റാണ്ടുകളുടെ വികസനപുരോഗതിക്കു വളരെയേറെ വിഘാതം സൃഷ്ടിക്കുകയും, അടിയന്തര ദുരന്ത ലഘൂകരണത്തിന് അനുസൃതമായി ഐക്യരാഷ്ട്രസഭയുടെ (യു.എൻ) സുസ്ഥിരവികസനലക്ഷ്യങ്ങളെ മാറ്റുകയും ചെയ്തു. ഈ ഘട്ടത്തിൽ, ആഗോളതലത്തിൽ പരസ്പരബന്ധത്തിൽ വേരൂന്നിയ സുസ്ഥിര വളർച്ചയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്, ഉത്തരവാദിത്വം പങ്കിടൽ, ചാക്രിക-സമ്പദ് വ്യവസ്ഥ എന്നിവ ഈ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.

ഈ ദൗത്യം ഉയർത്തിക്കാട്ടുന്നതിനാണ് വസുധൈവ കുടുംബകം' അഥവാ ഒരേഭൂമി, ഒരേ കുടുംബം, ഒരേ ഭാവി' എന്നതു ജി20 പ്രസിഡൻസിയുടെ പ്രമേയമായി ഇന്ത്യ സ്വീകരിക്കുന്നത്. മഹാഉപനിഷത്തിൽനിന്നു പിറവികൊണ്ട ഈ ചിന്ത, 2014ൽ യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം
മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറുന്ന, ഈ വേളയിൽ ഈ സന്ദേശം എന്നത്തേക്കാളും പ്രസക്തമാണ്. സൂക്ഷ്മാണുക്കൾ മുതൽ നാഗരിക ആവാസവ്യവസ്ഥ വരെ എല്ലാ ജീവജാലങ്ങളുടെയും പരസ്പരബന്ധത്തെക്കുറിച്ചു ലോകനേതാക്കളെയും ആഗോളപൗരന്മാരെയും
ഓർമിപ്പിക്കാനും ഇന്ത്യയുടെ പ്രമേയം ലക്ഷ്യമിടുന്നു. ഭാവിപങ്കിടൽ എങ്ങനെ തുല്യ ഉത്തരവാദിത്വവും വ്യക്തിഗത ഇടപെടലുകളും സൃഷ്ടിക്കുന്നുവെന്നും ഇത് ഓർമിപ്പിക്കുന്നു.
ഇതേ ചിന്തയാണ് ഇന്ത്യയുടെ ജി20 ലോഗോയും പങ്കുവയ്ക്കുന്നത്.

പ്രതിബന്ധങ്ങൾക്കിടയിലുള്ള വളർച്ചയെ പ്രതിനിധാനം ചെയ്യുന്ന, രാജ്യത്തിന്റെ ദേശീയപുഷ്പമായ, താമരയാൽ പൊതിഞ്ഞ ഭൂമിയുടെ ചിത്രം. ജീവിതത്തോടുള്ള ഇന്ത്യയുടെ ഭൗമാനുകൂല സമീപനത്തെയാണ് ഇതു വ്യക്തമാക്കുന്നത്. ലോഗോയിലെ
കുങ്കുമം, വെള്ള, പച്ച എന്നിവ തടസമില്ലാതെ കലർന്നിരിക്കുന്നതു വൈവിദ്ധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും തത്വങ്ങൾ പ്രതിഫലിപ്പിക്കുന്നു. അതു സാംസ്‌കാരിക ധർമ്മചിന്തയ്ക്കും അടിവരയിടുന്നു. ഏറെക്കാലമായി സാർവത്രിക ഐക്യവും
സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന നാടാണ് ഇന്ത്യ.

പരിസ്ഥിതിക്ക് അനുസൃതമായ ജീവിതശൈലി എന്ന ആശയം ഈ തത്വങ്ങളുമായി ഏറെ ബന്ധമുള്ളതാണ്. 2021 നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന സി.ഒ.പി 26ലാണ് പ്രധാനമന്ത്രി ഇത് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം യു.എൻ സെക്രട്ടറി
ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തിൽ, ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്കരികിൽ പ്രധാനമന്ത്രി ഈ ദൗത്യത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം ജനകീയമാക്കുക'' എന്നതാണ് ഈ മുന്നേറ്റം ലക്ഷ്യമിടുന്നത്. അതിൽ ഏവർക്കും
അവരവരുടെ കഴിവിന് അനുസരിച്ചു സംഭാവന നല്‌കാനാകും'' എന്നു പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹ്യതലത്തിലും വ്യക്തിഗതമായും, ഉപഭോഗത്തിലും ഉത്‌പാദനരീതികളിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ,
ലോകമെമ്പാടും വലിയ തോതിൽ പരിസ്ഥിതി സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണു ലൈഫ് ( പരിസ്ഥിതിക്ക് അനുസൃതമായ ജീവിതശൈലി )​ പ്രതീക്ഷിക്കുന്നത്.

ജി20 അദ്ധ്യക്ഷപദത്തിനു കീഴിൽ, ഭൂമിയുമായി തലമുറകളായി സമഗ്രമായ ബന്ധം നിലനിറുത്തുന്ന ഒത്തൊരുമയുടെ ചിന്താഗതികളും പുരാതനനാഗരിക പാരമ്പര്യങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരം ഇന്ത്യക്കു ലഭിക്കും. ഇന്ത്യയുടെ സുസ്ഥിരശീലങ്ങളുടെ സമ്പന്നമായ ചരിത്രം, കാലാവസ്ഥയുടെയും വികസന അജൻഡയുടെയും സംയോജനത്തെക്കുറിച്ചു സംസാരിക്കാൻ, നാടിനെ പ്രാപ്തമാക്കുന്നു.

ഡിജിറ്റൽ രംഗത്തു മറ്റുള്ളവർക്കു മാതൃകയായി ഇന്ത്യ മുന്നേറുകയാണ്. രാജ്യത്തിന്റെ ഡിജിറ്റൽ വിജയഗാഥ അതിനു തെളിവാണ്. ലോകത്തേറ്റവും കൂടുതൽ തത്സമയ ഡിജിറ്റൽ ഇടപാടുകൾ (2022ലെ കണക്കനുസരിച്ച് 48 ബില്യൺ) നടത്തുന്ന, ഏറ്റവും വലിയ
ബയോമെട്രിക് തിരിച്ചറിയൽ സംവിധാന(ആധാർ) മുള്ള രാജ്യം എന്ന നിലയിൽ, ഡിജിറ്റൽ സാമ്പത്തിക ഉൾപ്പെടുത്തൽ, ഡിജിറ്റൽ സ്വത്വങ്ങൾ, അനുമതി അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടുകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനത്താണ് ഇന്ത്യ. കൂടാതെ, സ്ത്രീശാക്തീകരണം,
2030ലെ സുസ്ഥിര വികസനലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തൽ, വിവിധ മേഖലകളിൽ ഉടനീളമുള്ള സാങ്കേതികവിദ്യാധിഷ്ഠിത വികസനം, ഹരിത ഹൈഡ്രജൻ,
ദുരന്തസാധ്യത കുറയ്ക്കൽ, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവ ഉൾപ്പെടെയുള്ള നിർണായക മേഖലകളിലെ നേട്ടങ്ങൾ കൈമാറാനും ബഹുതലപരിഷ്‌കരണത്തിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ജി20 ഇഷ്യൂ ലിസ്റ്റിൽ
കടബാദ്ധ്യതയുമുണ്ടാകുമെന്നു ധനമന്ത്രി നിർമ്മല സീതാരാമനും പ്രഖ്യാപിച്ചതോടെ, ആഗോളദക്ഷിണമേഖലയുടെ താത്‌പര്യങ്ങൾക്കായി രാജ്യം ഫലപ്രദമായ നാളിയായി മാറുമെന്നു വ്യക്തമാണ്. വികസിതരാജ്യങ്ങളുടെ ആശങ്കകൾ വ്യാപിക്കാനോ വിശാലമായ അജൻഡയിൽ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ
അനുവദിക്കുകയുമില്ല. ലോകമെമ്പാടും ശക്തമായ രാഷ്ട്രീയസാന്നിദ്ധ്യമുള്ളതിനാൽ, ലോകത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും സമാധാനപരവും സമൃദ്ധവുമായ ഭാവിക്കു
മധ്യസ്ഥത വഹിക്കാൻ, സുപ്രധാന നയതന്ത്ര സ്വാധീനം പ്രയോജനപ്പെടുത്താൻ ഇന്ത്യക്കു കഴിയും. ഒരേ ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി' എന്ന പ്രമേയം ഇന്ത്യയുടെ ജി20 പ്രസിഡൻസിയിൽ സവിശേഷവും ശക്തവുമായ സന്ദേശമാകും നൽകുക. നാമെല്ലാവരും ഉണർന്നെഴുന്നേറ്റ് നാം പങ്കിടുന്ന ഭൂമിക്കായി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G 20
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.